നീ ദൈവരാജ്യത്തിൽനിന്ന് അകലെയാണോ?
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ മത്തായിയുടെ സുവിശേഷം 22, 34-40, വിശുദ്ധ മർക്കോസിന്റെ സുവിശേഷം 12, 28-34, വിശുദ്ധ ലൂക്കായുടെ സുവിശേഷം 10, 25-28 എന്നീ തിരുവചനഭാഗങ്ങളിൽ കാണുന്ന, എല്ലാ നിയമങ്ങളിലും വച്ച് ഏറ്റവും പ്രധാനപ്പെട്ട നിയമം ഏതെന്ന, ഏത് നിയമത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്ന ചോദ്യമാണ് ഇന്ന് നാം വിചിന്തനം ചെയ്യാൻ പരിശ്രമിക്കുന്നത്. യേശുവിന്റെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും സാധാരണ മനുഷ്യരുടെ ബുദ്ധിശക്തിയിൽനിന്നും ഉന്നതമായ ജ്ഞാനം തിരിച്ചറിയുന്ന ചില മനുഷ്യരെ നാം സുവിശേഷങ്ങളിൽ കാണുന്നുണ്ട്. അങ്ങനെയൊരു മനുഷ്യനാണ്, കല്പനകളിൽ ഏറ്റവും പ്രധാനമായ കല്‌പന ഏതാണ് (മത്തായി 22, 36; മർക്കോസ് 12, 28) എന്ന ചോദ്യം യേശുവിന് മുൻപിൽ ഉയർത്തുന്നത്. ഈ അദ്ധ്യായത്തിന്റെ മുൻവാക്യങ്ങളിൽ കാണുന്നതുപോലെ, പുനരുത്ഥാനം ഇല്ല എന്ന് വിശ്വസിച്ചിരുന്ന സദുക്കായർ യേശുവിനോട് മരണാന്തരജീവിതത്തെക്കുറിച്ച് ഉയർത്തുന്ന ചോദ്യത്തിന്, പുനരുത്ഥാനം ഉണ്ടെന്നും, എന്നാൽ അതിൽ നാം സ്വർഗ്ഗദൂതന്മാരെപ്പോലെയായിരിക്കുമെന്നും, നമ്മുടേത് മരിച്ചവരുടെയല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ് എന്നും യേശു മറുപടി പറയുന്നത് കേട്ടിട്ടാണ് നിയമജ്ഞൻ യേശുവിനെ പരീക്ഷിക്കുവാൻ വേണ്ടി ഇത്തരമൊരു ചോദ്യം ചോദിക്കുന്നത്. നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന നിയമജ്ഞനെയാണ് (ലൂക്കാ 10, 25) വിശുദ്ധ ലൂക്കാ നമുക്ക് മുന്നിൽ അവതരിപ്പിക്കുക.
അടിയുറച്ച ദൈവസ്നേഹം
പ്രധാനപ്പെട്ട കൽപ്പന ഏതെന്ന ചോദ്യത്തിന്, "നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും, പൂർണാത്മാവോടും പൂർണമനസ്സോടും, പൂർണശക്തിയോടും കൂടെ സ്നേഹിക്കുക എന്നും, നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നും യേശു ഉത്തരം നൽകുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലാകട്ടെ, യേശു ആ നിയമജ്ഞനെക്കൊണ്ടുതന്നെയാണ് ഇതേ ഉത്തരം പറയിപ്പിക്കുന്നത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ, യേശു പ്രധാനപ്പെട്ട ഒരു സത്യം കൂടി പഠിപ്പിക്കുന്നതായി നാം കാണുന്നുണ്ട്. "ഇസ്രായേലേ കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏകകർത്താവ്" (മർക്കോസ് 12, 29). മർക്കോസിന്റെ സുവിശേഷത്തിലെ ഈയൊരു വചനം ഏറെ പ്രധാനപ്പെട്ടതാണ്. ഏക കർത്താവ് നമ്മുടെ ദൈവമാണെങ്കിൽ, അവനു മുന്നിൽ നമ്മുടെ സമർപ്പണവും സ്നേഹവും ഭക്തിയും, ആ ദൈവസ്നേഹത്തിനുള്ള നമ്മുടെ പ്രത്യുത്തരവും, പൂർണതയുടേതാകണം. കുറവുകളില്ലാതെ, പൂർണ ഹൃദയത്തോടും, പൂർണാത്മാവോടും പൂർണ മനസ്സോടും, പൂർണ ശക്തിയോടും കൂടെ വേണം നാം ദൈവത്തെ സ്നേഹിക്കാൻ. നിത്യജീവൻ അവകാശമാക്കുവാൻവേണ്ടി, നിയമാവർത്തനപ്പുസ്തകത്തിൽ മോശയിലൂടെ കർത്താവ് തന്റെ ജനത്തിന് നൽകുന്ന അനുസരണത്തിന്റെ സുപ്രധാനമായ കല്പനയാണ് നാം ഇവിടെ കാണുന്നത് (നിയമാവർത്തനം 6, 2-8).
ആഴമേറിയ മനുഷ്യസ്നേഹം
കുറവുകളില്ലാതെ, പൂർണതയിൽ ദൈവത്തെ സ്നേഹിക്കണമെന്ന നിയമത്തിനോട് ചേർന്ന് നിൽക്കുന്ന മറ്റൊരു നിയമമാണ്, ഒരുപക്ഷെ ദൈവത്തോടുള്ള സ്നേഹത്തിന്റെ മറ്റൊരു വശമാണ് യേശു രണ്ടാമതായി പറയുന്ന നിയമം. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇതിനുള്ള കാരണം നമുക്ക് വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ (മത്തായി 25, 31-46) അവസാനവിധിയെക്കുറിച്ച് യേശു ഉദ്ബോധിപ്പിക്കുന്നിടത്ത് കാണാം. വിധിദിനത്തിൽ, അനുഗ്രഹിക്കപ്പെട്ടവരോടും ശപിക്കപ്പെട്ടവരോടും, വലതും ഇടതും നിൽക്കുന്ന ജനതകളോട് യേശു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത് (വാ. 40), ചെയ്യാതിരുന്നപ്പോൾ എനിക്കു തന്നെയാണ് ചെയ്യാതിരുന്നത് (വാ.45). യഥാർത്ഥ ദൈവസ്നേഹവും സഹോദരസ്നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അല്ല, അത് ഒരേ സ്നേഹത്തിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങളാണ് എന്ന ഒരു ചിന്ത ഈ തിരുവചനഭാഗം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവത്തെ പൂർണമായി, ആത്മാർത്ഥമായി സ്നേഹിക്കുന്നവന്, സഹോദരങ്ങളെ, ദൈവമക്കളായ മനുഷ്യരെ സ്നേഹിക്കാതിരിക്കാനാകില്ല. സഹോദരങ്ങളിലാണല്ലോ നാം ദൈവത്തെ കണ്ടുമുട്ടുക.
ദൈവ-മനുഷ്യ സ്നേഹവും ബലിയും
ദൈവസ്നേഹത്തെക്കുറിച്ചുള്ള നിയമത്തിന്റെ അർത്ഥം ശരിയായ മനസ്സിലാക്കാൻ സാധിച്ചിരുന്ന ആ നിയമജ്ഞൻ യേശുവിന്റെ ഉത്തരം ശരിയെന്ന് തിരിച്ചറിയുകയും പരസ്യമായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ യേശു പറയാത്ത, പക്ഷെ നിയമത്തിന്റെ അർത്ഥമറിയുകയും, അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടി വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലെ നിയമജ്ഞൻ യേശുവിന്റേതായി കൂട്ടിച്ചേർക്കുന്നുണ്ട്. "പൂർണമായ ദൈവസ്നേഹവും, സഹോദരങ്ങളോടുള്ള സ്നേഹവും, എല്ലാ ദഹനബലികളെയും യാഗങ്ങളെയും കാൾ മഹനീയമാണെന്ന് അങ്ങ് പറഞ്ഞത് സത്യമാണ്" (മർക്കോസ് 12, 33). ഇതേക്കുറിച്ച് മർക്കോസ് എഴുതുന്നത് ഇങ്ങനെയാണ്, അവൻ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു എന്ന് യേശു മനസ്സിലാക്കി. ദൈവത്തെയും സഹോദരങ്ങളെയും ഒരു വ്യക്തി തന്റെ പൂർണതയിൽ സ്നേഹിക്കുന്നതിലപ്പുറം വലിയ ഭക്തിയോ സ്നേഹമോ ഇല്ലെന്ന തിരിച്ചറിവ് എത്ര വലുതാണെന്ന് വ്യക്തമാക്കുന്ന ഒരു വചനമാണിത്. മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും, പ്രവചനവരമുണ്ടായിരിക്കുകയും എല്ലാ രഹസ്യങ്ങളും ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും, മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും, സർവ്വസമ്പത്തും ദാനം ചെയ്താലും, ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും, എന്നിൽ സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല എന്ന് വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ (1 കോറിന്തോസ് 13, 1-3) കുറിച്ചുവയ്ക്കുന്നതും ഇതേ കാരണം കൊണ്ടാകണം. വിശ്വാസമില്ലാത്ത ദഹനബലികളും, ആത്മാർത്ഥതയില്ലാത്ത യാഗങ്ങളും യഥാർത്ഥ ദൈവസ്നേഹത്തിന്റെ അടയാളങ്ങളല്ല. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കാൻ, യഥാർത്ഥ ദൈവഭക്തിയിൽ ആഴപ്പെടാൻ, ആത്മാർത്ഥയുള്ള മനുഷ്യസ്നേഹത്തിൽ വളരാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം എത്ര അപഹാസ്യമാണ്, അർത്ഥമില്ലാത്തതാണ് എന്ന് ചിന്തിക്കാൻ നമുക്ക് സാധിക്കണം.
ദൈവാരാജ്യത്തോട് ചേർന്ന് നിൽക്കുക
മർക്കോസിന്റെ സുവിശേഷത്തിൽ ഈ വചനഭാഗം അവസാനിക്കുന്നിടത്ത് യേശു ആ നിയമജ്ഞനോട് പറയുന്നു, "നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല" (മർക്കോസ് 12, 34). ലൂക്കയുടെ സുവിശേഷത്തിലാകട്ടെ അവൻ നിയമജ്ഞനെ ഉപദേശിക്കുന്നു, "ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും" (ലൂക്കാ 10, 28). നിങ്ങളും ഞാനും ദൈവാരാജ്യത്തോടടുത്ത്, ദൈവത്തിന്റെ ഹൃദയത്തോടടുത്ത്, അവന്റെ ഹിതമനുസരിച്ച് ജീവിക്കുന്നവരാണോ? ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ച്, നിത്യജീവൻ നേടാൻ, ദൈവത്താൽ അനുഗ്രഹിക്കപ്പെടാനുള്ള യോഗ്യത നേടാൻ നമുക്ക് സാധിക്കുന്നുണ്ടോ?
ക്രിസ്തുവിന്റെ മാതൃക
ഹെബ്രായർക്കുള്ള ലേഖനത്തിൽ (ഹെബ്രാ. 7, 25), എന്നേക്കും ജീവിക്കുന്നവനായ ക്രിസ്തു, തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ രക്ഷിക്കുകയും, അവർക്കായി അവൻ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നുവെന്ന് വിശുദ്ധ പൗലോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. യേശുവിന്റെ ജീവിതവും ബലിയും, സുവിശേഷത്തിൽ നാം വായിച്ച പൂർണമായ ദൈവ-മനുഷ്യ സ്നേഹത്തിന്റെ മാതൃകയാണെന്ന് നമുക്കറിയാം. പിതാവിനോടുള്ള പൂർണമായ അനുസരണത്തിന്റെ, സമർപ്പണത്തിന്റെ ബലിയാണ്, മനുഷ്യരോടുള്ള കുറവില്ലാത്ത സ്നേഹത്തിന്റെ തെളിവാണ്, അവരുടെ പാപങ്ങളുടെ പരിഹാരമായിത്തീരുന്ന യേശുവിന്റെ, കുരിശിലെ ബലി.
നമുക്കും സ്നേഹിക്കാം
ഫ്രാൻസിസ് പാപ്പാ, തന്റെ നാലാമത്തെ ചാക്രികലേഖനമായ "ദിലേക്സിത് നോസിൽ" ഓർമ്മിപ്പിക്കുന്നതുപോലെ, ദൈവമാണ് നമ്മെ ആദ്യം സ്നേഹിച്ചതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സങ്കീർത്തകനെപ്പോലെ, "കർത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നുവെന്ന്" (സങ്കീ. 18, 1) അനുദിനജീവിതത്തിൽ ആത്മാർത്ഥതയോടെ ഏറ്റുപറയുകയും ആ സ്നേഹം ജീവിക്കുകയും ചെയ്യാം. നിത്യജീവൻ അവകാശമാക്കാൻ, ദൈവത്തിന് മുന്നിൽ സ്വീകാര്യരാകാൻ, ദൈവ-മനുഷ്യ സ്നേഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതമനുസരിച്ച് ജീവിക്കാൻ വേണ്ടി നമുക്ക് പരിശ്രമിക്കാം. പൂർണതയിൽ, ആത്മാർത്ഥതയോടെ, പൂർണശക്തിയോടെ ദൈവത്തെ സ്നേഹിക്കാം. അതേ തീവ്രതയോടെ, നമ്മെപ്പോലെതന്നെ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായ നമ്മുടെ സഹോദരങ്ങളുടെ നന്മ ആഗ്രഹിച്ചുകൊണ്ട്, അവരെയും സ്നേഹിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: