യുദ്ധത്തിന്റെ ഇരകളാകേണ്ടിവരുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് വിശുദ്ധനാടുകളുടെ ചുമതലയുള്ള ഫാ. ഫാൽത്താസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറാൻ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെകൂടി പശ്ചാത്തലത്തിൽ, അർത്ഥമില്ലാത്ത ഇത്തരം യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച്, "വിശുദ്ധനാടുകളുടെ കാവൽക്കാരൻ" എന്ന പേരിൽ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം ഫാൽത്താസ്. ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായാൽ ഇനിയും ഇത്തരം ഭീകരസംഭവങ്ങൾ അരങ്ങേറിയക്കാമെന്ന് തങ്ങൾ ഭയക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒക്ടോബർ ഒന്നാം തീയതി വൈകുന്നേരം നടന്ന അക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഫാ. ഫാൽത്താസ്, അന്നേദിവസം വൈകുന്നേരം അഞ്ചിനുതന്നെ, അടുത്തദിവസം സ്‌കൂളുകൾ തുറക്കരുതെന്ന് തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി, വൈകുന്നേരം ഏഴിന് "ദിവ്യ രക്ഷകന്റെ" നാമധേയത്തിലുള്ള ദേവാലയത്തിലായിരിക്കുമ്പോഴാണ് ശക്തമായ അക്രമണത്തിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം തങ്ങൾ കേൾക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇറാൻ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ്, സംഭവത്തിന്റെ ഭീകരതയെക്കുറിച്ചും, അതുളവാക്കുന്ന പരിഭ്രാന്തിയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.
ദേവാലയത്തിൽനിന്ന് പുറത്തിറങ്ങിയ തങ്ങൾ, ജെറുസലേമിന് തെക്കുള്ള ഇസ്രായേൽ മിലിട്ടറി ബേസ്‌മെന്റ് ലക്ഷ്യമാക്കി പറക്കുന്ന മിസൈലുകൾ കണ്ടുവെന്നും, ഇസ്രയേലിന്റെ അയൺ ഡോം എന്ന മിസൈൽ പ്രതിരോധസംവിധാനം അവയിൽ പലതിനെയും തകർത്തുവെന്നും ഫാ. ഫാൽത്താസ് അറിയിച്ചു.
ജെറുസലേം നഗരത്തിലെ ജനങ്ങൾ വലിയ ഭീതിയിലാണ് രാത്രി കഴിച്ചുകൂട്ടിയതെന്നും, ഇസ്രായേൽ ഇറാന്റെ അക്രമണത്തിനെതിരെ പ്രതികരിച്ചാൽ, ഇനിയും ഇതുപോലെയുള്ള അക്രമങ്ങൾ ഉണ്ടായേക്കുമെന്നും വിശുദ്ധനാടുകളിലെ സഭാസംരക്ഷണചുമതലയുള്ള ഈ പുരോഹിതൻ പറഞ്ഞു. ആക്രമണഭീതിയിൽ കഴിയുന്ന തങ്ങൾക്കും, ഇത്തരമൊരു അർത്ഥമില്ലാത്ത യുദ്ധത്തിന്റെ ഇരകളായിത്തീരുന്ന എല്ലാ നിഷ്കളങ്കരായ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: