യേശുവും ഫരിസേയരും യേശുവും ഫരിസേയരും 

വിവാഹവും വിവാഹമോചനവും ദൈവത്തിന്റെ കണ്ണുകളിൽ

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയേഴാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 10, 2-12
ശബ്ദരേഖ - വിവാഹവും വിവാഹമോചനവും ദൈവത്തിന്റെ കണ്ണുകളിൽ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവരാജ്യത്തിന്റെ രഹസ്യങ്ങളും, ജീവിതസത്യങ്ങളും പഠിപ്പിച്ചുകൊണ്ട് യൂദായിലേക്കും ജോർദാന്റെ മറുകരയിലേക്കും പോകുന്ന ക്രിസ്തുവിന്റെ പിന്നാലെ ജനം ഒരുമിച്ചുകൂടിയ അവസരത്തിൽ ക്രിസ്തുവിനെ പരീക്ഷിച്ചുകൊണ്ട് ഫരിസേയൻമാർ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. "ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?" (മർക്കോസ് 10, 2). യേശുവിന്റേത് ഒരു മറുചോദ്യമാണ്. "മോശ എന്താണ് നിങ്ങളോട് കൽപ്പിച്ചത്?" (മർക്കോസ് 10, 3).

പഴയനിയമവും വിവാഹമോചനവും മനുഷ്യരുടെ ഹൃദയകാഠിന്യവും

യേശുവിന്റെ ചോദ്യത്തിന് മറുപടിയായി ഫരിസേയർ പറയുന്നത്, ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട് എന്നതാണ്. നിയമാവർത്തനപ്പുസ്തകം ഇരുപത്തിനാലാം അദ്ധ്യായം ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങളാണ് ഇതിന് അടിസ്ഥാനം. ഭാര്യയുടെ ഏതെങ്കിലും തെറ്റുകണ്ട്‌, ഭർത്താവിന് അവളോട് ഇഷ്ടമില്ലാതായാൽ ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയക്കട്ടെ എന്നാണ് മോശ പറയുന്നത് (നിയമ. 24, 1). എന്നാൽ വിവാഹമോചനം അനുവദിക്കുക എന്നതിനേക്കാൾ, വിവാഹമോചിതനായ ഒരുവൻ, തന്റെ മുൻഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നതിനെതിരെയാണ് ഈ നിയമമെന്ന് തുടർന്നുള്ള വാക്യങ്ങളിൽ നമുക്ക് വ്യക്തമായി കാണാം. വിവാഹമോചനം നടത്താൻ വ്യക്തമായ ഒരു കാരണം ഉണ്ടായിരിക്കണമെന്നും, അതിന് നിയമപരമായ ചില ക്രമങ്ങൾ ഉണ്ടായിരിക്കണമെന്നുമാണ് ഈ വാക്കുകളിലൂടെ മോശ ഉദ്ദേശിക്കുന്നത് എന്നത് പൂർണ്ണമായി മനസ്സിലാക്കാൻ തനിക്ക് മുന്നിലുള്ള ഫരിസേയർക്ക് കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് യേശു അവരോട് പറയുക, "നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്" (മർക്കോസ് 10, 5). തോന്നുമ്പോൾ സ്നേഹിക്കാനും ചേർത്തുനിറുത്താനും, തോന്നുമ്പോൾ വെറുക്കാനും മാറ്റിനിറുത്താനുള്ളവരുമല്ല വിവാഹത്തിലൂടെ ദൈവം ഒരുമിച്ചു ചേർത്തുനിറുത്തുന വ്യക്തികൾ എന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ദൈവം. അതുകൊണ്ടുതന്നെ വിവാഹത്തെയും വിവാഹമോചനത്തെയും വിലകുറച്ച്, ലാഘവത്തോടെ കാണരുതെന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. കരുണയും സ്നേഹവും പഠിപ്പിക്കുന്ന ക്രിസ്തുവിന് പറയാനുള്ളത്, കാരുണ്യത്തോടെയും സ്നേഹത്തോടെയും വിട്ടുവീഴ്ചയോടെയും വധൂവരന്മാർ പരസ്പരം സ്നേഹിക്കേണ്ടതിന്‍റെ, ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പഴയനിയമജനതയുടെ പിടിവാശിയിൽനിന്നകന്ന്, പുതിയ നിയമത്തിന്റെ കരുണ നിറഞ്ഞ സ്നേഹത്തിലേക്ക് കടന്നുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്.

സൃഷ്ടികർമ്മവും കുടുംബവും

വിവാഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ പവിത്രതയെക്കുറിച്ചും അതിലടങ്ങിയിരിക്കുന്ന ദൈവികപദ്ധതിയെക്കുറിച്ചും പഴയനിയമത്തിലെ ഉൽപ്പത്തിപ്പുസ്തകത്തിൽ മനുഷ്യന്റെ സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ടിരിക്കുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ട് തന്റെ മുന്നിലുള്ള ഫരിസേയരെയും മറ്റു ജനതകളെയും, ഇന്ന് നമ്മെയും യേശു ഓർമ്മിപ്പിക്കുന്നു; "സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു" (മർക്കോസ് 10, 6). ദൈവം തന്റെ ഛായയിൽ, സ്ത്രീയേയും പുരുഷനുമായി അവരെ സൃഷ്ടിച്ചു എന്നാണ് നാം വായിക്കുന്നത് (ഉൽപ്പത്തി 1, 27). തുടർന്ന് യേശു പറയുന്നു; "പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിത്തീരും" (മർക്കോസ് 10, 8). ഉൽപ്പത്തിപ്പുസ്തകം രണ്ടാം അദ്ധ്യായത്തിൽ, ദൈവം പുരുഷന്റെ വാരിയെല്ലിൽ ഒന്നെടുത്ത്, മാംസംകൊണ്ട് മൂടി സ്ത്രീക്ക് ജന്മം നൽകുന്നതിനെക്കുറിച്ച് വിവരിക്കുന്നിടത്ത് നാം കാണുന്നു;  "പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും. അവർ ഒറ്റ ശരീരമായിത്തീരും" (ഉൽപ്പത്തി 2, 24). അങ്ങനെ സ്രഷ്ടാവായ ദൈവത്തിന്റെ നിശ്ചയമാണ്, സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ, ഒറ്റ ശരീരമായിത്തീരുക, ഒരുമിച്ച് നിലനിൽക്കുക എന്നത്.

വിവാഹത്തിന്റെ അവിഭാജ്യത

സ്ത്രീപരുഷന്മാർ ദൈവഹിതപ്രകാരം ഒന്നായി ചേരുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയ ശേഷം, ഈയൊരു ബന്ധത്തിന്റെ പവിത്രത ബോധ്യമാക്കാനായി യേശു, പഴയനിയമത്തിൽ അനുവദിക്കപ്പെട്ട വിവാഹമോചനത്തിലെ അപൂർണ്ണതയും അത് എപ്രകാരം ദൈവഹിതത്തിന് എതിരായിരിക്കുന്നു എന്നതും വ്യക്തമാക്കിക്കൊണ്ട് ഉദ്ബോധിപ്പിക്കുന്നു, "ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ" (മർക്കോസ് 10, 9). വിവാഹത്തിന് പിന്നിലെ ദൈവഹിതത്തെ മാനുഷികമായ കാരണങ്ങളും ചിന്താരീതികളും വച്ചുകൊണ്ട് വിലകുറച്ചുകാണുന്നതിലെ അഭംഗിയും തിന്മയുമാണ് ഈ വചനം വ്യക്തമാക്കുക. യേശു പറയുന്നു, ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരു വ്യക്തിയെ വിവാഹം ചെയ്യുന്നയാൾ വ്യഭിചാരം ചെയ്യുന്നു (മർക്കോസ് 10, 11-12). വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും വിവാഹമോചനത്തിനെതിരായി ക്രിസ്തു ഇതേ വാക്കുകൾ പറയുന്നത് രണ്ടിടങ്ങളിൽ നാം വായിക്കുന്നുണ്ട് (മത്തായി 5, 32; 19, 3-9). ഗൗരവമുള്ള ഒരു തെറ്റുകണ്ട് ഭാര്യയ്ക്ക് ഉപേക്ഷാപത്രം നൽകി പറഞ്ഞയക്കാൻ നിയമാവർത്തനപ്പുസ്തകത്തിൽ മോശ പുരുഷനെ അനുവദിക്കുന്നെങ്കിൽ, സുവിശേഷത്തിൽ ദൈവപുത്രൻ പറയുന്നു, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും ഭാര്യയായി തിരഞ്ഞെടുക്കുന്നതിനെ കർത്താവിനു നിന്ദ്യമായ പ്രവൃത്തിയായി പഴയനിയമം കാണുമ്പോൾ, പുതിയനിയമം പറയുന്നു ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നയാൾ വ്യഭിചാരം ചെയ്യുന്നു (മർക്കോസ് 10, 11-12).

ക്രൈസ്തവവിവാഹവും തിരുവചനവും

വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചും, അതിന്റെ അവിഭാജ്യതയെക്കുറിച്ചും തിരുവചനത്തിലൂടെ പഴയ, പുതിയ നിയമങ്ങളിലൂടെ തന്റെ മക്കളെ ഓർമ്മിപ്പിക്കുന്ന ദൈവത്തിന്റെ കരുതലാണ് ഇന്നത്തെ വായനകളിൽ നാം കണ്ടത്. തന്റെ ഛായയിലും സാദൃശ്യത്തിലും താൻ സൃഷ്‌ടിച്ച സ്ത്രീപുരുഷന്മാർ ഏതെങ്കിലും ഒരു നിസ്സാര കാരണത്തിന്റെ പേരിൽ വിവാഹമോചനത്തിലേക്ക് കടക്കുന്നതിനെ ദൈവം അംഗീകരിക്കുന്നില്ല എന്ന് വചനം നമുക്ക് വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്. എത്രമാത്രം പ്രാധാന്യത്തോടെ, എത്രമാത്രം ശ്രേഷ്ഠമായാണ് വിവാഹത്തിലൂടെ സ്ത്രീപ്രരുഷന്മാർ ഒന്നായിച്ചേരുന്നതിനെ, ഒരു കുടുംബം രൂപീകരിക്കുന്നതിനെ, ദൈവം കാണുന്നതെന്ന് നമുക്ക് തിരിച്ചറിയാം. ലൗകികനേട്ടങ്ങൾ മുന്നിൽ കണ്ട്, സ്വാർത്ഥതാത്പര്യങ്ങളാൽ നയിക്കപ്പെട്ട് വിവാഹത്തിലേക്കെത്തുന്ന, വിവാഹത്തെ കച്ചവടമാക്കുന്ന, ജീവിതപങ്കാളിയുടെ വ്യക്തിത്വത്തെയും, അന്തസ്സിനേയും, മനസ്സിനെയും, ശരീരത്തെയും മാനിക്കാത്ത, സ്വന്തം മക്കളെക്കുറിച്ച് പോലും കരുതലില്ലാത്ത, കുടുംബ ബന്ധങ്ങളെ വിലകുറച്ചുകാണുന്ന, വളരെച്ചെറിയ കാരണങ്ങൾക്ക് പോലും വിവാഹബന്ധങ്ങളിൽനിന്ന് മോചിതരാകാൻ തുനിയുന്ന, ദൈവചിന്തയില്ലാതെ ജീവിക്കുന്ന ഒരുപാട് ആളുകളെ ഇന്നത്തെ സമൂഹത്തിൽ നമുക്ക് കാണാം. വിവാഹജീവിതത്തെ വല്ലാത്തൊരു ലാഘവത്തോടെ കാണുന്ന ഇത്തരം മനുഷ്യർക്ക് മുന്നിൽ, തിരുവചനത്തിലൂടെ ദൈവം പറഞ്ഞുതരുന്ന വിവാഹജീവിതത്തിന്റെ, ദൈവപുത്രൻ പോലും മണ്ണിലവതരിക്കാൻ തിരഞ്ഞെടുത്ത കുടുംബത്തിന്റെ, പവിത്രതയും അമൂല്യതയും തിരിച്ചറിയാം. വ്യക്തിതാത്പര്യങ്ങളെക്കാൾ ദൈവഹിതത്തിന് മുൻ‌തൂക്കം കൊടുത്തുകൊണ്ട്, കുടുംബത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ്, ദൈവവിശ്വാസത്തിൽ ജീവിച്ച്, പ്രാർത്ഥനയിൽ ഒരുമിച്ച്, ജീവിതപങ്കാളിയെയും ദൈവം തരുന്ന മക്കളെയും സ്നേഹിച്ച് ജീവിക്കുന്ന, നല്ല ക്രൈസ്തവകുടുംബങ്ങൾ ലോകത്തിന് മുഴുവൻ മാതൃകകളായി മാറട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവും, പരിശുദ്ധ കന്യകാമറിയവും നമ്മുടെ കുടുംബങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2024, 13:23