തിരയുക

സമാധാനാഹ്വാനവുമായി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ച വിദ്യാർത്ഥികൾ സമാധാനാഹ്വാനവുമായി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ച വിദ്യാർത്ഥികൾ  (Vatican Media)

സാഹോദര്യത്തിന്റെ ദൃഢതയിലാണ് മനുഷ്യകുടുംബത്തിന്റെ നിർമ്മാണം

2015 ൽ ആഘോഷിച്ച നാൽപ്പത്തിയെട്ടാമത്‌ ആഗോള സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്ത വിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2015 ജനുവരി ഒന്നാം തീയതി നാല്പത്തിയെട്ടാമത്‌ ലോകസമാധാനദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം ആധുനികകാലഘട്ടത്തിന്റെ പ്രവാചകശബ്ദമായിരുന്നു. നമ്മൾ ആരും അടിമകളല്ല മറിച്ച് സഹോദരങ്ങളാണെന്നുള്ള ആശയം മുൻനിർത്തിയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം രൂപപ്പെടുത്തിയത്.  സാഹോദര്യത്തെ യേശുക്രിസ്തു തന്റെ വാക്കുകളിലും, പ്രവൃത്തികളിലും എടുത്തുകാണിച്ച അതേ ആശയമാണ് ഫ്രാൻസിസ് പാപ്പായും പങ്കുവയ്ക്കുന്നത്. കാരണം യജമാനന്റെ കല്പനകളിൽ, സ്വന്തം തനിമയെയും, അന്തസിനെയും അടിമപ്പെടുത്തിക്കൊണ്ട്, സ്വന്തം ചിന്തകളെ ബലികഴിക്കുന്ന അടിമജീവിതമല്ല യേശു ആഗ്രഹിക്കുന്നത്, മറിച്ച് ഒരു പിതാവിന്റെ മക്കളെന്ന മഹത്വം ജീവിതത്തിൽ പുലർത്തിക്കൊണ്ട്, പരസ്പരം സഹോദരങ്ങളെന്ന നിലയിലുള്ള  ജീവിതമാണ്. ഈ സാഹോദര്യമാണ് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറയുന്നത്.

ജീവിതത്തിന്റെ അർത്ഥം കൂട്ടായ്മയിൽ

സാഹോദര്യത്തെ കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങളിൽ എപ്പോഴും മുഴങ്ങിക്കേൾക്കുന്ന ഒന്നാണ് കൂട്ടായ്മ എന്ന പദം. കൂട്ടായ്മ എന്നത്, ദൈവത്തോടും, സഹോദരങ്ങളോടും നാം ചേർന്ന് നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങളിൽ സമയാസമയം പ്രതികരിക്കുന്നതാണെന്നാണ് പാപ്പാ പറയുന്നത്. മാനവീയത്തിൽ ഓരോ വ്യക്തിയും സ്വീകരിക്കുന്ന ദൈവവിളിയും ഇപ്രകാരം പ്രതികരണം നൽകുന്ന ജീവിതമാണ്. ഇപ്രകാരമുള്ള പരസ്പര ബന്ധമാണ് ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. എന്നാൽ ഇപ്രകാരം മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് ഏറ്റവും വലിയ പ്രലോഭനമാണെന്നും പാപ്പാ തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പ്രത്യേകം പറയുന്നു.  ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ ജീവിതത്തിന്റെ മൂല്യം കണ്ടെത്തുന്നത് നീതിയും ജീവകാരുണ്യവും പ്രചോദിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ പശ്ചാത്തലത്തിലാണെന്നും, ഇപ്രകാരമാണ് സ്വയം തിരിച്ചറിയുവാൻ ഒരുവന് സാധിക്കുന്നതെന്നും പാപ്പാ പറയുന്നു. ഇതാണ് മനുഷ്യകുലത്തിന്റെ വികസനം എന്ന് യഥാർത്ഥത്തിൽ പറയുന്നു. മനുഷ്യന്റെ അന്തസ്സും, സ്വാതന്ത്ര്യവും, സ്വയംഭരണവും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തെയാണ് യഥാർത്ഥ വികസനം എന്ന് പറയുവാൻ സാധിക്കുന്നതെന്നും, എന്നാൽ ദൗർഭാഗ്യവശാൽ ഇന്ന് പരസ്പരം ചൂഷണം ചെയ്തുകൊണ്ട്, മൗലീക അവകാശങ്ങളെ പോലും ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഏറെ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, അടിമകളിൽ നിന്നും സഹോദരങ്ങളിലേക്കുള്ള ഒരു മാറ്റം  അനിവാര്യമെന്നും പാപ്പാ പറയുന്നു.

ക്രിസ്ത്യാനികൾ പരസ്പരം സഹോദരങ്ങൾ മാത്രമാണ്

വിശുദ്ധ പൗലോസ് ശ്ലീഹ ഫിലേമോന് എഴുതിയ ലേഖനത്തിൽ ഒനേസിമൊസിനെ സ്വാഗതം ചെയ്യുവാൻ ആവശ്യപ്പെടുന്ന അവസരത്തിൽ പറയുന്നത് ഇപ്രകാരമാണ്: അല്പകാലത്തേക്ക് അവൻ നിന്നിൽ നിന്നും വേർപിരിഞ്ഞത്, ഒരുപക്ഷെ നിത്യമായി നിനക്ക് അവനെ ലഭിക്കുന്നതിനുവേണ്ടിയായിരിക്കാം, ഇനി ഒരു ദാസനായിട്ടല്ല അതിലുപരി പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ  ലഭിച്ചിരിക്കുന്നു" (ഫിലെ 1, 15-16). സാഹോദര്യത്തിലേക്കുള്ള പരിവർത്തനം എന്നാണ് പാപ്പാ ഇതിനെ വിശേഷിപ്പിക്കുന്നത്. കുടുംബ ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഈ ഒരു സാഹോദര്യ മനോഭാവം പുലർത്തുന്നതാണ് യഥാർത്ഥ ക്രൈസ്തവീകത എന്ന് അറിയപ്പെടുന്നത്. ഇതാണ് അനാദിമുതൽ സൃഷ്ടികർമ്മത്തിൽ പിതാവായ ദൈവം ഉൾച്ചേർത്തിരിക്കുന്ന രഹസ്യം: അതായത്  ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന്റെ പ്രത്യേകത. എന്നാൽ ഇതിനർത്ഥം എല്ലാവരും ഒരുപോലെയാണെന്നുള്ളതല്ല. അവർക്കിടയിൽ നിലനിൽക്കുന്ന ബഹുത്വവും വ്യത്യാസവും ഈ സാഹോദര്യത്തിന്റെ മാഹാത്മ്യം വർധിപ്പിക്കുന്നു എന്നാണ് പാപ്പാ പറയുന്നത്. ഒരേ രീതിയിലുള്ളവർ ഒരുമിച്ചുപോകുന്നതിലല്ല, മറിച്ച് വൈവിധ്യങ്ങളിൽ ഐക്യത്തോടെ ജീവിക്കുന്നതാണ് യഥാർത്ഥ സഹോദരബന്ധമെന്ന് പാപ്പാ പഠിപ്പിക്കുന്നു. ഇപ്രകാരം നാം പരസ്പരം നെയ്‌തെടുക്കുന്ന സാഹോദര്യത്തിന്റെ ദൃഢതയിലാണ് മനുഷ്യകുടുംബത്തിന്റെ നിർമ്മാണം മുൻപോട്ടു പോകുന്നത്. എന്നാൽ സഹോദരനാകുവാനുള്ള വിളി ത്യജിച്ചുകൊണ്ട്, സഹോദരന്റെ ഘാതകനാകുവാനുള്ള പ്രലോഭനം ഉത്പത്തി പുസ്തകം മുതൽ നമുക്ക് കാണാവുന്നതാണ്. മനുഷ്യകുടുംബത്തിന്റെ സൗന്ദര്യത്തെയും, കുലീനതയെയും ഹനിക്കുകയും, വികലമാക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ഇന്നും നിലനിൽക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലും പാപ്പാ നൽകുന്നു.

സാഹോദര്യം ഒരു ഉടമ്പടിയാണ്

സാഹോദര്യമെന്നത് ദൈവത്തിനും, മനുഷ്യർക്കുമിടയിലുള്ള ഉടമ്പടിയാണെന്നാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് അയയ്ക്കുവാൻ തിരുമനസായിക്കൊണ്ട്, തന്റെ പിതൃത്വത്തിൽ മനുഷ്യരെ സഹോദരങ്ങളെന്ന നിലയിൽ ഉയർത്തുന്ന ഉടമ്പടിയാണ് സാഹോദര്യത്തിന്റെ അടിസ്ഥാനം. എന്നാൽ ഇന്നത്തെ ലോകത്തിൽ കാണുന്ന അനീതികളും, അക്രമങ്ങളും, അവകാശലംഘനങ്ങളുമെല്ലാം സാഹോദര്യമെന്ന പുണ്യത്തിൽ  കരിനിഴൽ വീഴ്ത്തുമ്പോൾ, ഇനിയും ഏറെ ഘാതം കൃപയുടെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട്, സഹോദരങ്ങളെ വീണ്ടെടുക്കുവാനുള്ള ക്രൈസ്തവ കടമയെ പാപ്പാ  ഈ സന്ദേശത്തിൽ എടുത്തുപറയുന്നു. സുവിശേഷം ശ്രവിക്കുകയും, പരിവർത്തനത്തിനുള്ള ആഹ്വാനത്തോട് പ്രതികരിക്കുകയും ചെയ്യുന്ന ഏതൊരാളും യേശുവിന്റെ സഹോദരങ്ങളെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. സ്വതന്ത്രമായ ഒരു പരിവർത്തനമാണ് പാപ്പാ ഇവിടെ വിവക്ഷിക്കുന്നത്. ജനനത്തിന്റെ  വൈവിധ്യവും, സാമൂഹിക പദവിയും ഓരോ വ്യക്തിയുടെയും അന്തസ്സിനെ കുറയ്ക്കുകയോ ദൈവജന പദവിയിൽ നിന്നും ഒഴിവാക്കുകയോ  ചെയ്യുന്നില്ല. അതിനാൽ ക്രൈസ്തവസമൂഹത്തിന്റെ തനിമയെന്നത്  സ്നേഹത്തിൽ സഹോദരങ്ങളായി ജീവിക്കുന്നതാണ്.

ചൂഷണം അടിമത്തത്തിന്റെ ഭാവമാണ്

പുരാതനകാലം മുതൽ നിലനിന്നിരുന്ന ഔപചാരിക അടിമത്ത ആചാരങ്ങൾ  അന്താരാഷ്ട്ര നിയമനങ്ങൾ നിലവിൽ  വന്നപ്പോൾ നിർത്തലാക്കപ്പെട്ടുവെങ്കിലും, ഇന്നും തുടരുന്ന അടിമത്തത്തിന്റെ വലുതും, ചെറുതുമായ രൂപങ്ങളെ പാപ്പാ അടിവരയിട്ടു പറയുന്നു. അടിമത്തമെന്നത് പൊതുവായി അംഗീകരിക്കപ്പെട്ട ഒരു സമൂഹവ്യവസ്ഥിതിയായി നിലന്നിരുന്ന കാലഘട്ടം ഭയാനകമായിരുന്നു. തുടർന്ന് മനുഷ്യന്റെ വിദ്യാഭ്യാസവും, മറ്റു വികാസങ്ങളും ഇത്തരത്തിലുള്ള കെട്ടിയിടപ്പെട്ട അടിമത്തത്തിൽ നിന്നും മനുഷ്യന് പുറത്തുകടക്കുവാനുള്ള മാർഗങ്ങൾ ഒരുക്കിനൽകി. ഇന്ന് ഈ ആചാരങ്ങൾ ഔപചാരികമായി നിർത്തലാക്കപ്പെട്ടുവെങ്കിലും, അവയുടെ ചെറുരൂപങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്നത് ആശങ്കാജനകമാണെന്നു പാപ്പാ തന്റെ സന്ദേശത്തിൽ പങ്കുവയ്ക്കുന്നു. ഔപചാരികവും അനൗപചാരികവുമായ തലത്തിൽ, ഗാർഹിക ജോലി മുതൽ കാർഷിക ജോലി വരെ, നിർമ്മാണ വ്യവസായം മുതൽ ഖനനം വരെ, തൊഴിൽ നിയമനിർമ്മാണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യങ്ങളിൽ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ, വിവിധ മേഖലകളിൽ അടിമകളാക്കിയ നിരവധി തൊഴിലാളികൾ, കുടിയേറ്റക്കാർ, ലൈംഗീക ദുരുപയോഗത്തിനു വിധേയരാകുന്നവർ അങ്ങനെയുള്ള വിവിധ ജനവിഭാഗങ്ങൾ  ഈ തിന്മയുടെ വേദന പേറുന്നവരാണെന്നും, അതിനു കൃത്യമായ നിയമനിർമ്മാണം ആവശ്യമാണെന്നും പാപ്പാ പങ്കുവയ്ക്കുന്നു.

ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ, ഇന്ന് ലോകം പറയുവാൻ മടിക്കുകയോ, ഭയപ്പെടുകയോ ചെയ്യുന്ന ജീവിതസാഹചര്യങ്ങളെ പോലും എടുത്തു പറയുന്നുണ്ട്. തന്റെ ചിന്തകൾ ഇവരിലേക്ക് തിരിക്കുന്നുവെന്നും, അവരോടൊപ്പം സഹോദരനായി താനും ഉണ്ടെന്നു പറയുന്ന ഹൃദയവിശാലത പാപ്പായുടെ വാക്കുകളിൽ വ്യക്തമാണ്.വേശ്യാവൃത്തിയിലേക്ക് നിർബന്ധിതരായ ആളുകൾ, വിവാഹം കഴിക്കാൻ നിർബന്ധിതരായ സ്ത്രീകൾ, വിവാഹ ലക്ഷ്യത്തോടെ വിൽക്കപ്പെടുന്നവർ,ഭർത്താവിൻ്റെ മരണശേഷം ഒരു കുടുംബാംഗത്തിന് തുടർച്ചയായി കൈമാറപ്പെട്ടവർ, അവയവ കച്ചവടത്തിന് വിധേയരായവർ, ഭിക്ഷാടനത്തിനും, മയക്കുമരുന്ന് ഉൽപ്പാദനം അല്ലെങ്കിൽ വിൽപന തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വിധേയരാക്കപ്പെട്ടവർ, അന്താരാഷ്ട്ര ദത്തെടുക്കൽ വാണിജ്യത്തിൽ അകപ്പെട്ടുപോയവർ, തീവ്രവാദ ഗ്രൂപ്പുകളാൽ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കപ്പെട്ടവർ ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന അടിമത്തരീതികളെ പാപ്പാ അഭിസംബോധന ചെയ്യുന്നു. തുടർന്ന് അടിമത്തത്തിന്റെ കാരണങ്ങളെയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരെ വെറും വസ്തുക്കളായി കാണുന്ന സംസ്കാരം

ദൈവത്തിൻ്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുകൊണ്ട്, ഒരുവന്റെ മാത്രം സ്വത്തായി മാറുന്ന അവസ്ഥകൾ ഇന്ന് നിലനിൽക്കുന്നു. ഇത് മനുഷ്യത്വത്തിന്റെ നിരാകരണമാണ്. ദാരിദ്ര്യം, അവികസിതാവസ്ഥ, പുറംതള്ളൽ എന്നിവയാണ് ഈ അടിമാവസ്ഥയ്ക്കു കാരണമായി വിശദീകരിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ അഭാവവും, തൊഴിലിടങ്ങളുടെ ഇല്ലായ്മയും ഈ ചൂഷണത്തിലേക്ക് അകപ്പെട്ടുപോകുവാൻ ഇടയാക്കുന്നു. സ്വയം സമ്പന്നരാകാൻ എന്തും ചെയ്യാൻ തയ്യാറുള്ളവരുടെ അഴിമതിയും അടിമത്തത്തിൻ്റെ കാരണങ്ങളിൽ ഉൾപ്പെടുത്തുന്നു. പണത്തിനുമുന്നിൽ മൂല്യങ്ങളും, അന്തസ്സുമെല്ലാം ഇല്ലാതാക്കുന്ന ആധുനികലോകത്തിന്റെ പ്രത്യേകതകളും പാപ്പാ അടിവരയിട്ടു പറയുന്നു.

പൊതുപ്രതിബദ്ധതയാണ് അടിമത്തം പരാജയപ്പെടുത്തുവാനുള്ള മാർഗം

സായുധ സംഘട്ടനങ്ങൾ, അക്രമം, കുറ്റകൃത്യം, ഭീകരത എന്നിവ അടിമത്തത്തിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപെടുമ്പോൾ, അവയെ ചെറുക്കുവാൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. പൊതുവായ നിസ്സംഗതയ്ക്കിടയിലാണ് ചൂഷണങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ഇവയ്‌ക്കെതിരെ സഭയിലെ വിവിധ സ്ഥാപനങ്ങൾ ചെയ്യുന്ന നിശബ്ദസേവനങ്ങൾക്കൊപ്പം, എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ, ലോകത്ത് സമാധാനം സംസ്ഥാപിക്കുവാനും, ചൂഷണങ്ങൾ ഇല്ലാതാക്കുവാൻ അപ്രകാരം യഥാർത്ഥ വികസനം യാഥാർഥ്യമാക്കുവാനും സാധിക്കുമെന്നും പാപ്പാ പറഞ്ഞു. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ന്യായമായ നിയമങ്ങൾ ആവശ്യമാണ്, അത് അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുകയും ഇരകളായവരെ പുനരധിവസിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു, കൂടാതെ ഈ നിയമങ്ങളുടെ ശരിയായ പ്രയോഗം നിരീക്ഷിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ആവശ്യമാണെന്നുള്ള പ്രായോഗിക നിർദേശങ്ങളും പാപ്പാ നൽകുന്നു.

നിസ്സംഗതയുടെ ആഗോളവൽക്കരണം, ഇന്ന് നിരവധി സഹോദരിമാരുടെയും സഹോദരന്മാരുടെയും ജീവിതത്തെ ഭാരപ്പെടുത്തുമ്പോൾ , ഐക്യദാർഢ്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആഗോളവൽക്കരണ ശില്പികളാകാൻ നമ്മെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2024, 13:27