ദൈവദാസൻ മൊയ്സെസ് ലീറ സെറഫീൻ വാഴ്ത്തപ്പെട്ട പദത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെക്സിക്കൊ സ്വദേശിയായ ദൈവദാസൻ മൊയ്സെസ് ലീറ സെറഫീൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു. ശനിയാഴ്ച (14/09/24) ഇന്ത്യയിലെ സമയം, രാത്രി 11.30-നായിരിക്കും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കർമ്മങ്ങൾ ആരംഭിക്കുക.
ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, മെക്സിക്കൊ നഗര അതിരൂപതയിലെ ഗ്വാദലൂപെ നാഥയുടെ നാമത്തിലുള്ള ബസിലിക്കയിൽ, ഈ തിരുക്കർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിക്കും.
അമലോത്ഭവ മറിയത്തിൻറെ ഉപവിയുടെ പ്രേഷിതർ എന്ന സന്ന്യാസസമൂഹത്തിൻറെ സ്ഥാപകനാണ് പരിശുദ്ധാരൂപിയുടെ പ്രേഷിതർ എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗമായിരുന്ന ദൈവദാസൻ മൊയ്സെസ് ലീറ സെറഫീൻ.
മെക്സിക്കൊയിലെ ത്സക്കത്ലാനിൽ 1893 സെപ്റ്റംബർ 16-നായിരുന്നു മൊയ്സെസിൻറെ ജനനം. പരിശുദ്ധാരൂപിയുടെ പ്രേഷിതർ എന്ന സന്ന്യസ്ത സമൂഹത്തിൽ ചേർന്ന അദ്ദേഹത്തിൻറെ പൗരോഹിത്യ സ്വീകരണം 1992-ലായിരുന്നു. തടവുകാരുടെ അജപാലനസേവനത്തിൽ മുഴുകിയ അദ്ദേഹം 1926-ലെ മതപീഢന വേളയിൽ അൾത്താര സഹായികളുടെയും മതബോധകരുടെയും സംഘങ്ങൾക്കു രൂപം നല്കുകയും 1934-ൽ അമലോത്ഭവ മറിയത്തിൻറെ ഉപവിയുടെ പ്രേഷിതർ എന്ന സന്ന്യാസ സമൂഹം സ്ഥാപിക്കുകയും ചെയ്തു. 1950 ജൂൺ 25-ന് അദ്ദേഹം മെക്സിക്കൊ നഗരത്തിൽ വച്ച് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: