സിനഡൽ പാതയിൽ മാതൃക നൽകി ആദ്യ സിനഡൽ അസ്സെംബ്ലിക്കായി ഇറ്റാലിയൻ സഭ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
എല്ലാവരെയും ഉൾച്ചേർക്കുവാനും, അനുഗമിക്കുവാനും ആഹ്വാനം ചെയ്യുന്ന സിനഡാലിറ്റിയുടെ സിനഡൽ സഭയുടെ മാതൃകയായി, ആദ്യ ഇറ്റാലിയൻ ദേശീയ സിനഡൽ സമ്മേളനം നവംബർ 15 മുതൽ 17 വരെ, റോമിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള പ്രധാന ബസിലിക്കയിൽ വച്ച് നടക്കും. നിരവധി മെത്രാന്മാരും, പുരോഹിതരും, സന്യസ്തരും, വിശ്വാസിപ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കും. സിനഡിൽ ഇത് വരെ ശേഖരിച്ച ഫലങ്ങളും, പ്രായോഗിക പാതയിലേക്കുള്ള നിർദ്ദേശങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
വത്തിക്കാൻ കൗൺസിലിൻ്റെ സഭാപരമായ ദർശനത്തിൻ്റെയും അനുരഞ്ജന വീക്ഷണങ്ങളുടെയും വെളിച്ചത്തിൽ, സിനഡിന്റെ പ്രവചനഘട്ടമാണ് ഈ ദേശീയ അസ്സംബ്ലിയിൽ പ്രതിഫലിക്കുന്നത്. അജപാലന രീതികളുടെ നവീകരണം, വിശ്വാസ ജീവിതത്തിലെ രൂപീകരണം, പ്രേഷിതപ്രവർത്തനത്തിൽ സഹ-ഉത്തരവാദിത്തം എന്നീ ഘടകങ്ങൾ രേഖയിൽ ഉൾപ്പെടുന്നു. സഭാ സമൂഹങ്ങൾ കൂടുതൽ കാര്യക്ഷമവും, പ്രേഷിതോന്മുഖവും, സ്വാഗതാർഹവുമാകുവാനുള്ള സാധ്യതയുടെ വ്യവസ്ഥകളും രേഖയിൽ വിവരിക്കുന്നു.
സമ്മേളന ഉപസംഹാരത്തിന്റെ തലേദിവസം വൈകുന്നേരം നടക്കുന്ന സായാഹ്‌ന പ്രാർത്ഥനയുടെ അവസരത്തിൽ, ദുരുപയോഗങ്ങൾക്ക് ഇരകളായവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനകളും നടക്കുമെന്ന്, ദേശീയ സിനഡൽ കമ്മീഷൻ മാധ്യമ ഓഫീസ് അറിയിച്ചു. സമ്മേളനത്തിന്റെ അവസാന ദിവസമായ പതിനേഴാം തീയതി വിശുദ്ധ ബലിയും അർപ്പിക്കപ്പെടും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: