ഗാസാ പ്രദേശത്തുനിന്നുള്ള ഒരു കാഴ്ച ഗാസാ പ്രദേശത്തുനിന്നുള്ള ഒരു കാഴ്ച  (ANSA)

ഗാസാ പ്രദേശത്തെ കുട്ടികൾക്ക് ചികിത്സാസഹായമേകി കാരിത്താസ്

സായുധസംഘർഷങ്ങൾ മൂലം സാധാരണജനജീവിതം തകരാറിലായ ഗാസാ പ്രദേശത്ത് കുട്ടികൾക്ക് പോളിയോ വാക്സിനുകളെത്തിച്ച് ജറുസലേമിലെ കാരിത്താസ് സംഘടന. ഗാസായിലെ കുട്ടികളുടെ ആരോഗ്യകരമായ ഒരു ഭാവിക്കായുള്ള പ്രവർത്തനങ്ങളിൽ ലോകാരോഗ്യസംഘടനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശത്തെ കുട്ടികൾക്ക് പോളിയോ വാക്സിനുകളെത്തിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് തങ്ങളെന്ന് ജറുസലേമിലെ കാരിത്താസ് സംഘടന. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രദേശത്ത് തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് സാധാരണ ജനജീവിതം അസാധ്യമായ ഗാസാ മുനമ്പിലെ കുട്ടികൾക്ക് പോളിയോ വാക്സിനുകൾ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ തങ്ങൾ മുൻപന്തിയിലുണ്ടെന്ന് കാരിത്താസ് അറിയിച്ചു.

അടുത്തിടെ ഗാസാ പ്രദേശത്ത്, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക്, ലോകാരോഗ്യസംഘടനയുടെ മേൽനോട്ടത്തിൽ പോളിയോ വൈറസിനെതിരായ വാക്സിനുകൾ നൽകുന്നതിന്, ദൈർ അൽ ബാലാഹ് പ്രദേശത്തുള്ള തങ്ങളുടെ ക്ലിനിക്കുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടന്ന് സംഘടന അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രണ്ടായിരത്തിമുന്നൂറിലധികം കുട്ടികൾക്ക്, തങ്ങളുടെ കേന്ദ്രങ്ങൾ വഴി ലോകാരോഗ്യസംഘടന പോളിയോ പ്രതിരോധമരുന്നുകൾ നൽകിയെന്ന് കാരിത്താസ് വ്യക്തമാക്കി. പോളിയോ വാക്സിനുകൾക്ക് പുറമെ, വിറ്റാമിൻ എ, ഇ, എന്നിവയും കുട്ടികൾക്ക് നൽകപ്പെട്ടുവെന്നും ജെറുസലേം കാരിത്താസ് സംഘടന വിശദീകരിച്ചു. പോളിയോ വാക്സിനുകൾ നൽകാനുള്ള അടുത്ത മെഡിക്കൽ കാമ്പയിൻ ഒക്ടോബർ 19 മുതൽ 24 വരെ തീയതികളിൽ അൽ ബിർക്കേയിൽ നടക്കും.

ഗാസാ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ആരോഗ്യപരിരക്ഷണം ഉറപ്പുവരുത്താനും, അവരുടെ ജീവിതം മെച്ചപ്പെടുത്താനും, ജറുസലേമിലെ കാരിത്താസ് സംഘടന ലോകാരോഗ്യസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടന്നും, ഗാസായിലെ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു ഭാവി ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സംഘടന ഒക്ടോബർ പതിനെട്ടിന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2024, 17:06