തിരയുക

മജുഗോറിയെ മാതാവിന്റെ തീർത്ഥാടനകേന്ദ്രം മജുഗോറിയെ മാതാവിന്റെ തീർത്ഥാടനകേന്ദ്രം  

മജുഗോറിയെ, മാതാവിലൂടെയുള്ള ദൈവസ്നേഹത്തിന്റെ ഇടം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ ആത്മീയനന്മകൾ സംബന്ധിച്ച രേഖ പുറത്തിറക്കിയതിനുശേഷം നിരവധി അനുഭവ സാക്ഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

ജീൻ-ബെനോയിറ്റ് ഹാരെൽ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബോസ്നിയ-ഹെർസഗോവിനയിലെ മജുഗോറിയെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിലെ ആത്മീയ നന്മകൾ ഔദ്യോഗികമായി വത്തിക്കാൻ അംഗീകരിച്ചതിനുശേഷം, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആളുകളുടെ സാക്ഷ്യങ്ങളിൽ മാർസെയിലെ നാഡീവ്യവസ്ഥ ശാസ്ത്ര വിദ്യാർത്ഥിനി ക്ലാര ബെസോംബെസിന്റെ  അനുഭവം ഏറെപ്പേർക്ക് പ്രചോദനം നൽകുന്നു. സ്‌പെയിനിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ക്ലാര, തുടർന്ന് തന്റെ കൗമാരപ്രായത്തിൽ, വിശ്വാസത്തിൽ നിന്നും അകന്നുകഴിയുകയായിരുന്നു. മെജുഗോറിയയിൽ എത്തുന്നതിനുമുമ്പുവരെ താൻ യേശുവിലോ, മറിയത്തിലോ, ഒരു ദൈവത്തിലും വിശ്വസിച്ചിരുന്നില്ലെന്ന് ക്ലാര പറയുന്നു.

എന്നാൽ 2020 ലെ കോവിഡ് മഹാമാരിയുടെ കാലത്ത്, ഏകാന്തതയിൽ നിന്നും പുറത്തുകടക്കുവാനുള്ള ഒരു മാർഗമെന്നോണം തന്റെ അമ്മ നിർദേശിച്ച മെജുഗോറിയെ യാത്ര, തന്റെ ജീവിതത്തെ പരിപൂർണ്ണമായി രൂപാന്തരപ്പെടുത്തുവാൻ സഹായിച്ചുവെന്ന് ക്ലാര സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധവായു ശ്വസിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം യാത്ര ചെയ്ത തനിക്ക് മെജുഗോറിയയിൽ ലഭിച്ചത് വിശ്വാസത്തിന്റെ ആത്മീയജീവൻ ആയിരുന്നുവെന്നു യുവതി പ്രത്യേകം പറയുന്നു. താൻ കണ്ടുമുട്ടിയ വിശ്വാസികളിൽ കണ്ട തീക്ഷ്ണത തന്നെ ഏറെ സ്വാധീനിച്ചുവെന്നും, തുടർന്ന് നടന്ന പ്രാർത്ഥനകളിൽ പങ്കെടുത്ത തനിക്ക് പരിശുദ്ധ അമ്മയുടെ സ്നേഹം ഏറെ അനുഭവിക്കുവാൻ സാധിച്ചുവെന്നും, ഇത് വർണ്ണനാതീതമാണെന്നും ക്ലാര പറഞ്ഞു.

എന്നാൽ മാനുഷികമായി തുടർന്നുള്ള നിമിഷങ്ങളിൽ ഉണ്ടായ സംശയത്തിന്റെ നിഴലുകളും ക്ലാര മറച്ചുവച്ചില്ല. 'കർത്താവേ, നീ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ, എന്നെ കാണിച്ചുതന്നു എൻ്റെ ഹൃദയത്തിൽ വരൂ' , എന്ന തന്റെ ആവശ്യം, തുടർന്നുള്ള ആരാധനയുടെ വേളയിൽ തനിക്ക് അനുഭവേദ്യമായെന്നും യുവതി പങ്കുവച്ചു. ദൈവത്തിന്റെ കുറവ് അനുഭവിച്ച തന്റെ ജീവിതത്തിൽ ശൂന്യത നികത്തുവാൻ ഈ തീർത്ഥാടനം തന്നെ സഹായിച്ചുവെന്നു പറഞ്ഞ ക്ലാര, ദൈവത്തെ കണ്ടെത്തുവാൻ തന്നെ സഹായിച്ച പരിശുദ്ധ അമ്മയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്യുന്നു. "ഇന്ന് ജപമാല ചൊല്ലിക്കൊണ്ട് ഞാൻ കുർബാനയിലേക്ക് തിരിച്ചുവരാൻ തുടങ്ങി. ദൈവത്തിലേക്ക് പോകാനുള്ള ഏറ്റവും ഉറപ്പുള്ള വഴിയാണ് മറിയം.  തന്നെപ്പോലെ മറ്റുള്ളവർക്കും ഈ ആത്മീയ പരിവർത്തനം അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു", ക്ലാര സാക്ഷ്യപ്പെടുത്തുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2024, 12:14