സുവിശേഷപ്രഘോഷണത്തെ തളർത്താൻ തിന്മയെ അനുവദിക്കാനാവില്ല, കർദ്ദിനാൾ ഗോഹ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മെ തളർത്താൻ ഭയത്തെ അനുവദിക്കരുതെന്നും വിശ്വാസത്തിനു സാക്ഷ്യമേകുന്നതു നാം തുടരണമെന്നും സിങ്കപ്പൂർ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വില്ല്യം ഗോഹ്.
സിംഗപ്പൂറിൽ, ബക്കിറ്റ് തിമാഹിലെ വിശുദ്ധ യൗസേപ്പിൻറെ ഇടവകയുടെ വികാരിയായ വൈദികൻ 57 വയസ്സു പ്രായമുള്ള ക്രിസ്റ്റഫർ ലീക്ക് ഇക്കഴിഞ്ഞ 9-ന്, ശനിയാഴ്ച, ദിവ്യബലിക്കിടെ കത്തിക്കുത്തേറ്റ സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഒരു ഇടയലേഖനത്തിൽ ഇപ്രകാരം പ്രതികരിച്ചത്.
ജീവൻറെ നാഥനായ ദൈവം തിന്മയെ നന്മയായി പരിണമിപ്പിക്കുമെന്നും സുവിശേഷ പ്രഘോഷണത്തെ തളർത്താൻ തിന്മയെ അനുവദിക്കാനകില്ലെന്നും കർദ്ദിനാൾ ഗോഹ് പറഞ്ഞു.
സഭയെന്ന നിലയിൽ നാം കാരുണ്യത്തിൻറെയും അനുരഞ്ജനത്തിൻറെയും സുവിശേഷം ഇനിയും പ്രഘോഷിക്കുകയും അങ്ങനെ, ആളുകളെ സത്യത്തിൽ പ്രബുദ്ധരാക്കുകയും അവരുടെ ബലഹീനതയെ സൗഖ്യമാക്കുകയും അവരുടെ ഭീതിയും വേദനയും ദൂരീകരിക്കുകയും ജീവനും യഥാർത്ഥ സ്നേഹവും കണ്ടെത്താൻ സഹായിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത് വിദ്വേഷത്തെക്കാൾ സ്നേഹവും മരണത്തെക്കാൾ ജീവനുമാണ് ശക്തമെന്നാണെന്നും കർദ്ദിനാൾ ഗോഹ് കൂട്ടിച്ചേർത്തു.
ആരാധനയിടങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സത്വര പ്രതികരണ സമിതിക്ക് രൂപം നല്കിയിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം അമിത സുരക്ഷിതത്വ സംവിധാനങ്ങൾ പ്രാർത്ഥിക്കുന്നതിന് ദേവാലയങ്ങളിൽ വിശ്വാസികൾ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന അപകടസാധ്യതയുണ്ടെന്നും വിശ്വാസികൾക്ക് അജപാലന ശുശ്രൂഷയേകുന്നതിന് വിഘാതം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പു നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: