നവംബർ 20-ന് രക്തവർണ്ണബുധൻ ആചരിക്കാനൊരുങ്ങി ചർച്ച് ഇൻ നീഡ് സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതിലധികം രാജ്യങ്ങളിലായി ഒരുക്കിയിട്ടുള്ള മൂന്നൂറോളം ചടങ്ങുകളിലൂടെ, ലോകത്ത് ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളും, എല്ലായിടങ്ങളിലും അനുവദിക്കപ്പെടേണ്ട മതസ്വാതന്ത്ര്യമെന്ന അടിസ്ഥാനാവകാശവും അന്താരാഷ്ട്രസമൂഹത്തിൻമുന്നിൽ ഉയർത്തിക്കാട്ടി ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം (ACN) എന്ന അന്താരാഷ്ട്ര കത്തോലിക്കസംഘടന. രക്തവർണ്ണബുധൻ എന്ന പേരിൽ നവംബർ 20-ന് സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ ചടങ്ങുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, നൂറിലധികം നഗരങ്ങളിലായിരിക്കും നടത്തപ്പെടുക.
ലോകമാസകലമുള്ള ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളും, മതസ്വാതന്ത്ര്യമെന്ന അടിസ്ഥാനാവകാശവും അനുസ്മരിക്കാനായി സംഘടിപ്പിച്ചിട്ടുള്ള രക്തവർണ്ണബുധൻ എന്ന ആചരണത്തിന്റെ ഭാഗമായി, വിവിധയിടങ്ങളിൽ ദേവാലയങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ പുറത്ത് ചുവപ്പ് നിറമുള്ള ലൈറ്റുകൾ തെളിക്കുകയും, വിവിധ പ്രാർത്ഥനാസഹായാഹ്നങ്ങളും, സമ്മേളനങ്ങളും, എക്സിബിഷനുകളും സംഘടിപ്പിക്കുകയും ചെയ്‌തും. ഇതിന്റെ പശ്ചാത്തലത്തിൽ "രക്തവർണ്ണവാരം", "ചുവന്ന നവംബർ" തുടങ്ങിയ പേരുകളിൽ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പദ്ധതികളും ചിലയിടങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്..
ഈ വർഷത്തെ രക്തവർണ്ണബുധന്റെ ഭാഗമായി, ലോകത്ത് കൂടുതൽ മതപീഡനങ്ങൾ നിലനിൽക്കുന്ന പതിനെട്ട് രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയായ, "പീഡിതരും വിസ്‌മൃതിയിലാക്കപ്പെട്ടവരും" എന്ന പേരിലുള്ള റിപ്പോർട്ടും ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം (ACN) എന്ന അന്താരാഷ്ട്ര കത്തോലിക്കസംഘടന പുറത്തുവിടും.
ഓസ്ട്രേലിയ, കാനഡ, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഇംഗ്ളണ്ട്, അയർലണ്ട് തുടങ്ങിയ ഇടങ്ങളിലായിരിക്കും പ്രധാന ചടങ്ങുകൾ. രക്തവർണ്ണബുധൻ ആചരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്താൻ താൽപ്പര്യമുള്ള മറ്റു രാജ്യങ്ങൾ തങ്ങളെ ബന്ധപ്പെടണമെന്ന് ചർച്ച് ഇൻ നീഡ് എന്ന (ACN) അന്താരാഷ്ട്ര കത്തോലിക്കസംഘടന അറിയിച്ചു. നവംബർ ആറാം തീയതിയാണ് സംഘടന ഇതുസംബന്ധിച്ച പത്രക്കുറിപ്പിറക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: