നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സെമിനാരി റെക്ടർ മോചിതനായി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്‌ടോബർ 27 ഞായറാഴ്ച, തെക്കൻ നൈജീരിയയിലെ എഡോ സ്‌റ്റേറ്റിലെ, ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നിന്നും സ്വയം അക്രമികൾക്ക് കീഴടങ്ങുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്ത റെക്ടർ ഫാ. തോമസ് ഒയോടിനെ മോചിപ്പിച്ചു. പതിനൊന്നു ദിവസങ്ങൾ അക്രമികളുടെ തടങ്ങളിൽ കഴിഞ്ഞ റെക്ടർ, ഇപ്പോൾ വിവിധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ കഴിയുകയാണെന്നും ഔച്ചി രൂപതയുടെ അധികാരികൾ അറിയിച്ചു.
സെമിനാരി ആക്രമിച്ചതിന് ശേഷം രണ്ടു സെമിനാരിക്കാരെ ബന്ദികളാക്കിയ അക്രമികളോട്, അവരെ വിട്ടയക്കണമെന്നും, പകരം തന്നെ ബന്ദിയാക്കണമെന്നും പറഞ്ഞു കൊണ്ട് സ്വയം കീഴടങ്ങിയ ധീരനായ വൈദികനാണ് ഫാ. തോമസ്. നവംബർ ഏഴാം തീയതി, ഫാ. തോമസ്, മോചിതനായ നവംബർ ഏഴാം തീയതി, തന്റെ പൗരോഹിത്യത്തിന്റെ ഒൻപതാം വാർഷികം കൂടി ആഘോഷിക്കുന്നത്, സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നു.
എന്നാൽ നൈജീരിയയിലെ, ഒർലു രൂപതയിലെ ഫാ. ക്രിസ്റ്റ്യൻ ഉചെഗ്ബു, ഇമോ സ്റ്റേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ അസുബ്യൂക്ക് എന്നിവരെ ഇനിയും മോചിപ്പിക്കുവാനുണ്ട്. കഴിഞ്ഞ വർഷങ്ങളിലായി നിരവധി വൈദികരെയും സന്യസ്തരെയും നൈജീരിയയിൽ തട്ടിക്കൊണ്ടുപോകുകയും, നിരവധി ദിവസങ്ങൾ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: