വിൻസെന്റ് ഡി പോൾ സംഘടനയുടെ അന്താരാഷ്ട്രകുടുംബ സംഗമം വിൻസെന്റ് ഡി പോൾ സംഘടനയുടെ അന്താരാഷ്ട്രകുടുംബ സംഗമം  

വിൻസെന്റ് ഡി പോൾ സംഘടനയുടെ അന്താരാഷ്ട്രകുടുംബ സംഗമം റോമിൽ

നവംബർ 14 മുതൽ 17 വരെ, വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ സമ്പന്നമായ ആത്മീയത ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് ആളുകളും, കൂട്ടായ്മകളുടെ പ്രതിനിധികളും റോമിൽ ഒരുമിച്ചുകൂടുന്നു. സമ്മേളനത്തിന്റെ ആപ്തവാക്യം 'വിൻസെൻഷ്യൻ സിനഡാലിറ്റിയിൽ, അഗ്നി കത്തിജ്വലിക്കട്ടെ' എന്നുള്ളതാണ്.

സെബസ്ത്യാൻ സാൻസോൺ ഫെറാരി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകത്തിലെ 167 രാജ്യങ്ങളിലായി നിരവധി സമർപ്പിതരെയും, സന്നദ്ധപ്രവർത്തകരെയും ഉൾക്കൊള്ളുന്ന വിശാലമായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ആത്‌മീയത കാത്തുസൂക്ഷിക്കുന്ന വിവിധ സംഘടനകളിലെ പ്രതിനിധികളെ ഒന്നിച്ചുകൂട്ടിക്കൊണ്ട്, നവംബർ 14 മുതൽ 17 വരെ, നിത്യനഗരമായ റോമിൽ മഹാസമ്മേളനം നടത്തുന്നു. "വിൻസെൻഷ്യൻ സിനഡാലിറ്റിയിൽ, അഗ്നി കത്തിജ്വലിക്കട്ടെ" എന്ന സമ്മേളനത്തിന്റെ ആപ്തവാക്യം,  ജീവിതത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക എന്നതാണ് മഹാസമ്മേളനത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രിഗേഷൻ ഓഫ് മിഷൻ്റെ സുപ്പീരിയർ ജനറൽ തോമാസ് മാവ്‌റിച്ച് വിശദീകരിച്ചു. ഈ സമ്മേളനത്തിൽ  നിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അവ ആത്മാവ് നിർദ്ദേശിക്കുന്ന പ്രചോദനങ്ങളായിരിക്കുമെന്നും, സഹകരണം എന്ന വാക്ക് യഥാർത്ഥത്തിൽ ഓരോരുത്തരുടെയും ഹൃദയത്തിൽ എത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ജനുവരിയിൽ പാപ്പായുടെ വേനൽക്കാല വസതി സ്ഥിതി  ചെയ്യുന്ന കസ്തൽ  ഗൻദോൾഫോയിൽ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തിനു ശേഷം, നടക്കുന്ന  2024 ലെ ഈ മഹാസമ്മേളനം, കൃപയുടെ ഒരു നിമിഷമാണെന്നും ഫാ. മാവ്‌റിച്ച് പറഞ്ഞു. പാവപ്പെട്ടവരുടെ ലോക ദിനമായ നവംബർ പതിനേഴാം തീയതിയാണ് സമ്മേളനം പര്യവസാനിക്കുന്നത്.

2025 ജൂബിലിവർഷത്തിൽ  ഭവനരഹിതർക്ക് സുസ്ഥിരമായ പാർപ്പിടവും, സ്വയംപര്യാപ്തതയ്ക്കുള്ള പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന 13 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 13 താക്കോലുകൾ നവംബർ 17-ാം തീയതി ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ ആശീർവദിക്കും.

“ഞങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ്, വ്യത്യസ്ത ഭാഷകളിൽ നിന്നുള്ളവരാണ്, ഇത് സാധാരണയായി ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വ്യത്യസ്തത ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു  കുടുംബമായി തുടരാനുള്ള അവസരമാണ്. പരസ്പരം അറിയുക എന്നതാണ് ആദ്യപടി", സമ്മേളനത്തിൽ സംബന്ധിക്കുന്ന വിൻസെൻഷ്യൻ യുവജന കൂട്ടായ്മയിലെ ഒരു അംഗം  പങ്കുവച്ചു. സമൂഹത്തിലെ ഏറ്റവും ദുർബലമായ മേഖലകളിലേക്ക് എത്തുന്നതിനും,  മെച്ചപ്പെട്ട ലോകത്തിനായി പ്രവർത്തിക്കുന്നതിനും   വിൻസെൻഷ്യൻ ആത്മീയത ഏറെ സഹായിക്കുന്നതായി ഒരു സമർപ്പിതയും അനുഭവങ്ങൾ പങ്കുവച്ചു. സാംസ്കാരിക വൈവിധ്യത്തെ ഒരു തടസ്സമായി കാണേണ്ടതില്ല, മറിച്ച് ഒരു അവസരമായി കാണണമെന്നുള്ളതാണ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ആത്മീയതയെന്നും അംഗങ്ങൾ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2024, 12:10