തിരയുക

രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സിസിലി പുണ്യവതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സിസിലി പുണ്യവതി  

രക്തസാക്ഷിത്വം ദൈവസ്നേഹത്തിന്റെ തുടർച്ചയാണ്

സഭയിൽ രക്തസാക്ഷിത്വത്തിന്റെ പ്രാധാന്യത്തെ അനുസ്മരിക്കുന്നതും, ഹസാരിബാഗിൽ പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി ജീവൻ ഹോമിച്ച ഈശോ സഭാ വൈദികനായ അഞ്ചാനിക്കൽ തോമസ് അച്ചന്റെ ധീരോദാത്തമായ ജീവിതസാക്ഷ്യം എടുത്തുപറയുന്നതുമായ ചിന്താമലരുകൾ
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി,  റവ. ഡോ. ജോഷി കുളത്തുങ്കൽ

ആഗോളസഭയുടെ വളർച്ചയിൽ ജീവൻ ത്യാഗം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ അഗാധമായ സ്നേഹം മാനവഹൃദയങ്ങളിലേക്ക് പകർന്നുനല്കിയവരാണ് ഓരോ രക്തസാക്ഷിയും. ഇത് ശൂന്യമായ ജീവൻ വെടിയലല്ല, മറിച്ച് സഭയാകുന്ന ദൈവപിതാവിന്റെ തോട്ടത്തിൽ കനികൾ നൂറുമേനി നല്കപ്പെടുവാൻ ചുടുനിണത്താൽ, വിശ്വാസികളുടെ പോഷണത്തിനായി തങ്ങളെ തന്നെ പങ്കുവച്ചുനൽകുന്ന വിശുദ്ധ ബലിയാണ് ഓരോ രക്തസാക്ഷിത്വവും. വെളിപാട് പുസ്തകത്തിൽ നാം വായിക്കുന്നു, "ശ്രേഷ്ഠന്മാരിൽ ഒരുവൻ എന്നോട് ചോദിച്ചു വെള്ള അങ്കിയണിഞ്ഞ ഇവർ ആരാണ് ?ഇവർ എവിടെ നിന്ന് വരുന്നു? ഞാൻ മറുപടി പറഞ്ഞു: പ്രഭോ അങ്ങേക്ക് അറിയാമല്ലോ. അപ്പോൾ അവൻ പറഞ്ഞു ഇവരാണ് വലിയ ഞെരുക്കത്തിൽ നിന്നും വരുന്നവർ: കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ. അതുകൊണ്ട് ഇവർ ദൈവസിംഹാസനത്തിനു മുൻപിൽ നിൽക്കുകയും, അവിടുത്തെ ആലയത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു." ഈ ദൈവിക വെളിപാടിന് സാക്ഷ്യം വഹിക്കുന്നവർ ആണ് ഇന്ന് സഭയിലെ രക്തസാക്ഷികൾ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, തന്റെ അപ്പസ്തോലിക പ്രബോധനമായ,Tertio Millenio Adveniente യിൽ പറയുന്നു , "രണ്ടാം നൂറ്റാണ്ടിന്റെ അവസാനം സഭ രക്തസാക്ഷികളുടെ സഭയെന്ന നാമത്തിൽ അറിയപ്പെടും." ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസ് മുതൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രക്തസാക്ഷികളായി മാറിയ വിശുദ്ധരുടെ ജീവിത അടിസ്ഥാനം,  ക്രിസ്തുവിന്റെ  വിലമതിക്കാനാകാത്ത സ്നേഹം മാത്രമാണെന്ന് നമുക്ക് മനസിലാകും. ഈശോയുടെ കുരിശുമരണത്തിന്റെ പിന്തുടർച്ചാവകാശികളായ രക്തസാക്ഷികൾക്ക് സഭ നൽകുന്ന പ്രാധാന്യവും വളരെ പ്രധാനപ്പെട്ടതാണ്.

ബനഡിക്ട് മാർപാപ്പ തന്റെ ആദ്യ ചാക്രിക ലേഖനമായ Deus Caritas Est -ൽ എഴുതുന്നു, "തിന്മയുടെയും വിദ്വേഷത്തിന്റെയും നൂലാമാലകളെ നന്മയുടെ മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളു.ജീവിതത്തിലെ അപേക്ഷികതകളെ, ദൈവമെന്ന സത്യത്തിലൂടെ മാത്രമേ വിജയിക്കാൻ പറ്റുകയുള്ളു."ഇതാണ് സഭയിൽ രക്തസാക്ഷിത്വത്തിന്റെ അമൂല്യത. സഭയെന്ന ഈശോയുടെ മൗതികശരീരത്തിന്റെ സത്യം ഈ ലോകത്തോട് സാക്ഷ്യപെടുത്തിയവരാണ് ഓരോ രക്തസാക്ഷിയും. റോമയിലെ സഭയെ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നതും ഇത് തന്നെയാണ് ,"നിങ്ങൾ അടിമത്തത്തിന്റെയും, ഭയത്തിന്റെയും ആത്മാവിനെയല്ല സ്വീകരിച്ചിരിക്കുന്നത് മറിച്ച് ദൈവത്തെ അപ്പാ എന്ന് വിളിക്കാൻ ധൈര്യപ്പെടുത്തുന്ന പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ്."ലോകത്തിന്റെ നൈമിഷിക ചട്ടക്കൂടുകൾക്കുമപ്പുറം, സ്നേഹത്തിന്റെ അനശ്വരമായ പറുദീസയാണ് സഭയിൽ രക്തസാക്ഷികൾ നമുക്ക് ഉറപ്പ് നൽകുന്നത്. വിശ്വാസികളോടുള്ള സഭാമാതാവിന്റെ ആഹ്വാനവും ഇത് തന്നെയാണ് , രക്തസാക്ഷികളെപോലെ ഭയം കൂടാതെ  ഈശോയ്ക്ക് ജീവിതത്തിൽ സാക്ഷ്യം നൽകുക.

ജർമൻ ദൈവശാസ്ത്രജ്ഞനായ എബെർഹാർഡ്‌ ഷോക്കൻഹോഫ് ഇപ്രകാരം പറയുന്നു, "ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വത്തിന് വിശാലമായ ഒരു മാനം സഭ നൽകുന്നു. ആദ്യനൂറ്റാണ്ടുകളിൽ രക്തസാക്ഷിത്വം വിശ്വാസത്തെമുറുകെപ്പിടിക്കുമ്പോൾ അനുഭവിച്ച പീഡകളെയും, മരണത്തെയും അടിസ്ഥാനമാക്കി ആയിരുന്നുവെങ്കിൽ, ഇന്ന് ദരിദ്രർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, ചൂഷണം ചെയ്യപ്പെടുന്നവർക്കും വേണ്ടി സ്വരമുയർത്തുകയും അവരുടെ ഉന്നമനത്തിനായി ക്രൂശിക്കപ്പെടുകയും ചെയ്യുന്നതിലും അടിസ്ഥാനമാക്കിയിരിക്കുന്നു. സഭയിലെ ഇക്കഴിഞ്ഞ കാലയളവുകളിൽ ഇപ്രകാരം ജീവൻ വെടിഞ്ഞ നിരവധി സഹോദരങ്ങൾ നമുക്ക് മാതൃകയാണ്. എൽ സാൽവദോറിലെ മോൺസിഞ്ഞോർ. ഓസ്കാർ റൊമേറെയും, വാഴ്ത്തപ്പെട്ട റാണി മരിയയും, ലിബിയയിൽ കഴുത്തറക്കപ്പെട്ട 21 സഹോദരങ്ങളുമെല്ലാം ഇപ്രകാരം അപരന്റെ ജീവനും ജീവിതത്തിനുമായി ജീവൻ ഹോമിച്ചവരിൽ ചിലരാണ്.

"സ്നേഹിതർക്കു വേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല " എന്ന ഈശോയുടെ വാക്കുകൾ യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. ഇത് കേവലം വാചികമായ ഒരു വാഗ്‌ദാനം ആയിരുന്നില്ല, മറിച്ച് ക്രൂശിന്റെ വിരിമാറിൽ സ്വർഗ്ഗത്തിനും ഭൂമിക്കും നടുവിൽ നമുക്കായി ജീവൻ വെടിഞ്ഞവന്റെ, പ്രത്യാശയുടെ കിരണങ്ങൾ ആയിരുന്നു. അന്ത്യ അത്താഴ വേളയിൽ തന്റെ ശരീരരക്തങ്ങളുടെ അടയാളമായി അപ്പവും വീഞ്ഞും ശിഷ്യർക്ക് നൽകിക്കൊണ്ട് ഇത് എന്റെ ശരീരം, ഇത് എന്റെ രക്തം എന്ന് പറഞ്ഞതും വാക്മയമായിരുന്നില്ല, മറിച്ച് അവസാനതുള്ളി രക്തം പോലും ഭൂമിയുടെ ചാലിന് നനവുനൽകി വിശുദ്ധ സഭയെ രൂപപെടുത്തിയവന്റെ ഹൃദയം തൊട്ട വാക്കുകൾ ആയിരുന്നു. സഭയിലെ രക്തസാക്ഷിത്വവും ഈ സ്നേഹത്തിന്റെ തുടർച്ചയാണ്. "ഇത് നിങ്ങൾ എന്റെ നാമത്തിൽ മറ്റുള്ളവർക്കായി ചെയ്യുവിൻ", എന്ന ഈശോയുടെ വാക്കുകൾ ജീവിതത്തിൽ അന്വർത്ഥമാക്കിയതാണ് ഓരോ രക്തസാക്ഷിയുടെയും ചാരിതാർഥ്യമെന്ന് സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു. "സഭയുടെ ആത്മാവ് രക്തസാക്ഷികളുടെ ചുടുനിണത്താൽ ശാക്തീകരിക്കപ്പെടുന്നു"വെന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ വാക്കുകൾ എപ്രകാരം സഭയിൽ രക്തസാക്ഷികൾ പ്രാധാന്യം ചെലുത്തുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 

ഇപ്രകാരം യേശുവിന്റെ നാമത്തിൽ മറ്റുള്ളവർക്ക് നന്മകൾ ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെടുന്ന ഓരോ വ്യക്തിയും രക്തസാക്ഷികളുടെ നിരയിൽ ചേർക്കപ്പെടുന്നു. ചിലപ്പോൾ അറിയപ്പെടുന്നത് ചുരുക്കം ചിലരുടെ ജീവിത അനുഭവങ്ങൾ മാത്രമാണെങ്കിൽ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്രകരം സുവിശേഷം പ്രഘോഷിപ്പെടുമ്പോൾ, രക്തം  ചിന്തുന്ന എത്രയോ തീക്ഷ്ണമതികളായ പ്രേക്ഷിതർ ഉണ്ടെന്നുള്ളത് നാം വിസ്മരിക്കരുത്.

ഇത്തരുണത്തിൽ സമൂഹത്തിലെ അധഃസ്ഥിതരായ വിഭാഗത്തിന് വേണ്ടി  ശബ്ദമുയർത്തിയതിന്റെ പേരിൽ ശിരച്ഛേദം നടത്തപ്പെട്ട ഒരു ഈശോ സഭാവൈദികന്റെ ജീവിതം ഇവിടെ ഉദ്ധരിക്കുന്നത് ഏറെ ഉചിതമാണ്. ഒരു പക്ഷെ ഭാരതത്തിൽ അധികമാരും ചർച്ച ചെയ്യാതിരുന്ന ഒരു സംഭവമാണ് 2005 സെപ്തംബർ  മാസത്തിൽ, ബിഹാറിലെ ഹസാരിബാഗ് ജില്ലയിൽ അരങ്ങേറിയത്. കേരളക്കരയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അഞ്ചാനിക്കൽ തോമസ് അച്ചൻ, നാടിൻറെ സുരക്ഷിതത്വം ഉപേക്ഷിച്ചുകൊണ്ടാണ്, ജാർഖണ്ഡിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് കടന്നെത്തിയത്. നിരവധി പ്രവർത്തനങ്ങൾ കൊണ്ട്, ഇരുളിന്റെ നിഴൽ വീണ നിരവധി ഗ്രാമങ്ങളെ വെളിച്ചത്തിന്റെ ഊർജ്ജസ്വലതയിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ തോമസ് അച്ചന് സാധിച്ചു. വിദ്യാഭ്യാസം കടന്നെത്താതിരുന്ന മേഖലകളിൽ, നിശാവിദ്യാലയങ്ങൾ സ്ഥാപിച്ചുകൊണ്ട്, മനുഷ്യന് അറിവ് പകർന്നു നൽകി.

അനീതിക്ക് ഇരയായ പാവപ്പെട്ടവരുടെ പക്ഷത്തായിരിക്കാൻ എപ്പോഴും അദ്ദേഹം മുൻപോട്ടു കടന്നുവന്നു.  ദളിത് ഉപജാതികളായ ഭൂയിയനിൽ നിന്നുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഹസാരിബാഗ് ജില്ലയിലെ ആസാദ് നഗർ ഗ്രാമം ഇദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്. മനുഷ്യമഹത്വത്തോടുള്ള അഭിനിവേശം അദ്ദേഹത്തിൻ്റെ ശുശ്രൂഷയെ നയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ സഹോദരവൈദികർ അദ്ദേഹത്തെകുറിച്ചു സ്മരിക്കുന്നത്. ദൈവസ്നേഹം ആവോളം മനുഷ്യഹൃദയങ്ങളിൽ പകർന്ന തോമസ് അച്ചന് , തന്റെ സ്നേഹത്തിന്റെ മൂർത്തീമത് ഭാവമായി, ദാനമായി നൽകേണ്ടി വന്നത് തന്റെ ജീവൻ തന്നെ ആയിരുന്നു.  മുപ്പത്തിമൂന്നുവര്ഷം ഈ ലോകത്തിൽ സ്നേഹം പകർന്ന യേശുവിനു തന്റെ ജീവൻ മൂന്നാണികളിൽ കുരിശിന്മേൽ പ്രകടമാക്കേണ്ടിവന്നപ്പോൾ അവൻ നിലവിളിച്ചത് പരാജയപ്പെട്ടവനായിട്ടായിരുന്നില്ല, മറിച്ച് സകലവും പൂർത്തിയാക്കിയവന്റെ ഇച്ഛാപൂർത്തിയോടെയായിരുന്നു. ഇപ്രകാരം തോമസ് അച്ചനും സ്നേഹത്തിന്റെ പൂർത്തീകരണം നടത്തിയത്, തന്റെ ജീവൻ ത്യാഗമായി സമർപ്പിച്ചുകൊണ്ടായിരുന്നു. 

1997 ഒക്‌ടോബർ 26 ഞായറാഴ്ച ഹസാരിബാഗ് ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള സിർക ഗ്രാമത്തിനടുത്തുള്ള നദിയിൽ അടിയേറ്റും മർദനമേറ്റും ശിരഛേദം ചെയ്യപ്പെട്ടതുമായ മൃതദേഹം കണ്ടെത്തിയത്, തോമസ് അച്ചന്റേതായിരുന്നു. പക്ഷെ ഉപേക്ഷിക്കപ്പെട്ട തോമസ് അച്ചന്റെ ആത്മാവിന്റെ എത്രയോ നേരത്തെ യേശു സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നുവെന്നതിനു, ഇന്നത്തെ ഗ്രാമാന്തരീക്ഷം തന്നെ സാക്ഷി. എല്ലാ വർഷവും, അദ്ദേഹത്തിൻ്റെ ശവകുടീരവും അദ്ദേഹം ആത്യന്തിക ത്യാഗം അർപ്പിച്ച സ്ഥലവും സന്ദർശിക്കാൻ ആയിരക്കണക്കിന് ദളിതരും ആദിവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നു. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ഒരു മുപ്പത്തിമൂന്നുകാരന്റെ  കുരിശുമരണം അനേകർക്ക് ആശ്വാസം പകരുന്നതുപോലെ, തോമസ് അച്ചന്റെ രക്തസാക്ഷിത്വം ഇന്നും ഭാരതത്തിന്റെ മണ്ണിൽ അനേകർക്ക് ശാന്തി പകരുന്നുവെന്നത് സത്യം.

ഇപ്രകാരം രക്തസാക്ഷിത്വം അതിന്റെ വിവിധ രൂപങ്ങളിൽ അനുഭവിച്ച നിരവധിയാളുകൾ നമ്മുടെ ഭാരതത്തിൽ ഈ നൂറ്റാണ്ടിലും ഉണ്ടെന്നുള്ളതിനു നാമെല്ലാവരും സാക്ഷികളാണ്. 2025-ലെ ജൂബിലി വർഷം കണക്കിലെടുത്ത് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത ഒരു മഹത്തരമായ കാര്യം ഇപ്രകാരം, സുവിശേഷത്തിനു ഈ നൂറ്റാണ്ടിൽ ജീവൻ വെടിഞ്ഞവരെപ്പറ്റിയുള്ള വിവര ശേഖരണമാണ്.

‘രക്തസാക്ഷിത്വം’ എന്ന പദത്തിന്‍റെ ഗ്രീക്ക് മൂലത്തിന് ‘സാക്ഷ്യം’ എന്നു കൂടി അർത്ഥമുണ്ട്. സാക്ഷ്യത്തിന്‍റെ പാത ജീവത്യാഗത്തോളം നയിച്ചേക്കാം. സാക്ഷ്യം നൽകാത്ത ക്രൈസ്തവനെ മനസിലാക്കാനാവില്ല. ഒരുപാട് ആശയങ്ങളും, ദൈവശാസ്ത്ര ചിന്തകളും, കുറേ നല്ല കാര്യങ്ങളും, കൽപനകളും മാത്രം  ഉള്ള ഒരു മതവിഭാഗമല്ല നമ്മൾ. യേശു ക്രിസ്തുവിനെ അനുഗമിക്കുന്ന, ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന, -സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന- ഒരു ജനമാണ് നാം. ക്രിസ്തു സാക്ഷ്യത്തെ പ്രതി ജീവൻ ത്യജിക്കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. ഇവയെ സ്വീകരിക്കുമ്പോഴാണ് ക്രിസ്ത്യാനി എന്ന വാക്കിനു പോലും നാം യഥാർത്ഥത്തിൽ അർഹരായി തീരുന്നതെന്നാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്.

രക്തസാക്ഷികളുടെ കാലഘട്ടം  ഇനിയും അവസാനിച്ചിട്ടില്ല; ആദ്യ നൂറ്റാണ്ടുകളിലേതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇപ്പോൾ സഭയിലുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുവിശേഷം ഇന്ന് വീടുകളിൽ പോലും ജീവിക്കുന്നതിനു രക്തസാക്ഷികളായി മാറേണ്ടുന്ന സാഹചര്യമാണ് നിരവധി സ്ഥലങ്ങളിൽ. എന്നാൽ ഈ രക്തസാക്ഷിത്വം പുഞ്ചിരിയോട് കൂടി സ്വീകരിക്കുന്ന അനേകായിരങ്ങൾ, തങ്ങളുടെ നിശബ്ദതയിൽ മന്ത്രിക്കുന്നതും പ്രാർത്ഥന മാത്രമാണ്. ഇപ്രകാരം ഒഴുക്കിനെതിരെ നീന്തിക്കൊണ്ട്, ദൈവരാജ്യത്തിനുവേണ്ടി രക്തസാക്ഷികളാകുവാനുള്ള വിളി നമുക്കും സ്വീകരിക്കാം. നമ്മെ ധൈര്യപ്പെടുത്തുന്നവൻ കർത്താവ് മാത്രമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2024, 13:37