ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (VATICAN MEDIA Divisione Foto)

സേവനരഹിത രാഷ്ട്രീയം കപടമാണ്

2019 ലെ ലോകസമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ അധികരിച്ചുള്ള ചിന്തകൾ
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നല്ല രാഷ്ട്രീയ പ്രവർത്തനത്തെ ഫ്രാൻസിസ് പാപ്പാ നിർവചിക്കുന്നത്, സമാധാനത്തിന്റെ സേവനം എന്നാണ്. ഈ നിർവചനത്തിനു ഇന്ന് ഏറെ പ്രസക്തിയുണ്ട്. പരസ്പരം മത്സരിച്ചുകൊണ്ട്, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന സ്വജനപക്ഷപാതത്തിന്റെ അരങ്ങായി രാഷ്ട്രീയവും, അതിന്റെ പ്രവർത്തകരും മാറുന്ന ഒരു സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്, സമാധാനം ഉരുവാക്കുവാൻ സേവനം നൽകുന്നവരാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകരെന്ന്. ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയിരിക്കുന്ന തലക്കെട്ടിൽ എടുത്തു പറയേണ്ടുന്ന ഒരു വസ്തുതയുണ്ട്. പാപ്പാ വെറുതെ ഒരു രാഷ്ട്രീയം എന്നല്ല പറയുന്നത് മറിച്ച് 'നല്ല' രാഷ്ട്രീയം എന്നുള്ളതാണ്.

ഇത് ഒരു വെല്ലുവിളി ഉണർത്തുന്ന ആഹ്വാനം ആണ്. ഒരു പക്ഷെ നല്ല രാഷ്ട്രീയം ഇന്ന് അന്യം നിന്ന് പോകുന്ന കാലഘട്ടമാണ്. പട്ടിണി മരണങ്ങളും, ആത്മഹത്യകളും, യുദ്ധഭീകരതയുമെല്ലാം സാധാരണക്കാരായ ജനതയെ ഏറെ ദുരിതത്തിലാഴ്ത്തുമ്പോൾ, മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ട്, കാഴ്ച്ചക്കാരായി നോക്കിനിൽക്കുകയും, യുദ്ധം ചെയ്യുവാൻ, മുന്നണിയിൽ തന്റെ ജനത്തെ പറഞ്ഞുവിട്ടിട്ട്, മരണപ്പെട്ടവരുടെ കണക്കുകൾ താരതമ്യം ചെയ്തുകൊണ്ട് സന്തോഷിക്കുന്ന രാഷ്ട്രീയത്തെയാണ് പാപ്പാ വെല്ലുവിളിക്കുന്നത്. എന്നാൽ വേദനയുടെ നടുവിൽ മനുഷ്യന്റെ രോദനം ശ്രവിക്കുവാനും, മുകളിൽ നിന്ന് ആജ്ഞാപിക്കാതെ താഴെ അവന്റെ അരികിൽ ആയിരുന്നുകൊണ്ട് അവന്റെ കണ്ണുതുടക്കുവാനും അപ്രകാരം ആശ്വാസം പകരുവാനുമുള്ള രാഷ്ട്രീയത്തിനാണ് പാപ്പാ ആഹ്വാനം നൽകുന്നത്.

പാപ്പായുടെ സന്ദേശം, ആരംഭിക്കുന്നത്, ക്രിസ്തുവിന്റെ സമാധാന ആശംസയോടെയാണ്. ഈ ഭവനത്തിനു സമാധാനം. കുടുംബത്തിനുള്ള പാപ്പായുടെ സമാധാന ആശംസയ്ക്ക് വളരെ വിശാലമായ ഒരു അർത്ഥതലമുണ്ട്. കാരണം ഇത് ഒരു ആഹ്വാനം കൂടിയാണ്, തങ്ങളിൽ നിന്നു പുറത്തുകടന്നുകൊണ്ട് അവരുമായി ചേർന്നു അതിർവരമ്പുകളില്ലാത്ത കുടുംബബന്ധങ്ങൾ സൃഷ്ടിക്കുക, അതുവഴിയായി സമാധാനത്തിന്റെ നന്മ അനുഭവിക്കുക. രാഷ്ട്രീയ കക്ഷികൾ ഇപ്രകാരം, വാക്കുകളിൽ മാത്രം കുടുംബകൂട്ടായ്മകൾ നടത്താതെ, എല്ലാവരെയും ചേർത്തുനിർത്തുവാനും, എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങണമെന്നും, പാപ്പാ ആഹ്വാനം ചെയ്യുന്നു.

യേശു തന്റെ ശിഷ്യരെ സുവിശേഷം പ്രഘോഷിക്കുവാൻ അയക്കുന്ന സമയത്തും നൽകുന്ന ആഹ്വാനം ഇത് തന്നെയാണ്, സമാധാനം ആശംസിക്കുക, നൽകുക, അനുഭവിക്കുവാൻ സഹായിക്കുക. അപ്രകാരം രാഷ്ട്രീയ പ്രവർത്തകരും, സമാധാനത്തിനായുള്ള ദൈവീക പദ്ധതിയിൽ പങ്കുചേരുവാൻ വിളിക്കപ്പെട്ടവരാണ്.

നല്ല രാഷ്ട്രീയത്തിന് തടസമായി നിൽക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനമായി പാപ്പാ ചൂണ്ടികാണിക്കുന്നത്, അധികാരമനോഭാവവും, അധികാരം പിടിച്ചെടുക്കുവാനുള്ള ത്വരയുമാണ്. ജനസേവനത്തിന് അധികാരം കൂടിയേതീരൂ, എന്നുള്ള ചിന്ത തന്നെ തെറ്റാണെന്നു പാപ്പാ എടുത്തുകാണിക്കുന്നു. ഈ അധികാരമനോഭാവം, ചൂഷണങ്ങളിലേക്കും, അനീതിയിലേക്കും നയിക്കുന്നു എന്നുള്ളതിന്, നമുക്ക് ചുറ്റും കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ തന്നെ ധാരാളം.

അതിനാൽ തനിക്ക് എന്നുള്ള ചിന്തയിൽ നിന്നും നമുക്ക് എന്നാ ചിന്തയിലേക്കുള്ള പരിവർത്തനമാണ് നല്ല രാഷ്ട്രീയത്തിന്റെ ലക്ഷണം എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. തന്നിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുവരുടെ സുരക്ഷ ഉത്തരവാദിത്വമായി നിറവേറ്റുമ്പോൾ, ലോകം മുഴുവൻ തന്റെ കുടുംബമാണെന്നുള്ള വിശാലമായ ചിന്തയിലേക്ക് രാഷ്ട്രീയപ്രവർത്തകർ കടക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

അനുകമ്പാർദ്രമായ ഉപവിയും, മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതുമായ ഒരു രാഷ്ട്രീയം ആണ് പാപ്പാ വിഭാവനം ചെയ്യുന്നത്. ക്രിസ്തുവിന്റെ ഈ ആഹ്വാനം ഇന്ന് ലോകത്ത് നടപ്പിലാക്കുവാൻ, ബെനടിക്ട് പതിനാറാമൻ പാപ്പാ പറയുന്നതുപോലെ, ക്രൈസ്തവർ നല്ല രാഷ്ട്രീയ മാതൃക നൽകുവാൻ മുൻപോട്ടു വരണം.

ഇതിനു പാപ്പാ, ഈ നൂറ്റാണ്ടിന്റെ രക്തസാക്ഷി എന്ന് അറിയപ്പെടുന്ന വിയറ്റ്നാം ഭരണകൂടഭീകരതയുടെ ഇരയായ ആർച്ബിഷപ്പ് വാൻ ത്വാന്റെ വാക്കുകൾ എടുത്തു പറയുന്നു :

“തൻ്റെ പങ്കിനെക്കുറിച്ച് അവബോധവും അഗാധമായ ചിന്തയുമുള്ള രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

വിശ്വാസ്യത പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

സ്വന്തം താൽപര്യത്തിനല്ല പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

വിശ്വസ്തതയോടെ സ്ഥിരത പുലർത്തുന്ന രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

ഐക്യം കൈവരിക്കുന്ന രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

സമൂലമായ മാറ്റം കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധനായ രാഷ്ട്രീയക്കാരൻ ഭാഗ്യവാനാണ്.

കേൾക്കാൻ അറിയുന്ന രാഷ്ട്രീയക്കാരൻ ഭാഗ്യവാൻ.

ഭയപ്പെടാത്ത രാഷ്ട്രീയക്കാരൻ ഭാഗ്യവാൻ.”

ഇപ്രകാരം യേശുവിന്റെ അഷ്ടസൗഭാഗ്യങ്ങൾ പോലെ അദ്ദേഹം എടുത്തുകാണിക്കുന്ന നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണങ്ങൾ ഇന്നും ഏറെ വിലമതിക്കത്തക്കത്താണെന്ന് പാപ്പാ പറയുന്നു. ഇവിടെ നല്ല രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞുകൊണ്ട്, നേതൃനിരയിലേക്ക് അവരെ തിരഞ്ഞെടുക്കുന്നതിനുള്ള കടമയും പാപ്പാ അടിവരയിട്ടു പറയുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, അവൻ നഷ്ടപ്പെടാതെ സമാധാനം സ്ഥാപിക്കുവാനുള്ള രാഷ്ട്രീയക്കാരുടെ കടമയും പാപ്പാ കൂട്ടിച്ചേർക്കുന്നു.

എന്നാൽ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന തിന്മകൾ, ഇന്ന് മനുഷ്യനെ ജനാധിപത്യം ആശയങ്ങളിൽ നിന്ന് പോലും അകറ്റുകയും വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ആധികാരികമായ രാഷ്ട്രീയ പ്രവർത്തനം ഇപ്രകാരം ഉന്മൂലനം ചെയ്യപ്പെടുന്നതിലൂടെ, സമാധാനത്തിനു പോലും കോട്ടം തട്ടപ്പെടുന്നു എന്ന ശക്തമായ താക്കീതും പാപ്പാ നൽകുന്നു. പാരമ്പര്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും കാറ്റിൽ പറത്തികൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ലോകത്തിന്റെ ക്രമത്തിനു പോലും ഭംഗം വരുത്തുന്നുവെന്നും, ഈ സന്ദേശത്തിൽ പാപ്പാ എടുത്തു പറയുന്നു. ഇപ്രകാരം നല്ല രാഷ്ട്രീയ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിന്നായി യുവജനങ്ങളുടെ പങ്കും, പങ്കുചേർക്കലും, വിശ്വസ്തത ഉറപ്പുവരുത്തുന്നതും ആവശ്യമെന്നു സന്ദേശത്തിൽ പാപ്പാ അടിവരയിടുന്നു.

യുവജനങ്ങൾ ഒരിക്കലും സമൂഹത്തിന്റെ സീമകളിൽ കഴിയേണ്ടവരല്ല മറിച്ച്, അവർ നേതൃനിരയിലേക്ക് കടന്നുവരുവാനുള്ള അവസരം ബാക്കിയുള്ളവർ നൽകണമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. അവരിൽ വിശ്വാസമർപ്പിച്ചുകൊണ്ട്, സേവനം ചെയ്യുവാൻ അവരെ അനുവദിക്കുമ്പോഴാണ് അവരുടെ ഉള്ളിലുള്ള നിരവധി ആശയങ്ങൾക്ക് നിറം നൽകുവാൻ നമുക്ക് സാധിക്കുന്നതെന്നും പാപ്പാ പറയുന്നു. എല്ലാവരും അവരുടേതായ സംഭാവനകൾ നൽകുമ്പോഴാണ് ഒരു പൊതുഭവനം അതിന്റെ എല്ലാ വശങ്ങളോടും കൂടി പണിതുയർത്തുവാൻ സാധിക്കുകയുള്ളൂ എന്നും ഈ സന്ദേശം എടുത്തു പറയുന്നു. ഇത് തന്നെയാണ് സമാധാന സംസ്ഥാപനത്തിന് നമുക്ക് നൽകുവാനുള്ള സംഭാവനയും. ഓരോരുത്തരും മറ്റുള്ളവരോട് ചേർന്ന് പ്രവർത്തിക്കുന്നതിലൂടെയാണ് സമാധാനം കൈവരിക്കുവാൻ സാധിക്കുന്നതെന്നും പാപ്പാ പറയുന്നു.

യുദ്ധങ്ങൾ ഒഴിവാക്കുവാനും, ഭയം അകറ്റുവാനുമുള്ള രാഷ്ട്രീയക്കാരുടെ ചുമതലകളെയും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. ശക്തിയാൽ ഭയപ്പെടുത്തി നിർത്തുന്നതല്ല യഥാർത്ഥ സമാധാനം, മറിച്ച് മറ്റുള്ളവരുടെ അന്തസ്സിനെ സംരക്ഷിച്ചുകൊണ്ട്, അവനെ ചേർത്ത് നിർത്തുന്നതാണെന്നും പാപ്പാ പ്രത്യേകം അടിവരയിടുന്നു. ആയുധ ശേഖരണത്തിൽ ഒരുപക്ഷെ മറന്നുപോകുന്നതും, ഈ സാഹോദര്യത്തിന്റെ പ്രാധാന്യമാണ്. കുടിയേറ്റക്കാരെ കുറ്റം പറഞ്ഞുകൊണ്ട്, നാടിൻറെ തിന്മ അവർ വഴിയാണ് വരുന്നതെന്ന് പറയുന്ന രാഷ്ട്രീയവും യാഥാർത്ഥമല്ലെന്ന് സന്ദേശത്തിൽ അടിവരയിടുന്നു. ഇതിൽ ഏറെ വിഷമത അനുഭവിക്കുന്ന ദുർബല  വിഭാഗം പ്രത്യേകിച്ചും, കുട്ടികൾ, അവരുടെ സംരക്ഷണം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രഥമ പരിഗണനയിൽ ഉണ്ടായിരിക്കണമെന്നും പാപ്പാ പറയുന്നു.

അവസാനം പാപ്പാ , സമാധാനത്തെക്കുറിച്ചുള്ള ബൃഹത്പദ്ധതി തയ്യാറാക്കുവാനുള്ള ആഹ്വാനം നൽകുന്നു. പരിശുദ്ധ പിതാക്കന്മാർ കാലാകാലങ്ങളായി നൽകുന്ന സമാധാന ആഹ്വാനങ്ങൾ നടപ്പിൽ വരുത്തുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. മനുഷ്യരിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ഉയർന്നുവരുമ്പോൾ, അതിന്മേലുള്ള കടമകളും നിറവേറ്റുവാൻ ഓരോരുത്തർക്കുമുള്ള കടമകൾ, വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നു. സമാധാനം, വാസ്തവത്തിൽ, മനുഷ്യരുടെ പരസ്പര ഉത്തരവാദിത്തത്തിലും പരസ്പരാശ്രിതത്വത്തിലും അധിഷ്ഠിതമായ ഒരു മഹത്തായ രാഷ്ട്രീയ പദ്ധതിയുടെ ഫലമാണ്. അതിനാൽ ഈ സമാധാനം മൂന്നു തലങ്ങളിൽ കൈവരിക്കണമെന്നും പാപ്പാ പറയുന്നു: സ്വന്തം ജീവിതത്തിലുള്ള സമാധാനം, മറ്റുളവരുമായുള്ള സമാധാനം, സൃഷ്ടി ജാലവുമായുള്ള സമാധാനം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2024, 21:09