ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (AFP or licensors)

സമാധാനത്തിലേക്കുള്ള മാർഗം പ്രത്യാശയുടേതാണ്

2020 ലെ അൻപത്തിമൂന്നാമത് ആഗോള സമാധാനദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമാധാനം എന്നത് നീണ്ട ഒരു യാത്രയാണെന്നത്, ബോധ്യപ്പെടുത്തുന്ന  സന്ദേശമാണ് 2020 ൽ ഫ്രാൻസിസ് പാപ്പാ നൽകിയത്.  ഈ നീണ്ട യാത്രയിൽ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഏറെ അനുഭവിക്കേണ്ടി വരും. പക്ഷെ അന്തിമവിജയം നന്മയ്ക്കായിരിക്കുമെന്ന ശുഭാപ്തി വിശ്വാസവും പാപ്പായുടെ സന്ദേശത്തിൽ ഏറെ വ്യക്തമാണ്. ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്: പ്രത്യാശയുടെ പാതയായി സമാധാനം; സംഭാഷണം, അനുരജ്ഞനം, പാരിസ്ഥിതിക പരിവർത്തനം. സമാധാനം പ്രത്യാശയിലേക്ക് നമ്മെ നയിക്കുന്നുവെന്ന ഒരു പൊതു തത്വം വെറുതെ  വാക്മയചിത്രങ്ങളിൽ അവതരിപ്പിക്കുകയല്ല പാപ്പാ, മറിച്ച് ഈ യാത്രയിൽ നാം പാലിക്കേണ്ടുന്ന അല്ലെങ്കിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ട ശീലങ്ങളും പരിശുദ്ധ പിതാവ് അവതരിപ്പിക്കുന്നു.

ഒരു പക്ഷെ ഇന്നത്തെ ലോകം ഏറെ സമാധാനത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്തുന്നുവെങ്കിലും,  അവയെ യാഥാർത്യവത്ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങൾ, ഓരോ സമൂഹങ്ങളിലും നടത്തുന്നത് വളരെ കുറവാണെന്നുള്ളത് പ്രകടമാണ്. ഫ്രാൻസിസ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന സമാധാനത്തിലേക്കുള്ള ഈ പ്രായോഗിക മാർഗ്ഗങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ അത്യന്താപേക്ഷിതമാണ്. യുദ്ധത്തിന്റെ ഭീകരതകൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിബന്ധങ്ങളും, പരീക്ഷണങ്ങളും ഉയർത്തുന്ന ഒരു സാഹചര്യത്തിൽ, ‘സമാധാനം സാധ്യമല്ല’ എന്ന ഒരു ചിന്ത പലരുടെയും മനസ്സിൽ ഉടലെടുക്കുവാനുള്ള സാധ്യതകൾ നിലനിൽക്കുമ്പോൾ, ഫ്രാൻസിസ് പാപ്പായുടെ 2020 ലെ ലോകസമാധാന സന്ദേശം ഏറെ പ്രാധാന്യമർഹിക്കുന്നു.

സമാധാനം പ്രത്യാശയുടെ പാത

സമാധാനത്തിലേക്കുള്ള ശരിയായ പാത പ്രത്യാശയുടേതാണെന്നു തുടക്കത്തിൽ തന്നെ എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. ഇത് ഒരു ആഹ്വാനമാണ്: അതായത് പ്രത്യാശയോടെ മുൻപോട്ടു യാത്ര ചെയ്യുവാനും, ഒരുമിച്ചു നിൽക്കുവാനും, മറ്റുള്ളവരെ ചേർത്തുപിടിക്കുവാനുമുള്ള ഒരു ക്ഷണമാണ് പാപ്പാ നൽകുന്നത്. അമൂല്യമായ ഈ നന്മ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നുവെങ്കിലും, ആത്യന്തികമായി ഈ ലക്‌ഷ്യം കൈവരിക്കുന്നതിലേക്കുള്ള മാർഗങ്ങൾ ഏറെ ദുർഘടമാണെന്ന സത്യം പാപ്പാ അടിവരയിടുന്നു. എന്നാൽ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലൂടെ ഈ ലക്‌ഷ്യം കൈവരിക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം പാപ്പാ പകരുന്നു.

ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന പ്രത്യേകമായ സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾ ഏറെ പ്രതീക്ഷകൾ  നൽകുന്നതാണ്. യുദ്ധങ്ങളും, സംഘട്ടനങ്ങളും ഏറെ മുറിവുകൾ ഏൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ദുർബലരായവരെയും, ദരിദ്രരെയും പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ, സമാധാനം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുമ്പോൾ, പാപ്പാ പതിവുപോലെ, ശബ്ദം നഷ്ട്ടപ്പെട്ടവരുടെ ശബ്ദമായി മാറുന്നു.

എലിസബത്ത് നോയൽ-ന്യൂമാൻ എന്ന ജർമൻ  സാമൂഹ്യശാസ്ത്രജ്ഞ അവതരിപ്പിച്ച പൊതു അഭിപ്രായ സിദ്ധാന്തമായ, നിശ്ശബ്ദതയുടെ സർപ്പിളം അഥവാ സ്പൈറൽ ഓഫ് സൈലൻസ് എന്നതിൽ സൂചിപ്പിക്കുന്നതുപോലെ, ഇന്നത്തെ ലോകത്തിൽ നിരവധി വിപ്ലവങ്ങൾക്കും, കോലാഹലങ്ങൾക്കും നടുവിൽ സംസാരിക്കുവാൻ ഇടം കണ്ടെത്താതെ നിശബ്ദതയുടെ ഇരുട്ട് മുറിയിൽ കഴിയുവാൻ വിധിക്കപെട്ടവർക്കു വേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ ഈ സന്ദേശത്തിൽ പ്രത്യേകം സംസാരിക്കുന്നത്. എന്നാൽ ഈ നിശബ്ദതയെ മറയാക്കിക്കൊണ്ട് അനീതിപരമായ നിലപാടുകൾ സ്വീകരിക്കുന്നത്, ഏറെപ്പേരുടെ സമാധാനം ഹനിക്കുന്നുവെന്ന് പാപ്പാ എടുത്തു പറയുന്നു. മനുഷ്യകുടുംബമെന്ന മഹത്തായ മൂല്യത്തെ ഒരു ആശയമായിട്ടല്ല പാപ്പാ അവതരിപ്പിക്കുന്നത്, മറിച്ച് ക്രിസ്തീയമാതൃകയിൽ അത് ഒരു  വിളിയാണ് (vocation). ഈ കുടുംബം കെട്ടിപ്പടുത്തപ്പെട്ടിരിക്കുന്നതോ സാഹോദര്യമെന്ന യാഥാർഥ്യത്തിലും. ഇതിനു ഭംഗം വരുത്തുന്ന തിന്മയാണ് യുദ്ധമെന്നു പാപ്പാ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

അസഹിഷ്ണുത സമാധാനം നഷ്ടപ്പെടുത്തുന്നു

യുദ്ധങ്ങളുടെ മൂലകാരണങ്ങളായി പാപ്പാ അവതരിപ്പിക്കുന്നത്, പ്രധാനമായും, മറ്റുള്ളവരുടെ വൈവിധ്യങ്ങളോടുള്ള അസഹിഷ്ണുതയാണ്. മറ്റുള്ളവരുടെ നന്മയിലുള്ള അസൂയ എന്നൊക്കെ അനുദിനജീവിതത്തിൽ, വ്യക്തിബന്ധങ്ങളിൽ നാം പ്രതിപാദിക്കുന്നതിന്റെ വലിയ പതിപ്പാണ്, യുദ്ധങ്ങളിലേക്കു നയിക്കുന്നതെന്നും പാപ്പാ പ്രത്യേകം പറയുന്നു. സ്വാർത്ഥതയിൽ നിന്നും അഹങ്കാരത്തിൽ നിന്നും ഉടലെടുക്കുന്ന ഇത്തരം ക്രൂരമായ മനഃസ്ഥിതി, ബന്ധങ്ങളെ ശിഥിലമാക്കുകയും, അകൽച്ചകളെ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. അതുകൊണ്ട്, അസഹിഷ്ണുത അരങ്ങു വാഴുന്ന ഒരു കാലത്ത് അപരനെ സഹോദരനായി സ്വീകരിക്കുവാനോ, അവനെ ഉൾക്കൊള്ളുവാനോ സാധിക്കാത്ത സ്ഥിതി, യുദ്ധത്തിലേക്ക് നയിക്കുന്നുവെന്നു പാപ്പാ പറയുന്നു. ഒരുപക്ഷെ, 2020 നുശേഷം, ഇന്ന് ലോകത്തെ നോക്കുമ്പോൾ ഇവയെല്ലാം സത്യമായിരുന്നുവല്ലോ എന്ന് നമുക്ക് ബോധ്യമാകും.

പരസ്പരാശ്രിതത്വവും സഹ-ഉത്തരവാദിത്വവും സമാധാനത്തിലേക്കുള്ള പാത

അസഹിഷ്ണുത നിറഞ്ഞ ഒരു ലോകത്തിൽ പാപ്പാ ആഹ്വാനം ചെയ്യുന്ന രണ്ടു മൂല്യങ്ങളാണ്: പരസ്പരാശ്രിതത്വവും സഹ-ഉത്തരവാദിത്വവും. ഇവ പ്രവൃത്തി പാതയിൽ  കൊണ്ടുവരണമെങ്കിൽ, പാപ്പാ എപ്പോഴും എടുത്തു പറയുന്നതുപോലെ, നമ്മിൽ നിന്നും പുറത്തുകടന്നുകൊണ്ട്, മറ്റുള്ളവരുടെ സേവനത്തിനായി ഐക്യദാർഢ്യത്തിൻ്റെയും സഹകരണത്തിൻ്റെയും ആഗോള ധാർമ്മികത ജീവിതത്തിൽ പുലർത്തണം. ഒരിക്കലും സമാധാനപരമായ ബന്ധത്തിലേക്ക് നയിക്കാൻ കഴിയാത്ത ഒരു ദുഷിച്ച വൃത്തത്തിൽ കഴിയുകയാണെങ്കിൽ, ജീവിതത്തിന്റെ അപകടസാധ്യത വർധിക്കുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. അതിനാൽ നിസ്സംഗതയിൽ നിന്നും ഉണർന്നുകൊണ്ട് കർമ്മനിരതരായി മുൻപോട്ടു നീങ്ങണം. മതിലുകൾക്ക് പകരം, ദൈവത്തിൽ നിന്നുള്ള നമ്മുടെ പൊതുവായ ഉത്ഭവത്തെ അടിസ്ഥാനമാക്കി, സംഭാഷണത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ യഥാർത്ഥ സാഹോദര്യം നാം പിന്തുടരണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

മനസാക്ഷിയെയും, മറ്റുള്ളവരെയും ശ്രവിക്കുക

ശ്രവണം എന്ന വാക്ക് ഫ്രാൻസിസ് പാപ്പാ പലപ്പോഴും തന്റെ സന്ദേശങ്ങളിൽ ഉൾച്ചേർക്കുന്ന ഒന്നാണ്. പക്ഷെ ഇത് വെറുതെ ‘ചെവി നൽകി’ കടന്നുപോകുന്ന ഒരു ഏർപ്പാടല്ല, മറിച്ച് നമ്മുടെ മനസാക്ഷിയോട് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു ശ്രവിക്കുവാനും, കേട്ട കാര്യങ്ങൾ പ്രാവർത്തികമാക്കുവാനുമുള്ള വിളിയാണ് പാപ്പാ എടുത്ത് പറയുന്നത്. ആധിപത്യത്തിനും, നാശത്തിനുമുള്ള ഏതൊരു ആഗ്രഹത്തിനും മുന്നിൽ മനസാക്ഷി തന്റെ ശക്തമായ നിലപാടുകൾ സ്വീകരിക്കും, എന്നാൽ അവയെ കേൾക്കുവാനുള്ള ഒരു ആഗ്രഹം നമ്മിൽ ഉണ്ടാകണം. തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ, ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയ ഭീകരത ഒഴിവാക്കുവാൻ മനഃസാക്ഷിയും, മറ്റുള്ളവരും നമുക്ക് മുൻപിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുവാനുള്ള നമ്മുടെ ബാധ്യസ്ഥതയും പാപ്പാ അടിവരയിട്ടു പറയുന്നു. ഇവിടെ പാപ്പാ ആവർത്തിച്ചുന്നയിക്കുന്ന ഒന്നാണ് ഓർമ്മ എന്നുള്ളത്. ഓർമ്മകളുടെ ആലസ്യമല്ല, മരിച്ച ഓർമ്മകളുടെ ഉണർത്തുശകലങ്ങളാണ്, മനസാക്ഷി നമുക്ക് മുൻപിൽ വയ്ക്കുന്നത്.

സമാധാനം ഇച്ഛാശക്തിയുടെ വിജയമാണ്

വെല്ലുവിളികൾക്കും, വൈരുധ്യാത്മകതയ്ക്കും നടുവിൽ ഇച്ഛാശക്തിയോടെ കാര്യങ്ങൾ തുറന്നു പറയുവാനും, ആളുകളെയും സമൂഹങ്ങളെയും അനുരഞ്ജിപ്പിക്കുവാനുള്ള പ്രക്രിയകൾ തുടങ്ങുവാനും ശൂന്യമായ വാക്കുകൾ അല്ല, മറിച്ച് ബോധ്യത്തിലധിഷ്ഠിതമായ സാക്ഷ്യങ്ങളാണ് ആവശ്യമെന്ന് പാപ്പാ പറയുന്നു. സത്യം അന്വേഷിക്കുവാൻ, പരസ്പരമുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. പരസ്പര ശ്രവണത്തിൽ, അറിവും അപരനോടുള്ള ബഹുമാനവും വളരും.

 ശത്രുവിൽ പോലും  ഒരു സഹോദരൻ്റെ മുഖം തിരിച്ചറിയുന്ന നിലയിലേക്ക് നാം ഉയർത്തപ്പെടുമെന്നും പാപ്പാ തന്റെ അന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. ഇതിനെയാണ് യഥാർത്ഥ ജനാധിപത്യം എന്നു പാപ്പാ വിശേഷിപ്പിക്കുന്നത്. മാനുഷികവികസനത്തിനു, എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ മാതൃകയാണ് ജനാധിപത്യം മുൻപോട്ടു വയ്ക്കുന്നത്. നേരെമറിച്ച്, ഒരു സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള വിള്ളൽ, സാമൂഹിക അസമത്വങ്ങളുടെ വർദ്ധനവ്, സമഗ്രമായ മാനുഷിക വികസനത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള വിസമ്മതം എന്നിവ ഇവയ്ക്കുള്ള വെല്ലുവിളികളാണ്.

സമാധാനം സാഹോദര്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും പാതയാണ്

വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനായുള്ള മനുഷ്യന്റെ  സഹകരണം എന്ന പ്രധാനപ്പെട്ട മൂല്യം ഉയർത്തിക്കാണിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ സാഹോദര്യത്തെ വിശേഷിപ്പിച്ചത്. പ്രതികാരം മാറ്റിവച്ചുകൊണ്ട് ആദരവോടുകൂടി മറ്റുള്ളവരെ സമീപിക്കുമ്പോഴാണ് പ്രത്യാശയുടെ പാതയിലേക്ക് കടക്കുവാൻ സാധിക്കുകയുള്ളൂ എന്നും, പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ ഏടുകൾ ഉദ്ധരിച്ചുകൊണ്ട്, സന്ദേശത്തിൽ വിവരിക്കുന്നു. ഹൃദയത്തിൻ്റെ ആഴങ്ങളിൽ ക്ഷമയുടെ ശക്തിയും സഹോദരീസഹോദരന്മാരായി സ്വയം തിരിച്ചറിയാനുള്ള കഴിവും കണ്ടെത്താൻ യേശുവിന്റെ വാക്കുകളിൽ പാപ്പാ നമ്മെ ക്ഷണിക്കുന്നു.

സമാധാനം, പാരിസ്ഥിതിക പരിവർത്തനത്തിൻ്റെ പാത

തന്റെ സന്ദേശത്തിന്റെ അവസാനം പാപ്പാ ഊന്നൽ നൽകുന്നത് പാരിസ്ഥിതിക പരിവർത്തനത്തിനാണ്. ഒരു പക്ഷെ മനുഷ്യന്റെ സൃഷ്ടിക്കു മുൻപായി അവനുവേണ്ടി ദൈവം നിർമിച്ച സൃഷ്ടിയുടെ സൗന്ദര്യം, അതിന്റെ പ്രൗഢിയിൽ നിലനിർത്തുവാനുള്ള ഒരു ആഹ്വാനമാണ്, പാപ്പാ നൽകുന്നത്. പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന അനീതികൾ ഉപേക്ഷിക്കുവാനും, സ്രഷ്ടാവിൻ്റെ സൗന്ദര്യത്തെയും ജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന സൃഷ്ടിയെ ദാനമായി സ്വീകരിക്കുവാനും ഇത്  നമ്മെ പ്രേരിപ്പിക്കുന്നു.

വിശ്വസിച്ചു പ്രതീക്ഷിക്കുക

സമാധാനത്തിൻ്റെ സാദ്ധ്യതയിൽ വിശ്വസിക്കുക, നമുക്കുള്ളതുപോലെ മറ്റുള്ളവർക്കും സമാധാനത്തിൻ്റെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുക. ഇത് ഉറപ്പായും നമ്മിൽ സ്നേഹം വർധിപ്പിക്കുകയും, ഭയം ഒഴിവാക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും. കണ്ടുമുട്ടലുകളിൽ, സാർവത്രിക സാഹോദര്യം ജീവിക്കാൻ ഈ വിശ്വാസവും, പ്രത്യാശയും, സ്നേഹവും നമ്മെ പ്രചോദിപ്പിക്കും. ക്രൈസ്തവപാതയിൽ നാം സ്വീകരിക്കുന്ന വിവിധ കൂദാശകൾ ഇപ്രകാരം സമാധാനത്തിലേക്കുള്ള പാതയാണെന്നും ഫ്രാൻസിസ്  പാപ്പാ 2020 ലെ സമാധാന സന്ദേശത്തിൽ പ്രത്യേകം അടിവരയിട്ടു പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2024, 13:46