ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (Vatican Media )

സമാധാനത്തിനായി സംഭാഷണം ത്വരിതപ്പെടുത്താം

2022 ലെ അൻപത്തിയഞ്ചാമത് ആഗോള സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമാധാനത്തിലേക്കുള്ള മാർഗം സംഭാഷണത്തിന്റേതു മാത്രമാണെന്നുള്ള സത്യം ഒരിക്കൽ കൂടി അടിവരയിട്ടു പറയുന്നതായിരുന്നു ഫ്രാൻസിസ് പാപ്പാ നൽകിയ 2022 ലെ ആഗോള സമാധാന ദിന സന്ദേശം. എന്നാൽ സംഭാഷണം വ്യക്തികൾക്കിടയിൽ മാത്രം  ഉള്ളതാണെന്നുള്ള ചിന്ത മാറ്റിക്കൊണ്ട്, മറ്റൊരു ഉന്നത തലത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതുകൂടിയായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശത്തിന്റെ ശീർഷകം ഇപ്രകാരമാണ്: തലമുറകൾക്കിടയിലും, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കിടയിലെ സംഭാഷണം: നിലനിൽക്കുന്ന സമാധാന സംസ്ഥാപനത്തിനുള്ള ഉപകരണം.

മൂന്നു മേഖലകളെയാണ് ഫ്രാൻസിസ് പാപ്പാ ഇവിടെ പരാമർശിക്കുന്നത്. ഒന്ന്; വിവിധ തലമുറകൾക്കിടയിലെ നിലനിൽക്കേണ്ടുന്ന സംഭാഷണം. ഒരുപക്ഷേ ആധുനികകാലഘട്ടത്തിൽ, ഇത്തരത്തിൽ  പഴയ തലമുറയും, പുതിയ തലമുറയും തമ്മിലുള്ള ഒരു അന്തരം ഏറിവരുന്നത് ഏറെ പ്രകടമാണ്. ഇതിന്റെ ഭവിഷ്യത്തുകൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്നത് ഫ്രാൻസിസ് പാപ്പായുടെ വിവിധ സന്ദേശങ്ങളിൽ അദ്ദേഹം അടിവരയിട്ടിട്ടുള്ള ഒന്നാണ്. യുവജനങ്ങൾക്കുള്ള സന്ദേശങ്ങളിൽ ഫ്രാൻസിസ് പാപ്പാ എപ്പോഴും പ്രായമായവരെ ശ്രവിക്കുവാൻ ആവശ്യപ്പെടുന്നതും, അവരെ വിജ്ഞാനത്തിന്റെ ഉറവിടങ്ങളെന്ന് വിശേഷിപ്പിക്കുന്നതുമൊക്കെ, പാപ്പായുടെ തലമുറകൾ തമ്മിലുള്ള സംഭാഷണം ത്വരിതപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ്.

രണ്ട്: വിദ്യാഭ്യാസമേഖലയിലുള്ള സംഭാഷണമാണ്. ഇവിടെയും കാലഘട്ടത്തിന്റെ പ്രവാചകശബ്ദമെന്നോണമാണ് ഫ്രാൻസിസ് പാപ്പാ വിദ്യാഭ്യാസ മേഖലയിൽ സംഭാഷണം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നത്. ഒരുപക്ഷെ ഇന്നത്തെ വിദ്യാഭാസ മേഖലകൾ, ചെറിയ തുരുത്തുകളായി ചുരുങ്ങുന്നതും, പ്രാവീണ്യതയുടെ പിന്നിൽ, പരസ്പരം അറിയുവാൻ പോലും മനസു കാണിക്കാൻ വിസമ്മതിക്കുന്ന ഒരു അവസ്ഥയിലാണ്, വിദ്യാഭാസം സംഭാഷണത്തിന്റെ വേദിയാകണമെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വിപ്ലവകരമായ ആഹ്വാനത്തിന് പ്രാധാന്യം ഏറുന്നത്.

മൂന്നു; തൊഴിൽ മേഖലയിൽ അവശ്യം വേണ്ടുന്ന സംഭാഷണമാണ്. തൊഴിൽമേഖലകളിൽ നിലനിൽക്കുന്ന വേർതിരിവിന്റെയും, ഒഴിവാക്കലിന്റെയും, വർഗ്ഗവിവേചനത്തിന്റേയുമൊക്കെ സാഹചര്യത്തിലാണ്, തൊഴിലിടങ്ങളിൽ വ്യക്തികൾ തമ്മിലും, ആശയങ്ങൾ തമ്മിലുമുള്ള സംഭാഷണം ലോകത്തെ കൂടുതൽ മനോഹരമാക്കുമെന്നും, എല്ലാവർക്കും തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങൾ  സൃഷ്ടിക്കുമെന്നും, അത് ലോകത്തിലെ ദാരിദ്ര്യാവസ്ഥയെ കുറക്കുന്നതിന് സഹായകരമാകുമെന്നുമുള്ള ആശയങ്ങളാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ വെളിച്ചം വീശുന്നത്.

സമാധാനദൂതർ ഭാഗ്യവാന്മാർ

സമാധാനമെന്നത്, ഒരു സാമൂഹിക ആശയം മാത്രമായി ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നില്ല മറിച്ച്, അതിനു വിശുദ്ധ ഗ്രന്ഥത്തിലും, സഭയുടെ പാരമ്പര്യത്തിലുമുള്ള പ്രാധാന്യവും, അടിസ്ഥാനവും അടിവരയിട്ടു പറയുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പരാമർശിക്കുന്നതുപോലെ, "സദ്‌വാർത്ത അറിയിക്കുകയും, സമാധാനം വിളംബരം ചെയ്യുകയും, രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും, സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളിൽ എത്ര മനോഹരമാണ്."(ഏശയ്യാ 52, 7) . സമാധാനത്തിന്റെ ദൂതന്മാരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതും, ദൈവസന്നിധിയിൽ സമാധാനസ്ഥാപകരുടെ പ്രാധാന്യം അടിവരയിടുന്നതും ഈ വചനങ്ങളിൽ ഏറെ വ്യക്തമാണ്. സമാധാനത്തിൻ്റെ ദൂതൻ്റെ വരവ് അർത്ഥമാക്കുന്നത് ചരിത്രത്തിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുനർജന്മത്തിൻ്റെ പ്രതീക്ഷയാണ്, ശോഭനമായ ഭാവിയുടെ തുടക്കമാണ്. ഇന്നത്തെ ലോകത്തിന്റെ സാഹചര്യത്തിൽ, പഴയനിയമ ഇസ്രായേൽ ജനത സമാധാനദൂതനെ കാത്തിരുന്നതുപോലെ, പുതിയ ഇസ്രായേലായ സഭയും, സമൂഹവും യുദ്ധത്തിന്റെ കലുഷിതമായ സാഹചര്യത്തിൽ, സമാധാനം കൊണ്ടുവരുന്ന ദൂതനെ കാത്തിരിക്കുന്നുവെന്നത് സത്യമാണ്.

ജീവിതത്തിൽ നിന്നും സമാധാനം ഏറെ അകലെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് ഇന്ന് നിലനിൽക്കുന്നത്. സംവാദങ്ങൾ വിവിധ തലങ്ങളിൽ എത്രയോ നടത്തിയിട്ടും രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഫലവത്താകാതെ വരുന്ന അവസരത്തിൽ, കാലാവസ്ഥാ അടിയന്തിരാവസ്ഥ രൂക്ഷമായി തുടരുന്ന അവസരത്തിൽ, പകർച്ചവ്യാധികൾ അനിയന്ത്രിതമായി അകൽച്ചകളിലേക്ക് മനുഷ്യനെ നയിക്കുന്ന അവസരത്തിൽ, ഒരു മരീചികയായി സമാധാനം മാറുന്നതായി എല്ലാവർക്കും തോന്നുന്നത് സ്വാഭാവികമാണ് . എന്നാൽ വ്യക്തിപരമായി നമ്മിലേക്ക് ചുരുങ്ങുന്നതിനുപകരം, പരസ്പരം കണ്ടുമുട്ടുന്നതിനുള്ള അവസരങ്ങൾ കൂടുതൽ തുറക്കപ്പെടണം എന്നുള്ളതാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നത്. നീതിക്കും സമാധാനത്തിനും വേണ്ടി നിലവിളിക്കുന്നവരുടെ ശബ്ദവും പാപ്പാ എടുത്തു പറയുന്നു. 'സഹകരണം' എന്നുള്ള വാക്കാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തിലും, സമൂഹത്തിലും, സഭയിലും, രാജ്യത്തും, അന്താരാഷ്ട്ര മേഖലകളിലും ഇപ്രകാരം പരസ്പരം സഹകരണത്തിന്റെ ആവശ്യം ഫ്രാൻസിസ് പാപ്പാ വിവിധ സമയങ്ങളിൽ അടിവരയിട്ടു പറഞ്ഞിട്ടുണ്ടെന്നുള്ളതും, ഏറെ പ്രസക്തമാണ്.

തലമുറകൾ തമ്മിലുള്ള സംഭാഷണം

സ്വാർത്ഥതയും, നിസ്സംഗതയും ഏറെ പ്രബലപ്പെടുന്ന ഒരു സമൂഹത്തെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇപ്രകാരം തലമുറകൾക്കിടയിലെ സംഭാഷണത്തിനു പരിശുദ്ധ പിതാവ് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്, പരസ്പര വിശ്വാസമാണ്. എന്നാൽ നിർഭാഗ്യവശാൽ വിവിധ കാരണങ്ങൾ മൂലം ഈ ഒരു വിശ്വാസം നഷ്ടപ്പെടുന്നുവെന്നുള്ള സത്യം പാപ്പാ മറച്ചുവയ്ക്കുന്നില്ല. കോവിഡ് മഹാമാരിയുടെ കഠിനമായ വേലിയേറ്റത്തിന് ശേഷം നൽകപ്പെട്ട സന്ദേശം എന്നതിനാൽ, അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഫ്രാൻസിസ് പാപ്പാതലമുറകൾക്കിടയിലെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടുന്ന സംഭാഷണത്തിന്റെ ആവശ്യകതയെ എടുത്തു പറയുന്നത്. പ്രായമായവരുടെ ഏകാന്തതയ്‌ക്കൊപ്പം, ഭാവിയെക്കുറിച്ചുള്ള യുവജനങ്ങളുടെ ആശങ്കകളും, നിസ്സംഗതയും ആവശ്യപ്പെടുന്നത്, പരസ്പരമുള്ള ആശയകൈമാറ്റം ആണെന്നുള്ള ബോധ്യം  പാപ്പായ്ക്ക് ഉണ്ടായിരുന്നതിനാലാണ്, സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ പാപ്പാ ആവശ്യപ്പെടുന്നത്. പരസ്പരം കേൾക്കുക, ചർച്ച ചെയ്യുക, യോജിച്ചു പ്രവർത്തിക്കുക , ഒരുമിച്ച് നടക്കുക എന്നിവയാണ് സംഭാഷണത്തിന്റെ പ്രായോഗിക വശങ്ങൾ എന്നുള്ളതും പാപ്പാ അടിവരയിട്ടു പറയുന്നു. "ഒരു വശത്ത്, ചെറുപ്പക്കാർക്ക് പ്രായമായവരുടെ അസ്തിത്വവും ജ്ഞാനവും ആത്മീയ അനുഭവവും ആവശ്യമാണ്; മറുവശത്ത്, പ്രായമായവർക്ക് യുവാക്കളുടെ പിന്തുണയും വാത്സല്യവും സർഗ്ഗാത്മകതയും ചലനാത്മകതയും ആവശ്യമാണ്.", ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾ അക്കാലത്തെ പ്രധാന മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നുവെന്നതും പ്രധാനമാണ്. ചരിത്രം, എത്രമാത്രം വർത്തമാനകാലത്തെ ജീവിതത്തെ സ്വാധീനിക്കുന്നുവോ, അത്രമാത്രം ചരിത്ര അനുഭവങ്ങൾ നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്തുവാൻ സഹായിക്കും എന്നത്, പാപ്പായുടെ വാക്കുകളിൽ വെളിപ്പെടുന്നു.

വിദ്യാഭ്യാസം സമാധാനത്തിന്റെ അവശ്യഘടകം

സമഗ്രമായ മാനുഷിക വികസനം സമാധാനത്തിലേക്കുള്ള മാർഗം തെളിക്കുന്നുവെന്നത് അടിവരയിട്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ സന്ദേശത്തിൽ ഉൾച്ചേർക്കുന്നത്. നന്മ നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്നുള്ളത് പാപ്പാ പ്രത്യേകം പറയുന്നു. യഥാർത്ഥ അന്താരാഷ്ട്ര നിരായുധീകരണ പ്രക്രിയ പിന്തുടരുന്നത് ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും വികസനത്തിന് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്നും ഇത് വിദ്യാഭ്യാസ രംഗത്തെ കൂടുതൽ ത്വരിതപ്പെടുത്തുവാൻ ഉപകാരപ്രദമാകുമെന്നും പാപ്പാ പറയുന്നു. വിദ്യാഭ്യാസത്തിലെ നിക്ഷേപം പരിചരണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമാണെന്നും, ഇത് സമാധാനം കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളിൽ ഏറെ ഉപകാരപ്രദമാകുമെന്നും  പാപ്പാ പറയുന്നു. എന്നാൽ വിദ്യാഭ്യാസത്തെ ഒരു പ്രത്യേക കോണിൽ മാത്രം കണ്ടുകൊണ്ടല്ല, മറിച്ച് അത് വിവിധ സംസ്കാരങ്ങളുടെ സമന്വയം ആണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ജനകീയ സംസ്കാരം, സർവ്വകലാശാല സംസ്കാരം, യുവജന സംസ്കാരം, കലാസംസ്കാരം, സാങ്കേതിക സംസ്കാരം, സാമ്പത്തിക സംസ്കാരം, കുടുംബ സംസ്കാരം, മാധ്യമ സംസ്കാരം എന്നിങ്ങനെ വിവിധ തരത്തിലുള്ള സംസ്കാരങ്ങൾ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതാണ് യാഥാർത്ഥ വിദ്യാഭ്യാസമെന്നും, ഇവയുടെ മാതൃക സമാധാനം കെട്ടിപ്പടുക്കുന്നതിലുള്ള ശ്രമങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുമെന്നും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറയുന്നു.

തൊഴിലിടം  സമാധാനത്തിന്റെ ഉറവിടം

സമാധാനം കെട്ടിപ്പടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ജോലി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. തങ്ങളുടെ കഴിവുകളുടെയും, താലന്തുകളുടെയും ശരിയായ വികസനം നടത്തണമെങ്കിൽ, തൊഴിലിടങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടണമെന്നും, അവിടെ മനുഷ്യൻ സമാധാനത്തിനുവേണ്ടിയുള്ള പരസ്പരസഹകരണം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുമെന്നും പാപ്പാ പറയുന്നു. മഹാമാരിയുടെ അവസരത്തിൽ നിരവധി തൊഴിലിടങ്ങൾ അടയ്‌ക്കേണ്ടതായും, നിരവധി ആളുകൾ തൊഴിലുകൾ നഷ്ടപെട്ടവരായി തീരുകയും ചെയ്ത സാഹചര്യത്തിൽ, ഒരുപക്ഷെ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ അസമാധാനം കൂടുതൽ വർധിക്കുന്നതായുള്ള അനുഭവങ്ങൾ പാപ്പായ്ക്ക് ഉണ്ടായതിനാലാവാം തൊഴിലില്ലായ്മയുടെ ദയനീയമായ അവസ്ഥകളെ പാപ്പാ അടിവരയിടുന്നത്. അടിമത്തവത്ക്കരണം  നടത്താതെ, സാമൂഹിക സംരക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി തൊഴിലാളികളുടെ സ്വാതന്ത്ര്യവും അന്തസ്സും ബഹുമാനിക്കുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. മനുഷ്യൻ്റെ ജോലിയെ സാങ്കേതിക പുരോഗതി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ നാം ശ്രമിക്കരുത്: അങ്ങനെ ചെയ്യുമ്പോൾ മനുഷ്യരാശി തന്നെ നശിച്ചുപോകും. മറിച്ച് ജീവിതത്തിന്റെ അർത്ഥം  കണ്ടെത്തുന്നത് തൊഴിലിലൂടെയാണ് എന്നുള്ള വലിയ പാഠവും പാപ്പാ ഈ സന്ദേശത്തിലൂടെ നൽകുന്നു.

ഇപ്രകാരം, സമാധാനം സംസ്ഥാപിക്കുന്നതിനു, നയതന്ത്ര മേഖലകളിൽ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം, മറ്റുള്ളവരോടുള്ള നമ്മുടെ കടമയെ ഓർമ്മപ്പെടുത്തുന്ന സന്ദേശമാണ് 2022 വർഷത്തെ ലോകസമാധാന ദിന വേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2024, 13:02