സിറിയയിൽ കടുത്തപട്ടിണി പ്രത്യാശയെ കൺമറയ്ക്കുന്നു: കർദിനാൾ സെനാരി
മാസിമിലിയാനോ മെനിക്കെത്തി
പീഡിതരായ സിറിയൻ ജനതയെ പറ്റിയുള്ള വാർത്തകൾ മാധ്യമധാരയിൽ നിന്നും ഒഴിവാക്കപ്പെടുന്ന ഒരു ചുറ്റുപാടിൽ, സിറിയയിലെ ജനത അനുഭവിക്കുന്ന നരകയാതനകളെ സിറിയയിലെ വത്തിക്കാൻ പ്രതിനിധി, കർദിനാൾ മാരിയോ സെനാരി ഓർമ്മിപ്പിച്ചു. തന്റെ റോമൻ സന്ദർശനവേളയിൽ, ഫോർണാച്ചിയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ, സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി, ഞായറാഴ്ച്ച അർപ്പിച്ച വിശുദ്ധ ബലിമധ്യേയാണ് ഹൃദയവ്യഥയോടെ കർദിനാൾ സിറിയൻ ജനതയുടെ അവസ്ഥകൾ എടുത്തുപറഞ്ഞത്.
വിശുദ്ധ ബലിക്കുശേഷവും നിരവധിയാളുകൾ അദ്ദേഹത്തിന്റെ അടുക്കലെത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഏതാണ്ട്, പതിനാലു വർഷങ്ങളായി യുദ്ധം തുടരുന്ന സിറിയൻ മണ്ണിൽ ഭാവിതലമുറയ്ക്കായി ഒന്നുംതന്നെ അവശേഷിക്കുന്നില്ലെന്ന് കർദിനാൾ പറഞ്ഞു. ഏകദേശം അഞ്ചുലക്ഷത്തോളം ആളുകളുടെ ജീവഹാനിക്കും, 7 ദശലക്ഷത്തിലധികം ആളുകളുടെ പലായനത്തിനും കാരണമായ യുദ്ധം, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.
'കിലോമീറ്ററുകൾ നീണ്ട കുരിശിന്റെ വഴി'യെന്നാണ്, സിറിയൻ ജനതയുടെ ജീവിതത്തെ എടുത്തുകാണിച്ചുകൊണ്ട് കർദിനാൾ വിശേഷിപ്പിച്ചത്. കടുത്ത മഞ്ഞിനും, മഴയ്ക്കുമിടയിൽ, യാതൊരു സുരക്ഷയും ഇല്ലാതെ യാത്ര ചെയ്യുന്ന സിറിയൻ ജനത, ശരിക്കും കർത്താവിന്റെ കാൽവരി യാത്രയെ വീണ്ടും യാഥാർഥ്യവത്ക്കരിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ബോംബുകൾ നശിപ്പിച്ച ആരാധനാലയങ്ങൾക്ക് പകരമായി, കയറുകൾ കൊണ്ട് അതിർത്തികൾ സ്ഥാപിച്ചു അതിനു നടുവിൽ കാൽവരി എന്ന് നാമധേയം ചെയ്തു കൊണ്ട് വിശുദ്ധ ബലിയർപ്പിച്ച നിമിഷങ്ങളും കർദിനാൾ ഓർത്തെടുത്തു.
തീവ്രമായ പോരാട്ടത്തിന്റെ നാളുകളിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച്ച അസഹനീയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അത്തരം ബോംബുകൾക്കു പുറമെ, കടുത്ത ദാരിദ്ര്യമെന്ന ബോംബുകൾ കൂടി ജനത്തിന്റെ മേൽ പതിച്ചിരിക്കുന്നതിനാൽ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ അവരിൽ അസ്തമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പ്രതിദിനം 500 ഓളം പേരാണ് രാജ്യം വിട്ടു പുറത്തേക്ക് പോകുന്നത്. ഒരു ആരോഗ്യവിദഗ്ധൻ പോലും പ്രതിമാസം ഇരുപതു യൂറോ അതായത് 1800 രൂപ മാത്രം ശമ്പളം വാങ്ങുന്ന സാഹചര്യത്തിൽ ബാക്കിയുള്ള ആളുകളുടെ സ്ഥിതി അതിദയനീയമാണെന്നും കർദിനാൾ പങ്കുവച്ചു. ഈ സ്ഥിതിവിശേഷത്തിനു അറുതി വരുത്തുവാൻ, ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ട് കത്തോലിക്കാ സഭ മുൻപന്തിയിലുണ്ടെന്നതും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: