വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതികൾ വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതികൾ  

ഈശോയുടെ ജനനത്തിലുള്ള ദൈവിക ഇടപെടൽ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ മംഗളവാർത്തക്കാലം നാലാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: മത്താ 1:18-24
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ

ദൈവ-മനുഷ്യ ബന്ധത്തിന്റെ അനന്യത വെളിപ്പെടുത്തുന്ന സുദിനമായിരുന്നു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനദിനം. ദൈവം മനുഷ്യനെ ഒരിക്കലും കൈവിടുകയില്ല എന്നതിന് നൽകിയ വ്യക്തമായ തെളിവാണിത്. യേശുവിന്റെ ജനനം സർവസൃഷ്ടികളുടെയും രക്ഷയുടെ വഴി തുറക്കുകയായിരുന്നു. ദൈവത്തെ ധിക്കരിച്ച് പാപത്തിന്റെ അടിമത്വത്തിലേക്ക് വീണു പോയ ആദിമാതാപിതാക്കന്മാർ തുടങ്ങി ഇന്ന് ഇപ്പോൾ ഉള്ളതും വരാനിരിക്കുന്നതുമായ തലമുറകളെപോലും ദൈവ ബന്ധത്തിൽ വരുത്തുവാൻ തക്കവിധം ദൈവം ഭൂജാതനായി.

ദൈവീക പദ്ധതികളോട് മനുഷ്യൻ സഹകരിക്കുമ്പോഴാണല്ലോ അതിന്റെ പൂർണ്ണത അനുഭവവേദ്യമാകുന്നത്. മത്തായി തന്റെ സുവിശേഷഭാഗത്തു ഇന്ന് വിവരിക്കുന്നതും മറ്റൊന്നല്ല. ദൈവദൂതൻ വഴി ദൈവം അരുളിച്ചെയ്ത വാക്കുകൾ സത്യമാണെന്നു മനസിലാക്കുകയും "കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ" (മത്താ 1:24) ജോസഫ് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് യേശു എന്ന മനുഷ്യരക്ഷകനായ ദൈവപുത്രന് ജനിക്കാൻ കഴിയുന്നത്. ഇവിടെ ദൈവത്തിനു മനുഷ്യന്റെ സമ്മതം ആവശ്യമാണോ എന്ന് നാം ചിന്തിച്ചേക്കാം. ശരി തന്നെയാണ് ദൈവത്തിനു മനുഷ്യന്റെ സമ്മതം ഒന്നിനും ആവശ്യമില്ല. പ്രപഞ്ചത്തിന്റെ തന്നെയും ആദികാരണമായവന്‌ നിസ്സാരനായ മനുഷ്യന്റെ സമ്മതം തൃണം പോലെയാണ്. എന്നിരുന്നാലും ദൈവം മനുഷ്യനെ തന്റെ പദ്ധതികളിൽ പങ്കാളി അതായത് സഹകാരി ആക്കുന്നു എന്ന് മനസിലാക്കാം. പരിമിത ബുദ്ധിയായ മനുഷ്യനെ ദൈവഭാവത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ തന്നോട് ദൈവം പങ്കുചേർക്കുകയാണ്. പിതാവിനോട് പുത്രൻ ഒന്നായിരിക്കുന്നതുപോലെ മനുഷ്യരെല്ലാം ഒന്നായിരിക്കണം (യോഹ 17:22) എന്നതായിരുന്നല്ലോ യേശു വെളിപ്പെടുത്തിയ സ്വർഗ്ഗരാജ്യത്തിന്റെ  അന്തഃസത്ത. അതിനാൽ ജോസെഫിന്റെ സഹകരണം യേശുവിന്റെ ജനനത്തിന് വഴിയൊരുക്കുമാകയായിരുന്നു.

സംശയാലുവാകുന്ന ജോസഫ് നമ്മുടെയെല്ലാം പ്രതിരൂപമാണ്. തന്റെ ഭാര്യയായി തീരാൻ പോകുന്ന മറിയം വിവാഹദിനത്തിനു മുൻപേ ഗർഭിണിയായി കാണപ്പെടുക എന്നത് ജോസെഫിനെന്നല്ല ഏതൊരു പുരുഷനും സ്വീകാര്യമാവുകയില്ല. എന്നാൽ ജോസഫ് ഈ സമയം ബഹളം വയ്ക്കുകയോ പഴിചാരുകയോ ഒന്നും ചെയ്യുന്നില്ല എന്നത് ശ്രദ്ധേയം തന്നെ. പ്രതിസന്ധിഘട്ടങ്ങളിൽ തകർന്നു പോകാതെ സ്വയം ആലോചിക്കുന്ന ജോസഫിനെ നാം കണ്ടുമുട്ടുന്നു. അദ്ദേഹത്തിന്റെ ഒരു നല്ല സവിശേഷത മത്തായി എടുത്തു പറയുന്നത് ഇങ്ങനെയാണ്; "ജോസഫ് നീതിമാനായിരുന്നു" (മത്താ 1:19) മാത്രവുമല്ല മറിയത്തെ അപമാനിക്കാൻ താല്പര്യവും ഉണ്ടായിരുന്നില്ല. ഇവിടെ നീതിമാൻ എന്നതിന് മൂലഭാഷയായ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം δίκαιος (ദികായിയോസ്) എന്നതാണ്. നിയമത്തിന്റെ പാലനത്തിൽ അതീവശ്രദ്ധാലുവായ വ്യക്തി എന്ന് നമുക്കിതിനെ മനസിലാക്കാം. ഇവിടെ നിയമം എന്ന് പറയുമ്പോൾ യഹൂദനായ ജോസഫിനെ സംബന്ധിച്ച് അത് മോശയുടെ നിയമം തന്നെയാണ്. മോശ വഴി ദൈവം തന്ന നിയമപ്രമാണങ്ങളും അവയുടെ വ്യഖ്യാനങ്ങളും ശരിയായി പാലിച്ചിരുന്ന വ്യക്തിയായി ജോസഫിനെ നാം പരിഗണിക്കണം. അങ്ങനെ വരുമ്പോൾ ജോസഫും മറിയവും സഹവസിക്കുന്നതിനു മുൻപേ മറിയം ഗർഭിണിയായി കാണപ്പെടുക നിയമത്തിന്റെ വെളിച്ചത്തിൽ തെറ്റായിരുന്നു.

മോശ നിയമവ്യഖ്യാനം നടത്തുമ്പോൾ മേൽപറഞ്ഞ പ്രകാരം സംഭവിക്കുന്ന സാഹചര്യത്തിൽ യുവതിയെ കുറ്റക്കാരിയായി കണക്കാക്കണം എന്നും ശിക്ഷ നൽകണം എന്നും പറയുന്നുണ്ട് (നിയമ 22:22-24). അതനുസരിച്ച് നിയമം പാലിക്കുന്നവനായ ജോസഫിന് മറിയത്തെ കുറ്റംവിധിച്ച് ശിക്ഷാവിധി നടപ്പിലാക്കുവാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ ഈ സന്ദർഭത്തിലാണ് യഥാർത്ഥ നീതിമാനായ ജോസഫിനെ നാം പരിഗണിക്കേണ്ടത്. നിയമത്തിന്റെ പാലനത്തിൽ ഒരു മനുഷ്യവ്യക്തിക്ക് അപമാനക്ഷതം ഏൽക്കും എന്നതിനാൽ രഹസ്യത്തിൽ മറിയത്തെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണ്. ഈ തീരുമാനം തീർച്ചയായും ജോസഫിനെ കുറ്റക്കാരനായി വിധിക്കാൻ സാഹചര്യം ഒരുക്കുന്നതാണ്. ജോസഫ് തന്റെ കന്യകയെ അതായത് മറിയത്തെ വഞ്ചിച്ചതായാണ് അപ്പോൾ പരിഗണിക്കുക. മറിയത്തെ സംരക്ഷിക്കുവാൻ വേണ്ടി സ്വയം അപമാനവും ശിക്ഷയും ഏറ്റെടുക്കുവാനുള്ള ജോസെഫിന്റെ ഈ സന്നദ്ധത യഥാർത്ഥത്തിൽ നിയമത്തിന്റെ നീതിക്കപ്പുറം നിൽക്കുന്നതാണ്. നിയമം ശിക്ഷാവിധിക്ക് കാരണമാകുന്നെങ്കിൽ കരുണ എന്നത് ദൈവീകഭാവവും മറ്റുള്ളവരെ രക്ഷിക്കുന്നതുമാണ്.  ഇത്തരത്തിൽ നിയമത്തെ കവച്ചു വയ്ക്കുന്ന ഭാവത്തിനു സന്നദ്ധത കാണിക്കുന്ന ജോസഫ് തന്റെ സംശയത്തിന് അറുതി വരുത്തുകയാണ്.

മനുഷ്യൻ സംശയിക്കുന്നിടത്തു ദൈവം ഇടപെടുകയാണ്. ജോസഫ് "ഇതേക്കുറിച്ചു ആലോചിച്ചുകൊണ്ടിരിക്കേ" (മത്താ 1: 20) ദൈവത്തിന്റെ ദൂതൻ ഉത്തരവുമായി എത്തുകയാണ്. ഹൃദയ വിചാരങ്ങൾ അറിയുന്ന ദൈവം ദൂതൻ വഴി ജോസഫിനോട് ആദ്യം പറയുന്ന വാക്കും മറ്റൊന്നല്ല; "സംശയിക്കേണ്ട" എന്നുള്ള ഉറപ്പാണ്. തുടർന്നാകട്ടെ ദൈവം ആഗ്രഹിക്കുന്ന പദ്ധതി മുഴുവനും ജോസഫിന് വെളിപ്പെടുത്തി കൊടുക്കുകയാണ്. യേശുവിന്റെ ജനനവും ദൗത്യവും അവിടെ വെളിപ്പെടുത്തപ്പെടുന്നു. പൂർണ്ണ തുറവിയോടെ സംശയങ്ങൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും അത് ജോസഫിനെ ധൈര്യപ്പെടുത്തുകയാണ്. നമ്മുടെ ജീവിത സാഹചര്യങ്ങളിലും ഇത്തരത്തിലുള്ളതായ അനേകം സംശയങ്ങൾ സ്വഭാവികമായും കടന്നു വരാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ദൈവം നമ്മോട് എന്തെകിലും സംസാരിക്കുന്നുണ്ടോ എന്ന് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവം ഒരുപക്ഷെ നേരിട്ടായിരിക്കുകയില്ല നമ്മോട് സംസാരിക്കുക. ജോസഫിനോട് സംസാരിച്ചതുപോലെ ദൂതന്മാർ വഴിയാകും. ഈ ദൂതന്മാർ ചിലപ്പോൾ നമ്മുടെ മാതാപിതാക്കളാകാം ഗുരുഭൂതരാകാം എന്തിനേറെ കൊച്ചുകുട്ടികൾ വരെയുമാകാം. അത് തിരിച്ചറിയുവാനുള്ള കഴിവുണ്ടാവുക എന്നത് പരമപ്രധാനമാണ്.

മത്തായിയുടെ രചനപ്രകാരം പുരുഷകേന്ദ്രീകൃതമായ അതായത് ജോസഫിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിവരണമാണ് നാം കാണുന്നത്. ജോസഫിന് അരുളപ്പാടുണ്ടാകുന്നതും അതനുസരിച്ചു ജോസഫ് പ്രവർത്തിക്കുന്നതും അങ്ങനെ യേശുവിന്റെ പിറവി നടക്കുന്നതും നമുക്ക് കാണാം. തുടർന്നുള്ള വിവരണഭാഗത്തും ജോസഫിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടാണ് സുവിശേഷം മത്തായി രചിച്ചിരിക്കുന്നത്. എന്നാൽ മത്തായിയുടെ വിവരണത്തിൽ നിന്നും വളരെ വ്യത്യസ്തമായി മറിയത്തിന്റെ ഭാഗത്തു നിന്നും ചിന്തിച്ചുകൊണ്ടും മറിയത്തെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടുമാണ് ലൂക്ക സുവിശേഷം രചിച്ചിരിക്കുന്നത്. രണ്ടു വിവരണങ്ങളും തെറ്റാണെന്നോ ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണെന്നോ നമുക്ക് പറയാൻ കഴിയില്ല. കാരണം രണ്ടു സുവിശേഷകന്മാർക്കും വ്യത്യസ്തമായ ദൈവശാസ്ത്ര കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത് എന്ന് നാം മനസിലാക്കണം. മത്തായിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സുവിശേഷ രചന യഹൂദക്രിസ്ത്യാനികളെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. അതിനാൽ പഴയനിയമത്തിൽ പൂർത്തീകരണമാണ് യേശുവിലൂടെ നടന്നത് എന്നത് സ്ഥാപിക്കുക അദ്ദേഹത്തിന്റെ സുപ്രധാന ലക്ഷ്യമായിരുന്നു. അതിനാലാണ് ദാവീദിന്റെ രാജവംശപരമ്പരയിൽ വരുന്ന ജോസെഫിന്റെ പ്രാധാന്യം ഉയർത്തികാണിച്ചുകൊണ്ട് യേശു ആ പരമ്പരയിൽ തന്നെയാണ് പിറന്നത് എന്ന് സാക്ഷ്യപെടുത്തുന്നത്. അതിനാൽ യേശുവിന്റെ ജനനം എന്നത് പഴയനിയമ ഗ്രന്ഥങ്ങളുടെ പൂർത്തീകരണമായും രക്ഷയുടെ സാമയം വന്നു ചേർന്നതായും നാം മനസിലാക്കണം.

യേശുവിന്റെ ജനനം "നമ്മോടുകൂടെ" ആയിരിക്കുവാനാണ്. മനുഷ്യന് ഏദൻ തോട്ടത്തിൽ വച്ച് നഷ്‌ടമായ ആ സൗഭാഗ്യത്തെ തിരികെ നൽകാനാണ് യേശു ജനിച്ചത്. ദൈവകല്പനയോട് അനുസരണക്കേട് കാണിച്ചപ്പോൾ മനുഷ്യന് നഷ്ടമായത് ദൈവത്തോടൊപ്പം ആയിരിക്കുവാനുള്ള അവകാശമാണ്. ധിക്കരിക്കുന്ന മനുഷ്യനെ എങ്ങനെയാണു ദൈവം തന്നോട് ചേർത്ത് നിർത്തുക. എന്നിരുന്നാലും മനുഷ്യനെ തള്ളിക്കളയാൻ പരിപൂർണ്ണ സ്നേഹം തന്നെയായ ദൈവത്തിനു ഒരിക്കലും സാധ്യമല്ലല്ലോ. അതിനാൽ യേശു മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യരോടൊപ്പം വസിച്ച് നിയമത്തിന്റെ പരിപൂർണ്ണതയായ ദൈവസ്നേഹത്തിലേക്ക് മനുഷ്യരെ മുഴുവനും ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഈ മനുഷ്യപുത്രനാകട്ടെ പാപങ്ങൾ മോചിക്കുവാൻ അധികാരമുള്ളവനും സർവ്വശക്തനുമാണ് എന്നും നമുക്ക് മനസിലാക്കാം.

യേശുവിന്റെ പിറവി എന്നത് സമാനതകളില്ലാത്ത ഒന്നായിരുന്നു. കാരണം അത് ദൈവപദ്ധതിയുടെ പ്രകാശനമായിരുന്നു. മനുഷ്യരെ രക്ഷിക്കണം എന്നുള്ള ദൈവത്തിന്റെ ആഗ്രഹമാണ് അവിടെ നടക്കുന്നത്. യേശുവിന്റെ പിറവി മനുഷ്യകുലത്തിനുള്ള പ്രത്യശയുടെ വെളിപെടലായിരുന്നു. മനുഷ്യർ കാത്തിരുന്ന രക്ഷകനാണ് യേശു എന്നുള്ള വെളിപ്പെടുത്തൽ സകലമനുഷ്യർക്കും ആശ്വാസത്തിന്റെ വാർത്തയായിരുന്നല്ലോ. മാത്രവുമല്ല യേശുവിന്റെ പിറവി എന്നത് മനുഷ്യൻ ദൈവത്തോട് സഹകരിക്കുന്നു എന്നതിന്റെയും വലിയ തെളിവായിരുന്നു. ദൈവം തന്റെ ദൂതൻ വഴി വെളിപ്പെടുത്തുന്ന പദ്ധതിയെ നിരാകരിക്കാതെ അവ അക്ഷരംപ്രതി അനുസരിക്കുന്ന ജോസെഫിനെപ്പോലെ നമുക്കും ദൈവീക പദ്ധതികളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമോ. സാധിക്കുമെങ്കിൽ യേശുവിന്റെ ജനനം ദൈവ-മനുഷ്യ ബന്ധത്തെ ദൃഢപ്പെടുത്തിയത് പോലെ ഇന്നും ദൈവത്തോടൊപ്പം വസിക്കുന്ന മനുഷ്യമക്കളാകാൻ നമുക്കും കഴിയും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2024, 13:52