ഗാസാ ഇടവകയിൽനിന്നുള്ള ഒരു ദൃശ്യം ഗാസാ ഇടവകയിൽനിന്നുള്ള ഒരു ദൃശ്യം  (padre Romanelli)

ഗാസയിലെ ജനങ്ങൾക്കായി പാപ്പാ നൽകിയ ധനസഹായത്തിന് നന്ദി പറഞ്ഞ് ഫാ. റൊമനെല്ലി

മെത്രാന്മാരുടെ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം നടത്തിയ ധനസമാഹരണത്തിലൂടെ തങ്ങൾക്ക് ലഭിച്ച സഹായത്തിന് ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് ഗാസയിലെ കത്തോലിക്കാ ഇടവക വികാരി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മെത്രാന്മാരുടെ സിനഡിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചതും കർദ്ദിനാൾ ക്രയേവ്‌സ്‌കി പാപ്പായുടെ പേരിൽ നൽകിയതുമായ അറുപത്തിരണ്ടായിരം യൂറോയുടെ സംഭാവനയ്ക്ക് നന്ദി പറഞ്ഞ് ഗാസയിലെ കത്തോലിക്കാ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒക്ടോബർ ഏഴാം തീയതി നടത്തിയ ധനസമാഹരണത്തിൽ ഏതാണ്ട് മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ, ഏതാണ്ട് അൻപത്തിയേഴ് ലക്ഷം രൂപ, പാപ്പായുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കി, മുൻപ് തീരുമാനിച്ചതനുസരിച്ച് ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിക്ക് ഈ തുക അയച്ചുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അയച്ച ഒരു വീഡിയോ സന്ദേശത്തിൽ, തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് ഗാസയിലെ തിരുക്കുടുംബദേവായത്തിന്റെ വികാരി ഫാ. റൊമനെല്ലി പാപ്പായ്ക്കും കർദ്ദിനാൾ ക്രയേവ്‌സ്‌കിക്കും നന്ദി പറഞ്ഞു. എന്നാൽ ധനസഹായത്തോടൊപ്പം, പാപ്പായുടെയും സഭയുടെയും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും താൻ പ്രത്യേകം നന്ദിപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനക്കാരനാണ് ഈ വൈദികൻ.

ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് തിരുക്കുടുംബദേവായത്തിൽ അഭയം തേടിയ ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെ തങ്ങൾ സഹായിക്കുന്നുണ്ടെന്ന് ഫാ. റൊമനെല്ലി  അറിയിച്ചു. കഴിഞ്ഞ ദിവസം വത്തിക്കാനിൽ ശേഖരിച്ച തുക കർദ്ദിനാൾ ക്രയേവ്‌സ്‌കി ജറുസലേമിലെ അപ്പസ്തോലിക നൂൺഷിയേച്ചർ വഴിയാണ് ഗാസയിലെത്തിച്ചത്.

ഗാസാ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഈ ദേവാലയത്തിലാണ് അഭയം തേടിയത്.  അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന ഈ പ്രദേശത്ത് നിലവിൽ എഴുനൂറിൽത്താഴെ ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2024, 17:26