കാത്തിരിപ്പിന്റെ ദിനങ്ങൾ - ആഗമനകാല പുഷ്പചക്രം കാത്തിരിപ്പിന്റെ ദിനങ്ങൾ - ആഗമനകാല പുഷ്പചക്രം 

ആഗമനകാലം - ഒരുക്കത്തിന്റെയും, പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റെയും സമയം

ക്രിസ്തുവിന്റെ വരവിനായി തയ്യാറെടുക്കുന്ന ആഗമനകാലവുമായി ബന്ധപ്പെട്ട്, ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ, രക്ഷകനെ വരവേൽക്കാൻ നമ്മെ സഹായിക്കുന്ന വിചിന്തനം.
ശബ്ദരേഖ - ആഗമനകാലം - ഒരുക്കത്തിന്റെയും, പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റെയും സമയം

സി. റോസ് മരിയ, തെങ്ങാനാംപ്ലാക്കൽ

“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു” (ജോൺ 1:14).

“ജനങ്ങളുടെ, നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങളിലേക്കും, പുതിയൊരു ലോകത്തിനായുള്ള ആഗ്രഹത്തിലേക്കും, നമ്മുടെ കഴിവുകൾക്കും അപ്പുറം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വിശാലമാക്കാൻ ജാഗ്രതയുള്ളവരാകാനുള്ള പ്രതിബദ്ധതയിലേക്ക് ആഗമനകാലം നമ്മെ ക്ഷണിക്കുന്നു” (ഫ്രാൻസിസ് പാപ്പാ, Angelus, 2018 Dec. 2).

കാത്തിരിപ്പും, പ്രീതിക്ഷയും ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ ഭാഗമാണ്. ജീവിതത്തിൽ നാം പല കാര്യകൾക്കായി, സമയം കണ്ടെത്തുകയും, കാത്തിരിക്കുകയും  ചെയ്യാറുണ്ട്. കാത്തിരിപ്പ്  ജീവിതത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.  ജീവിതത്തിന്റെ ചില മേഖലകളിൽ, തീർച്ചയായും ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ, കാത്തിരിപ്പ്  അനുഭവത്തിന്റെ ഒരു നിർണായക ഭാഗമായി തുടരുന്നു. ആഗമനകാലവും യേശുവിന്റെ വരവിനായി കാത്തിരിക്കുന്ന സമയമാണ്. ആഗമനം, ജീവിതത്തിന്റെ  അനുഭവമാക്കി മാറ്റാൻ സാധിക്കണം. യേശുവിന്റെ വരവിന്റെ അനുഭവം, അത് സന്തോഷത്തിന്റെയും, കൂട്ടായ്‍മയുടയും, ഒരുക്കത്തിന്റെയും, പങ്കുവയ്‌ക്കലിന്റെയും അനുഭവമായി മാറുന്നു.  തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും ആഗമനകാലത്തെക്കുറിച്ച് ചിന്തിക്കുവാനും, ധ്യാനിക്കുവാനും അവസരങ്ങൾ കണ്ടെത്താൻ സാധിക്കാത്ത നമുക്ക്  ദൈവസ്നേഹത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ ഈ ആഗമനകാലം, വഴിയൊരുക്കുന്നു.

ആഗമനം  എന്ന വാക്ക് adventus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിനർത്ഥം “വരുന്നത്” അല്ലെങ്കിൽ “വരവ്” എന്നാണ്. ആഗമനം ആത്മീയ ചിന്തയുടെയും പ്രാർത്ഥനയുടെയും സമയമാണ്. ലോകം മുഴുവനുമുള്ള ദൈവജനം യേശുവിന്റെ ജനന ആഘോഷത്തിനായി  തങ്ങളുടെ ഹൃദയങ്ങളെ ഒരുക്കുന്ന ഒരു കാലഘട്ടം. മാനവരാശിയോടുള്ള ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയo. യേശുവിന്റെ വരവിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാനുള്ള അവസരമാണ് ആഗമനകാലം. ശ്രദ്ധയും, ജാഗ്രതയുമുള്ളവരായിരിക്കാൻ ഈ കാലം നമ്മെ ആഹ്വാനം ചെയുന്നു. സ്നാപകയോഹന്നാൻ വിളിച്ചുപറഞ്ഞു “കർത്താവിന്റെ വഴി ഒരുക്കുവിൻ” (മർക്കോസ് 1:3). യോഹന്നാന്റെ സന്ദേശം ഈ ആഗമനകാലത്തു നമുക്ക് വെളിച്ചമായി മാറുന്നു. ഈ ആഗമനകാലത്തു  നാമും   കർത്താവിന്  വഴി  ഒരുക്കണം.

ഓരോ ദിവസവും നമ്മുടെ ഹൃദയങ്ങളിലേക്കുള്ള, യേശുവിന്റെ വരവിനായി കാത്തിരിക്കാൻ നമ്മുടെ മനസ്സിനെയും, ഹൃദയത്തെയും ഒരുക്കണം. ദൈവസ്നേഹത്തിലേക്ക് ഉണർന്നിരിക്കാൻ ഉള്ള സമയമാണിത്, കൂടാതെ, അവിടുന്ന്  നമ്മെ  സ്നേഹിക്കുന്നതുപോലെ, നാമും പരസ്പരം സ്നേഹിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് പൂർണമായി മനസ്സിലാക്കാനുള്ള സമയവും. പ്രത്യേകിച്ചും സ്നേഹത്തിലൂടെയും, ത്യാഗമനോഭാവത്തിലൂടെയും നമ്മുടെ ഹൃദയങ്ങളെ ഒരുക്കുവാനുള്ള സമയം. "വരൂ നമുക്ക് കർത്താവിന്റെ വെളിച്ചത്തിൽ നടക്കാം" (എശയ്യാ 2:5) എന്ന എശയ്യാ പ്രവാചകന്റെ ആഹ്വാനം ഈ ആഗമനത്തിലൂടെയുള്ള ദിവസങ്ങൾ നമ്മുടെ ഒരുക്കത്തെ സഹായിക്കുന്നു.

ആഗമനകാലത്തിന്റെ ആരാധനാക്രമകലണ്ടർ, ക്രിസ്തുമസിന് മുമ്പുള്ള നാല് ഞായറാഴ്ചകളിൽ പ്രത്യാശ, സമാധാനം, സന്തോഷം, സ്നേഹം എന്നീ ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇരുപത്തിയഞ്ച് നോമ്പാചരണം, ഭക്തനുഷ്ടാനങ്ങൾ, ആഗമനകാല പുഷ്പചക്രം ഇവയെല്ലാം ആഗമനകാലത്തിന്റെ സവിഷേതകളാണ്. ഇവയെല്ലാം തന്നെ നമ്മെ ഓർമിപ്പിക്കുന്നതും അവിടുത്തെ വരവിനെയാണ്. ആഗമനകാലത്തെ നാല് ഞായറാഴ്ചകൾ യേശുക്രിസ്തുവിന്റെ ജനനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെയും, ഓർമ്മപെടുത്തലിന്റെയും സമയമാണ് (Justin Holcomb, “What Is Advent? The Season's History, Meaning and Traditions”).

മാനുഷരാശിയോടുള്ള ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമാണ് ആഗമനം. ദൈവസ്നേഹം യേശുക്രിസ്തുവിൽ സജീവവും, ദൃശ്യവുമായി മാറി. അത് വെറും ഓർമ്മയല്ല, യാഥാർത്ഥ്യമാണ്. ദൈവം, യേശുവിനെ ഒരു നവജാതശിശുവായി നമ്മുടെ ഇടയിൽ വസിക്കാൻ അയച്ചതിലൂടെ, മാനുഷ്യരാശിയോടുള്ള ദൈവത്തിന്റെ സ്നേഹവും, കരുണയും ആഴത്തിൽ മനസ്സിലാക്കുവാനും ആഗമനകാലം നമ്മെ സഹായിക്കുന്നു. “അതെ, ഞാൻ നിന്നെ നിത്യസ്നേഹത്താൽ സ്നേഹിച്ചു” (ജെറമിയ 31:3).

അതിനാൽ ആഗമനകാലത്ത് നമ്മുടെ ചിന്തയും വിചിന്തനവും, യേശുവിന്റെയും,  നമ്മുടെയും അമ്മയായ മറിയത്തിലേക്കു തിരിയണം. യേശുവിൻറെ  അമ്മയാകാൻ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവൾ.

മംഗളവാർത്താവേളയിൽ, മേരി ദൈവഹിതം സ്വീകരിച്ചു, അവിടെ അവൾ തന്റെ ഇഷ്ടം പൂർണമായും ദൈവഹിതത്തിനു സമർപ്പിച്ചു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ അചഞ്ചലമാണെന്നു അവൾ വിശ്വസിച്ചു, അങ്ങനെ എല്ലാ സ്ത്രീകളുടെയും ഇടയിൽ അനുഗ്രഹീതയാവുകയും ചെയ്തു (ലുക്കാ 1:42). അവളുടെ ഹൃദയത്തിൽ അവന്റെ  വെളിച്ചം, ദൈവഹിതം, അംഗീകരിക്കുകയും അങ്ങനെ മേരിയുടെ ഉദരം ആദ്യസക്രാരിയായി  മാറുകയും  ചെയ്തു. യേശുവിനെ നമ്മുടെ ഉള്ളിൽ  വസിക്കാൻ അനുവദിക്കുന്നതിനുള്ള പാഠം അവളിൽ നിന്ന് പഠിക്കാൻ ആഗമനകാലചിന്തകൾ നമ്മെ ക്ഷണിക്കുന്നു. ദൈവത്തിൻറെ ഇഷ്ട്ടത്തിനു  "അതെ"  എന്ന് പറയാൻ, അവിടത്തെ  വിശ്വസിക്കാൻ  മേരി നമ്മെ പഠിപ്പിക്കുന്നു. "ഇതാ, കർത്താവിന്റെ ദാസി. അങ്ങയുടെ വാക്കുപോലെ എനിക്ക് സംഭവിക്കട്ടെ" (ലുക്കാ 1:38).

ഈ  ആഗമനകാലത്ത് വിശുദ്ധ ജോസഫിന്റെ ജീവിതത്തെയും,  ത്യാഗത്തെയും  കുറിച്ചു ചിന്തിക്കുന്നത് സമുചിതമായിരിക്കും. വിശുദ്ധ ബൈബിളിൽ നാം വായിക്കുന്നു അവൻ നീതിമാനായ മനുഷ്യനായിരുന്നു (മത്തായി(1:19). മറിയത്തിനു മാനഹാനി വരുത്താൻ തയ്യാറായില്ല. സ്വപനത്തിൽ ഗബ്രിയേൽ ദൂതൻ അവനു പ്രത്യക്ഷപ്പെട്ടപ്പോൾ സ്വയം  ദൈവത്തിന്റെ വിളിക്ക്  "അതെ" എന്ന് പറഞ്ഞു. “ജോസഫ് ഉണർന്നപ്പോൾ, കർത്താവിന്റെ ദൂതൻ തന്നോട് കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി" (മത്തായി 1:24). നമ്മുടെ ജീവിതത്തിൽ ദൈവഹിതം സ്വീകരിക്കുന്നതിനും, ആന്തരിക നിശബ്ദതയും, വിശ്വാസവും, വിശ്വസ്തതയും  നീതിയും, നിശ്ചലതയും ഈ ആഗമനവേളയിൽ  ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുമ്പോൾ വിശുദ്ധ ജോസഫ് നമ്മെ പഠിപ്പിക്കുന്നു.

യേശുവിന്റെ ജനനം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വിനയം, കീഴടങ്ങുക, ദൈവഹിതം സ്വീകരിക്കുക തുടങ്ങിയ ഗുണങ്ങളാണ് പഠിപ്പിക്കുന്നത്‌. മനുഷ്യരുപം  സ്വീകരിച്ചു നമ്മുടെ ഇടയിൽ പിറന്ന യേശുവിന്റെ ത്യാഗത്തെക്കുറിച്ചും, ദൈവസ്നേഹത്തിന്  കീഴടങ്ങാനുള്ള മനസ്സിന്റെ സന്നദ്ധതയും കുറിച്ചായിരിക്കണം ഈ  ആഗമനദിവസങ്ങളിൽ നമ്മുടെ ആത്മീയ ചിന്തകളും, പ്രാത്ഥനകളും.

ഈ ആഗമനകാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന  ത്യാഗങ്ങൾ, അതോടൊപ്പം തന്നെ ചിന്തകൾ, വാക്കുകൾ, പ്രവർത്തികൾ, നമ്മുടെ ഹൃദയത്തെ ഒരുക്കുന്നതും, വിശുദ്ധ സ്നാപകയോഹന്നാനെപോലെ ഞാൻ കുറയുകയും അവൻ വളരുകയും ചെയ്യണമെന്നുള്ള മനോഭാവത്തോടെ ജീവിത സാഹചര്യങ്ങളെ സ്വീകരിക്കുന്നതും ആയിരിക്കണം. ആഗമനം ഒരുക്കത്തിന്റെയും, പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റെയും സമയമാകണമെങ്കിൽ നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റുവാനും ദൈവസ്നേഹത്തിന് എതിരായി നിൽക്കുന്ന മതിൽക്കെട്ടുകൾ ഇല്ലാതാക്കാനും നമുക്ക് ഓരോരുത്തർക്കും സാധിക്കണം.

"പ്രത്യാശയുടെ ദൈവമേ, തുറന്ന ഹൃദയത്തോടെയും, വാഞ്‌ഛയോടെയും ഞാൻ അങ്ങയെ നോക്കിക്കാണുന്നു. ഈ ആഗമനകാലത്തു  ഞാൻ  ജാഗ്രതയോടെയും ഉണർവോടെയും  നിന്റെ വചനം ശ്രവിക്കുകയും  നിന്റെ പ്രമാണങ്ങൾ പാലിക്കുകയും ചെയ്യും. എന്റെ  പ്രത്യാശ  നിന്നിലാണ്" (മാത്യു കെല്ലി).

ഈ വർഷത്തെ ക്രിസ്തുമസിന്റെ ആഘോഷം വളരെ പ്രാധാന്യവും അതിനേക്കാൾ ഉപരിയായി ദൈവസ്നേഹത്തിന്റെ ആഴവും, വ്യാപ്തിയും മനസ്സിലാക്കുന്ന ഒരു വർഷമാണ്. ഈ ആഗമനകാലം ഏറ്റവും ഭംഗിയായി അതിനേക്കാൾ ഉപരിയായി  പ്രാർത്ഥനയുടെയും, പ്രവർത്തനത്തിന്റെയും, നിശബ്ദതയുടെയും, പ്രതീക്ഷയുടെയും ഒരു കാലഘട്ടമായി മാറ്റാൻ ശ്രമിക്കാം. ജൂബിലി വർഷം ആഘോഷിക്കുന്നതിനായി ഒരുങ്ങുന്ന നമുക്ക്  ഈ  ആഗമനകാലവും,  ജൂബിലി വർഷവും  പ്രതീക്ഷയുടെ നാളുകൾ ആക്കി മാറ്റാൻ ദൈവം നമ്മുടെ സഹായിക്കട്ടെ എന്നായിരിക്കട്ടെ  നമ്മുടെ പ്രാർത്ഥന.

നമ്മുടെ ആത്മീയജീവിതത്തെക്കുറിച്ച് വിലയിരുത്തുവാനും, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ  പുതുക്കാനുമുള്ള  ഒരു അവസരമായി ആഗമനകാലം മാറണം. ഈ ആഗമനകാലത്തെ ഒരുക്കം ആത്യന്തികമായി നമ്മുടെ സഹോദരങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കണം. സമ്മാനപ്പൊതികൾക്ക് അപ്പുറമായി നമ്മുടെ ഹൃദയങ്ങളുടെ അകലം കുറച്ചെടുക്കുക എന്നതിനായിരിക്കണം നമ്മുടെ ഒരുക്കത്തിൽ മുഖ്യസ്ഥാനം നൽകേണ്ടത്. എങ്കിൽ  മാത്രമേ  ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകൂ. ആഗമനകാലത്ത് ക്രിസ്തുവിനെ  സ്വീകരിക്കുന്നതിനായി  ഒരുങ്ങുന്ന  നാം ചിന്തയ്ക്കേണ്ടതും, ധ്യാനിക്കേണ്ടതും ആയ  ഒരു  കാര്യമാണ് ലോകത്തിന്റെ  പല ഭാഗങ്ങളിലായി കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും, ഉറ്റവരെയും, ഉടയവരെയും നഷ്ടപ്പെട്ട് ഏകാന്തതയിലും, ദാരിദ്ര്യത്തിലും കഴിയുന്നവർ. അവരെ ഒന്നായി ചേർത്തുപിടിക്കുമ്പോൾ ആണ് നമ്മുടെ ആഘോഷങ്ങൾ, ആഘോഷങ്ങളായി മാറുന്നത്.  ജീവിതസാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന നമ്മുടെ ഓരോ സഹോദരങ്ങൾക്കും നമ്മുടെ ഹൃദയത്തിൽ ഇടം ഉണ്ടായിരിക്കണം. കരുത്തില്ലാത്തവർക്ക് കരുത്തായി, ജീവിത സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് ജീവന്റെ വെളിച്ചമായി, ഈ ആഗമനകാലം ഓരോരുത്തരെയും മാറ്റണം. അങ്ങനെ മാറ്റത്തിന്റെ പൂർണ്ണതയിൽ ക്രിസ്തുമസ് ആഘോഷിക്കാൻ ഏവർക്കും സാധിക്കട്ടെ.

ഡോം ഗ്വെറേഞ്ചർ എഴുതുന്നു, "നമ്മുടെ കർത്താവ് നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്നു. നമ്മുടെ വീട്ടിൽ ജനിക്കണമെന്നു അവൻ ആഗ്രഹിക്കുന്നു, അവനുവേണ്ടി ഇടമുണ്ടോ എന്ന് ചോദിയ്ക്കാൻ അവൻ വരുന്നു."

"എന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ട്ടാവ് , ശക്തനായ ദൈവം, നിത്യനായ  പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും"    (എശയ്യാ 9:6). ഈ പ്രവചനപൂർത്തീകരണമാണ് കാത്തിരിപ്പിനൊടുവിൽ നമ്മുടെ ജീവിതങ്ങളെ ധന്യമാക്കിക്കൊണ്ട് ദൈവപുത്രനായ യേശുവിന്റെ മനുഷ്യാവതാരം നമുക്ക് സമ്മാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2024, 12:51