കൊല്ലപ്പെട്ട ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ കൊല്ലപ്പെട്ട ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ  (ANSA)

കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു

ടോഗോ വംശജനും, കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്നതുമായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ വെടിയേറ്റു മരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കാമറൂണിൻ്റെ തലസ്ഥാനമായ യൗണ്ടെയിൽ, ഒക്ടോബർ  മാസം ഏഴാം തീയതി, കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന ടോഗോക്കാരനായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ അക്രമികളുടെ വെടിയേറ്റു മരിച്ചു. വൈദികന്റെ മരണത്തിൽ സന്തപ്തരായ കുടുംബാംഗങ്ങളോടും, മറ്റു വിശ്വാസികളോടും യൗണ്ടെയിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജീൻ എംബർഗ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അനുശോചനം അറിയിക്കുകയും ചെയ്തു.

തലസ്ഥാന നഗരിയുടെ സമീപപ്രദേശമായ എംവോലിയിലെ മിഷനറീസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്യാസഭവനത്തിന്റെ കവാടത്തിനു പുറത്തുവച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. വൈദികന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരോടും, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തണമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന നിരീക്ഷണ ക്യാമറകൾ പകർത്തിയ ചിത്രങ്ങളുടെ അടിസ്‌ഥാനത്തിൽ, മോഷ്ടാക്കളാണ് ഈ കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.

ഫാദർ ക്രിസ്റ്റോഫ് ഫാർ നോർത്ത് റീജിയണിലെ യാഗൗവ രൂപതയിലെ ഇടവക വൈദികനായി സേവനം ചെയ്തു വരികയായിരുന്നു.

ഒരു വർഷത്തെ പരിശീലനത്തിനായി ഇറ്റലിയിലേക്ക് പോകാനൊരുങ്ങിയ അദ്ദേഹം, യൗണ്ടേ പ്രവിശ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്. വാഴ്ത്തപ്പെട്ട ലൂയിജി നൊവാരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 'കുരിശിന്റെ നിശബ്ദ സേവകർ' എന്ന സമൂഹത്തിൽ അംഗമാണ് ഫാ. ക്രിസ്റ്റോഫ്. 2013 ലാണ് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2024, 13:32