ഹൊസേ തോറെസ് പദീല്യ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്പെയിൻ സ്വദേശിയും കുരിശിൻറെ ചങ്ങാതികളായ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകനുമായ ഹൊസേ തോറെസ് പദീല്യ (José Torres Padilla) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടു.
ഒമ്പതാം തീയതി ശനിയാഴ്ച (09/11/24) സെവില്ലെയിൽ വച്ചായിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമേറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
ആവശ്യത്തിലിരിക്കുന്നവർക്കും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും തൻറെ ഹൃദയത്തിൽ സവിശേഷ സ്ഥാനം നല്കിയിരുന്ന നവവാഴ്ത്തപ്പെട്ട ഹൊസെ തോറെസ് പദീല്യ സ്പെയിനിലെ കാനറി ദ്വീപസമൂഹത്തിലെ സാൻ സെബസ്ത്യാൻ ദെ ല ഗോമറയിൽ 1811 ആഗസ്റ്റ് 25-നാണ് ജനിച്ചത്.
ഫ്രൻസീസ്കൊ ദെ തോറെസ് ബവുത്ത, മരിയ ഹെസേഫ പദീല്യ യി കബേത്സ ദമ്പതികളുടെ സന്താനങ്ങളിൽ മൂന്നാമത്തെ പുത്രനായിരുന്നു നവവാഴ്ത്തപ്പെട്ടവൻ. 1821-ൽ മാതാപിതാക്ക8 നഷ്ടപ്പെട്ട അദ്ദേഹം 1833-ൽ കാനറി ദ്വീപസമൂഹം വിടുകയും വലേൻസിയയിൽ തത്വശാസ്ത്രം പഠിക്കുകയും പിന്നിട് സെവില്ലെയിലേക്കു പോകുകയും ചെയ്തു. 1836 ഫെബ്രുവരി 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സെവില്ലെയിൽ ദൈവവിജ്ഞാനീയ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
താനുമായി കൂടിക്കാഴ്ച നടത്തുന്നവരെ വിശുദ്ധിയുടെ പാതയിലേക്കാനയിക്കാനുള്ള സവിശേഷമായൊരു കഴിവു അദ്ദേഹത്തിനുണ്ടായിരുന്നതിനാൽ അദ്ദേഹത്തിൻറെ പേര് നാടെങ്ങും വ്യാപിച്ചു. പാവപ്പെട്ടവരോടുള്ള പദീല്യയുടെ സ്നേഹവും നാട്ടിൽ പാട്ടായിരുന്നു. 1875-ൽ വിശുദ്ധ ആഞ്ചെല ഗെരേരൊ ഗൊൺസാലെസ് കുരിശിൻറെ സ്നേഹിതകളുടെ സന്ന്യാസിനി സമൂഹം സ്ഥാപിച്ചപ്പോൾ അതിനു വേണ്ട ഭൗതികവും ആദ്ധ്യാത്മികവുമായ സഹായം നല്കുക വഴി അദ്ദേഹം സഹസ്ഥാപകനായി മാറി. ക്രമേണ ആരോഗ്യം ക്ഷയിച്ച നവവാഴ്ത്തപ്പെട്ട ഹൊസേ തോറെസ് പദീല്യ ഉത്ഥാനത്തിരുന്നാളിൻറെ എട്ടാമിടത്തിൽ 1878 ഏപ്രിൽ 23-ന് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: