കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ, കത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് ഫീദെസ് ഏജൻസി. അതോടൊപ്പം, അജപാലനകേന്ദ്രങ്ങളുടെയും, ആരോഗ്യ, സേവന, വിദ്യാഭ്യാസരംഗങ്ങളിലും സഭ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഏജൻസി ഒക്ടോബർ 17 വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
സഭാംഗങ്ങൾ
1998 മുതൽ 2022 വരെയുള്ള ഔദ്യോഗികകണക്കുകൾപ്രകാരം, ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിയൊന്ന് കോടിയിൽനിന്ന് (1,01,82,57,000) നൂറ്റിമുപ്പത്തിയെട്ട് കോടിയിലേക്ക് (1,38,95,73,000) വളർന്നു. ഇതേ കാലയളവിൽ ആഗോളജനസംഖ്യ അഞ്ഞൂറ്റിയെൺപത്തിയഞ്ച് കോടിയിൽനിന്ന് (5,85,56,23,000) എഴുന്നൂറ്റിയെൺപത്തിമൂന്ന് കോടിയിലേക്കാണ് (7,83,89,44,000) വളർന്നത്. ഇതനുസരിച്ച്, 1998-ൽ കത്തോലിക്കർ ലോകജനസംഖ്യയുടെ 17.4 ശതമാനമായിരുന്നതിൽനിന്ന് 2022-ൽ 17.7 ശതമാനമായി ഉയർന്നു. യൂറോപ്പിൽ മാത്രമാണ് കത്തോലിക്കരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത്.
വൈദികർ
പുരോഹിതരുടെ എണ്ണത്തിലും ചെറുതായ വളർച്ച ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. നാലുലക്ഷത്തിനാലായിരത്തിൽനിന്ന് (4,04,628) നാലുലക്ഷത്തിഏഴായിരത്തിലേക്ക് (4,07,730) പുരോഹിതരുടെ എണ്ണം ഇതേ കാലയളവിൽ ഉയർന്നിട്ടുണ്ട്. ഇടവകവൈദികരുടെ എണ്ണത്തിലാണ് വർദ്ധനവ് രേഖപ്പെടുത്തപ്പെട്ടത് (2,64,202-ൽനിന്ന് 2,79,171-ലേക്ക്). എന്നാൽ സന്ന്യസ്തവൈദികരുടെ എണ്ണത്തിൽ ഇതേ കാലയളവിൽ കുറവ് (1,40,424-ൽനിന്ന് 1,28,559-ലേക്ക്) രേഖപ്പെടുത്തി.
സന്ന്യസ്തർ
സ്ത്രീകളും പുരുഷമാരുമുൾപ്പെടുന്ന വൈദികരല്ലാത്ത മറ്റു സന്ന്യസ്തരുടെ എണ്ണത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. പുരുഷന്മാരായ സന്ന്യസ്തരുടെ എണ്ണം അൻപത്തിഏഴായിരത്തിൽ (57,813) നിന്ന് നാല്പത്തിയൊൻപതിനായിരമായി (49,414) കുറഞ്ഞു.
അതേസമയം സന്ന്യസ്‌തകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 1998-ൽ എട്ടുലക്ഷത്തിലധികം (8,14,779) സന്ന്യസ്‌തകളുണ്ടായിരുന്നിടത്ത് 2022-ൽ അവരുടെ എണ്ണം അഞ്ചുലക്ഷത്തിഅൻപതിനായിരം (5,59,228) മാത്രമാണ്.
മാമ്മോദീസ സ്വീകരിക്കുന്നവർ
കത്തോലിക്കാജനസംഖ്യ വർദ്ധിച്ചുവരുമ്പോഴും മാമ്മോദീസാ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1998-ൽ ഒരുകോടി എഴുപത്തിയൊൻപത് ലക്ഷത്തോളം (1,79,32,891) ആളുകൾ മാമ്മോദീസ സ്വീകരിച്ചപ്പോൾ 2022-ൽ ഇത് ഒരുകോടി മുപ്പത്തിമൂന്ന് ലക്ഷമായി (1,33,27,037) കുറഞ്ഞു. രണ്ടായിരാമാണ്ടിലെ ജൂബലിയുടെ അവസരത്തിലാണ് മാമ്മോദീസ സ്വീകരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത്. ഒരുകോടി എണ്ണൂറ്റിനാല്പത് ലക്ഷത്തിലധികം (1,84,08,076) ആളുകളാണ് 2000-ൽ മാത്രം മാമ്മോദീസ സ്വീകരിച്ചത്.
സ്ഥാപനങ്ങൾ
ലോകമാസകലമായി കത്തോലിക്കാസഭ 74,322 നഴ്സറി സ്‌കൂളുകളും, 1,02,189 പ്രൈമറി സ്‌കൂളുകളും 50,851 ഹൈസ്‌കൂളുകളും നടത്തുന്നുണ്ട്. 5,420 ആശുപത്രികളും, 14,205 ഡിസ്പെൻസറികളും, 525 കുഷ്ഠരോഗാശുപത്രികളും, 15,476 വയോജനസംരക്ഷണകേന്ദ്രങ്ങളും സഭ നടത്തുന്നുണ്ട്. മറ്റു സാമൂഹികസേവനകേന്ദ്രങ്ങൾക്ക് പുറമെയാണിത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: