ആംഗ്ലിക്കൻ ആർച്ച്ബിഷപ് അഭിവന്ദ്യ ജസ്റ്റിൻ വെൽബി സ്ഥാനത്യാഗം ചെയ്തു
വത്തിക്കാന്‍ ന്യൂസ്
ആംഗ്ലിക്കൻ സഭയുടെ തലവനും, കാന്റർബറി ആർച്ച്ബിഷപുമായിരുന്ന അഭിവന്ദ്യ ജസ്റ്റിൻ വെൽബി സ്ഥാനത്യാഗം ചെയ്തു. 1970-കൾ മുതൽ, ഇംഗ്ലണ്ടിലും ആഫ്രിക്കയിലുമായി നിരവധി ആളുകളെ ദുരുപയോഗം ചെയ്‌ത ജോൺ സ്മിത്ത് എന്ന സന്നദ്ധപ്രവർത്തകനുമായി ബന്ധപ്പെട്ട പരാതിയിലാണ് ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി സ്ഥാനത്യാഗം ചെയ്‌തത്.
1980-നു ശേഷം ജോൺ സ്മിത്തിനെതിരെയുള്ള പരാതികൾ ഉയർന്നിരുന്നവെങ്കിലും, 2013-ൽ കാന്റർബറി ആർച്ച്ബിഷപായി സ്ഥാനമേറ്റെടുത്തശേഷം നാളിതുവരെ ഈ പരാതികൾ സംബന്ധിച്ച് വ്യക്തമായി പോലീസ് സേനയെ അറിയിച്ചിരുന്നില്ല എന്ന പരാതിയാണ് അഭിവന്ദ്യ ജസ്റ്റിൻ വെൽബിക്കെതിരെ ഉയർന്നത്. 2023-ൽ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം സുഡാനിലേക്കുള്ള അപ്പസ്തോലികയാത്രയിലും ആർച്ച്ബിഷപ് വെൽബി പങ്കെടുത്തിരുന്നു.
പൊതുസിനഡിന്റെ പരാതിയിലാണ് കാന്റർബറി ആർച്ച്ബിഷപ് സ്ഥാനമൊഴിയുന്നത്. ജോൺ സ്മിത്തിനെതിരായ പരാതികൾ ശരിയായ രീതിയിൽ പോലീസ് വിഭാഗത്തെ അറിയിക്കുന്നതിൽ കുറവുവന്നുവെന്ന് അംഗീകരിച്ചുവെങ്കിലും, കഴിഞ്ഞ ദിവസം വരെ സഭാനേതൃത്വത്തിൽനിന്ന് മാറിനിൽക്കുന്നതിന് അദ്ദേഹം സമ്മതമറിയിച്ചിരുന്നില്ല. എന്നാൽ രാജാവിന്റെ സമ്മതം ആവശ്യപ്പെട്ടശേഷം താൻ സ്ഥാനമൊഴിയുകയാണെന്ന് നവംബർ 12 ചൊവ്വാഴ്ചയാണ് അദ്ദേഹം അറിയിച്ചത്. സഭ ഏവർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും ദുർബലരായ മുതിർന്നവർക്കും കൂടുതൽ സുരക്ഷിതമായ ഒരു ഇടമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ രാജിയെ കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജോൺ സ്മിത്തിന്റെ ഇരകളായവരെക്കുറിച്ചുള്ള തന്റെ ദുഃഖവും അദ്ദേഹം അറിയിച്ചു. 2013-ൽ സ്ഥാനമേറ്റെടുത്തതിനുശേഷം, ജോൺ സ്മിത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസിനെ അറിയിച്ചിരുന്നതായാണ് തനിക്ക് വിവരം ലഭിച്ചതെന്ന് അഭിവന്ദ്യ ജസ്റ്റിൻ എഴുതി. എന്നിരുന്നാലും, 2013 മുതൽ 2024 വരെയുള്ള കാലയളവിൽ തനിക്കുണ്ടായിരുന്ന വ്യക്തിപരവും ഔദ്യോഗികവുമായ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭയിൽ ചൂഷണങ്ങൾക്കെതിരായി പരിശ്രമങ്ങൾ നടത്തുന്നതിന് താൻ മുൻകൈയ്യെടുത്തിട്ടുണ്ടെന്നും, സ്ഥാനമൊഴിയുന്നെങ്കിലും, ഈ ദുരുപയോഗങ്ങളുടെ ഇരകളായവരുടെ പക്ഷത്ത് താനുണ്ടായിരിക്കുമെന്നും അദ്ദേഹം എഴുതി.
ക്രൈസ്തവരായ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ഇംഗ്ലണ്ടിലും ആഫ്രിക്കയിലും നടത്തിവന്നിരുന്ന വേനൽക്കാലക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളായിരുന്നു ജോൺ സ്മിത്ത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: