യേശുവും ശിഷ്യന്മാരും യേശുവും ശിഷ്യന്മാരും  

നമ്മുടെ ആന്തരീകവിശുദ്ധീകരണം കർത്താവ് കൊതിയോടെ കാത്തിരിക്കുന്നു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ കൈത്താക്കാലം ഏഴാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: മത്തായി 6. 19 -24
സുവിശേഷപരിചിന്തനം : ശബ്ദരേഖ

ഫാ. മനോജ് മരോട്ടിക്കൽ എം ഡി ആർ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നാം കൈത്താകാലത്തിന്റെ ഏഴാം  ഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിന്റെ ആവാസത്താൽ നിറഞ്ഞ അപ്പസ്തോലന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചപ്പോൾ രൂപം കൊണ്ടത് അനാദിയിലെ ദൈവപിതാവിന്റെ പദ്ധതിയിൽ ഉണ്ടായിരുന്ന സഭാസമൂഹങ്ങൾ ആയിരുന്നു. അപ്പസ്തോലരിലൂടെ വിതയ്ക്കപ്പെട്ട വചനം ഫലം പുറപ്പെടുവിച്ച ദൈവീക സമൃദ്ധിയുടെ കാലഘട്ടത്തെയാണ് കൈത്താക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലത്തെ ഫലാഗമകാലം എന്നും വിശേഷിപ്പിക്കാറുണ്ട്.

സഭയുടെ വിശ്വസ്ത സന്താനങ്ങളായ ശ്ളീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്. അവരുടെ ജീവിതചര്യ അനുകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. യഥാര്‍ത്ഥവളര്‍ച്ച ആന്തരികനവീകരണത്തില്‍ അടങ്ങിയിരിക്കുന്നു. നിയമാനുഷ്ഠാനത്തിലൂടെ മനസ്സിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി ഒരു സമൂലപരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു.

ഈ കാലത്തിന്റെ ചൈതന്യം നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ തുടരുവാനും, മാമോദീസ വഴിയായി നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന അപ്പസ്തോലിക ദൗത്യം പ്രവർത്തികമാക്കുവാനും നമ്മെ ക്ഷണിക്കുന്നതാണ് ഇന്ന് വായിച്ചു കേട്ട വചനഭാഗങ്ങൾ.

വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അധ്യായമാണ് ഇന്നത്തെ സുവിശേഷഭാഗം. തന്റെ പിതാവിന്റെ സന്നിധിയായ മലമുകളിലേക്ക് കയറുന്ന  യേശുവിനെ അനുഗമിച്ചുകൊണ്ട് ശിഷ്യന്മാരും കടന്നെത്തുന്നതാണ്, ഈ സുവിശേഷഭാഗത്തിന്റെ സന്ദർഭം. തുടർന്ന്, അഷ്ടസൗഭാഗ്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ട്, യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. സ്നേഹമസൃണമായ യേശുവിന്റെ ഈ പഠനങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചത്.

ഗഹനമായ ബോധ്യങ്ങളിലേക്ക്  ശിഷ്യരെ ഒരുക്കുകയും, യഥാർത്ഥ ക്രിസ്തു ശിഷ്യനായിരിക്കുവാൻ അവർക്ക് ആഹ്വാനം നൽകുകയും ചെയ്യുന്നതാണ് ഇന്നത്തെ സുവിശേഷത്തിലെ ഓരോ വചനവും. ഒരു പക്ഷെ ഇന്നത്തെ ലോകത്തിൽ ഏതെങ്കിലും ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുൻപായി ആ സ്ഥാപനത്തിലെ നിയമാവലികൾ പരിചയപ്പെടുത്തുന്നതിനും, അതിനോട് നമ്മുടെ ജീവിതത്തെ പൊരുത്തപ്പെടുത്തുന്നതിനും നിരവധി മാർഗ്ഗങ്ങൾ  ഉള്ളതുപോലെ തന്നെ, അന്നത്തെ കാലത്ത് യേശു തിരഞ്ഞെടുത്ത മാർഗമായിരുന്നു ഈ പഠനങ്ങൾ.

എന്നാൽ സുവിശേഷത്തിലേക്കുള്ള നമ്മുടെ യാത്രയെ സഹായിക്കുന്നതാണ് മറ്റു  വായനകൾ. പ്രളയത്തിൽ ഒരു തലമുറയെ നിലനിർത്തുന്നതിന് ദൈവം നോഹയെ ഒരു പെട്ടകം  നിർമ്മിക്കുവാനുള്ള ജോലി ഭരമേൽപിക്കുന്നു. പക്ഷെ യാത്ര ചെയ്യുന്നതിനോ, ചലനം സൃഷ്ടിക്കുന്നതിനോ യാതൊരു മാർഗവും കൂടാതെയാണ് ഈ പെട്ടക  നിർമ്മാണം നോഹ, ദൈവീക കല്പനയനുസരിച്ച് നടത്തുന്നത്.  ദൈവത്തിന്റെ കല്പനയോടുള്ള നിരുപാധികമായ അനുസരണമാണ്; നോഹയെ സമസ്യകളൊന്നും ഉന്നയിക്കാതെ പെട്ടകം നിർമിക്കുവാൻ മുൻപോട്ട് നയിക്കുന്നത്. ഒരുപക്ഷെ പെട്ടകം അല്ലെങ്കിൽ ഒരു യാനം എന്നതിലുപരി ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ഒരു ദേവാലയം എന്നോണമാണ് ഈ പേടകത്തെ നാം മനസിലാക്കേണ്ടത്. ഇവിടെ ദൈവം ആവശ്യപ്പെടുന്നത് യോജിച്ചുനിൽക്കുന്ന മനുഷ്യന്റെ കൂട്ടായ്മയാണ്.

എപ്രകാരമാണോ, ഇടുങ്ങിയ ഒരിടത്തിൽ ഒരാൾ തന്റെ അഹം വെടിഞ്ഞുകൊണ്ട്, മറ്റുള്ളവരോട് ചേർന്ന് നിൽക്കേണ്ടത്  അതുപോലെ തന്നെ ദൈവീക പദ്ധതിയോട് ചേർന്ന്, ലൗകീകമായ എല്ലാ തടസങ്ങളെയും തരണം ചെയ്യുവാനുള്ള ഒരു ആഹ്വാനമാണ് ഒന്നാം വായന നമുക്ക് നൽകുന്നത്. യേശു സുവിശേഷത്തിൽ നമുക്ക് നൽകുന്ന ഉപദേശങ്ങളുടെയോ, അല്ലെങ്കിൽ പഠനങ്ങളുടെയോ മുന്നാസ്വാദനമെന്നു ഈ ഒന്നാം വായനയെ നമുക്ക് വിലയിരുത്താം.

എന്നാൽ ഇപ്രകാരം തടസങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ട് മുൻപോട്ടു യാത്ര ചെയ്യണമെങ്കിൽ ഉന്നതങ്ങളിൽ നിന്നുള്ള ശക്തി കൂടിയേ തീരൂ. ശത്രുക്കളുടെ കരങ്ങളിലകപ്പെട്ടു പോയ ഇസ്രായേൽ ജനതയുടെ വിലാപം ശ്രവിക്കുന്ന ദൈവത്തെയാണ് രണ്ടാമത്തെ വായനയിൽ, ജെറെമിയ പ്രവാചകനിലൂടെ നമുക്ക് വെളിപ്പെടുത്തുന്നത്. 'അവർ എനിക്ക് ജനവും, ഞാൻ അവർക്കു ദൈവവും' ആയിരിക്കുമെന്ന ദൈവത്തിന്റെ വചനം, ഇസ്രായേൽ ജനത്തിന് പകരുന്ന ആത്മവിശ്വാസം ഏറെ വലുതാണ്.

പഠനങ്ങളിലൂടെ യേശു നമ്മുടെ ജീവിതത്തെ എപ്രകാരം  നാം മുൻപോട്ടു കൊണ്ടുപോകണം എന്ന് കാണിച്ചുതരുമ്പോൾ ഒരു പക്ഷെ നമ്മിൽ ചിലർക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം: അതായത് സമയവും, സാഹചര്യങ്ങളും എല്ലാം മാറിയ ഈ ആധുനികയുഗത്തിൽ ദൈവത്തിന്റെ വാക്കുകൾക്ക്, വിശ്വാസത്തിനു, പ്രത്യാശയ്ക്ക്, ദൈവസ്നേഹത്തിനു, സഭയുടെ പ്രബോധനങ്ങൾക്ക് എന്ത് സാംഗത്യമാണുള്ളത്? എന്ന്. കലഹരണപ്പെട്ടുപോയ പ്രത്യയശാസ്ത്രമെന്ന നിലയിൽ വചനത്തെ കരുതുന്ന ഒരു തലമുറയുടെ ഇടയിലാണ് ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിലാണ് നമ്മുടെ ജീവിതം നിലനിൽക്കുന്നതെന്ന്  കാണിച്ചുകൊടുക്കുവാൻ ഇന്നത്തെ രണ്ടാം വായന നമ്മെ ക്ഷണിക്കുന്നു.

എന്നാൽ ശക്തിയേറിയ ദൈവത്തിന്റെ കരം മനസിലാക്കുവാനും, ആ കാര്യത്തിന് കീഴിൽ അഭയം തേടുവാനും യാക്കോബ് ശ്ലീഹ നൽകുന്ന ഉപദേശം, ദൈവത്തിനു വിധേയരായി, ഹൃദയ ശുദ്ധിയോടെ ജീവിക്കുവാനാണ്. എന്നാൽ ജീവിതത്തിന്റെ പഴയ കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള തിന്മകളെ പാടെ മറന്നുകൊണ്ട്, നമ്മെ തന്നോട് ചേർത്തുനിർത്തുന്ന ദൈവത്തിന്റെ കരുണയെയും ഈ മൂന്നാം വായനയിൽ നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തിൽ ലോകത്തിനോട് അനുരൂപരാക്കിക്കൊണ്ട്, ദൈവീക പദ്ധതിയിൽ നിന്നും ഒഴിഞ്ഞുമാറുന്ന തലമുറയുടെ പ്രലോഭനങ്ങളും യാക്കോബ് ശ്ലീഹ അടിവരയിട്ടു പറയുന്നു.

നമ്മിൽ കുടികൊള്ളുന്ന ആത്മാവിനെ അസൂയയോടെ വീക്ഷിക്കുന്ന ദൈവത്തെ പറ്റിയും ശ്ലീഹ പറയുന്നുണ്ട്. ഈ അസൂയ മാനുഷികമായി ചിന്തിക്കേണ്ട ഒന്നല്ല, മറിച്ച് എന്നേക്കും നിലനിൽക്കുന്ന ആത്മാവിനെ കൊതിയോടെ നോക്കുന്ന ദൈവത്തിന്റെ സ്നേഹത്തെയാണ് ശ്ലീഹ വിവക്ഷിക്കുന്നത്. ഈ ഞായറാഴ്ച്ച വിശുദ്ധ ബലിയിൽ നമ്മെ കർത്താവിന്റെ സന്നിധിയിൽ സമർപ്പിക്കുമ്പോൾ, നമ്മുടെ മാനസാന്തരത്തിനും, തിരിച്ചുവരവിനും, ആത്മാവിന്റെ രക്ഷയ്ക്കും വേണ്ടി കൊതിയോടെ കാത്തു നിൽക്കുന്ന ദൈവത്തെ ധ്യാനിക്കുന്നതിനും, അവന്റെ ഹിതാനുസരണം ജീവിക്കുന്നതിനു പരിശ്രമിക്കുകയും വേണം.

ഇപ്രകാരം ആത്മാവിനെ കറ കൂടാതെ സംരക്ഷിക്കണമെന്ന് നമ്മോട് പറയുന്നതാണ് സുവിശേഷ ഭാഗം. എല്ലാം ഈ ജീവിതം കൊണ്ട് അവസാനിക്കുമെന്ന് കരുതി, ലോകത്തിന്റെ ചിന്തകൾക്ക് മാത്രം വിധേയപ്പെട്ടു ജീവിക്കുന്ന തലമുറയെ കർത്താവ് ഓർമ്മിപ്പിക്കുന്ന പാഠമാണ്: ‘നിക്ഷേപം സ്വർഗത്തിൽ കരുതിവയ്ക്കണമെന്നും. ആ നിക്ഷേപം കറകൂടാതെ കാത്തുസൂക്ഷിക്കുവാൻ ഹൃദയം നൽകണമെന്നും.’ ആത്മാവിനെ സ്വർഗ്ഗഭാഗ്യത്തിന് വേണ്ടി കാത്തുസൂക്ഷിക്കുവാൻ യേശു നൽകുന്ന ഉപദേശമാണ്: ‘ഹൃദയത്തിന്റെ സാന്നിധ്യം’. അതായത് ജീവന്റെ തുടിപ്പുകളുടെ, സ്നേഹത്തിന്റെ ഊഷ്മളതയുടെ, സാഹോദര്യത്തിന്റെ വസന്തത്തിന്റെ വിളനിലമായ ഹൃദയമാണ് ആത്മാവിനെ സംരക്ഷിക്കുന്നതിന് ഏറെ ആവശ്യം.

ഈ ഹൃദയപരിശുദ്ധി നാം കാത്തുസൂക്ഷിച്ചെങ്കിൽ മാത്രമേ, ആത്മാവിന്റെ വെളിച്ചം മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശമായി പ്രസരിപ്പിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. എന്നാൽ എപ്പോൾ ആത്മാവ് കളങ്കപ്പെടുന്നുവോ, അന്നുമുതൽ ജീവിതത്തിലെ വെളിച്ചം നഷ്ട്ടപ്പെട്ടവരായി, ജീവിതം യാന്ത്രികമായി മാറുന്നു. കണ്ണുകൾ കൊണ്ട് കാണുന്ന ഒരു കാര്യത്തെ, തുടർന്ന് മസ്തിഷ്‌കം വിശകലനം ചെയ്തുകൊണ്ട്, ജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കുന്നതുപോലെ, ആത്മാവിന്റെ വിശുദ്ധി ആരംഭിക്കുന്നതും നമ്മുടെ ഇന്ദ്രിയങ്ങളുടെ ശരിയായ വശത്തിലൂടെയാണെന്നും ഇന്നത്തെ വചനം നമുക്ക് പറഞ്ഞു തരുന്നു. സ്വർഗത്തിൽ നിധികൾ നിക്ഷേപിക്കുക എന്നതിൻ്റെ അർത്ഥം, എൻ്റെ അസ്തിത്വത്തിൻ്റെ അടിസ്ഥാനം എവിടെയാണ് ഞാൻ സ്ഥാപിക്കുന്നതെന്ന് അറിയുക എന്നതാണ്. ഇപ്രകാരം ജീവിതത്തിൻ്റെ അടിസ്ഥാനം ദൈവത്തിൽ സ്ഥാപിക്കുകയും , അങ്ങനെ ദൃഷ്ടി ഉദാരമാവുകയും, ജീവിതം മൊത്തത്തിൽ പ്രകാശപൂരിതമാവുകയും ചെയ്യുമ്പോൾ , അത് പങ്കുവയ്ക്കലിനും സാഹോദര്യത്തിനും നമ്മെ അനുവദിക്കുകയും, യുദ്ധങ്ങളാൽ കലുഷിതമായ ഒരു ലോകത്തിൽ സുവിശേഷത്തിന്റെ വക്താക്കളായി ജീവിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 14:51