പരസഹായത്തോടെയുള്ള ആത്മഹത്യയ്‌ക്കെതിരെ ഇംഗ്ളണ്ടിലെയും വെയില്സിലെയും കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാരകരോഗം ബാധിച്ച, ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ള പ്രായപൂർത്തിയായ ആളുകൾക്ക് പരസഹായത്തോടെ തങ്ങളുടെ ജീവൻ അവസാനിപ്പിക്കാനുള്ള അനുമതി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഒക്ടോബർ 16 ബുധനാഴ്ച യു.കെ. യിലെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കപ്പെടുന്ന നിയമനിർമ്മാണാപേക്ഷയ്‌ക്കെതിരെ വോട്ടുചെയ്യാൻ പാർലമെന്റംഗങ്ങളോട് ആവശ്യപ്പെടാൻ ആഹ്വാനം ചെയ്‌ത് ഇംഗ്ളണ്ടിലെയും വെയില്സിലെയും കത്തോലിക്കാസഭ.
ലേബർ പാർട്ടിയുടെ പാർലമെന്റംഗങ്ങളിൽ ഒരാൾ നടത്തുന്ന ഈ അപേക്ഷയ്ക്ക് മനഃസാക്ഷിയനുസരിച്ച് വോട്ടുചെയ്യാൻ പ്രധാനമന്ത്രി കീർ സ്റ്റർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി ഈ നിയമനിർമ്മാണത്തിന് അനുകൂലനിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. 2015-ൽ പാർലമെന്റിൽ ഇതേ അപേക്ഷ ചർച്ച ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം ഇത്തരമൊരു നിയമനിർമ്മാണത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു.
വരുന്ന ഡിസംബർ മാസത്തിനു മുൻപ് ഈ നിയമനിർമ്മാണം പൂർത്തിയായേക്കില്ലെങ്കിലും, ഒരിക്കൽ അനുവദിക്കപ്പെട്ടാൽ യു.കെയിൽ മാരകരോഗം ബാധിച്ച് കഴിയുന്ന പ്രായപൂർത്തിയായ ആളുകൾക്ക് തങ്ങളുടെ ജീവൻ അവസാനിപ്പിക്കാൻ ഇത് സാധ്യത നൽകും. നിലവിലെ നിയമവ്യവസ്ഥിതിയനുസരിച്ച് രാജ്യത്ത് പരസഹായത്തോടെയുള്ള ആത്മഹത്യശ്രമം പതിനാല് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തങ്ങളുടെ ജീവിതാവസാനത്തോടടുത്തെത്തിയിരിക്കുന്ന രോഗികളെ അവരുടെ സഹനങ്ങളിൽ കത്തോലിക്കാസഭ പ്രത്യാശയുടെ സന്ദേശമേകിയും, സ്നേഹത്തോടെയും അനുഗമിക്കുന്നുവെന്നും, അവസാനശ്വാസം നിലയ്ക്കുംവരെയും ജീവൻ അമൂല്യമാണെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുവെന്ന്, ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാൻസമിതിയുടെ ജീവനുവേണ്ടിയുള്ള വിഭാഗം തലവൻ ബിഷപ് ജോൺ ഷെറിങ്ങ്ടൺ പ്രസ്താവിച്ചു. പരസഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കുന്നത് ആരോഗ്യരംഗത്തെയും മനുഷ്യാന്തസ്സിനേയും അപകടാവസ്ഥയിലേക്കാണ് കൊണ്ടുപോവുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗിയുടെ ആഗ്രഹപ്രകാരം പരസഹായത്താൽ നടത്തപ്പെടുന്ന, ദയാവധം എന്നപേരിൽ അറിയപ്പെടുന്ന, ഇത്തരം ആത്മഹത്യകൾ സഭ അംഗീകരിക്കുന്നില്ല.
രാജ്യത്ത് യൂഗോവ് ഏജൻസി നടത്തിയ ഒരു സർവ്വേയിൽ ബ്രിട്ടനിലെ 69 ശതമാനം ആളുകളും ഈ നിയമനിർമ്മാണത്തെ അനുകൂലിക്കുന്നവരാണ്. 11 ശതമാനം ആളുകൾ മാത്രമാണ് ഇതിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാൽ 44 ശതമാനം ആളുകൾ മാരകമായവയല്ലെങ്കിലും മാറാവ്യാധികൾ ബാധിച്ച ആളുകൾക്കുപോലും ഈ നിയമം ബാധകമാക്കണമെന്ന് അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: