വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്   (ANSA)

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് യേശുവിലുള്ള പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നു

ആധുനികലോകത്തിന്റെ വിശുദ്ധനെന്നു അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ തിരുനാൾ ദിവസം, അദ്ദേഹത്തിന്റെ ഭൗതീകശരീരം വിശ്വാസികൾക്കുവേണ്ടി തുറന്നുകൊടുത്തിരിക്കുന്ന അസീസിയിലെ ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, പ്രാർത്ഥനകളും നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ തിരുനാൾ ഭക്തിപുരസ്സരം, തന്റെ ഭൗതീകശരീരം വിശ്വാസികളുടെ വണക്കത്തിനായി തുറന്നുകൊടുത്തിരിക്കുന്ന, അസീസിയിൽ, വിശുദ്ധ ഫ്രാൻസിസ് അസ്സീസി തന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ദാരിദ്ര്യം തിരഞ്ഞെടുത്ത, സാന്താ മരിയ മജോരെ ബസിലിക്കയിൽ അസീസി രൂപതയുടെ മെത്രാൻ ഗ്‌വാൾദോ തദീനോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധബലിയോടെ കൊണ്ടാടി. തദവസരത്തിൽ നിരവധി പുരോഹിതരും, സന്യസ്തരും, സർക്കാർ പ്രതിനിധികളും പങ്കെടുത്തു. നവംബർ മാസം പകുതി വരെ, വിശുദ്ധ കുർബാന അത്ഭുതങ്ങളുടെ ഒരു എക്സിബിഷനും, തിരുനാളിനോടനുബന്ധിച്ച് നടക്കും. വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാൾ ദിവസം, മാതാപിതാക്കളും സന്നിഹിതരായിരുന്നുവെന്ന പ്രത്യേകത എടുത്തുപറയേണ്ടതാണ്.

വിശുദ്ധ ഫ്രാൻസിസ് അസീസി യേശുവിനു വേണ്ടി തന്റെ സർവവും നഷ്ടമാക്കിയതുപോലെ, വാഴ്ത്തപ്പെട്ട കാർലോയും യേശുവിനു വേണ്ടി എല്ലാം ത്യജിച്ചവനായിരുന്നുവെന്ന്, മെത്രാൻ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വിശുദ്ധിയും, സന്തോഷവും, ജീവിതത്തിന്റെ പൂർണ്ണതയും  മറ്റുള്ളവർക്ക് പ്രചോദനമാക്കുവാൻ തന്റെ ഇഹലോകവാസകാലത്ത് കാർലോ നടത്തിയ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കത്തക്കതാണെന്നു മോൺസിഞ്ഞോർ ഗ്‌വാൾദോ കൂട്ടിച്ചേർത്തു. 2025 ജൂബിലി വർഷത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാർലോ അക്കൂത്തിസിന്റെ ജീവിതം, യേശുവിലുള്ള പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ വലേരിയ എന്ന കോസ്റ്റാറിക്കൻ സ്ത്രീ ബൈക്കിൽ നിന്ന് വീഴുകയും തുടർന്നു  മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും ചെയ്തപ്പോൾ ഡോക്ടർമാർ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തി. എന്നാൽ  വലേറിയയുടെ അമ്മ ലില്ലിയാന കാർലോ അക്കൂത്തിസിന്റെമാധ്യസ്ഥ്യം യാചിച്ച് പ്രാർത്ഥിക്കുകയും, വിശ്വാസത്തോടെ അദ്ദേഹത്തിൻ്റെ ശവകുടീരം സന്ദർശിക്കുകയും ചെയ്തു. അതേ ദിവസം, വലേറിയ വീണ്ടും സ്വതന്ത്രമായി ശ്വസിക്കാൻ തുടങ്ങുകയും,  രക്തസ്രാവം മാറി നടക്കുവാൻ ആരംഭിച്ചു. ഈ വലിയ അത്ഭുതമാണ്, വിശുദ്ധ പദവിയിലേക്ക് വാഴ്ത്തപ്പെട്ട കാർലോയെ നയിച്ചത്. കോസ്റ്റാറിക്കയിലുണ്ടായ ഈ അത്ഭുതത്തിനു, വാഴ്ത്തപ്പെട്ട കാർലോയോടുള്ള നന്ദിസൂചകമായി, സ്‌പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതജ്ഞനും ഭക്തനുമായ മാർട്ടിൻ വാൽവെർഡെയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗീതനിശയും ഒക്ടോബർ പന്ത്രണ്ടാം തീയതി നടന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2024, 11:16