മനുഷ്യപുത്രനും അവസാനവിധിയും മനുഷ്യരും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ അവസാനവിധിയെക്കുറിച്ച് ഈശോ പഠിപ്പിക്കുന്നതാണ് നാം കാണുന്നത്. നമ്മുടെ വിശ്വാസജീവിതത്തിൽ എന്തുമാത്രം ഒരുക്കത്തോടെയും, എത്രമാത്രം തയ്യാറെടുപ്പുകളോടെയും ഉത്തരവാദിത്വത്തോടും വേണം ജീവിക്കേണ്ടതെന്ന് ഓർമ്മിപ്പിക്കുന്ന രണ്ട് ഉപമകൾ, പത്തുകന്യകമാരുടെയും താലന്തുകളുടെയും ഉപമകൾക്ക് ശേഷമാണ് കർത്താവ് അവസാനവിധിയെക്കുറിച്ച് പറയുന്നത്. മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഈയൊരു വിവരണം നാം കാണുന്നത്. അന്നന്നത്തെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും, ലൗകികമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ദൈവത്തെ മറന്ന് ജീവിക്കുകയും ചെയ്യുന്ന മനുഷ്യർക്കുള്ള ദൈവത്തിന്റെ ഉദ്ബോധനമാണ് ഈയൊരു സുവിശേഷഭാഗമെന്ന് വിശേഷിപ്പിക്കാം. മനുഷ്യപുത്രൻ മഹത്വത്തിൽ തന്റെ ദൂതന്മാരോടുകൂടെ എഴുന്നള്ളി, മഹിമയുടെ സിംഹാസനത്തിലിരുന്ന് ജനതകളെ വിധിക്കുന്ന ഒരു ദിനത്തെക്കുറിച്ചാണ് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നത്. നമ്മുടെ പ്രവൃത്തികളിലെ നന്മതിന്മകൾ ദൈവം കാണുന്നുണ്ടെന്നും, അവയനുസരിച്ച് നാം വിധിക്കപ്പെടുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത്.
എല്ലാ ജനതകൾക്കുമുള്ള വിധി
ഒരു ഉപമ എന്ന രീതിയിൽ പലരും വ്യാഖ്യാനം ചെയ്യുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ ഇടയനും ആടുകളും എന്ന രീതിയിൽ ദൈവത്തെയും ജനതകളെയും അവതരിപ്പിക്കുന്നു എന്നതിൽക്കവിഞ്ഞ് ഇവിടെ ഉപമയുടേതായ പ്രത്യേകതകൾ ഒന്നും നമുക്ക് കാണാനാകില്ല. മാത്രവുമല്ല, ദൈവപുത്രനായ ക്രിസ്‌തു, തന്റെ മഹത്വപൂർണ്ണമായ തിരിച്ചുവരവിനെക്കുറിച്ചും, സകലജനതകളെയും അവരുടെ പ്രവർത്തികൾക്കനുസരിച്ച് വിധിക്കുന്നതിനെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജീവിതത്തിന്റെ നന്മതിന്മകൾക്ക്, നമ്മുടെ പ്രവൃത്തികൾക്കും ഉപേക്ഷകൾക്കും നാം ഒരിക്കൽ കണക്കുബോധിപ്പിക്കേണ്ടവരാണെന്ന ഒരു സത്യമാണ് സുവിശേഷം നമ്മെ പഠിപ്പിക്കുക. ബാഹ്യമായ പ്രവൃത്തികളെ മാത്രമല്ല, നമ്മുടെ ഉള്ളും ഹൃദയവിചാരങ്ങളും അറിയുന്നവനാണ് ദൈവമെന്ന് തിരിച്ചറിയണമെന്ന്, കണ്ണടച്ച് ഇരുട്ടാക്കാമെന്ന മിഥ്യാബോദ്ധ്യത്തിൽ ജീവിക്കരുതെന്ന് നാം മനസ്സിലാക്കണം. അവസാനവിധി ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് മാത്രമുള്ളവതല്ല എന്നുകൂടി ഈ സുവിശേഷം ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ ജനതകളും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് കർത്താവിനാൽ വിധിക്കപ്പെടും.
കാരുണ്യവാനായ ദൈവവും അവസാനവിധിയും
കരുണതന്നെയായ ഒരു ദൈവത്തെയാണ് യേശുവിൽ നാം കണ്ടെത്തുന്നത്. മുൻവിധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന, പാപികളെയും ചുങ്കക്കാരെയും ചേർത്തുപിടിക്കുന്ന, അനുതപിക്കുന്ന പാപികളെക്കുറിച്ച് സന്തോഷിക്കുന്ന ഒരു ദൈവമാണവൻ. എന്നാൽ കാരുണ്യത്തോടെ സ്നേഹിക്കാൻ തന്റെ ജീവിതമാതൃക വഴി പഠിപ്പിക്കുന്ന ദൈവപുത്രൻ, തന്നെ പിന്തുടരാൻ ആഗ്രഹിക്കുന്ന, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിളിക്കപ്പെട്ട നമുക്കോരോരുത്തർക്കും, ദൈവികമായ സ്നേഹവും കാരുണ്യവും സ്വന്തമാക്കാൻ സാധിക്കണമെന്ന് ഈ സുവിശേഷഭാഗത്ത് ഓർമ്മിപ്പിക്കുന്നുണ്ട്. "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത്" (വാ. 40) എന്ന വചനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. വലതുവശത്തും ഇടതുവശത്തും നിൽക്കുന്നവരോട്, നന്മ ചെയ്‌ത്, കാരുണ്യത്തോടെ, പരസ്നേഹത്തിൽ ജീവിച്ച മനുഷ്യരെയും, സ്വാർത്ഥതയിൽ മുഴുകി, വേദനിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും അവഗണിച്ച് ജീവിച്ച മനുഷ്യരെയും ഒരേ അളവുകോലുപയോഗിച്ചാണ് അവൻ വിധിക്കുന്നത്. ദൈവത്തിന്റെ നീതിയുടെ ഒരു പ്രത്യേകതകൂടിയാണിത്. ഭൂമിയിൽ ഏവരുടെയും കണ്ണുകൾ കെട്ടി, നല്ലവരായി അഭിനയിച്ച്, സ്ഥാനമാനങ്ങൾ നേടി, അനുവദനീയമല്ലാത്ത രീതിയിൽ സുഖലോലുപതയിൽ സ്വാർത്ഥരായി ജീവിക്കുന്നവർ ഓർത്തിരിക്കേണ്ട ഒരു സത്യം കൂടിയാണിത്. ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന, ദാരിദ്ര്യത്തിന്റെ കയ്പ്പിൽ ജീവിക്കുന്ന, വേർതിരിവുകളുടെയും അവഗണനയുടെയും തടവറകളിൽ കഴിയേണ്ടിവരുന്ന, സ്നേഹവും മനുഷ്യാന്തസ്സും നിഷേധിക്കപ്പെട്ട മനുഷ്യർക്ക് മുന്നിൽ കരുണ കാണിക്കാതെ, നീതിമാനായ ദൈവത്തിന് മുന്നിൽ, നിത്യതയിൽ അംഗീകാരം പ്രതീക്ഷിക്കരുത്,
സാഹോദര്യത്തിന്റെ മൂല്യം
അവസാനവിധിയിൽ യേശു മുന്നിൽ വയ്ക്കുന്ന അളവുകോൽ, "ക്രിസ്തുവിന്റെ എളിയ സഹോദരന്മാരോടുള്ള" ഒരുവന്റെ പ്രവൃത്തികളാണെന്ന് നാം വായിക്കുന്നുണ്ട്. നമുക്ക് മുന്നിൽ ക്രിസ്തുവിന്റെ സഹോദരർ ആരാണെന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ബൈബിൾ വ്യാഖ്യാതാക്കൾക്കിടയിലുണ്ട്. മുഖം നോക്കാതെ, ഏവരെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന ഒരു വ്യാഖ്യാനം പലരും മുന്നോട്ടുവയ്ക്കാറുണ്ട്. കത്തോലിക്കാസഭയിൽ നാം പലപ്പോഴും ചെയ്യുന്ന കാരുണ്യപ്രവൃത്തികൾക്കും, ഇങ്ങനെയൊരു മുഖമുണ്ട്. എന്നാൽ അതേസമയം, വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ ക്രിസ്‌തുതന്നെ, ആരാണ് തന്റെ സഹോദരർ എന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. യേശുവിനെ അന്വേഷിച്ച് പരിശുദ്ധ കന്യകാമറിയവും സഹോദരങ്ങളും വരുന്നിടത്താണ് യേശു ഇത് പറയുക. "എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും" (മത്തായി 12, 50). അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ, ദൈവപിതാവിന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന, സത്യദൈവവിശ്വാസത്തിനുവേണ്ടി വിശപ്പും ദാഹവും അനുഭവിക്കേണ്ടിവരുന്ന, ദൈവത്തോടുള്ള വിശ്വസ്തതയുടെയും, ദൈവവിശ്വാസത്തിന്റെയും പേരിൽ സ്വദേശം വിട്ടുപോകാനും തങ്ങളുടേതായതെല്ലാം ഉപേക്ഷിക്കാനും നിർബന്ധിതരാകുന്ന, ദൈവത്തിനുവേണ്ടി തങ്ങളുടെ ശക്തിമുഴുവൻ വിനിയോഗിച്ച് ദുർബലരായ, അവനുവേണ്ടി തടവിലാക്കപ്പെട്ട മനുഷ്യരെയല്ലെ നാം ക്രിസ്തുവിന്റെ സഹോദരങ്ങളെന്ന് കാണേണ്ടതും ശുശ്രൂഷിക്കേണ്ടതും? മത്തായിയുടെ സുവിശേഷത്തിൽത്തന്നെ പത്താം അദ്ധ്യായം നാൽപ്പതാം തിരുവചനത്തെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് കൂട്ടി വായിക്കാം. അവൻ, താൻ അയക്കുന്ന ശിഷ്യന്മാരോട് പറയുന്നു: "നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു" (Mt. 10, 40).
നിത്യാനന്ദവും നിത്യാഗ്നിയും
നന്മ ചെയ്ത മനുഷ്യർക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്ന രാജ്യത്തെക്കുറിച്ച് ഈശോ പറയുന്നത്, "ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം" (മത്തായി 25, 34) എന്നാണ്. എന്നാൽ അതേസമയം തിന്മകൾ ചെയ്യുകയും നന്മ ചെയ്യാതെ സ്വാർത്ഥതയോടെ ജീവിക്കുകയും ചെയ്ത മനുഷ്യർക്കുള്ള ഇടത്തെക്കുറിച്ച് അവൻ പറയുക "പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നി" (മത്തായി 25, 41) എന്നാണ്. ദൈവഹിതം പ്രവർത്തിക്കുകയും, അതനുസരിച്ച് മനുഷ്യരോട് കരുണയോടെ ജീവിക്കുകയും ചെയ്യുന്ന, ക്രിസ്തുവിന്റെ സഹോദരങ്ങളായി നാം എന്തുകൊണ്ട് മാറണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്. എന്നാൽ അതേ സമയം യേശുക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച വിശ്വാസമനുസരിച്ചോ, പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ചോ ജീവിക്കാതെ, തിന്മയിൽ ജീവിക്കുകയും, അതുവഴി പിശാചിന്റെയും അവന്റെ ദൂതന്മാരുടെയും പാതയിൽ സഞ്ചരിക്കുകയും ചെയ്യുന്ന മനുഷ്യരെ കാത്തിരിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന പ്രധാനപ്പെട്ട ഉദ്ബോധനവും ഇവിടെ സുവിശേഷം നമുക്ക് നൽകുന്നുണ്ട്. നാം എന്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന ഒരു ചോദ്യം എപ്പോഴും നമുക്ക് മുന്നിലുണ്ടാകട്ടെ. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന മനുഷ്യരാണോ അതോ, ലൗകികതയിലും, തിന്മകളിലും മുഴുകി ദൈവത്തിൽനിന്ന് അകന്നുപോകുന്നവരാണോ നാം?
ക്രൈസ്തവജീവിതത്തിലേക്കുള്ള വിളി
സകല ജനതകൾക്കും വേണ്ടിയുള്ള സുവിശേഷമാണ് ക്രിസ്തുവിലൂടെ അറിയിക്കപ്പെട്ടത് എന്നാണ് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുക. ജോയേൽ പ്രവാചകന്റെ രണ്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്, കർത്താവിന്റെ ദിനത്തിന്റെ പ്രാധാന്യവും ഭീകരതയും സംബന്ധിച്ച ഒരു വിവരണം നാം കാണുന്നുണ്ട് (ജോയേൽ 2, 1-11), ഹെബ്രായർക്കെഴുതിയ ലേഖനം പത്താം അദ്ധ്യായത്തിൽ "സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങൾ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് നമുക്ക് പര്യാലോചിക്കാം" (ഹെബ്രാ. 10, 24) എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നുണ്ട്. സുവിശേഷവും മറ്റു വായനകളുമൊക്കെ, എപ്രകാരം, ഏതു ലക്ഷ്യത്തോടെ ജീവിക്കണമെന്നതിനെക്കുറിച്ച് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് നമുക്ക് മുന്നിൽ വച്ചത്. ക്രിസ്തുവിന്റെ വചനമനുസരിച്ച്, സത്യസന്ധതയോടെ ജീവിക്കുന്നതിന്റെ പേരിൽ, അവന്റെ വചനം അറിയിക്കുന്നതിന്റെ പേരിൽ, സഹനമനുഭവിക്കേണ്ടിവരുന്ന, ഒറ്റപ്പെട്ടുപോകുന്ന, ലോകത്തിന് മുന്നിൽ പലപ്പോഴും പരാജയപ്പെട്ടുപോകുന്ന മനുഷ്യരോട് കരുണയോടെ പ്രവർത്തിക്കാൻ, അവരോട് ചേർന്ന് നിൽക്കാൻ നമുക്ക് സാധിക്കണം. സ്വാർത്ഥത കൈവെടിഞ്ഞ്, തിന്മയിൽനിന്നകന്ന്, ദൈവസന്നിധിയിൽ ഉയർന്ന ശിരസ്സോടെ നിൽക്കാൻ തക്ക വിശ്വാസം ജീവിക്കാനും, നമ്മുടെ പ്രവൃത്തികളെ ക്രൈസ്തവവിശ്വാസത്തോട് അനുരൂപപ്പെടുത്താനും നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിനെപ്രതി, അവന്റെ എളിയ സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ മുഖത്തോടെ, സ്നേഹത്തിന്റെ പ്രവൃത്തികൾ ചെയുന്ന, ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട, സ്നേഹിക്കപ്പെടുന്ന മനുഷ്യരായി നമുക്ക് മാറാം. നമ്മുടെ കാരുണ്യപ്രവർത്തികളും വാക്കുകളും, ജീവിതം തന്നെയും, ലോകത്തിലെ സകലജനതകൾക്കും മുന്നിൽ ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യമായി മാറട്ടെ. പ്രവൃത്തികൾക്കനുസരിച്ച് പ്രതിഫലം നൽകുന്ന നീതിമാനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: