ഉപവിയുടെ സഹോദരിമാർ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം ഉപവിയുടെ സഹോദരിമാർ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം  (Vatican Media)

ഹെയ്റ്റി: പോർട്ട്-ഓ-പ്രെൻസിലെ ഉപവിയുടെ സഹോദരിമാരുടെ മഠവും ആശുപത്രിയും ആക്രമിക്കപ്പെട്ടു

ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രെൻസിൽ ഉപവിയുടെ സഹോദരിമാർ നടത്തിവന്നിരുന്ന ആശുപത്രിയും, മഠവും ഒരു അക്രമിസംഘം ഒക്ടോബർ 26 ശനിയാഴ്ച രാത്രിയിൽ ആക്രമികുകയും, അവിടുത്തെ വസ്തുവകകൾ കവർച്ച ചെയ്തതിനുശേഷം, ഇരുസ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്‌തു. കരീബിയൻ രാജ്യമായ ഹെയ്റ്റിയിൽ ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകൾക്ക് വിശുദ്ധ മദർ തെരേസ 1979-ൽ തുറന്ന ഈ സാന്ന്യസ്തസഭാസ്ഥാപനം ശുശ്രൂഷ നൽകിയിരുന്നു.

മരീൻ ഹെൻറിയോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കരീബിയൻ രാജ്യമായ ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രെൻസിൽ ഉപവിയുടെ സഹോദരിമാർ നടത്തിവന്നിരുന്ന ആശുപത്രിയും, മഠവും സായുധസംഘത്തിന്റെ ആക്രമണങ്ങൾക്കിരയായി. ഒക്ടോബർ 26 ശനിയാഴ്ച രാത്രി, മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ജിമ്മി ഷെറിസിയെറിന്റെ കീഴിലുള്ള അക്രമിസംഘം ആശുപത്രിയും മഠവും കൊള്ളയടിച്ചശേഷം ഇരു സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി.

പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ പോർട്ട്-ഓ-പ്രെൻസിൽ മഠവും ആശുപത്രിയും നിലനിന്നിരുന്ന പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഉപവിയുടെ സഹോദരിമാർ പ്രദേശത്ത് കഴിഞ്ഞ നാൽപ്പത്തിയേഴ് വർഷങ്ങളായി നൽകിവന്നിരുന്ന സേവനങ്ങൾ അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച വൈകുന്നേരം മഠവും ആശുപത്രിയും ആക്രമിച്ച അക്രമിസംഘം, രണ്ടിടങ്ങളിലും നിന്നുള്ള ബഞ്ചുകളും കിടക്കകളും മെഡിക്കൽ ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി. ഇവയിൽ ചിലവ പോർട്ട്-ഓ-പ്രെൻസിലുള്ള കരിഞ്ചന്തകളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

രാജ്യത്ത് വർഷം തോറും ആയിരത്തിലധികം ആളുകൾക്ക് അഭയവും മുപ്പതിനായിരത്തിലധികം ആളുകൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങളും നൽകിവരുന്ന ഉപവിയുടെ സഹോദരിമാർക്കുനേരെയുള്ള ആദ്യത്തെ ആക്രമണമാണിത്.

തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽനിന്ന് മൃതതുല്യരായി ഉപേക്ഷിക്കപ്പെടുന്ന രോഗികൾക്ക് ഭക്ഷണവും ചികിത്സയും മറ്റു ശുശ്രൂഷകളും നൽകുകയെന്ന ലക്ഷ്യത്തോടെ 1979-ൽ വിശുദ്ധ മദർ തെരേസ തന്നെയാണ് ഉപവിയുടെ സഹോദരിമാരുടെ ഈ മഠം തുറന്നത്. നിരവധി സായുധസംഘർഷങ്ങൾ നിലനിൽക്കുന്ന ഹെയ്റ്റിയിൽ, ഉപവിയുടെ സഹോദരിമാർക്കുനേരെയുണ്ടായ ഈ അക്രമണത്തോടെ, രോഗികൾക്കും പാവപ്പെട്ടവർക്കുമായി സൗജന്യസന്നദ്ധസേവനം നടത്തിവന്നിരുന്ന ഈ സന്ന്യസ്‌തകളും, അവരുടെ സേവനം ലഭിച്ചിരുന്നവരും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2024, 17:56