പാപ്പായുടെ സിംഗപ്പൂർ സന്ദർശനം വിശ്വാസജീവിതത്തെ പുനരുജ്ജീവിപ്പിച്ചു: കർദിനാൾ ഗോ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയുടെ അവസാന ഭാഗമായ സിംഗപ്പൂരിലെ സന്ദർശനം, വിശ്വാസത്തിന്റെയും, കാരുണ്യത്തിന്റെയും സന്ദേശം ഉണർത്തുന്നതായിരുന്നുവെന്ന് സിംഗപ്പൂർ ആർച്ചുബിഷപ്പ് കർദിനാൾ വില്യം ഗോ സെങ് ഷേ പറഞ്ഞു. വത്തിക്കാൻ മാധ്യമവിഭാഗത്തിനു അനുവദിച്ച അഭിമുഖസംഭാഷണത്തിന്റെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനം പൊതുജനങ്ങളിൽ ഉണ്ടാക്കിയ പ്രചോദനങ്ങളെ ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞത്. പാർശ്വവത്കരിക്കപ്പെട്ടവർ, ദരിദ്രർ, കഷ്ടതകളനുഭവിക്കുന്നവർ , ദുർബലർ എന്നിവരോടുള്ള പാപ്പായുടെ ആർദ്രതയും, മറ്റ് മതങ്ങളോടുള്ള ബഹുമാനം, ജീവിതത്തിൻ്റെ അന്തസ്സ്, സംരക്ഷണം എന്നിവയ്ക്കുവേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം സിംഗപ്പൂരിലെ ജനതകളിൽ സൃഷ്ടിച്ച ചലനം ഏറെ വലുതാണെന്നു കർദിനാൾ അടിവരയിട്ടു പറഞ്ഞു.
രാഷ്ട്രങ്ങളുടെ വലിപ്പം പരിഗണിക്കാതെ, ജനങ്ങളുടെ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ള പാപ്പാ എന്ന സന്ദേശമാണ്, സിംഗപ്പൂർ സന്ദർശനത്തിലൂടെ ഫ്രാൻസിസ് പാപ്പാ നല്കിയിരിക്കുന്നതെന്നു പറഞ്ഞ കർദിനാൾ ജനങ്ങളുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും, ഒരുമിച്ച് നടക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും സിംഗപ്പൂർ സഭയെ ഊർജ്ജസ്വലമായ മിഷനറി സമൂഹമായി വളർത്തുന്നതിനും ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം സഹായകരമായി മാറിയെന്നും കർദിനാൾ പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിൻ്റെ സൗന്ദര്യം ലോകത്തിനു നൽകുവാൻ പരിശുദ്ധ പിതാവിൻ്റെ ഏഷ്യാ സന്ദർശനത്തിലൂടെ കത്തോലിക്കരല്ലാത്തവർക്കും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പായുടെ ദൈവശാസ്ത്രപരമായ വാക്കുകളേക്കാൾ, ഏഷ്യയിലെ ജനങ്ങളെ സ്പർശിച്ചത്, പരിശുദ്ധ പിതാവിന്റെ മാനുഷിക ഭാവമാണെന്നും, ഇത് പാപ്പായിൽ യേശുവിനെത്തന്നെ കാണുവാൻ സഹായിച്ചുവെന്നും കർദിനാൾ പ്രത്യേകം ചൂണ്ടിക്കാട്ടി. രോഗികളോടും കുട്ടികളോടും തൻ്റെ പിതൃസ്നേഹം അധികമായി കാണിച്ച പരിശുദ്ധ പിതാവിന്റെ ജീവിതസാക്ഷ്യം അനേകരുടെ ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനവും കർദിനാൾ എടുത്തു പറഞ്ഞു. പാപ്പായെ ഒന്ന് തൊടുന്നത് മാത്രം ജീവിതത്തിന്റെ അഭിലാഷമെന്നു കരുതുന്ന സാധാരണക്കാരായ ആളുകളാണ് ഏഷ്യക്കാർ എന്നതും ആർച്ചുബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. ഈ സന്തോഷമാണ് ഏറെപ്പേരുടെ കണ്ണുകളിൽ കണ്ണുനീർ വാർക്കുന്നതിനു കാരണമായതെന്നും, ഇത്, തന്നെയും ചില അവസരങ്ങളിൽ സന്തോഷ കണ്ണുനീരിലാഴ്‌ത്തിയെന്നും കർദിനാൾ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: