തിരയുക

വിശുദ്ധ ബലിയർപ്പണം വിശുദ്ധ ബലിയർപ്പണം   (AFP)

നിത്യജീവന്റെ ആഹാരമാണ് വിശുദ്ധ കുർബാന

ക്രൈസ്തവ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ചിന്താമലരുകൾ
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജേക്കബ് ആക്കനത്ത് എംസിബിഎസ്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഓർമ്മകളുടെ ഇടതൂർന്ന വസന്തത്തിലാണ് മനുഷ്യജീവിതം സന്തോഷകരമായി മുൻപോട്ടു പോകുന്നത്. ലഭിച്ച വസ്തുക്കളോ, കിട്ടിയ പദവികളോ, ഒന്നുമല്ല മനുഷ്യന്റെ നന്മയെ വിളിച്ചോതുന്ന രഹസ്യം അത്, സ്നേഹത്തിന്റെ മധുരം നിറച്ച ഓർമ്മകൾ മാത്രമാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ ഓർക്കുന്ന സ്മരണകളിൽ ഒന്ന് അവന്റെ അമ്മയുടേതാണ്. പത്തുമാസം ചുമന്നു പ്രസവിച്ച അമ്മ, തുടർന്ന് ആ കുഞ്ഞിന് വേണ്ടി ദിവസവും ഉണ്ടാക്കിനൽകുന്ന ഭക്ഷണം, അവന്റെ ജീവന്റെ ഊർജ്ജമായി സിരകളിൽ ജ്വലിക്കുന്നതുകൊണ്ടാണ്, അമ്മയെ പറ്റിയുള്ള സ്മരണകൾ നിഴൽ വിരിക്കാതെ എന്നും അവന്റെ ഉള്ളിൽ നിലനിൽക്കുന്നത്. ഇപ്രകാരം തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട്, സ്മരണയുടെ ഏറ്റവും ശ്രേഷ്ഠമായ അടയാളമാണ് വിശുദ്ധ കുർബാന എന്ന കൂദാശ.

ദിവ്യകാരുണ്യം എന്നാണ് വിശുദ്ധ കുർബാനയെ നാം വിളിക്കുന്നത്. കാരണം ദൈവത്തിന്റെ കാരുണ്യം മനുഷ്യനായി അവതരിച്ചതിന്റെ ഏറ്റവും വലിയ പ്രകടനമാണ് വിശുദ്ധ കുർബാന. തന്റെ ഇഹലോകവാസത്തിനുശേഷവും, തന്നിൽ വിശ്വസിക്കുന്നവർക്ക്, ജീവൻ ഉണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകുവാനും യേശു അവശേഷിപ്പിച്ച, എന്നാൽ എന്നും തുടരുകയും ചെയ്യുന്ന നവമായ ഉടമ്പടിയാണ്, വിശുദ്ധ കുർബാന. ഈ ദിവ്യബലി ഒരു ത്യാഗത്തിന്റെ പൂർത്തീകരണമായതിനാൽ അമ്മയെ പോലെ അപ്പനായും യേശു നമ്മുടെ അരികെ ആയിരിക്കുന്നു. അമ്മയ്ക്ക് ഭക്ഷണം വിളമ്പണമെകിൽ, അപ്പന്റെ അധ്വാനം കൂടിയേ തീരൂ. തനിക്കുവേണ്ടി മാത്രം അധ്വാനിക്കുന്ന ഒരു വ്യക്തിയെ അപ്പൻ എന്ന് ആരും വിളിക്കാറില്ല. മറിച്ച് ഒരു വ്യക്തി അപ്പനായി മാറുന്നത് സ്വയം ത്യാഗം ചെയ്തു കൊണ്ട് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴാണ്. അതിനാൽ ദിവ്യകാരുണ്യം ഒരു അപ്പന്റെയും, അമ്മയുടെയും സ്‌നേഹപൂർണമായ ഒത്തുചേരലിന്റെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്.

ദിവ്യകാരുണ്യം അപ്പമായി, ആഹാരമായിട്ടാണ് കർത്താവ് നമുക്ക് നൽകുന്നത്. അപ്പത്തെ സ്മാരകമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് യേശു. മറ്റു പലരെയും നാം ഓർക്കുന്നത്, ശില്പങ്ങളിലൂടെയും, മന്ദിരങ്ങളിലൂടെയും, രചിച്ച കൃതികളിലൂടെയും, ബാക്കി വച്ച സമ്പത്തിലൂടെയുമൊക്കെയാണ്. എന്നാൽ ഇതാ ഒരാൾ അപ്പം കൊണ്ട് സ്മാരകം തീർക്കുന്നു, അപ്പം എടുത്തു...വാഴ്ത്തി...ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ ..(ലൂക്ക 22, 19)

അപ്പത്തിന്റെ പ്രത്യേകത എന്താണെന്നുള്ളതാണ് ഇവിടെ പ്രഥമ പരിഗണന നല്കേണ്ടുന്നത്. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, ആഹാരം എന്നുള്ളത്. മനുഷ്യന്റെ അത്യാവശ്യങ്ങളിൽ ഒന്നാണ് ആഹാരം എന്നുള്ളത്. ഒരു പക്ഷെ പട്ടിണികിടക്കുവാൻ വിധിക്കപെട്ട സഹോദരങ്ങളോട് ചോദിച്ചാൽ ആഹാരത്തിന്റെ വിലയെന്താണെന്നു നമുക്ക് കൂടുതൽ ബോധ്യമാകും. ഇവിടെയാണ് തന്റെ ശരീരവും, രക്തവും ആഹാരമായി നൽകുന്ന യേശുവിന്റെ കാരുണ്യത്തെ നാം മനസിലാക്കേണ്ടത്. യേശു വിശുദ്ധ കുർബാന അപ്പത്തിന്റെ രൂപത്തിൽ സ്ഥാപിച്ചുകൊണ്ട് മനുഷ്യന്റെ ആവശ്യത്തെ, അത്യാവശ്യത്തെ അഭിസംബോധന ചെയ്യുകയും, അതിനെ പരിഹരിക്കുകയും ചെയ്യുന്നു. ആഹാരത്തിന്റെ മറ്റൊരു പ്രത്യേകത അത് ജീവനെ അല്ലെങ്കിൽ ശരീരത്തെ പരിപോഷിപ്പിക്കുന്നു എന്നുള്ളതാണ്. ഈ ദിവസങ്ങളിൽ, യുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ വഴിയായി നാം കാണുന്നുണ്ട്. ഒരു പക്ഷെ അതിൽ നമ്മെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ചിത്രം, പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ചവറ്റുകുട്ടയിൽ നിന്നും ആഹാരമെടുത്ത്, ഉദരം നിറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മുന്പിൽ, ചവറ്റുകുട്ടപോലും ശൂന്യമായി കിടക്കുന്ന അവസ്ഥകളാണ് നിരവധി സമൂഹങ്ങളിൽ.

 ഇവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ്, പോഷകാഹാരത്തിന്റെ അഭാവം. പോഷകക്കുറവുകൊണ്ട് ശരീരത്തിന് ക്ഷീണം സംഭവിക്കാം. ആരോഗ്യം നശിക്കാം, ഊർജം കുറയാം. എന്നാൽ യേശു പറയുന്ന വചനങ്ങൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. താൻ നൽകുന്നത് വെറും അപ്പമല്ല, മറിച്ച് അത് ജീവന്റെ അപ്പമാണെന്നുള്ള യേശുവിന്റെ വചനം, അനേകർക്ക് ആശ്വാസം നൽകിയപ്പോൾ, വിശ്വാസരഹിതർക്ക് അത് വലിയ ഉത്തപ്പു നൽകി. എന്നെ ഭക്ഷിക്കുന്നവർ ഞാൻ മൂലം ജീവിക്കും,കാരണം ഈ അപ്പം ജീവിക്കുന്നതും, ജീവിപ്പിക്കുന്നതുമാണെന്ന യേശുവിന്റെ ഉറപ്പും കാരുണ്യവുമാണ് വിശുദ്ധ കുർബാന.

ആഹാരത്തിന്റെ മറ്റൊരു പ്രത്യേകത, അതിനു അതിൽ തന്നെ അസ്തിത്വമുണ്ടെങ്കിലും, മറ്റൊരാളിലേക്ക് ഇറങ്ങിച്ചെന്നു കഴിയുമ്പോൾ അത് മറ്റൊരാളിലേക്ക് അലിഞ്ഞുചേരുന്നു എന്നുള്ളതാണ്. ഒരുപക്ഷെ ആഹാരത്തെപോലെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന മറ്റൊരു വസ്തു ഉണ്ടാവില്ല. മനുഷ്യനോട് ഏറ്റവും ചേർന്ന് നിൽക്കുന്നതിനാൽ, മനുഷ്യന്റെ ഉള്ളും, ഉള്ളവും മനസിലാക്കുവാൻ മറ്റൊരാൾക്ക് സാധിക്കുന്നു. യേശു തന്നെ തന്നെ അപ്പമായി നൽകുമ്പോൾ അവൻ നമ്മോട് അലിഞ്ഞുചേരുകയും, നമ്മുടെ വേദനകളെ അവൻ ഏറ്റെടുക്കുകയും, നമ്മുടെ സന്തോഷങ്ങളെ അധികമാക്കി നൽകുകയും ചെയ്യുന്നു. ആഹാരം എപ്രകാരമാണോ, മനുഷ്യജീവിതത്തോട് അലിഞ്ഞുചേരുന്നത്, അതുപോലെ വിശുദ്ധ കുർബാനയും നമ്മോട് അലിഞ്ഞുചേരുന്നു. ഒരു വ്യത്യാസം മാത്രം: ആഹാരം ശരീരത്തോട് മാത്രം അലിഞ്ഞുചേരുമ്പോൾ, വിശുദ്ധ കുർബാന ശരീരത്തോടും, ആത്മാവിനോടും അലിഞ്ഞുചേരുകയും, ശരീരത്തെയും, ആത്മാവിനെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് സാന്നിധ്യത്തിന്റെ പ്രതീകം കൂടിയാണ്.

നമ്മുടെ അടുത്ത് എന്നുളളതല്ല, മറിച്ച് നമ്മുടെ ഉള്ളിൽ നിലനിൽക്കുന്ന സാന്നിധ്യം എന്നുള്ളതാണ്, വിശുദ്ധ കുർബാനയുടെ പ്രത്യേകത. ഇതിനു വലിയ സാക്ഷ്യമാണ്: എമ്മാവൂസിലേക്ക് യാത്രയായ ശിഷ്യൻമാർ. അവരുടെ കൂടെ രാത്രി ചിലവഴിച്ച കർത്താവ് അപ്പം മുറിച്ചു കൊടുത്തതിനു ശേഷം, അപ്രത്യക്ഷമാകുന്നു. അപ്പം സ്വീകരിച്ച ശിഷ്യൻമാരുടെ ആന്തരിക നയനങ്ങൾ തുറക്കപ്പെടുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇതിനു നൽകുന്ന വ്യാഖ്യാനം ഏറെ പ്രധാനപ്പെട്ടതാണ്. പാപ്പാ പറയുന്നത്: “കൂടെയുണ്ടായിരുന്നവർ കുർബാനയായി അവരുടെ ഉള്ളിൽ പ്രവേശിച്ചു” എന്നാണ്. “ഇനി അവന്റെ സാന്നിധ്യം നാം തേടേണ്ടത് പുറത്തല്ല, മറിച്ച് ഉള്ളിലാണ്.” ബാഹ്യമായ സാന്നിധ്യം അവർക്ക് ധൈര്യം പകർന്നുവെങ്കിൽ, ഉള്ളിലെ സാന്നിധ്യം അവർക്ക് ജീവൻ തന്നെ പകർന്നു നൽകി.

വിശുദ്ധ കുർബാനയെ നാം വിളിക്കുന്നത് ദിവ്യകാരുണ്യം എന്നാണ്. ബലി  കാരുണ്യമായി മനുഷ്യന്റെ ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന നിമിഷങ്ങളാണ് വിശുദ്ധ കുർബാനയുടെ നിമിഷങ്ങൾ. പക്ഷെ ഈ കാരുണ്യം നമുക്ക് നൽകുവാൻ അവ സഹിച്ച കഷ്ടപ്പാടുകൾ ഏറെയാണ്. തന്റെ മക്കൾക്ക് കരുണയുടെ തൈലമായി വിശുദ്ധ കുർബാന നൽകുവാൻ വേണ്ടിയാണ്, കാലിത്തൊഴുത്തിൽ പിറന്നതുമുതൽ ഗാഗുൽത്തായുടെ വിരിമാറിൽ മൂന്നാണികളിൽ തന്റെ ജീവൻ ത്യജിച്ച യേശുവിന്റെ ജീവിതം സാക്ഷ്യമായി മാറിയത്. കാരുണ്യമെന്നാൽ അത് സ്നേഹം തന്നെയാണ്. വെറും കടമ നിറവേറ്റുകയല്ല യേശു ചെയ്തത്.  പിതാവ് ഏൽപ്പിച്ച കടമ മനസില്ലാമനസോടെ ചെയ്തു തീർക്കുന്ന പുത്രന്റെ ജീവിതമല്ല യേശുവിൽ പ്രകടമാകുന്നത്. മറിച്ച് പിതാവിന്റെ ഹിതം അറിഞ്ഞു, അത് പൂർത്തീകരിക്കുവാനുള്ള യേശുവിന്റെ മനസാണ് ഓരോ ബലിയുടെയും ചൈതന്യം. സ്നേഹം കാരുണ്യമായി ഒഴുകുകയാണ് വിശുദ്ധ കുർബാനയിൽ. വചനം പറയുന്നതുപോലെ, തന്റെ പുത്രനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു. (യോഹന്നാൻ 3, 16) നിന്നെ തിന്നാൻ വേണ്ടും  വിധം സ്നേഹം എനിക്കുണ്ട്, എന്നതാണ് ഭാഷാശൈലി എങ്കിലും, യാഥാർഥ്യം മറ്റൊരു രീതിയിലാണ്: നിന്നെ ഞാൻ സ്നേഹിക്കുന്നതിനാൽ നിന്റെ ആഹാരമായി മാറുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുള്ള യേശുവിന്റെ വാക്കുകൾക്കാണ് ഇവിടെ പ്രസക്തി. പ്രാണൻ പോകുവോളം ജീവൻ തന്നവനാണ് യേശു. ഇതാണ് സ്‌നേഹവും, കാരുണ്യവും ഒന്നായി തീരുന്ന മഹനീയനിമിഷം. ഇതാണ് ദിവ്യമായ കാരുണ്യം. തനിക്കുവേണ്ടി ഒന്നും തന്നെ പിടിച്ചുവയ്ക്കാതെ, യാതൊരു നിബന്ധനകളും കൂടാതെ മക്കൾക്കുവേണ്ടി തന്നെ തന്നെ പകുത്തു നൽകുന്ന ദിവ്യമായ സ്നേഹം.

ക്രൈസ്തവ ജീവിത്തിൽ വിശുദ്ധ കുർബാന വഹിക്കുന്ന പങ്കു വളരെ വലുതാണ്. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു. സഭ പടുത്തുയർത്തപ്പെടുന്നതും വളരുന്നതും വിശുദ്ധ കുർബാനയിലാണെന്ന് സഭൈക്യത്തെക്കുറിച്ചുള്ള ഡിക്രിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (സഭൈക്യം 15). വിശുദ്ധ കുർബാനയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല എന്ന് കൂടി രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇതിന്റെയെല്ലാം അർത്ഥമെന്താണ്? ജീവിതത്തിൽ തനിയെ നടക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഏറെദൂരം മുൻപോട്ടു പോകുവാൻ നമുക്ക് സാധിക്കുകയില്ല. പ്രത്യേകമായും, ദുർഘടവും, ഭാരപ്പെടുത്തുന്നതുമായ അവസ്ഥകൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ, കൂട്ടാഗ്രഹിക്കാത്തവർ നമ്മിൽ ചുരുക്കമാണ്. ഇപ്രകാരം ക്രൈസ്തവജീവിതത്തിൽ വിശ്വാസികൾക്കുള്ള അചഞ്ചലവും, ഇടമുറിയാത്തതുമായ കൂട്ടാണ്, ദിവ്യകാരുണ്യം. ഇതിനു ഒരു വലിയ ഉദാഹരണമാണ് കൊൽക്കത്തയുടെ തെരുവോരങ്ങളെ പറുദീസയുടെ ശാന്തിതീരങ്ങളാക്കി മാറ്റിയ വിശുദ്ധ മദർ തെരേസ. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ, അമ്മയുടെ മെലിഞ്ഞ ശരീരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു, ഇത്രയും ദുർബലമായൊരിക്കുന്ന താങ്കൾക്ക് എങ്ങനെയാണ്, മറ്റുള്ളവരെ എടുത്തുയർത്തുവാൻ സാധിക്കുന്നത്? 'അമ്മ ഉടനെ ഒരു മറുപടി  നൽകിയില്ല, പകരം ആ പത്രപ്രവർത്തകനെ കൂട്ടിക്കൊണ്ട് ആ ഭവനത്തിന്റെ കേന്ദ്രമായ ദേവാലയത്തിലേക്ക് പോയി. യേശുവിന്റെ സാന്നിധ്യമുള്ള സക്രാരി ചൂണ്ടിക്കാണിച്ചിട്ട് അമ്മ പറഞ്ഞു: 'അതാ അവിടെ നിന്നാണ് എനിക്കുള്ള ശക്തി ഞാൻ സംഭരിക്കുന്നത്.'

ദിവ്യകാരുണ്യമായി നമ്മുടെ കൂടെ വസിക്കുവാൻ ഇറങ്ങിവന്ന യേശു, ഇന്ന് നമ്മുടെ പാതകളിൽ ഒരു ചുവടിലും, നമുക്ക് കൂട്ടായി കൂടെയുണ്ടെന്നുള്ളതാണ്, ഏറെ പ്രാധാന്യമർഹിക്കുന്നത്. എന്നാൽ വിശുദ്ധ കുർബാനയ്ക്കു ശേഷം നമ്മിൽ എത്രപേർ ഈ ശക്തിയെ തിരിച്ചറിയുന്നുണ്ട്? മദർ തെരേസ പറയുന്ന മറ്റൊരു കാര്യം, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ ദിവ്യകാരുണ്യ ശക്തിയെക്കുറിച്ചാണ്. തളർന്നു പോകുമ്പോൾ താങ്ങായി, സന്തോഷനിമിഷങ്ങളിൽ പങ്കാളിയായി, ദുഖങ്ങളിൽ പങ്കുവയ്ക്കുന്ന ഒരു സുഹൃത്തായി ഈ ദൈവം വിശുദ്ധ കുർബാനയുടെ രൂപത്തിൽ നമ്മുടെ കൂടെ ഉണ്ട്.

മലയാളം സംസാരിക്കുന്ന ഓരോ വ്യക്തിയ്ക്കും, ഇന്ന് ദിവ്യകാരുണ്യം എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മകളിൽ തെളിയുന്നത്, ഈ നൂറ്റാണ്ടിൽ നമുക്ക് ഏറെ മാതൃകകൾ തന്നുകൊണ്ട് കടന്നുപോയ ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന അജ്ന എന്ന കുഞ്ഞുസഹോദരിയെയാണ്. ഒരു പക്ഷെ വിശുദ്ധ കുർബാന ഓരോ മനുഷ്യന്റെയും ജീവിതത്തിൽ എന്താണെന്ന്, വാക്മായ ചിത്രങ്ങൾക്കുമപ്പുറം ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ ദിവ്യകാരുണ്യത്തിന്റെ പ്രേക്ഷിതയാണ് അവൾ. ആദ്യ സക്രാരിയായി പരിശുദ്ധ 'അമ്മ മാറിയതുപോലെ, അനേകർക്ക്, പ്രത്യേകിച്ചും യുവജനങ്ങൾക്ക്‌ സക്രാരിയിലേക്കുള്ള വഴി തുറന്നു കൊടുത്ത വിശുദ്ധയായ പെൺകുട്ടി.

അവൾ തന്റെ രോഗശയ്യയിൽ വച്ച് എഴുതിയ വാക്കുകൾ ഇപ്രകാരമാണ്: "പ്രത്യാശിക്കുവാനും അവലംബിക്കുവാനും ലോകത്തിൽ ഒന്നുമില്ലാതെയായാലും, ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ആയാലും, ജീവിതത്തിന്റെ അർത്ഥം മനസിലാകാതെ വന്നാലും, എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന, തന്നെ ആശ്രയിക്കുന്നവരെയും, അവസാനം വരെ പിടിച്ചുനിൽക്കുന്നവരെയും എന്നും കാക്കുന്ന, ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നു ദിനവും എന്നെ ഓർമ്മിപ്പിക്കുന്നതാണ് ദിവ്യകാരുണ്യം." സർവ്വവും നഷ്ടപ്പെട്ടുവെന്ന് മാനുഷികമായി വിചാരിക്കുന്ന വേളകളിലും, നിന്റെ ജീവിതം ആറടിമണ്ണിൽ അവസാനിക്കുവാനുള്ളതല്ല, മറിച്ച് പറുദീസയുടെ ആനന്ദം തിരിച്ചറിയുവാൻ, നിത്യമായ ജീവിതത്തിലേക്ക് പ്രത്യാശയോടെ നമ്മെ കൈപിടിച്ചുനടത്തുന്നതാണ് വിശുദ്ധ കുർബാന. ഈ തിരിച്ചറിവാണ് ആധുനിക കാലഘട്ടത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂതിസും, അജ്നയുമൊക്കെ നമുക്ക് നൽകുന്നത്. വിശുദ്ധ കുർബാന നമ്മെ പ്രണയിക്കുന്നതുപോലെ നാമും വിശുദ്ധ കുർബാനയെ പ്രണയിക്കണം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2024, 15:16