യഥാർത്ഥ ധനം, ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്രയും ദൈവാരാജ്യവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ മത്തായിയുടെ സുവിശേഷം പത്തൊൻപതാം അദ്ധ്യായത്തിലും (മത്തായി 19, 23-30), വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തിലും (മർക്കോസ് 10, 17-31) വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിലും (ലൂക്കാ 18, 18-30) ഏതാണ്ട് ഒരേപോലെ എഴുതപ്പെട്ടിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. നിത്യജീവൻ അവകാശമാക്കാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ താൻ എന്ത് ചെയ്യണമെന്ന ചോദ്യവുമായി ധനികനായ ഒരു യുവാവ് യേശുവിന് മുന്നിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ധനവും ദൈവരാജ്യപ്രവേശനവുമായി ബന്ധപ്പെട്ട ഈ ചിന്തകൾ ഉയർന്നുവരുന്നത്. എല്ലാം കടന്നുപോകുന്ന ഈ ലോകത്തിനപ്പുറം, നിത്യം നിലനിൽക്കാത്ത ഭൗമികസമ്പത്തിനും ഇഹലോകജീവിതത്തിനുമപ്പുറം, അവസാനമില്ലാതെ നിത്യതയിൽ നിലനിൽക്കുന്നത് എന്താണെന്നും, അത് സ്വന്തമാക്കാനും അതിന്റെ ഭാഗമാകാനും നാം എന്താണ് ചെയ്യേണ്ടതെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ സുവിശേഷഭാഗം.
രക്ഷയിലേക്കുള്ള ദുഷ്‌കരമായ മാർഗ്ഗം
ജോബിന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിലും (ജോബ് 1, 10), നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനത്തിലും, ഏശയ്യായുടെ മൂന്നാം അദ്ധ്യായത്തിലും (ഏശയ്യാ 3, 10) തുടങ്ങി, പഴയനിയമത്തിന്റെ വിവിധ ഭാഗങ്ങളിൽ, മനുഷ്യർക്ക് അനുഗ്രഹമായി സമ്പത്തും അധ്വാനത്തിന്റെ ഫലവും നൽകുകയും, അവരുടെ സമ്പത്തിനെ സംരക്ഷിക്കുകയും, പലപ്പോഴും അത് വർദ്ധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന, നീതിമാന്മാരായ മനുഷ്യർക്ക് തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കാൻ സാധിക്കുമെന്ന് ഉറപ്പുനൽകുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ നമുക്ക് കാണാൻ സാധിക്കും. പലരും തെറ്റായി കരുതുന്നതുപോലെ, ഇതിനോട് കടകവിരുദ്ധമായ ഒരു ചിന്തയൊന്നുമല്ല സുവിശേഷത്തിൽ യേശു കൊണ്ടുവരുന്നത്. മാത്രവുമല്ല, സമ്പത്തിനെ അതിൽത്തന്നെ ഒരു തിന്മയായി സുവിശേഷമോ വിശുദ്ധഗ്രന്ഥത്തിൽ ഏതെങ്കിലും ഒരു ഭാഗമോ വിശേഷിപ്പിക്കുന്നുമില്ല. എന്നാൽ രക്ഷ നേടുക എന്നത് മനുഷ്യന് അസാധ്യമായ ഒരു കാര്യമാണെന്നാണ് സമാന്തരസുവിശേഷങ്ങൾ മൂന്നും പങ്കുവയ്ക്കുന്ന ഈ സുവിശേഷഭാഗത്ത് യേശു പ്രസ്താവിക്കുന്നത്.
ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു ധനികൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്ന യേശുവിന്റെ തിരുവചനം ഏറെ ശക്തമായ ഒരു പ്രഖ്യാപനമാണ്. സ്വർഗ്ഗരാജ്യത്തിന്റെ വാതിൽക്കലോളം, ക്രിസ്‌തുവിന്റെ അരികോളമെത്തിയിട്ട് തന്റെ സുഖലോലുപതയിലേക്ക് തിരികെ പോകുന്ന ധനവാനായ ആ യുവാവ്, യേശുവിന്റെ വാക്കുകളെ തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത് നാം കാണുന്നുണ്ട്. ദൈവത്തിന്റേതായി മാറാൻ, ദൈവത്തോട് ചേർന്ന് നിന്ന്, പൂർണ്ണമായ സേവനത്തിന്റെ ശൈലി സ്വന്തമാക്കാൻ സമ്പത്ത് ഒരു പ്രതിബന്ധമായേക്കാം എന്ന ഒരു ചിന്തയാണ് യേശു ഇവിടെ പങ്കുവയ്ക്കുന്നത്.
ദൈവകൃപയും സ്വർഗ്ഗരാജ്യപ്രവേശനവും
ധനവും, ആരോഗ്യവും, അധികാരവും, കഴിവുകളും ഒക്കെ മനുഷ്യരിൽ ഒരുതരം തെറ്റായ സുരക്ഷിതത്വബോധം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ, എന്റെ ജീവിതവും, എനിക്കുള്ളതും ഉപയോഗിച്ച്, മറ്റാരുടെയും സഹായമില്ലാതെ സുഖമായി ജീവിക്കാം എന്നും, സ്വർഗ്ഗരാജ്യം സ്വന്തമാക്കാമെന്നുമുള്ള ചിന്ത ചിലപ്പോഴെങ്കിലും നമ്മിലുണ്ടായേക്കാം. എന്നാൽ, ജീവനും, നമ്മുടേതെന്ന് നാം കരുതുന്നവയുമെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണമെന്ന് തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. അതേസമയം, മനുഷ്യന്റെ ഇശ്ചയോ, ബലമോ, കരവിരുതോ മാത്രം കൊണ്ട് അവകാശപ്പെടാനോ, സ്വന്തമാക്കാനോ സാധിക്കാത്ത നിത്യജീവനും സ്വർഗ്ഗരാജ്യവും സൗജന്യമായി നമുക്ക് നൽകാൻ ദൈവത്തിന് സാധിക്കുമെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു: "മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്" (മത്തായി 19, 26; മർക്കോസ് 10, 27; ലൂക്കാ 18, 27). രക്ഷ സ്വന്തമാക്കുക എന്നത് ദൈവത്തിന്റെ നന്മയിലും ഹിതത്തിലും ആശ്രയിച്ചിരിക്കുന്നുവെന്നും, ദൈവം ഒരു കൃപയായാണ്, ദാനമായാണ് അത് നമുക്ക് നൽകുന്നതെന്നും തിരിച്ചറിയാനുള്ള ബോധ്യമാണ് ഈ തിരുവചനവിചിന്തനം നമുക്ക് നൽകേണ്ടത്.
മുമ്പന്മാർ പിമ്പന്മാരാകുന്ന ദൈവരാജ്യം
ധനവും, സ്ഥാനമാനങ്ങളും, ആരോഗ്യവും സൗന്ദര്യവും ഉള്ളവർക്ക് വില കൽപ്പിക്കുന്ന സാധാരണ ചിന്തഗതിയിൽനിന്ന് വിഭിന്നമായ ഒരു സാമൂഹ്യക്രമമാണ് സ്വർഗ്ഗരാജ്യത്തിന്റേതെന്ന് ഈ സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ദൈവപുത്രന്റെ മഹത്വത്തിന്റെ സിംഹാസനത്തോട് ചേർന്ന് നിൽക്കാനുള്ള കൃപ ലഭ്യമാകണമെങ്കിൽ ഈ ജീവിതത്തിൽത്തന്നെ നാം സ്വർഗ്ഗരാജ്യത്തിന്റേതായ, എളിമയുടേതായ, മനോഭാവം സ്വന്തമാക്കി ജീവിക്കേണ്ടതുണ്ടെന്ന് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നു. "സ്വന്തമായവയെല്ലാം ഉപേക്ഷിച്ച്, നിന്നെ അനുഗമിക്കുന്ന ഞങ്ങൾക്ക് എന്താണ് കിട്ടുക?" (മത്തായി 19, 27; മർക്കോസ് 10, 28; ലൂക്കാ 18, 28) എന്ന, യേശുവിനോടുള്ള പത്രോസിന്റെ ചോദ്യത്തിൽത്തന്നെ, യേശുവിന് മുന്നിൽ സ്വീകാര്യരാകുവാനുള്ള രഹസ്യമാർഗ്ഗം നമുക്ക് കാണാം. ദൈവദാനമായി തങ്ങൾക്ക് ലഭിച്ചവയും, തങ്ങളുടെ കഴിവും ആരോഗ്യവും അദ്ധ്വാനവും കൊണ്ട് നേടിയവയും, തങ്ങൾക്ക് സ്വന്തമായതെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിൻചെന്നവരാണ് യേശുവിന്റെ ശിഷ്യന്മാർ. നമ്മുടെ സമൂഹങ്ങളിലും സഭയിലും രാഷ്ട്രത്തിലുമൊക്കെ, ഏതു വിധേനയും , കൊണ്ടും കൊടുത്തും സ്വാധീനിച്ചും വിധേയത്വം കാണിച്ചും, സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും സ്വന്തമാക്കാനും, മറ്റുള്ളവരുടെ മുന്നിൽ വലിയവരാകാനും ശ്രമിക്കുന്ന മനുഷ്യരെ നാം കാണാറുണ്ട്. എന്നാൽ അങ്ങനെയുള്ള മനുഷ്യർക്ക്, സ്വർഗ്ഗത്തിന് മുന്നിൽ, ദൈവത്തിന് മുന്നിൽ വിലയുണ്ടാകില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യർ കാണുന്ന കണ്ണുകൾകൊണ്ടല്ല ദൈവം മനുഷ്യരെ കാണുന്നതെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. ദൈവികമായ ബോധ്യങ്ങളിൽ വളരാൻ, സ്വയം വലുതാകാൻ ശ്രമിക്കുന്നവർ ചെറുതായിപ്പോകുന്ന സ്വർഗ്ഗത്തിന്റെ ന്യായം മനസ്സിലാക്കാൻ, ദൈവപുത്രനായ ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിയേ പിൻചെല്ലാൻ സാധിക്കുമെങ്കിൽ ക്രിസ്തുശിഷ്യന്മാരെപ്പോലെ നമ്മളും ദൈവത്തിന് സ്വീകാര്യരാകും.
ശ്ലീഹന്മാരും സിംഹാസനവും
എല്ലാം ഉപേക്ഷിച്ച് ദൈവപുത്രനായ തന്നെ പിന്തുടരുന്ന ശിഷ്യന്മാർക്ക് ഇസ്രയേൽ ഗോത്രങ്ങളെ വിധിക്കാനുള്ള അവകാശമാണ് ക്രിസ്തു നൽകുന്നത്. ഈ സിംഹാസനങ്ങൾ, മനുഷ്യപുത്രന്റെ മഹത്വത്തിന്റെ സിംഹാസനത്തോട് ചേർന്നുള്ളവയാണെന്ന് നാം മറന്നുപോകരുത്. പുനർജീവിതത്തിൽ മനുഷ്യപുത്രന്റെ സാമീപ്യത്തിലുള്ള നിത്യജീവനെന്ന കൃപ, സ്വന്തമാക്കണമെങ്കിൽ, ക്രിസ്തു കാണിച്ചുതരുന്ന, സ്വയം ശൂന്യമാക്കലിന്റെ, ശുശ്രൂഷയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ വഴിയിൽ, ക്രിസ്തുവിന് പിന്നാലെയുള്ള ഒരു തീർത്ഥയാത്രയാക്കി നമ്മുടെ ജീവിതത്തെ മാറ്റാൻ നമുക്ക് കഴിയണം.
പത്രോസ് ശ്ലീഹ, തന്റെ ഒന്നാം അദ്ധ്യായത്തിൽ (1 പത്രോസ് 1, 3-7) ഈ ലോകത്തിന്റെ പരീക്ഷണങ്ങളെയും, അഗ്നിശോധനകളെയും അതിജീവിക്കുന്ന വിശ്വാസത്തോടെ ജീവിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സ്വർഗ്ഗരാജ്യത്തിലേക്ക്, അക്ഷയവും, കളങ്കരഹിതവും, ഒളിമങ്ങാത്തതുമായ നമ്മുടെ അവകാശത്തിലേക്ക്, പിതാവായ ദൈവം തന്റെ കാരുണ്യത്താൽ നമ്മെ ഉത്ഥാനം വഴി വീണ്ടും ജനിപ്പിക്കുമെന്ന് വിശുദ്ധ പത്രോസ് ഉറപ്പുനൽകുന്നു.
യേശുവിന്റെ പിന്നാലെ ചരിക്കാനുള്ള വിളി
ദൈവരാജ്യമെന്ന നിത്യതയുടെ സൗഭാഗ്യത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന, ദൈവപുത്രന്റെ ശിഷ്യരായി അവന്റെ മാർഗ്ഗം പിഞ്ചെല്ലുന്നുവെന്ന് അഭിമാനിക്കുന്ന നമുക്ക് ഇന്നത്തെ തിരുവചനഭാഗങ്ങളുടെ അർത്ഥം ഉൾക്കൊണ്ട്, ദൈവികമായ വിരക്തിയിലും, എളിമയിലും ജീവിക്കാനുള്ള നമ്മുടെ വിളി തിരിച്ചറിയാൻ പരിശ്രമിക്കാം. നമ്മുടെ ജീവനും, നമുക്കുള്ളതും ദൈവത്തിന്റെ ദാനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം. നിത്യജീവനെന്ന യഥാർത്ഥ സമ്പത്താകട്ടെ നമ്മുടെ ലക്ഷ്യം. മണ്ണിനേക്കാൾ വിലയുള്ള വിണ്ണിൽ, സ്വർഗ്ഗരാജ്യത്തിൽ, ഒരിടം നേടാനുള്ള പ്രാർത്ഥനയും പരിശ്രമവുമാകട്ടെ നമ്മുടെ ജീവിതം. നിത്യജീവനെന്ന ലക്ഷ്യത്തിന് തടസ്സമാകുന്നതൊന്നും നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കട്ടെ. വിധിദിനത്തിൽ, പരിശുദ്ധ അമ്മയ്ക്കും വിശുദ്ധർക്കുമൊപ്പം ദൈവത്തിന്റെ പക്ഷത്ത് നിൽക്കാൻ, കർത്താവിന് സ്വീകാര്യരായ മനുഷ്യരായി എണ്ണപ്പെടാൻ, നിത്യരക്ഷ നേടാൻ, നിത്യജീവൻ സ്വന്തമാക്കാൻ ദൈവം നമ്മിൽ കനിവാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: