കണ്ണൂർ രൂപതാ സഹായമെത്രാനായി അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരി അഭിഷിക്തനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മോൺസിഞ്ഞോർ ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂർ രൂപതാ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള രൂപതാ കത്തീഡ്രലിൽ നവംബർ പത്ത് ഞായറാഴ്ചയാണ് മെത്രാഭിഷേകച്ചടങ്ങുകൾ നടന്നത്. ഇന്ത്യയിലേക്കുള്ള മുൻ വത്തിക്കാൻ നൂൺഷ്യോ ആർച്ച്ബിഷപ് സാൽവത്തോറെ പെന്നാക്കിയോയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിൽ, മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായി. കണ്ണൂർ രൂപതയുടെ പ്രഥമമെത്രാൻ ബിഷപ് വർഗീസ് ചക്കാലക്കൽ പ്രഭാഷണം നടത്തി.
1967 ഓഗസ്റ്റ് നാലിന് കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള മഞ്ഞുമാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ ഇടവകയിൽ ജനിച്ച ബിഷപ് ഡെന്നിസ്, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും പിന്നീട് റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുണ്ട്. 1991 ഡിസംബർ 23-ന് കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായ ബിഷപ് ഡെന്നിസ് തുരുത്തിപ്പുറം, പുല്ലൂട്ട് ഇടവകകളിൽ അജപാലനസേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതയുടെ "ദീദിമോസ്" പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായും, മതാധ്യാപനവിഭാഗം, കേരള കത്തോലിക്കാ വിദ്യാർത്ഥി സംഘടന (KCSL) എന്നിവയുടെ ഡയറക്ടറായും ശുശ്രൂഷ ചെയ്തിരുന്നു.
2001-ൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ പ്രവേശിച്ച ബിഷപ് ഡെന്നിസ്, ബുറുണ്ടി, ഈജിപ്ത്, തായ്‌ലൻഡ്, ചെക് റിപ്പബ്ലിക്, ഗാബോൻ, അമേരിക്ക, മാൾട്ട എന്നീ രാജ്യങ്ങളിലെ നൂൺഷിയേച്ചറുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീറോ മലങ്കര സഭാദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ക്ലിമീസ്, ഇന്ത്യയിലേക്കുള്ള നൂൺഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബംഗ്ലാദേശിലേക്കുള്ള നൂൺഷ്യോ ആർച്ച്ബിഷപ് കെവിൻ സ്റ്റുവാർട്ട് റന്താൽ, തിരുവനന്തപുരം ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് നെറ്റോ, ബിഷപ് മാർ ജോസഫ് തോമസ് തുടങ്ങി മുപ്പതോളം മെത്രാന്മാർ സന്നിഹിതരായിരുന്നു. വിവിധ രൂപതകളിൽനിന്നായി 190-ഓളം വൈദികർ വിശുദ്ധ ബലിയിൽ സഹകാർമ്മികരായി. 7000-ത്തോളം വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിച്ചു.
ആർച്ച്ബിഷപ് പെന്നാക്കിയോ നടത്തുന്ന എഴുപത്തിയഞ്ചാമത് മെത്രാഭിഷേകമാണിതെന്ന്, തന്റെ സ്വാഗതപ്രഭാഷണത്തിൽ കണ്ണൂർ രൂപതാദ്ധ്യക്ഷൻ ബിഷപ് അലക്സ് വടക്കുംതല അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: