അൽബേനിയയിൽ രണ്ടു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രക്തസാക്ഷികളായ ലൂയിജി പാലിക്ക്, ജോൺ ഗസൂലി എന്നീ വൈദികർ അൽബേനിയായിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
പതിനാറാം തീയതി ശനിയാഴ്ച (16/11/24) അൽബേനിയയിലെ സ്കൂത്തരി, അഥവാ, ഷ്കോദർ (Shkodër) അതിരൂപതയുടെ കത്തീദ്രലിൽ വച്ചായിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമേറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
നവവാഴ്ത്തപ്പെട്ട രക്തസാക്ഷികളിൽ ലൂയിജി പാലിക്ക് ഒ എഫ് എം (OFM) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന ഫ്രാൻസിക്കൻ ചെറുസഹോദര സമൂഹാംഗവും ജോൺ ഗസൂലി രൂപതാവൈദികനും ആണ്. വാഴ്ത്തപ്പെട്ട ലൂയിജി പാലിക്ക് 1913-ലും ജോൺ ഗസൂലി 1927-ലുമാണ് വിശ്വാസത്തെ പ്രതി ജീവൻ ബലിയായി നല്കിയത്.
അൽബേനിയയിലെ യൻയേവൊയിൽ 1877 ഫെബ്രുവരി 20-നായിരുന്നു നവവാഴ്ത്തപ്പെട്ട ലുയീജി പാലിക്കിൻറെ ജനനം. മൂത്ത സഹോദരൻ ആഞ്ചെലൊയുടെ മാതൃക പിൻചെന്നുകൊണ്ട് ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1901-ൽ ഇറ്റലിയിലെ ബോളോഞ്ഞയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. പീന്നിട് അൽബേനിയയിലേക്കു മടങ്ങിയ അദ്ദേഹം പ്രധാനമായും ഇടവകകളിൽ അജപാലന ശുശ്രൂഷ ചെയ്തു പോന്നു.1912-1913 കാലയളവിലെ പ്രഥമ ബാൾക്കൻ യുദ്ധവേളയിലായിരുന്നു ഫാദർ പാലിക്കിന് ജീവൻ ഹോമിക്കേണ്ടി വന്നത്. കത്തോലിക്കാ വിശ്വാസം വെടിഞ്ഞ് ഓർത്തഡോക്സ് വിശ്വാസം ആശ്ലേഷിക്കാൻ ജനങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടായപ്പോൾ സ്വന്തം വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളാൻ അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താൽ 1913 മാർച്ച് 4-ന് അറസ്റ്റുചെയ്യപ്പെട്ട നവവാഴ്ത്തപ്പെട്ട പാലിക്ക് കാരാഗൃഹത്തിൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കാ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ മാർച്ച് 7-ന് (1913) വെടിവെച്ചു കൊന്നു. ഓ യേശുവേ, ഇത് നിന്നോടുള്ള സ്നേഹത്തിനു വേണ്ടിയാകട്ടെ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് വാഴ്ത്തപ്പെട്ട പാലിക്ക് യേശുവിനെ പ്രതി ജീവൻ ത്യജിക്കാനുള്ള തൻറെ സമ്പൂർണ്ണ സന്നദ്ധതയ്ക്ക് വെടിയേറ്റു മരിക്കുന്നതിനു മുമ്പ് സ്ഥിരികരണമേകിയിരുന്നു.
നവവാഴ്ത്തപ്പെട്ട ജോൺ ഗസൂലി അൽബേനിയയുടെ വടക്കുഭാഗത്തുള്ള ദയിക്ക് ത്സദ്രീമയിൽ 1893 മാർച്ച് 26-ന് ജനിച്ചു. 1905-ൽ ഷ്കോദറിലെ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് റോമിലെ ഉർബനിയാന പൊന്തിഫിക്കൽ കോളേജിലെത്തുകയും 1913-ൽ ക്ഷയ രോഗ ബാധിതനായതിനാൽ സെമിനാരി വിടുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം 1916-1919 വരെ അദ്ദേഹം ഓസ്ത്രിയായിലെ വിയെന്നായിൽ ഇശോസഭാ സമൂഹത്തിലായിരുന്നു. എന്നാൽ വീണ്ടും രോഗബാധിതനായതിനാൽ അൽബേനിയിയിലേക്കു തിരിച്ചു പോകുകയും 1919 ആഗസ്റ്റ് 4-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. കത്തോലിക്കാ സഭാ വിരുദ്ധനായിരുന്ന, പ്രത്യേകിച്ച് സഭയുടെ സാമൂഹ്യപ്രബോധനങ്ങൾക്കനുസൃതം അജപാലനസേവനം ചെയ്യുന്ന വൈദികരോടു ശത്രുത പുലർത്തിയിരുന്ന, അൽബേനിയയുടെ പ്രസിഡൻറ് അച്ച്മെത്ത് ത്സോഗുവിൻറെ ഭരണകാലത്ത് 1926, നവമ്പറിൽ പൊട്ടിപ്പുറപ്പെട്ട ത്സോഗു വിരുദ്ധ പ്രക്ഷോഭണത്തിൻറെ ഉത്തരവാദിത്വം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാദർ ഗസൂലിയുടെ മേൽ ആരോപിക്കുകയും 1926 ഡിസംബർ 26-ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. മതപിഢനം മറച്ചു വയ്ക്കുന്നതിന് ലഹളയുടെ കാരണക്കാരനാക്കി അദ്ദേഹത്തിന് രാഷ്ടീയ കോടതി 1927 ഫെബ്രുവരി 10-ന് വധശിക്ഷ വിധിക്കുകയും 1927 മാർച്ച് 5-ന് ഷ്കോദറിൽ വച്ച് തുക്കിക്കൊല്ലുകയും ചെയ്തു. തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് നവവാഴ്ത്തപ്പെട്ട ജോൺ ഗസൂലി ഉദ്ഘോഷിച്ചു: “ഞാൻ നിരപരാധിയായി ജീവൻ വെടിയുന്നു. നമ്മുടെ രാജാവായ ക്രിസ്തു നീണാൾ വാഴട്ടെ! കത്തോലിക്കാ സഭ നീണാൾ വാഴട്ടെ! മാർപ്പാപ്പ നീണാൾ വാഴട്ടെ! അൽബേനിയ നീണാൾ വാഴട്ടെ!”.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: