തിരയുക

കോവിഡ് മഹാമാരിയുടെ ദിനങ്ങളിൽ ആരോഗ്യപ്രവർത്തകർ കോവിഡ് മഹാമാരിയുടെ ദിനങ്ങളിൽ ആരോഗ്യപ്രവർത്തകർ   (2021 Getty Images)

പരസ്പര പരിചരണമാണ് സമാധാനത്തിലേക്കുള്ള മാർഗം

2021 ലെ അൻപത്തിനാലാമത് ആഗോള സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആയുധങ്ങൾക്ക് പകരം കാരുണ്യത്തിന്റെ കരം നീട്ടിക്കൊണ്ട്, പട്ടിണിയെ നിരോധിക്കുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വവും, മഹാമാരികളുടെ ഭയപ്പെടുത്തുന്ന അനുഭവങ്ങൾക്ക് മദ്ധ്യേ മറ്റുള്ളവരെ കൂടി ചേർത്ത് നിർത്തിക്കൊണ്ട്, പരിചരണത്തിന്റെ ഒരു സംസ്കാരവും ഓർമ്മപ്പെടുത്തിക്കൊണ്ടാണ്, അൻപത്തിനാലാമത് ലോകസമാധാനദിനത്തിനുള്ള സന്ദേശം ഫ്രാൻസിസ് പാപ്പാ നൽകുന്നത്. 'പരിചരണസംസ്കാരം സമാധാനത്തിലേക്കുള്ള പാത' എന്ന സന്ദേശത്തിന്റെ ശീർഷകം പോലും, ഏറെ അർത്ഥവത്താണ്. എല്ലാവരുടെയും അന്തസും, നന്മയും സംരക്ഷിക്കുവാനും, സമൂഹത്തിൽ ഏറ്റവും ദുർബലരായവരെ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള അവസരം നൽകുന്നതിനും, അനുകമ്പ, അനുരഞ്ജനം, രോഗശാന്തി, ബഹുമാനം, സ്വീകാര്യത എന്നിവയിൽ താൽപ്പര്യമുള്ളവരായിരിക്കുവാൻ എല്ലാവരെയും പാപ്പാ തന്റെ സന്ദേശത്തിലൂടെ ക്ഷണിക്കുന്നു.  കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരെ  മാത്രമല്ല, മറിച്ച് രാഷ്ട്രത്തലവന്മാരെയും, മേധാവികളെയും, അന്താരാഷ്‌ട്ര സംഘടനകളെയും, ആത്മീയ നേതാക്കളെയും, വിവിധ മതങ്ങളിലെ വിശ്വാസികളെയും, ഇച്ഛാശക്തിയുള്ള എല്ലാവരെയും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

ലോകം മുഴുവൻ തങ്ങളുടെ ക്ഷണികതയും, ദുർബലതയും തിരിച്ചറിഞ്ഞ ഒരു കാലഘട്ടമായിരുന്നു കോവിഡ് മഹാമാരിയുടെ സമയം. ഈ ദുരിതത്തിന്റെ നടുവിലാണ്, ഫ്രാൻസിസ് പാപ്പാ, തന്റെ സന്ദേശത്തിൽ ആരെയും ഒഴിവാക്കരുതെന്ന അഭ്യർത്ഥനയുമായി കടന്നുവരുന്നത്. രോഗത്തിന്റെ പേരിൽ പരസ്പരമുള്ള ദൂരം വർദ്ധിക്കുകയും, ഒരു കുടുംബത്തിൽ തന്നെ അംഗങ്ങൾ തങ്ങളുടെ സ്വകാര്യതയിലേക്ക് ചുരുങ്ങുകയും ചെയ്ത ഒരു കാലഘട്ടമെന്ന നിലയിൽ, തുടർന്ന് തിരികെ ഐക്യത്തിലേക്ക് കടന്നുവരണമെന്ന പാപ്പായുടെ ആഹ്വാനം ഏറെ പ്രാധാന്യമർഹിക്കുന്നു. മഹാമാരിയുടെ പുറകിൽ മനുഷ്യൻ അനുഭവിച്ചതും അനുഭവിക്കുന്നതുമായ നിരവധി പ്രശ്നങ്ങളെയും പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുകാണിക്കുന്നുണ്ട്. വളരെ പ്രത്യേകമായി, കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങൾ, ഭക്ഷണലഭ്യതയില്ലായ്മ, സാമ്പത്തികപ്രതിസന്ധികൾ, കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ, എന്നിങ്ങനെ സമൂഹത്തിന്റെ  വിവിധ മേഖലകളെ ബാധിക്കുന്ന പ്രശ്നങ്ങളെ പാപ്പാ എടുത്തു കാണിക്കുന്നു. ഒപ്പം മഹാമാരി കാലങ്ങളിൽ, നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട്, സാഹോദര്യം വീണ്ടെടുക്കുവാൻ അധ്വാനം ചെയ്ത ആളുകളെയും പാപ്പാ നന്ദിയോടുകൂടി സന്ദേശത്തിൽ സ്മരിക്കുന്നു. ഒപ്പം, മാറ്റിനിർത്തലിന്റെ മറ്റൊരു വശവും പാപ്പാ എടുത്തു പറയുന്നു. ഇത്തരുണത്തിൽ ഫ്രാൻസിസ് പാപ്പാ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട്, തന്റെ സന്ദേശം സമർപ്പിക്കുന്നു.

പരിചരണം എല്ലാ മനുഷ്യരും സ്രഷ്ടാവിൽ നിന്നും സ്വീകരിച്ചിരിക്കുന്ന ഒരു വിളിയാണെന്ന വാചകത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. ഇവിടെ വിളി എന്നതുകൊണ്ട്, പാപ്പാ വിവക്ഷിക്കുന്നത് ഒരു പിതൃതുല്യമായ ക്ഷണമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ കൂട്ടിച്ചേർക്കുന്ന മറ്റു രണ്ടു ബന്ധങ്ങളാണ്, പ്രകൃതിയോടും, സഹജരോടുമുള്ള മനുഷ്യന്റെ സ്നേഹബന്ധം. ഇത് ദൈവം തന്നെ നമ്മെ ഭരമേല്പിച്ചിരിക്കുന്ന ഒരു ഉത്തരവാദിത്വമായതിനാൽ,  അഭംഗുരം കാത്തുസൂക്ഷിക്കുവാനുള്ള നമ്മുടെ കടമയെ പാപ്പാ ഓർമ്മപ്പെടുത്തുന്നു. ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ? എന്ന കായേന്റെ ചോദ്യം പോലും, ഈ ഉത്തരവാദിത്വത്തെയാണ് സ്മരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആധുനികയുഗത്തിന്റെ നിർവചനത്തിൽ, ശരിക്കും ബന്ധങ്ങൾ അയഞ്ഞുപോകുന്നത്, നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തിന്മയാണെന്ന ഓർമ്മപ്പെടുത്തലും പാപ്പാ നടത്തുന്നു.

ഈ പരിചരണ മനോഭാവം നമ്മിൽ വളർത്തിയെടുക്കുവാൻ ഉത്തമ മാതൃക ദൈവം തന്നെയാണെന്നുള്ളതാണ് ഫ്രാൻസിസ് പാപ്പാ തുടർന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. സൃഷ്ടിച്ചവൻ, തുടർന്ന് പരിപാലകന്റെ കർത്തവ്യം വഹിക്കുന്നു. 'വാ കീറിയവൻ വയറു നിറയ്ക്കുമെന്നൊക്കെ', പ്രായമായവർ ഇന്നത്തെ തലമുറയിലെ ആളുകളെ ഉപദേശിക്കുമ്പോൾ, അവരുടെ ജീവിതത്തിൽ സ്രഷ്ടാവിന്റെ ഈ പരിപാലന അനുഭവിച്ചതിന്റെ ബോധ്യത്തിൽ നിന്നുമാണ് സംസാരിക്കുന്നത്. ഈ പരിപാലനയുടെയും, സുരക്ഷയുടെയും ദൈവീക വലയത്തിൽ എല്ലാവർക്കും സ്ഥാനം ഉണ്ടെന്നതും ഏറെ പ്രധാനപ്പെട്ടതാണ്. 

സ്രഷ്ടാവിന്റെ പരിചരണത്തിന്റെ അടിസ്ഥാനമായി പാപ്പാ പറയുന്ന രണ്ടു ഘടകങ്ങൾ: സൃഷ്ടിയുടെ അലംഘനീയമായ അന്തസ്സും, സൃഷ്ടികളുടെ മൈത്രിയുമാണ്. ഈ അന്തസും മൈത്രിയും സംരക്ഷിക്കുന്നതിന് തന്നെയാണ് ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്. സാബത്ത് ആചരണവും, ജൂബിലി ആഘോഷവുമെല്ലാം, ഇപ്രകാരം ദൈവീക പരിചരണത്തിന്റെ മഹനീയതയെ ഓർമ്മിപ്പിക്കുന്നതാണ്, ഒപ്പം ആ പരിചരണം ജിവിതത്തിൽ പുലർത്തുവാനുള്ള ക്ഷണവും. 2025 ജൂബിലി വർഷത്തോടനുബന്ധിച്ചും, ഇപ്രകാരം സൃഷ്ടിയുടെ അന്തസും, മൈത്രിയും സംരക്ഷിച്ചുകൊണ്ട് പരസ്പര പരിചരണത്തിന്റെ ഒരു ജീവിതം പുലർത്തുവാനാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. പാവങ്ങൾക്ക് നീതി നടത്തിക്കൊടുക്കുവാനും, കരയുന്നവരുടെ  കണ്ണീരൊപ്പുവാനും നിസ്സഹായരായവരുടെ നിലവിളികളെ ശ്രദ്ധിക്കുവാനും ദൈവം മനസാകുന്നതുപോലെ, നാം മറ്റുള്ളവരുടെ കാര്യത്തിൽ തത്പരരാകണമെന്നുള്ള കാര്യവും പാപ്പാ അടിവരയിട്ടു പറയുന്നു. പഴയനിയമത്തിൽ ദൈവത്തിന്റെ ഈ കരുണാർദ്രമായ പരിചരണം, നിരവധിയാളുകളിലൂടെയാണ് സംലഭ്യമായിരുന്നതെങ്കിൽ, പുതിയ നിയമത്തിൽ, തന്റെ പുത്രനെ അയച്ചുകൊണ്ട് ദൈവീക കരുണയുടെ മനുഷ്യാവതാരം അവിടുന്ന് നടത്തുന്നു. "ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ വർണ്ണ്യമോ? പരമസമ്പന്നനീ ധരണിയിലേറ്റം ദരിദ്രനായ് തീർന്നു സ്വമനസ്സാ നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി ധരിച്ചതും ചെറിയ സംഗതിയോ?" എന്ന ഗീതത്തിന്റെ ഈരടികൾ, യേശുവിന്റെ ജീവിതത്തിന്റെ മാഹാത്മ്യം വർണ്ണിക്കുന്നതാണ്.

ദരിദ്രനായി തീർന്നുകൊണ്ട് മനുഷ്യനെയും, സകല ചരാചരങ്ങളെയും പാലിക്കുന്നയേശുവിന്റെ ഇഹലോക വാസപ്രേക്ഷിത ദൗത്യം തുടരുവാനുള്ള വിളിയാണ് തുടർന്ന് പാപ്പാ തന്റെ സന്ദേശത്തിൽ വിവരിക്കുന്നത്. ആദ്യ ക്രൈസ്തവ സമൂഹത്തിൽ ഇപ്രകാരം, ആത്മീയമായും ഭൗതീകമായും കാരുണ്യപ്രവൃത്തികളിലൂടെ സകലരെയും ഒന്നിപ്പിച്ച ചരിത്രവും പാപ്പാ അടിവരയിട്ടു പറയുന്നു. ഏവർക്കും തങ്ങളുടെ സ്വീകാര്യത അനുഭവപ്പെട്ടിരുന്ന ഒരു സമൂഹമായിരുന്നു ആദ്യ ക്രൈസ്തവ സഭ. പരസ്പരം പങ്കുവച്ചും, ത്യാഗങ്ങൾ ചെയ്തും ഏവരോടും ചേർന്ന് സൗഹൃദം പുലർത്തിയിരുന്ന സമൂഹം എന്നാൽ കാലക്രമേണ, ഈ സാമൂഹിക അന്തരീക്ഷത്തിൽ നിന്നും സ്വന്തം താത്പര്യങ്ങളിലേക്കുള്ള ഒരു ചുരുങ്ങലിനു വിധേയമായി എന്നുള്ളതും പാപ്പാ വളരെ ഹൃദയ വേദനയോടെ പങ്കുവച്ചു.

പൊതുവായ നന്മയ്ക്കുവേണ്ടി സഭ തന്റെ സ്വത്തുക്കൾ പങ്കുവയ്ക്കുന്ന വിശാലമായ കാഴ്ചപ്പാടിലേക്കാണ് പാപ്പാ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. സഭയുടെ സാമൂഹ്യ സിദ്ധാന്തം ഇപ്രകാരം, പരിചാരണത്തിന്റെ ഒരു സംസ്കാരം രൂപപ്പെടുത്തുന്നതിനും, വളർത്തിയെടുക്കുന്നതിനും പാപ്പാ ആഹ്വാനം ചെയ്യുന്നു.

'ദിയാക്കോണിയ' (diaconia)  എന്ന ലത്തീൻ പദം സഭയുടെ സാമൂഹ്യ സേവന മാർഗത്തിന്റെ ഹൃദയ സ്പന്ദനം ആയിരിക്കണമെന്നാണ് പാപ്പാ ആവശ്യപ്പെടുന്നത്. ഇതിന്റെ മലയാള അർത്ഥം  ശുശ്രൂഷ എന്നുള്ളതാണ്.  ഇത് പരിചരിക്കുക എന്ന വ്യാകരണത്തിലേക്ക് കടന്നുകൊണ്ട്, എല്ലാവരുടെയും നല്ല ജീവിതത്തിനു ഉതകും വിധം വ്യാപിക്കണമെന്നും പാപ്പാ ആവശ്യപ്പെടുന്നു. ഓരോ വ്യക്തിയുടെയും അന്തസ്സിൻ്റെ ഉന്നമനം; ദരിദ്രരോടും പ്രതിരോധശക്തിയില്ലാത്തവരോടുമുള്ള  ഐക്യദാർഢ്യം; പൊതുനന്മയെക്കുറിച്ചുള്ള ഉത്കണ്ഠ; സൃഷ്ടിയെ സംരക്ഷിക്കുന്നതിലുള്ള വ്യഗ്രത" എന്നിങ്ങനെ നാല് തരത്തിലുള്ള ആശയങ്ങളാണ് പാപ്പാ തന്റെ സന്ദേശത്തിൽ പരിചരണം എന്ന അടിസ്ഥാനത്തിൽ ഉന്നയിക്കുന്നത്.

ഓരോ വ്യക്തിയുടെയും അന്തസ്സിൻ്റെ ഉന്നമനം എന്നാൽ മനുഷ്യന്റെ സമഗ്രമായ വികസനത്തിന് സ്വാതന്ത്ര്യം നൽകുകയും, അതിനുള്ള സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്. ഉപയോഗത്തിനുവേണ്ടി മാത്രം മനുഷ്യനെ സമീപിക്കുന്ന രീതി തെറ്റാണെന്നും, മറിച്ച് അവന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട്, അവനു ജീവിതത്തിൽ പ്രാധാന്യം നൽകുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

പൊതുനന്മയെക്കുറിച്ചുള്ള ഉത്കണ്ഠ പരിചരണ മനോഭാവത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാതെ  എല്ലാവരെയും ഒരുമിച്ചുകൂട്ടിക്കൊണ്ട്, അവരുടെ നന്മ നേടിയെടുക്കുന്നതിലാണ്, രാഷ്ട്രീയവും, സാമ്പത്തികവും അതിന്റെ വിജയം കണ്ടെത്തുന്നതെന്ന മഹത്തായ ആശയമാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്. നമ്മുടെ ഓരോ പ്രവർത്തനങ്ങളും മറ്റുള്ളവരുടെ ജീവിതത്തിൽ ചെലുത്തുന്ന നല്ലതും മോശമായതുമായ സ്വാധീനങ്ങളെ കുറിച്ചുള്ള അവബോധവും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. നമ്മൾ ഒരേ കപ്പലിൽ യാത്ര ചെയ്യുന്ന അംഗങ്ങൾ ആണെന്നുള്ള തിരിച്ചറിവ് മഹാമാരിയുടെ കാലഘട്ടം നമുക്ക് നല്കിയെന്നതും, ഈ തിരിച്ചറിവ് ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കുവാനുള്ള ക്ഷണവും പാപ്പാ നൽകുന്നു.

ഇത്തരുണത്തിൽ കാരുണ്യപൂർവ്വം സഹോദരങ്ങളെ സ്വീകരിക്കുവാൻ, അവരുടെ വേദനകളിൽ പങ്കുചേരുവാൻ പാപ്പാ ക്ഷണിക്കുന്നു. മറ്റുള്ളവന്റെ ജീവിതത്തിനു ഞാൻ ഉത്തരവാദിയാണെന്ന ബോധ്യം ഉണ്ടാകുന്നതിനു പാപ്പാ നമ്മുടെ മനസാക്ഷിയെ വെല്ലുവിളിക്കുന്നു. ജീവിതയാത്രയിൽ നമ്മോടൊപ്പം യാത്ര ചെയ്യുന്നവരാണ് മറ്റുള്ളവർ എന്ന തിരിച്ചറിവാണ് പാപ്പാ അടിവരയിടുന്നത്. ഇത് പ്രകൃതിയോടും നമുക്ക് തോന്നണമെന്നും, അനുകമ്പാർദ്രമായ ഹൃദയത്തോടെ നമുക്ക് ചുറ്റുമുള്ള സകലചരാചരങ്ങളോടും വർത്തിക്കുമ്പോഴാണ് യഥാർത്ഥത്തിൽ സമാധാനം കൈവരിക്കുവാൻ നമുക്ക് സാധിക്കുന്നതെന്നാണ് പാപ്പാ പഠിപ്പിക്കുന്നത്.

തുടർന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ആയുധ വിപണനത്തെ പാപ്പാ മനസാക്ഷിയുടെസമസ്യക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ  (4 ഒക്ടോബർ 1965) സംസാരിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പാ മുന്നോട്ടുവച്ച നിർദ്ദേശം ഫ്രാൻസിസ് പാപ്പായും ഉന്നയിക്കുന്നു, " ലോകത്ത് സംഘർഷങ്ങൾ സാധാരണമാക്കുന്നതിലേക്ക് നയിച്ചത് എന്താണ്? എങ്ങനെ നമ്മുടെ ഹൃദയങ്ങളെ സമാധാനത്തിലേക്ക് മാറ്റാൻ കഴിയും?". ആയുധങ്ങളുടെ വിപണനം കുറച്ചുകൊണ്ട്, പട്ടിണിയെന്ന മഹാദുരന്തത്തിനു കൂടുതൽ തുക ചിലവഴിക്കുവാനുള്ള ആഹ്വാനം പാപ്പാ നൽകുന്നു.  അതിനാൽ, പരിചരണത്തിൻ്റെ സംസ്കാരം കുടുംബത്തിൽ തുടങ്ങി, സ്കൂളിലും, സർവകലാശാലയിലും, മറ്റു സാമൂഹ്യ ഇടങ്ങളിലും  വികസിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പാപ്പാ പറയുന്നു. മാധ്യമങ്ങൾക്കും ഈ വിദ്യാഭാസ പ്രക്രിയയിൽ ഉള്ള ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു പറയുന്നു. പരിചരണ സംസ്കാരം ഉടലെടുക്കാതെ സമാധാനം സാധ്യമല്ല എന്ന ആശയത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്. സമാധാനവർത്തകരാകുവാനും, മനുഷ്യഹൃദയങ്ങളിലെ മുറിവുണക്കുവാനും ധാരാളം ആളുകളെ ആവശ്യമുണ്ടെന്നും പാപ്പാ പറയുന്നു. സഹ അനുഭാവവും, സ്വീകാര്യതയും അനുഭവപ്പെടുന്ന സമൂഹ സൃഷ്ടിക്കും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2024, 12:34