ഇന്തോനേഷ്യയിൽ കാരിത്താസ് സംഘടനയുടെ പതിനെട്ടാം വാർഷികസമ്മേളനം (ഫയൽ ചിത്രം) ഇന്തോനേഷ്യയിൽ കാരിത്താസ് സംഘടനയുടെ പതിനെട്ടാം വാർഷികസമ്മേളനം (ഫയൽ ചിത്രം)  (Licas news)

പാപ്പായുടെ അപ്പസ്തോലിക സന്ദർശനം കാരിത്താസ് സംഘടനയ്ക്ക് അഭിമാനനിമിഷം

ഫ്രാൻസിസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്ര നടത്തുന്ന രാജ്യങ്ങളിൽ വിവിധ സേവനങ്ങൾ നടത്തിവരുന്ന ആസ്‌ത്രേലിയൻ കാരിത്താസ് സംഘടനയ്ക്ക് സന്ദർശനം അഭിമാനനിമിഷങ്ങൾ സമ്മാനിക്കുന്നുവെന്ന് സംഘടനയുടെ ഭാരവാഹികൾ പങ്കുവച്ച വാർത്താക്കുറിപ്പിൽ പറയുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക  സന്ദർശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദർശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളിൽ ആസ്‌ത്രേലിയൻ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.  കാരിത്താസ് ഇൻ്റർനാഷണൽ  കോൺഫെഡറേഷൻ്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ.

ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാരായ സഭാ അംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയെ സംഘടന പ്രത്യേകം നന്ദിയോടെ ഓർക്കുന്നു. പാപുവ ന്യൂ ഗിനിയയിൽ, ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവരുടെ ഉന്നമനത്തിനായി സംഘടന ഏറെ പ്രവർത്തനങ്ങൾ ഇതിനോടകം ചെയ്തിട്ടുണ്ട്. പാപ്പായുടെ സന്ദർശനം ഈ പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണെന്നും, ഇത് പ്രത്യാശയുടെ ആഘോഷത്തിന് കാരണമാകുമെന്നും സംഘടനയുടെ വാർത്താക്കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നു.

വിവിധ അക്രമങ്ങളിൽനിന്നും രക്ഷപെടുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള അഭയകേന്ദ്രം കാരിത്താസ് ആസ്‌ത്രേലിയയുടെ ഒരു പ്രധാന സംരംഭമാണ്. അതുപോലെ ചെറുകിട വ്യവസായത്തിനുള്ള വായ്പയും, സഹായവും, ലിംഗാധിഷ്ഠിത അക്രമം തടയുന്നതിനുള്ള പരിശീലനവുമൊക്കെ സംഘടന കൊണ്ടുവന്ന മറ്റു പ്രവർത്തനങ്ങളാണ്.

ഇന്തോനേഷ്യയിലും, ശുദ്ധജല വിതരണത്തിനും, ശൗചാലയ നിർമ്മിതിക്കും സംഘടനാ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കത്തക്കതാണ്. ലോകമെമ്പാടുമുള്ള 760,000 ആളുകൾക്കാണ് കാരിത്താസ് ആസ്‌ത്രേലിയ കഴിഞ്ഞ കാലങ്ങളിൽ സഹായങ്ങൾ നൽകിയിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2024, 13:30