മിഷനറി ദൗത്യത്തിനായി നൈജീരിയൻ വൈദികർ അയയ്ക്കപ്പെടുന്നു(ഫയൽചിത്രം) മിഷനറി ദൗത്യത്തിനായി നൈജീരിയൻ വൈദികർ അയയ്ക്കപ്പെടുന്നു(ഫയൽചിത്രം)  (Nigeria Catholic Network)

നൈജീരിയയിൽ നാല്പത് പുതിയ ഡീക്കന്മാർ

നൈജീരിയയിലെ ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ നാൽപ്പതു വൈദികവിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. 780 സെമിനാരിക്കാരാണ് ഇതേ സെമിനാരിയിൽ പഠനം നടത്തിവരുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഫ്രിക്കയിൽ ദൈവവിളികളുടെ എണ്ണം വർധിക്കുന്നുവെന്നതിനു തെളിവായി, നൈജീരിയയിലെ, എനുഗു നഗരത്തിലെ  ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കിടെ നാല്പതു സെമിനാരി വിദ്യാർത്ഥികൾ,  ഡീക്കൻ പട്ടം സ്വീകരിച്ചു. ഇതേ സെമിനാരിയിൽ പൂർവ്വവിദ്യാർത്ഥിയായിരുന്ന, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി ആർച്ചുബിഷപ്പ് ഫോർത്തുനാത്തൂസ് നവാച്ചുക്വുവാണ് കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത്. എഴുനൂറ്റി എൺപതോളം സെമിനാരിക്കാരാണ് ഇതേ സെമിനാരിയിൽ, തത്വശാസ്ത്രം മറ്റും ദൈവശാസ്ത്രം പഠിച്ചുകൊണ്ട് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഈ 100 വർഷത്തെ ചരിത്രത്തിനിടയിൽ, 4 കർദ്ദിനാൾമാരും 14 ആർച്ച് ബിഷപ്പുമാരും 37 ബിഷപ്പുമാരും നിരവധി വൈദികരും ഇതേ സെമിനാരിയിൽ പരിശീലനം നേടിക്കൊണ്ട് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്യുന്നു. സെമിനാരിയുടെ നല്ല പ്രവർത്തനങ്ങളുടെ ഫലമാണ് ഡീക്കൻ പട്ടം സ്വീകരിച്ച നാല്പതുപേരുടെ ജീവിതമെന്നു സന്ദേശത്തിൽ ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു. വംശപരമ്പരകളാൽ നിർവചിക്കപ്പെടാത്ത ഒരു പീഠത്തിലേക്ക് ഉയർത്തപ്പെടുന്നതിനാൽ, ഡീക്കന്മാർ സ്വീകരിക്കുന്ന ഉന്നതമായ അനന്യതയെയും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

വിളിക്കപ്പെടുന്ന വിളിക്ക് യോഗ്യമായ ഒരു ജീവിതം നയിക്കാനും, വിനയത്തോടും സൗമ്യതയോടും ക്ഷമയോടും എല്ലാക്കാര്യങ്ങളെയും സമീപിക്കുന്നതിനും  ആർച്ചുബിഷപ്പ് സെമിനാരിക്കാരെ ആഹ്വാനം ചെയ്തു. പ്രാദേശിക സഭയിൽ പൗരോഹിത്യ പരിശീലനത്തിന് പിന്തുണ നൽകുന്നതിനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായ ജീൻ ബിഗാർഡിന്റെ  സ്മരണാർത്ഥമാണ്, സെമിനാരിക്ക് ബിഗാർഡ് മെമ്മോറിയൽ സെമിനാരി എന്ന പേര് നൽകിയിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2024, 11:20