ക്രിസ്തുവിന്റെ വെളിച്ചം പകരുന്ന ലോകം ഗാസയിലെ ജനതയോടൊപ്പമുണ്ട്: കർദ്ദിനാൾ പിറ്റ്സബല്ല
റോബെർത്തോ ചെത്തേര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ ക്രൈസ്തവ സമൂഹത്തിനു പ്രത്യാശയുടെ സന്ദേശം നൽകിക്കൊണ്ട്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല വിശുദ്ധ ബലിയർപ്പിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു. ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിലാണ് കർദിനാൾ വിശുദ്ധ ബലിയർപ്പിച്ചത്. ജറുസലേമിൽ നിന്നും, ഇസ്രായേൽ സൈനികരുടെ സുരക്ഷാഅകമ്പടിയോടെയാണ് പാത്രിയർകീസ് ഗാസയിൽ പ്രവേശിച്ചത്. പതിനാലു മാസങ്ങളിലേറെയായി നിരവധി അഭയാർത്ഥികൾക്ക് തണലായി മാറിയ ഇടവക സമൂഹമാണ്, ഗാസയിലെ തിരുക്കുടുംബ ദേവാലയം. ശാന്തതയുടെയും സന്തോഷത്തിൻ്റെയും അന്തരീക്ഷത്തിൽ തങ്ങളുടെ ഇടയനോടൊപ്പം ബലിയർപ്പിക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികൾ പങ്കുവച്ചു.
മെയ് മാസം പതിനാറാം തീയതിയാണ് അവസാനമായി പാത്രിയാർക്കീസ് അവസാനമായി ഇടവകതിർത്തിയിൽ പ്രവേശിക്കുവാനും, ഇടവകവികാരി ഫാദർ ഗബ്രിയേലേ റോമനെല്ലിയൊപ്പം വിശുദ്ധ ബലിയർപ്പിക്കുവാനും സാധിച്ചത്. വഴിയിൽ പരമാവധി സുരക്ഷ ഉറപ്പാക്കാൻ, ഇടവകയിൽ എത്തിയതിന് ശേഷം മാത്രമാണ് സന്ദർശന വാർത്ത നൽകിയത്. വിശുദ്ധ ബലിമധ്യേ ഏതാനും വിശ്വാസികൾക്ക്, സ്ഥൈര്യലേപനവും പാത്രിയർക്കീസ് പരികർമ്മം ചെയ്തു. വിശ്വാസത്തിലുള്ള ഇടവകജനങ്ങളുടെ അചഞ്ചലമായ സാക്ഷ്യത്തിനു അദ്ദേഹം നന്ദിയർപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. " നിങ്ങൾ സഭയുടെ വെളിച്ചമാണ്. ക്രിസ്ത്യാനികൾ മാത്രമല്ല, ലോകത്തിലെ എല്ലാ ആളുകളും നിങ്ങളോടൊപ്പമുള്ളതുപോലെ, നിങ്ങളുടെ മാതൃകയിലൂടെ എല്ലാവർക്കും ക്രിസ്തുവിൻ്റെ വെളിച്ചം എത്തിക്കുക", കർദിനാൾ തന്റെ സന്ദേശത്തിൽ പറഞ്ഞു.
ഗാസയിലേക്കുള്ള തന്റെ സന്ദർശനത്തിന് ശേഷം, പാത്രിയാർക്കീസ്, ക്രിസ്തുമസ് രാവിൽ, ബെത്ലഹേമിലേക്കു പോകുകയും, അവിടെയുള്ള വിശ്വാസിസമൂഹത്തെ സന്ദർശിച്ചു, അവർക്കായി വിശുദ്ധ കുർബാനയർപ്പിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: