വത്തിക്കാനിലെ റെദെംതോറിസ് മാത്തർ ദേവാലയത്തിൽനിന്നുള്ള ഒരു ദൃശ്യം വത്തിക്കാനിലെ റെദെംതോറിസ് മാത്തർ ദേവാലയത്തിൽനിന്നുള്ള ഒരു ദൃശ്യം 

ദൈവജനമേ, മനുഷ്യപുത്രന്റെ വരവിനായി ഒരുങ്ങുക!

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മുപ്പത്തിമൂന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 13, 24-32
ശബ്ദരേഖ - ദൈവജനമേ, മനുഷ്യപുത്രന്റെ വരവിനായി ഒരുങ്ങുക!

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തിലും (മത്തായി 24, 29-36), വിശുദ്ധ മർക്കോസിന്റെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിലും (മർക്കോസ് 13, 24-32), വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിലും (ലൂക്ക 21, 25-33) നാം വായിക്കുന്ന ഒരു സുവിശേഷഭാഗമാണ് ഇന്നത്തെ നമ്മുടെ സുവിശേഷപരിചിന്തനത്തിൽ നാം വിചിന്തനം ചെയ്യുന്നത്. മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചും, അതിന്റെ ചില പ്രത്യേകതകളെക്കുറിച്ചും ക്രിസ്തു തന്റെ ശിഷ്യന്മാരോട് അറിയിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. ഈ മൂന്ന് സമാന്തരസുവിശേഷങ്ങളിലും ഏറെക്കുറെ ഒരുപോലെയാണ് മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചുള്ള വിവരണമെന്ന് നമുക്ക് കാണാം.

മനുഷ്യപുത്രന്റെ ആഗമനം

മൂന്ന് സുവിശേഷങ്ങളിലും മനുഷ്യപുത്രന്റെ ആഗമനവുമായി ബന്ധപ്പെട്ട് നാം ആദ്യം കാണുന്ന ഒരു കാര്യം, പ്രകൃതിയുടെ മാറ്റത്തെക്കുറിച്ചുള്ളതാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ, രക്ഷകനായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രകൃതിയിൽ പോലും മാറ്റങ്ങൾ ഉളവാക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് നിപതിക്കും ആകാശശക്തികൾ ഇളകുകയും ചെയ്യും (മത്തായി 24, 29; മർക്കോസ് 13, 24-25). വിശുദ്ധ ലൂക്കായാകട്ടെ, സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷ്യപെടുന്നതിനെക്കുറിച്ചും, കടലിന്റെ ശക്തമായ മാറ്റം ജനങ്ങളിൽ സംഭ്രവമുളവാക്കുന്നതിനെക്കുറിച്ചും, ഭൂവാസികളിൽ ഭയവും ആകുലതയും നിറയുന്നതിനെക്കുറിച്ചുമാണ് പറയുന്നത് (ലൂക്ക 21, 25-26). ഈയൊരു നാടകീയമായ പശ്ചാത്തലത്തിന്റെ അകമ്പടിയോടെയാണ് മനുഷ്യപുത്രൻ ആകാശത്ത്, മേഘങ്ങളിൽ വരുന്നതിനെക്കുറിച്ച് സുവിശേഷകന്മാർ എഴുതുക (മത്തായി 24, 30; മർക്കോസ് 13, 26; ലൂക്ക 21, 27).

ഒരുമിച്ചുകൂട്ടപ്പെടുന്ന ദൈവജനം

മനുഷ്യപുത്രന്റെ വരവിൽ അവൻ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഭൂമിയുടെ അതിർത്തികൾ മുതൽ ആകാശത്തിന്റെ അതിർത്തികൾ വരെ,നാലു ദിക്കുകളിലും നിന്ന് ഒരുമിച്ചുകൂട്ടുന്നതിനെക്കുറിച്ച്, വിശുദ്ധ മത്തായിയും മർക്കോസും എഴുതുന്നുണ്ട് (മത്തായി 24, 31; മർക്കോസ് 13, 24-27). വലിയ ഒരു യുദ്ധപ്രതീതിയുണർത്തുന്ന, കാഹളധ്വനിയോടെ ദൂതന്മാരെ അയക്കുന്നതിനെക്കുറിച്ചാണ് വിശുദ്ധ മത്തായി പറയുക. എന്നാൽ വിശുദ്ധ വിശുദ്ധ ലൂക്കയാണ് ദൈവജനത്തിന്റെ ഒരുമിച്ചുകൂടലിനെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നത്. ഭൂമിയിലെ ഏവരും ഭയവും ആകുലതയും നിറഞ്ഞിരിക്കുമ്പോൾ, നിങ്ങൾ, തിരഞ്ഞെടുക്കപ്പെട്ടവർ, ശിരസ്സുയർത്തി നിൽക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ വിമോചനം അടുത്തിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകളായി വിശുദ്ധ ലൂക്കാ എഴുതിവയ്ക്കുക (ലൂക്ക 21, 28). അങ്ങനെ മനുഷ്യപുത്രന്റെ ആഗമനം, ദൈവത്തെ അംഗീകരിക്കാത്ത ജനതകൾക്ക് ഭീതിയുടയും ഭയത്തിന്റെയും ദിനങ്ങളാണെങ്കിൽ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്, ദൈവമക്കൾക്ക് അത് അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെയും ദിനങ്ങളായിരിക്കും എന്ന് സുവിശേഷത്തിലൂടെ ക്രിസ്തു ഉറപ്പുനൽകുന്നു.

കാത്തിരിക്കാൻ വിളിക്കപ്പെട്ട ദൈവജനം

സമാന്തരസുവിശേഷങ്ങളിൽ മൂന്നിലും തന്റെ വരവിനായി കാത്തിരിക്കാൻ തന്റെ ജനത്തെ വിളിക്കുന്ന ക്രിസ്‌തു, കാലത്തിന്റെ അടയാളങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കാനും, അവയനുസരിച്ച് പ്രവർത്തിക്കാനും ഉദ്ബോധിപ്പിക്കുന്നത് നമുക്ക് കാണാം. അത്തിമരത്തിന്റെ കൊമ്പുകൾ ഇളതായി തളിർക്കുന്നത് വേനല്ക്കാലത്തിന്റെ വരവറിയിക്കുന്ന സമയമാണെന്ന് യേശു ഓർമ്മിപ്പിക്കുന്നു. അതുപോലെ, ദൈവപുത്രന്റെ വരവിന്റെ അടയാളങ്ങൾ കാണുമ്പോൾ, അവൻ സമീപത്ത്, വാതിൽക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക എന്ന് ക്രിസ്തു തന്റെ ശിഷ്യരോട് പറയുന്നു (മത്തായി 24, 32-33; മർക്കോസ് 13, 28-29; ലൂക്ക 21, 29-31). ദൈവത്തിനായി കാത്തിരിക്കാൻ, പ്രപഞ്ചനാഥനായ ദൈവത്തിന്റെ വരവിനെ അറിയിച്ചുകൊണ്ട് പ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻതക്ക വിവേകത്തോടും ശ്രദ്ധയോടും കൂടെ ജീവിക്കാനുള്ള ഒരു വിളിയാണ് ക്രൈസ്തവർക്കുള്ളതെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റു ജനതകളെപ്പോലെ, ഇന്നലെകളും നാളെകളുമില്ലാത്ത ഒരു ജീവിതമല്ല ഒരു വിശ്വാസിയുടേത്. സ്രഷ്ടാവായ ദൈവത്തിന്റെ കരങ്ങൾ മെനഞ്ഞെടുത്ത മനുഷ്യരാണ് നാം. ദൈവത്താൽ സ്നേഹിക്കപ്പെടുന്ന, ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ രക്ഷിക്കപ്പെട്ട, നിത്യജീവനിലേക്ക് വിളിക്കപ്പെട്ട ജനമാണ് നാമെന്ന ബോധ്യത്തോടെ വേണം നാം ഈ ലോകത്ത് ജീവിക്കാനെന്ന് മറന്നുപോകരുത്. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളങ്ങൾ വായിച്ചറിയാൻ, ഭൂമിയുടെ ഏതു കോണുകളിൽ ആയിരുന്നാലും അവനോട് ചേർന്ന് നിൽക്കാൻ, നമുക്ക് സാധിക്കണം.

പഴയനിയമവും യുഗാന്തകാലവും

മനുഷ്യപുത്രന്റെ വരവിനെക്കുറിച്ച് യേശു അറിയിക്കുന്നതിനെപ്പറ്റി സമാന്തരസുവിശേഷങ്ങൾ രേഖപ്പെടുത്തുന്നതുപോലെ, പഴയനിയമത്തിൽ വിവിധയിടങ്ങളിൽ യുഗാന്തത്തിന്റെ ദിനങ്ങളെക്കുറിച്ച് നാം വായിക്കുന്നുണ്ട്. അതിൽ ഒന്ന് ദാനിയേൽ പ്രവാചകന്റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്താണ് (ദാനിയേൽ 12, 1-3). ഇന്നുവരെ സംഭവിച്ചിട്ടല്ലാത്ത കഷ്ടതകൾ ഉണ്ടാകുമെന്നും, എന്നാൽ ഗ്രന്ഥത്തിൽ പേരുള്ള നിന്റെ ജനം മുഴുവൻ രക്ഷപെടുമെന്നും ദാനിയേൽ എഴുതുന്നു.ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരുമെന്നും, ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കയുമായിരിക്കും ഉണരുകയെന്നും അവിടെ നാം വായിക്കുന്നു. ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങുമെന്നും അനേകരെ നീതിയിലേക്കു നയിക്കുന്നവൻ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കുമെന്നും ദാനിയേൽ എഴുതുന്നു.

ഭീതിയുടെയും നാശത്തിന്റെയും ആശ്വാസത്തിന്റെയും രക്ഷയുടെയും ദിനങ്ങൾ

മനുഷ്യപുത്രന്റെ ആഗമനദിനങ്ങൾ, യുഗാന്തം, യഥാർത്ഥത്തിൽ സംഭവിക്കാനിരിക്കുന്ന ഒന്നാണെന്ന് യേശു ഉറപ്പിച്ചുപറയുന്നത് സമാന്തരസുവിശേഷകന്മാർ മൂവരും എഴുതി വയ്ക്കുന്നുണ്ട്. "ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും, എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല" (മത്തായി 24, 34-35; മർക്കോസ് 13, 30-31; ലൂക്ക 21, 32-33). രക്ഷകനായ ദൈവപുത്രന്റെ വാക്കുകളാണിവ. വിശുദ്ധ മത്തായിയും മർക്കോസും എഴുതുന്ന ക്രിസ്തുവചനങ്ങളനുസരിച്ച്, പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗ്ഗത്തിലുള്ള ദൂതന്മാർക്കോ, പുത്രനുപോലുമോ അറിഞ്ഞുകൂടാത്ത, ഈ രണ്ടാം വരവിന്റെ ദിനങ്ങൾ പക്ഷെ, ഓരോ ക്രിസ്തുശിഷ്യനും ശ്രദ്ധാപൂർവ്വം, ഒരുക്കത്തോടെ കാത്തിരിക്കേണ്ട ദിനങ്ങളാണ് എന്ന് തിരുവചനം ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

തിരുവചനവിചിന്തനത്തിന്റെ സമയം ഒരു ആത്മപരിശോധനയുടെ സമയം കൂടിയാണെന്ന് നമുക്കറിയാം. ഇന്ന്, തിരുവചനവിചിന്തനം ചുരുക്കുമ്പോൾ, രണ്ടായിരം വർഷങ്ങൾക്കപ്പുറം ക്രിസ്തു തന്റെ ശിഷ്യരോടെന്നപോലെ ഇന്ന് സുവിശേഷത്തിലൂടെ നമ്മോടും, മനുഷ്യപുത്രന്റെ വരവിനെക്കുറിച്ച് പറയുമ്പോൾ, നാം എന്തുമാത്രം ഒരുക്കത്തോടെയാണ് ജീവിക്കുന്നതെന്ന ഒരു ചോദ്യം സ്വയം ചോദിക്കാൻ നമുക്ക് സാധിക്കണം. രക്ഷയുടെ വേനല്ക്കാലത്തിനായി നാം ഒരുങ്ങിയിട്ടുണ്ടോ? ദൈവത്തിന് സ്വീകാര്യരായ മനുഷ്യരാണോ നാം? ദൈവവചനം നമ്മിൽ എന്തുമാത്രം ആഴമായി പതിഞ്ഞിട്ടുണ്ട്? ഒരിക്കൽ അവസാനിക്കുന്ന ഇഹലോകജീവിതത്തിന്റെ അവസാനത്തെക്കുറിച്ച് ചിന്തിക്കാൻ നാം സമയം കണ്ടെത്താറുണ്ടോ? നമ്മുടെ അവസാനനിമിഷം, ദൈവത്തോടോത്തുള്ള ജീവിതത്തിലേക്കുള്ള ഒരു യാത്രയാകണമെന്ന ആഗ്രഹത്തോടെ, ഒരുക്കത്തോടെ, വിശ്വാസത്തിന്റെ പ്രവൃത്തികളോടെ ജീവിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? തനിക്ക് സ്വീകാര്യരായ മനുഷ്യരായി മാറാൻ ദൈവം നമ്മിൽ കനിയട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2024, 16:28