തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (VATICAN MEDIA Divisione Foto)

അഹിംസയുടെ പാഠം കുടുംബത്തിൽ നിന്നും ആരംഭിക്കുന്നു

2017 ൽ ആഘോഷിച്ച അൻപതാമത് ആഗോള സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്ത വിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അൻപതാം ആഗോളസമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിനു, ഇന്ത്യൻ ആദർശത്തോട് ഏറെ അടുപ്പമുണ്ട്. കാരണം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച അഹിംസാരാഷ്ട്രീയത്തെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നത്. മനുഷ്യനും, മനുഷ്യനും തമ്മിൽ ചെന്നായയെ പോലെ പരസ്പരം കടിച്ചുകീറുന്ന ഒരു ലോകത്ത്, അഹിംസയുടെയും, അക്രമരാഹിത്യത്തിന്റെയും സന്ദേശം ജീവിതം കൊണ്ട് നൽകിയാൽ മാത്രമേ, സമാധാനം കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.  ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയിരിക്കുന്ന തലക്കെട്ട് പോലും ഏറെ പ്രാധാന്യമർഹിക്കുന്നു: "അഹിംസ; സമാധാനത്തിനുവേണ്ടിയുള്ള ഒരു രാഷ്ട്രീയരീതി." ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ള ഉപദേശമല്ല  പാപ്പാ ഉദ്ദേശിക്കുന്നത്. മറിച്ച് ജനാധിപത്യത്തിൽ പങ്കാളികളാകുന്ന എല്ലാവരും പിന്തുടരേണ്ടുന്ന ജീവിതമാർഗമാണ് അഹിംസയുടേത്.

അഹിംസ സ്നേഹമാണ്

ഭാവാത്മകമായ രൂപത്തില്‍ അഹിംസ എന്ന വാക്കിനർത്ഥം  ഏറ്റവും ഉദാരമായ സ്നേഹം എന്നാണ്. ഇതൊരു ധാർമ്മിക തത്വമാണ്. പക്ഷെ വാക്മയരൂപത്തെക്കാളുപരി, ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ്, ഇവയുടെ മനോഹാരിത കൂടുതൽ വെളിപ്പെടുന്നത്. ഇത് മനുഷ്യർക്കിടയിൽ മാത്രമല്ല, മറിച്ച് എല്ലാ ചരാചരങ്ങളോടുമുള്ള ബന്ധത്തിന്റെ ഭാവമാണ്. അതിനാലാണ് അഹിംസയെ ജീവിതത്തിന്റെ ദർശനമെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. സമാധാനത്തിന്റെ പ്രചാരകരായിരുന്ന ലോകത്തിലെ പല നേതാക്കളും, ഈ അഹിംസാദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്.

ഫ്രാൻസിസ് പാപ്പായുടെ സന്ദേശം, ഇന്നത്തെ ലോകത്തിനു ഏറെ ദർശനം നൽകുന്ന ഒന്നാണ്. കാരണം അഹിംസയുടെ ആഹ്വാനം ലോകചരിത്രത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഇത്തരുണത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. 1937 ൽ ഗാന്ധിയെ കാണാൻ വാർദയിലെത്തിയ ഒരു ക്രിസ്ത്യൻ ആദർശവാദിയായിരുന്നു ജോസ്ഫ് ജീൻ ലാൻസ ഡെൽ വാസ്റ്റോ. അദ്ദേഹം ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുകയും പിന്നീട് ഗാന്ധിജിയുടെ അനുയായി മാറുകയും ചെയ്തു. ഗാന്ധിജി അദ്ദേഹത്തിന് ഒരു ഇന്ത്യൻ പേര് നൽകി - ശാന്തിദാസ് അഥവാ ‘സമാധാനത്തിന്‍റെ ദാസൻ’. പിന്നീട് 1957 ൽ ഡെൽ വാസ്റ്റോ ഫ്രഞ്ച് രാഷ്ട്രീയത്തിൽ സജീവമായി. ഫ്രഞ്ചുകാർ അൾജീരിയക്കാരെ പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം 20 ദിവസം ഉപവസിച്ചു. ഈ ഉപവാസം സമാധാനം കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

1950 കാലഘട്ടത്തിൽ “അഹിംസ”, “അഹിംസാത്മക പ്രതിരോധം”, “സത്യാഗ്രഹം”, “സമാധാനം” എന്നിവ വാക്കുകളായിരുന്നു ന്യൂയോർക്ക് ടൈംസ്, ടൈംസ്, ദി മാഞ്ചസ്റ്റർ ഗാർഡിയൻ തുടങ്ങിയ വിദേശ പത്രങ്ങളിൽ പതിവായി ഉദ്ധരിക്കപ്പെട്ടിരുന്നത്. അതിനാൽ ഫ്രാൻസിസ് പാപ്പായുടെ ഈ അഹിംസാദർശനത്തിനു ഇന്നും ഏറെ പ്രാധാന്യം സമൂഹത്തിലുണ്ട്. 

അഹിംസയുടെ പുണ്യം ജീവിതത്തിൽ പുലർത്തുവാൻ ഫ്രാൻസിസ്‌ പാപ്പാ നൽകുന്ന ആദ്യ ഉപദേശം മറ്റുള്ളവരുടെ അന്തസ്സിന്റെ തിരിച്ചറിയുവാനും, അവരെ ബഹുമാനിക്കുവാനും പഠിക്കുക എന്നതാണ്. ഈ അന്തസ്സിന്റെ അടിസ്ഥാനം ഉത്പത്തി പുസ്തകത്തിൽ എടുത്തു പറയുന്ന മനുഷ്യന്റെ സൃഷ്ടിയാണ്, കാരണം ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. അതിനാൽ ഈ സാഹോദര്യത്തിൽ പരസ്പരമുള്ള അടിച്ചമർത്തലുകൾ ആകരുത്, സമാധാനത്തിന്റെ പാത, മറിച്ച് തർക്കങ്ങളിൽ, യുക്തിപൂർവ്വമായ ചർച്ചകളിലൂടെയുള്ള പരിഹാരമാർഗങ്ങൾ ആയിരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. പോൾ ആറാമൻ പാപ്പായും, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും ഇതേകാര്യം തന്നെ ആവർത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്, ഈ വാക്കുകളുടെ പ്രസക്തി ഇന്നും ഒളി മങ്ങാതെ നിലനിൽക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

അഹിംസ സ്വഭാവശൈലി

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തിന്റെ ഗതി മാറ്റിയെഴുതിയ രണ്ടു മഹായുദ്ധങ്ങളുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അഹിംസയെ പ്രതിപാദിക്കുന്നത്. ആണവയുദ്ധത്തിൻ്റെ ഭീഷണിയും മറ്റ് നിരവധി സംഘട്ടനങ്ങളും ജനതയെ ദുരിതത്തിലാക്കിയതുപോലെ, ഇന്നും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലെങ്കിലും, നിരവധി യുദ്ധങ്ങൾ അരങ്ങേറുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു. തീവ്രവാദം, കുറ്റകൃത്യങ്ങൾ, പ്രവചനാതീതമായ സായുധ ആക്രമണങ്ങൾ; കുടിയേറ്റക്കാരും കടത്തിൻ്റെ ഇരകളും അനുഭവിക്കുന്ന ദുരുപയോഗങ്ങൾ, പരിസ്ഥിതിയുടെ നാശം ഇവയെല്ലാം ഈ യുദ്ധത്തിന്റെ വിവിധ മുഖങ്ങളാണ്.

സമൂഹത്തിൽ ചില പ്രധാനികൾക്കുവേണ്ടി മാത്രം, അവരുടെ  പ്രത്യേക താത്പര്യങ്ങൾക്കു വേണ്ടി മാത്രം നടത്തുന്ന ഇത്തരം സംഘട്ടനങ്ങൾ അവശേഷിപ്പിക്കുന്ന നഷ്ടങ്ങളുടെ കണക്കുകൾ ഫ്രാൻസിസ് പാപ്പാ ചോദ്യചിഹ്നത്തോടുകൂടി അവതരിപ്പിക്കുന്നു. കാരണം അക്രമത്തെ അക്രമം കൊണ്ട് നേരിടുകയാണെങ്കിൽ, സാധാരണക്കാരുടെ ജീവിതം അവശേഷിക്കുകയില്ല എന്നുള്ള സത്യം പാപ്പാ അടിവരയിട്ടു പറയുന്നു. ഇപ്രകാരമുള്ള പ്രതികാരം നിർബന്ധിത കുടിയേറ്റങ്ങളിലേക്കും വലിയ ദുരിതങ്ങളിലേക്കും നയിക്കുന്നു. ഇത്, മനുഷ്യനെ 'ചത്തതിനൊക്കെ ജീവിച്ചിരിക്കിലു'മെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പകരം തിന്മയെ നന്മ കൊണ്ട് നേരിടുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു.

സമാധാനം മനുഷ്യഹൃദയത്തിൽ നിന്നും പുറപ്പെടുന്നു

അക്രമവും സമാധാനവും പരസ്പരം അഭിമുഖീകരിക്കുന്ന യഥാർത്ഥ യുദ്ധക്കളം മനുഷ്യഹൃദയമാണെന്നാണ് യേശു തന്റെ പഠനങ്ങളിലൂടെ നമുക്ക് മനസിലാക്കി നൽകുന്നത്. അക്രമത്തെ പോലും സ്നേഹത്തിന്റെ അഹിംസാപരമായ ജീവിത മാതൃക കൊണ്ട് മാറ്റിയെടുക്കുവാൻ യേശുവിന്റെ വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ശത്രുക്കളെ പോലും സ്നേഹിക്കുന്നതിനും, നീതിപൂർവമായ ജീവിത ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും യേശു നൽകുന്ന അഹിംസയിലൂന്നിയ ജീവിതമാർഗ്ഗങ്ങളാണ് ഫ്രാൻസിസ് പാപ്പാ ഈ സമാധാനസന്ദേശത്തിൽ ഊന്നൽ നൽകി സംസാരിക്കുന്നത്. അഹിംസയുടെ ഈ ജീവിത മാതൃക യേശു പ്രകടമാക്കിയ ഇടമാണ് കാൽവരിമലയും, കുരിശു മരവും. അതായത് വിട്ടുകൊടുക്കലിന്റെ മനോഭാവമാണ് അഹിംസയുടെ അടിസ്ഥാനമെന്ന് യേശുവിന്റെ ജീവിതം എടുത്തു  കാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആ ജീവിതമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു.

യഥാർത്ഥ ക്രിസ്തുശിഷ്യത്വം

ഇന്ന് യേശുവിൻ്റെ യഥാർത്ഥ ശിഷ്യന്മാരായിരിക്കുക എന്നതിനർത്ഥം  അഹിംസയെക്കുറിച്ചുള്ള പഠനങ്ങളോട് ചേർന്ന് നിന്ന് ജീവിക്കുക എന്നതാണ്. ലോകത്ത് വളരെയധികം അക്രമവും, അനീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അഹിംസ എന്നത് ഒരു തന്ത്രപരമായ പെരുമാറ്റമല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതമാർഗമാണ്, ദൈവസ്നേഹത്തെക്കുറിച്ചും അവൻ്റെ ശക്തിയെക്കുറിച്ചും അത്രയധികം ബോധ്യത്തോടെ ജീവിക്കുക എന്നതാണ്. അതിനാൽ സ്നേഹത്തിന്റെയും, സത്യത്തിന്റെയും ശക്തിയേറിയ ആയുധമാണ് അഹിംസ. ഈ ആയുധമാണ്, ക്രിസ്ത്യൻ വിപ്ലവത്തിൽ ഉപയോഗിക്കേണ്ടത്. ഫ്രാൻസിസ് പാപ്പായുടെ ഈ സന്ദേശ വചനങ്ങൾ, വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമായിട്ടാണ് അദ്ദേഹം നൽകുന്നത്.

1979-ൽ മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോൾ, അമ്മ, അഹിംസയുടെ മാർഗത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: "നമ്മുടെ കുടുംബത്തിൽ നമുക്ക്  ബോംബുകളും ആയുധങ്ങളും ആവശ്യമില്ല, മറിച്ച് ഒരുമയുടെ ജീവിതത്തിലൂടെയും, പരസ്പര സ്നേഹത്തിലൂടെയും സമാധാനം നാം കൊണ്ടുവരണം.  ലോകത്തിൽ നിലനിൽക്കുന്ന എല്ലാ തിന്മകളെയും നമുക്ക് മറികടക്കാൻ കഴിയും." ആയുധങ്ങളുടെ ശക്തി വഞ്ചനാപരമാണ്. ആയുധക്കച്ചവടക്കാർ അവരുടെ ജോലി ചെയ്യുമ്പോൾ, ജീവൻ നഷ്ടമാകുന്ന നിരവധി നിരപരാധികളുണ്ട്. മദർ തെരേസ തന്റെ ജീവിതത്തിൽ പുലർത്തിയ ശാന്തതയും, അർപ്പണബോധവും, ദൗത്യനിർവ്വഹണവും, കാലഘട്ടത്തിന്റെ മാതൃകയായി അവളെ മാറ്റിയെന്നത്, അഹിംസയുടെ വലിയ നന്മ നമുക്ക് പറഞ്ഞു തരുന്നു.

അഹിംസയുടെ മാർഗം സഭാ ജീവിതത്തിൽ

പല രാജ്യങ്ങളിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് അഹിംസാത്മക തന്ത്രങ്ങൾ നടപ്പിലാക്കാൻ സഭ സ്വയം പ്രതിജ്ഞാബദ്ധമാണെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. നീതിപൂർവകവും ശാശ്വതവുമായ സമാധാനം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും അക്രമാസക്തരായ ആളുകളെ പോലും മനസാന്തരപ്പെടുത്തുവാൻ സഭാപ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും പാപ്പാ പറഞ്ഞു. "സത്യത്തിൻ്റെയും നീതിയുടെയും ആയുധങ്ങൾ മാത്രം ഉപയോഗിക്കുന്ന സമാധാനപരമായ പോരാട്ടത്തിലൂടെയാണ് ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും സംസ്ഥാനങ്ങളുടെയും ജീവിതത്തിൽ ഒരു യുഗാത്മകമായ മാറ്റം കൈവരിക്കുന്നത്." വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഈ വാക്കുകൾ സഭാജീവിതത്തിൽ അഭംഗുരം പാലിക്കുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ആഭ്യന്തര തർക്കങ്ങളിലും അന്തർദ്ദേശീയമായ യുദ്ധങ്ങളിലും വർഗസമരം ഉപേക്ഷിച്ച് അക്രമമില്ലാതെ നീതിക്കുവേണ്ടി പോരാടാൻ മനുഷ്യർ പഠിക്കട്ടെയെന്നാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. ഫ്രാൻസിസ് പാപ്പാ കാലാകാലങ്ങളായി സമാധാനത്തിനു വേണ്ടി നടത്തുന്ന അഭ്യർത്ഥനകൾ ഈ ആഹ്വാനത്തിന്റെ വലിയ മാതൃകയാണ് നൽകുന്നത്.

അഹിംസ കുടുംബത്തിൽ

ഹിംസയുടെ ഉത്ഭവം മനുഷ്യൻ്റെ ഹൃദയമാണെങ്കിൽ, കുടുംബത്തിനുള്ളിൽ ഒന്നാമതായി അഹിംസയുടെ പാത പിന്തുടരുക എന്നത് അടിസ്ഥാനപരമാണ്. ജീവിതപങ്കാളികളും, മാതാപിതാക്കളും, കുട്ടികളും, സഹോദരീസഹോദരന്മാരും പരസ്പരം ആശയവിനിമയം നടത്താനും, പരിപാലിക്കാനുമുള്ള മനസാണ് അഹിംസയുടെ പ്രഥമമാർഗം. സംഭാഷണത്തിലൂടെയും, ബഹുമാനത്തോടെയും  പ്രശ്നങ്ങളെ അതിജീവിക്കുകയും,  മറ്റുള്ളവരുടെ നന്മയ്ക്കും, കരുണയ്ക്കും, ക്ഷമയ്ക്കും വേണ്ടിയുള്ള അന്വേഷണം ഓരോരുത്തരും നടത്തുകയും വേണമെന്ന ആശയമാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്. സമാധാനവും സൗഹൃദവും വിതയ്ക്കുന്ന ഒരു ദയയുള്ള വാക്ക്, പുഞ്ചിരി ഇവയൊക്കെ അഹിംസയുടെ ആയുധങ്ങളാണ്.

അവസാനം പാപ്പാ ഈ അഹിംസാമാർഗ്ഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. സംഘട്ടനത്തേക്കാൾ ഐക്യം യഥാർത്ഥത്തിൽ കൂടുതൽ ശക്തവും ഫലപ്രദവുമാണെന്ന് കാണിക്കാനുള്ള ഒരു മാർഗമാണ് സജീവമായ അഹിംസ. ലോകം ഒരു കുടുംബമാണെന്നും, എല്ലാവരും സഹോദരങ്ങൾ ആണെന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെങ്കിൽ, വൈരുദ്ധ്യ ധ്രുവങ്ങളുടെ വിലയേറിയ സാധ്യതകൾ നാം തിരിച്ചറിയുകയും, ചേർത്ത് നിർത്തുന്ന ഒരു സംസ്കാരം വളർത്തുകയും വേണം.  പ്രാർത്ഥനയിൽ ദൈവത്തിലേക്ക് തിരിയുകയാണെങ്കിൽ അസാധ്യമായി ഒന്നുമില്ല. 'എല്ലാവർക്കും സമാധാനത്തിൻ്റെ വക്താക്കളാകാം', ഈ ആശംസയോടെയാണ്  പാപ്പാ ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2024, 13:23