ആവശ്യങ്ങളെല്ലാം ശ്രവിക്കുന്നവനാണ് കർത്താവ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രലോഭനങ്ങൾ. നിരവധി പുണ്യാത്മാക്കളുടെ ജീവിതത്തിലും പ്രലോഭനങ്ങളുടെ സാന്നിധ്യം അവർതന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. ക്രൈസ്തവനായി ജീവിക്കുന്നതുകൊണ്ട്, പ്രലോഭനങ്ങൾ നമുക്ക് ഒരിക്കലും ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നതുതന്നെ നമ്മെ തിന്മയിലേക്ക് നയിക്കുമെന്നതാണ് സത്യം. ഈ വലിയ സത്യം നമുക്ക് ബോധ്യപ്പെടുത്തി തരികയാണ് ഇന്നത്തെ വചന വായനകൾ. പഴയനിയമത്തിലും, പുതിയ നിയമത്തിലും ഇത്തരം പ്രലോഭനങ്ങളുടെ സാന്നിധ്യവും, അവയെ അതിജീവിക്കുവാനുള്ള മാർഗ്ഗങ്ങളും നമുക്ക് കാണാവുന്നതാണ്. ആണ്ടുവട്ടക്കാലം ഇരുപത്തിയൊമ്പതാം ഞായറാഴ്ചയിലെ വചനക്രമം ആരംഭിക്കുന്നത്, ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്ന സഹന ദാസന്റെ വചനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ്. വചനം മനസിലാക്കാതെ, വെറുതെ വായനക്കാരാണെന്ന നിലയിൽ, നമ്മിൽ പ്രകോപനമുണർത്തുന്ന വചനങ്ങളായിട്ടാണ് ഇവ ആദ്യം നമുക്ക് കാണപ്പെടുന്നത്.
പുതിയ നിയമത്തിൽ യാഥാർഥ്യമായ യേശുവിന്റെ ജീവിതത്തെ വരച്ചുകാട്ടുന്ന ഈ വചനത്തിൽ, നമുക്ക് മനസിലാക്കുവാൻ സാധിക്കാത്തതും, പലവുരു നാം ചോദിച്ചിട്ടുള്ളതുമായ ഒന്നാകണം: എന്തുകൊണ്ട് ദൈവം ഇത്തരം സഹനം അനുവദിക്കുന്നു? നിന്ദനങ്ങൾക്കും, പീഡനത്തിനും, മരണത്തിനും എന്തിനാണ് ദൈവം തന്റെ ദാസനെ വിട്ടുകൊടുക്കുന്നത്? ഉത്തരം ഒന്നേയുള്ളൂ: ഈ ലോകത്തിന്റെ രക്ഷയ്ക്ക് വേദന ആവശ്യമാണ്. പാപങ്ങൾക്കുള്ള ബലിയായിട്ടാണ്തന്റെ ദാസനെ സഹനത്തിന്റെ തീച്ചൂളയിലൂടെ ദൈവം നടത്തുന്നത്. അവന്റെ കഷ്ടപ്പാടുകളാണ് അനേകർക്ക് നീതിയും, സമാധാനവും പ്രദാനം ചെയ്തത്. ഇതിനെ നമുക്ക് കുരിശിന്റെ രഹസ്യമെന്നും വിളിക്കാം. വേദനയാൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ഭൂമിയോളം താഴുവാനും, അതുവഴിയായി മറ്റുള്ളവരെ സ്വർഗം വരെ ഉയർത്തുവാനുമുള്ള ദൈവത്തിന്റെ ദാസന്റെ ജീവിതം ഇന്നത്തെ സഭയുടെയും, സമൂഹത്തിന്റെയും ജീവിതത്തിൽ മാതൃകയാണെന്ന് ഇന്നത്തെ ആദ്യവായന നമുക്ക് പറഞ്ഞുതരുന്നു.
പാപപരിഹാര ബലിയായി അവൻ സ്വയം സമർപ്പിച്ചത് ദൈവത്തിന്റെ ഹിതപൂർത്തീകരണമായിരുന്നു. ഈ സഹനദാസന്റെ പ്രേഷിതദൗത്യം ഇന്നും നമ്മിലൂടെ തുടരുവാൻ വേണ്ടിയാണ് ക്രൈസ്തവ ജീവിതത്തിൽ സഹനങ്ങളെ മാറ്റി നിർത്തുക സാധ്യമല്ലെന്നു സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്. ദാസന്റെ ഈ സഹനം അതിൽ തന്നെ അവസാനിക്കുന്നതോ, അർത്ഥം തീരുന്നതോ അല്ല. മറിച്ച് അവ രക്ഷ കാണുന്നതിന് വെളിച്ചത്തിലേക്കുള്ള യാത്ര തുടരുകയാണ്. മറ്റുള്ളവരുടെ അകൃത്യങ്ങൾ പോലും തന്റെ ചുമലിൽ വഹിച്ചുകൊണ്ട്, നിശ്ശബ്ദനായി ഒന്നും ഉരിയാടാതെ അവൻ മുൻപോട്ടു നീങ്ങുകയാണ്. പക്ഷെ സഹനദാസന്റെ കഷ്ടതകളിൽ അവൻ ഒറ്റക്കല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഇതാണ് രണ്ടാമത്തെ വായനയിൽ നാം കാണുന്നത്.
സഹനത്തിന്റെ വഴിത്താരയിൽ നമുക്ക് കൈമുതലായി ഉണ്ടാവേണ്ടത് വിശ്വാസമെന്ന ആയുധമാണ്. ദൈവപുത്രനായ യേശു, സ്വർഗ്ഗത്തിലൂടെ കടന്നുപോയ ഒരു വലിയ മഹാപുരോഹിതൻ നമുക്കുള്ളതിനാൽ വിശ്വാസത്തിന്റെ ധൈര്യത്തിൽ ജീവിതത്തിന്റെ സഹനങ്ങളെ നേരിടണമെന്നാണ്, ഹെബ്രായർക്കുള്ള ലേഖന കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നത്. മനുഷ്യജീവിതത്തിൽ സഹനങ്ങളെ ഒരിക്കലും മാറ്റിനിർത്തി ജീവിക്കുവാൻ സാധിക്കുകയില്ല, എന്നാൽ സഹനങ്ങളെ ധൈര്യപൂർവം ജീവിക്കുവാൻ വിശ്വാസം നമുക്ക് കൂടിയേ തീരൂ.
നമ്മുടെ ബലഹീനതകളിൽ പങ്കുചേരാൻ അറിയാത്ത ഒരു മഹാപുരോഹിതൻ നമുക്കില്ല: പാപമൊഴികെ അവൻ നമ്മെപ്പോലെ എല്ലാറ്റിലും പരീക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുള്ള രണ്ടാം വായനയിലെ വചനങ്ങൾ, വിശ്വാസത്തോടെ ജീവിതത്തിന്റെ പരീക്ഷണങ്ങൾ നേരിടുവാനുള്ള ശക്തി നമുക്ക് നൽകുന്നു. ക്രൂശിക്കപ്പെട്ടവനിലേക്കു നാം നമ്മുടെ ദൃഷ്ടികൾ ഉയർത്തുമ്പോൾ, കരുണയോടെ നമ്മെ, അവനോട് ചേർത്ത് നിർത്തുമെന്നതിൽ യാതൊരു തർക്കവുമില്ല. എല്ലാ കൃപയുടെയും അനുഗ്രഹത്തിൻ്റെയും ഉറവിടമായ പൂർണ്ണ വിശ്വാസത്തോടെ അവനിലേക്ക് തിരിയുന്നവർക്ക് കരുണ ലഭിക്കുകയും കൃപ കണ്ടെത്തുകയും തക്കസമയത്ത് സഹായം അനുഭവിക്കുകയും ചെയ്യും. ഇവർക്ക് നിരാശപ്പെടേണ്ടതായി വരികയില്ല. ഇല്ലെങ്കിൽ ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടലിന്റെയും, തിരസ്കരണങ്ങളുടെയും അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നാം തളർന്നു പോവുകയും, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുകയും ചെയ്യുന്നു.
ജീവിതത്തിൽ വേദനകൾ ഒഴിവാക്കണമെന്നു ആഗ്രഹിക്കാത്തവർ ആരും തന്നെ കാണില്ല. ഇന്ന് വായിച്ചുകേട്ട സുവിശേഷ ഭാഗം ഇപ്രകാരം രാജകീയ മഹത്വത്തിലേക്ക് ഒരു ഇരിപ്പിടം അന്വേഷിച്ചു വരുന്ന രണ്ടു അപ്പസ്തോലരുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്: യാക്കോബും യോഹന്നാനും. ഒരുപക്ഷെ നമുക്ക് അവരോട് അമർഷം തോന്നുമായിരിക്കും. അവരുടെ അഹങ്കാരം എന്നൊക്കെ ഈ രംഗത്തെ നാം ചിത്രീകരിച്ചെന്നുമൊക്കെ വരും. പക്ഷെ ഈ രണ്ടു പേരുടെ കടന്നുവരവിൽ നമുക്ക് ചിന്തിക്കാവുന്ന രണ്ടു കാര്യങ്ങളുണ്ട്
ഒന്ന്: ഈ രണ്ടു പേർ കാണിച്ച ധൈര്യം. തങ്ങളെ ശ്രവിക്കുവാൻ തങ്ങളുടെ ഗുരു ഉണ്ടാവുമെന്ന വിശ്വാസത്തോടെ യേശുവിന്റെ അടുക്കലേക്ക് കടന്നു വരുന്ന ഇരു ശിഷ്യന്മാർ നമുക്ക് വലിയ മാതൃകയാണ്. ഇന്ന് ഈ ഒരു വിശ്വാസത്തിന്റെ കുറവാണ് യേശുവിന്റെ അരികിലേക്ക് കടന്നുചെല്ലുവാൻ നമുക്ക് തടസമായി നിൽക്കുന്നത്. ജീവിതത്തിൽ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും അവയ്ക്കു ഉത്തരം കണ്ടെത്തുവാൻ യേശുവിന്റെ അരികിലേക്ക് ധൈര്യപൂർവം കടന്നു ചെല്ലണം എന്നുള്ള വലിയ പാഠം ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നു.
രണ്ട്: യേശു മഹത്വീകരിക്കപ്പെടുമെന്ന അവരുടെ പ്രത്യാശ നിറഞ്ഞ കാത്തിരിപ്പാണ്. ഇരുവരും യേശുവിനോട് ചോദിക്കുന്നത് ഇപ്രകാരമാണ്: "അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലതുവശത്തും, മറ്റെയാൾ ഇടതുവശത്തും ഉപവിഷ്ടരാകുവാൻ അനുവദിക്കണമേ." ജീവിതത്തിൽ രക്ഷ നേടിത്തരുവാൻ യേശുവിന്റെ മഹത്വപൂർണ്ണമായ രാജകീയ പദവിക്ക് സാധിക്കുമെന്ന വിശ്വാസമാണ് യാക്കോബിനെയും, യോഹന്നാനെയും ഈ അപേക്ഷ യേശുവിനു മുൻപിൽ സമർപ്പിക്കുവാൻ പ്രേരിപ്പിച്ചത്.
എന്നാൽ തങ്ങൾ ഉന്നയിച്ച അപേക്ഷയിന്മേൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് അവരല്ല. യേശുവിന്റെ വിശദീകരത്തിൽ മനംമടുത്തുകൊണ്ട് ഇരുവരും, തങ്ങളുടെ ശിഷ്യത്വം ഉപേക്ഷിക്കുന്നില്ല. സുവിശേഷം തുടർന്ന് പറയുന്നില്ലെങ്കിലും, നമുക്ക് മനസിലാക്കാവുന്നത്, ഇരുവരും തുടർന്ന് യേശുവിന്റെ വചനകളിന്മേൽ ധ്യാനിച്ചുകൊണ്ട് ജീവിതത്തെ ഒരുക്കുന്നു എന്നുള്ളതാണ്. യേശുവിന്റെ കരുണാർദ്രമായ പിതൃഭാവവും ഈ സുവിശേഷഭാഗം വെളിപ്പെടുത്തുന്നു. കേട്ട ഉടനെ തള്ളിക്കളയുകയല്ല, മറിച്ച് ഇരുവരെയും യേശു തന്റെ മാറോട് ചേർത്ത് നിർത്തിക്കാണും. "ഞാൻ നിങ്ങൾക്കായി എന്തുചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു? ".യേശുവിന്റെ ഈ ചോദ്യമാണ് തുടർന്ന് തങ്ങളുടെ ആവശ്യം ഉന്നയിക്കുവാൻ അവർക്കു ധൈര്യം നൽകിയത്. ഇന്നും നമ്മുടെ ആവശ്യങ്ങളുമായി നാം യേശുവിന്റെ അടുക്കലേക്ക് കടന്നുചെല്ലുമ്പോൾ അവൻ നമ്മോട് പറയുന്നത് ഇപ്രകാരമാണ്: ഞാൻ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യണം? ചിലപ്പോൾ നമ്മുടെ ആവശ്യങ്ങളിൽ അനാവശ്യങ്ങളും, അത്യാഗ്രഹങ്ങളും കടന്നുവരാം. ചിലപ്പോൾ ഈ അനാവശ്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രലോഭനങ്ങൾ ആകാം. പക്ഷെ വിവേചിച്ചറിയുവാൻ യേശു നമ്മെ സഹായിക്കുന്നു.
തുടർന്ന് യേശു അവരെ ബോധ്യപ്പെടുത്തുന്നു: "ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾക്ക് കുടിക്കാമോ, ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ? പൂർണ്ണ ബോധ്യമില്ലെങ്കിലും അവർ പറഞ്ഞു ഞങ്ങൾക്ക് സാധിക്കും. ഒരുപക്ഷെ യേശുവിന്റെ പദ്ധതി വിശ്വാസത്തോടുകൂടി ഏറ്റെടുത്തതിന്റെ പ്രതിഫലനമായിരിക്കും അവരെ ഈ മറുപടി നൽകുവാൻ പ്രേരിപ്പിച്ചത്. സ്വർഗത്തിൽ വലത്തോട്ടോ ഇടത്തോട്ടോ ഒന്നും രണ്ടും സ്ഥാനമില്ല എന്ന് പറയാൻ യേശു കൈകൾ മുന്നോട്ട് വെക്കുന്നു. തുടർന്ന് യേശു ശിഷ്യത്വത്തിന്റെ വലിയ മാതൃക നൽകുന്നു: അതായത് സേവനത്തിന്റെ മാതൃക. പക്ഷെ സേവനം ചെയ്യണമെന്ന് കല്പിച്ചവനല്ല യേശു മറിച്ച് കാണിച്ചുതന്നവനാണ്. തന്റെ ജീവിതമായിരുന്നു യേശു അവർക്ക് പഠിക്കുവാനായി നൽകിയത്.
സേവനത്തിനു പകരം അധികാരത്തിന്റെ കസേരകൾക്കു വേണ്ടി ജീവിതത്തിന്റെ മൂല്യങ്ങൾ മറക്കുന്ന ഈ കാലഘട്ടത്തിൽ, സാമൂഹികവും മാനുഷികവും സഭാപരവുമായ വിവിധ ചുറ്റുപാടുകളിൽ ഇതെല്ലാം സംഭവിക്കാതിരിക്കാനും പോരാട്ടങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കാതിരിക്കാനും നാം ജാഗരൂകരായിരിക്കണമെന്ന മുന്നറിയിപ്പും ഇന്നത്തെ വായനയിലൂടെ കർത്താവ് നമുക്ക് നൽകുന്നു. സ്വന്തം താത്പര്യങ്ങൾക്കുമപ്പുറം, ദൈവഹിതം തേടിക്കൊണ്ട് മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു ജനതയെയാണ് ദൈവം ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ജീവിതവും തകർത്ത് യജമാനന്മാരാകാതെ, ജീവൻ്റെ പരമോന്നത ദാനത്തിൻ്റെ ദാസന്മാരാകാൻ നമ്മെ കർത്താവ് ക്ഷണിക്കുന്നു. ഈ ലോകത്ത് യജമാനന്മാർ ഉണ്ടാകാതിരിക്കാനുള്ള ഏക മാർഗം എല്ലാവരും മറ്റുള്ളവരെ സേവിക്കുക എന്നതാണ്. പ്രേഷിത ഞായറാഴ്ചയിൽ സേവനത്തിന്റെ വക്താക്കളായും, മാതൃകകളാണ് മാറുന്നതിനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: