പരിശുദ്ധ അമ്മയും ദൈവദൂതുമായെത്തുന്ന ഗബ്രിയേൽ മാലാഖയും പരിശുദ്ധ അമ്മയും ദൈവദൂതുമായെത്തുന്ന ഗബ്രിയേൽ മാലാഖയും 

പരിശുദ്ധ അമ്മയുടെ മാതൃകയും ക്രൈസ്തവജീവിതവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ മംഗളവാർത്തക്കാലം രണ്ടാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: ലൂക്കാ 1, 26-56.
ശബ്ദരേഖ - പരിശുദ്ധ അമ്മയുടെ മാതൃകയും ക്രൈസ്തവജീവിതവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുമസിനായുള്ള നമ്മുടെ ഒരുക്കത്തിന്റെ ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗമനകാലത്തിന്റെ ഈ ദിനങ്ങൾ, മനോഹരവും അർത്ഥസമ്പുഷ്ടവും, പ്രത്യാശാനിർഭരവുമായ ചില തിരുവചനങ്ങളാണ് ഈ ദിവസങ്ങളിൽ നമുക്ക് മുന്നിൽ വയ്ക്കുന്നത്. യേശുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ചില വിവരണങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ 1, 26-56)  ഉള്ളത്. കന്യകയായ മറിയം പരിശുദ്ധാത്മാവിനാൽ, ദൈവത്തിന്റെ പ്രത്യേക ഇടപെടലിനാൽ യേശുവിനെ ഉദരത്തിൽ സ്വീകരിക്കുന്നത്, അവളുടെ വിശ്വാസം, തന്റെ ചാർച്ചക്കാരിയും യോഹന്നാന്റെ അമ്മയുമായ എലിസബത്തിനരികിലേക്കുള്ള പരിശുദ്ധ അമ്മയുടെ യാത്ര, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ മറ്റൊരു പ്രത്യേകതയായ, രണ്ടു സ്ത്രീകൾ മാത്രം കഥാപാത്രങ്ങളാകുന്ന മറിയവും എലിസബത്തും തമ്മിലുള്ള കണ്ടുമുട്ടലും സഹവാസവും, പരിശുദ്ധ അമ്മയുടെ ശുശ്രൂഷയും, ദൈവത്തിനുള്ള പരിശുദ്ധ അമ്മയുടെ സ്തോത്രഗീതവും ഒക്കെയാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം ഇരുപത്തിയാറ് മുതൽ അൻപത്തിയാറ് വരെയുള്ള തിരുവചനങ്ങളിൽ നാം കണ്ടുമുട്ടുന്നത്.

പരിശുദ്ധ അമ്മയുടെ കന്യകാത്വവും പരിശുദ്ധാത്മാവിന്റെ ഇടപെടലും

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിന്റെ ഒരു പ്രത്യേകത, ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള, അതിൽ ദൈവത്തിന്റെ സവിശേഷമായ ഇടപെടലിനെക്കുറിച്ചുള്ള വിവരണമാണ്. മറിയം കന്യകയാണ് എന്ന് വിശുദ്ധ ലൂക്കാസുവിശേഷകൻ വ്യക്തമായി എഴുതി വയ്ക്കുന്നു. യേശുവെന്ന ദൈവപുത്രന്റെ അമ്മയാകാൻ പിതാവായ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന സന്ദേശം ദൈവദൂതനിൽനിന്ന് കേൾക്കുമ്പോൾ അവൾ പറയുന്നുണ്ട്, "ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?" (ലൂക്കാ 1, 34). വൃദ്ധരായ സഖറിയയുടെയും എലിസബത്തിന്റെയും ജീവിതത്തിലേക്ക് ദൈവനിശ്ചയപ്രകാരം സ്നാപകയോഹന്നാൻ കടന്നുവരുന്നതിന് സമാന്തരമായ ഒരു സംഭവമാണ് വിശുദ്ധ യൗസേപ്പിന്റെയും കന്യകാമറിയത്തിന്റെയും ജീവിതത്തിലേക്ക് യേശുവിന്റെ വരവ് എന്ന് നമുക്കറിയാം. പക്ഷെ ദൈവദൂതന്റെ അറിയിപ്പും, പരിശുദ്ധ അമ്മയുടെ വാക്കുകളും, യേശുവിന്റെ ജനനം കന്യകയിൽനിന്നുള്ള ജനനമാണെന്ന്, ദൈവത്തിന് മാത്രം സാധിക്കുന്ന ഒരു പ്രവൃത്തിയാണ് അവളിൽ സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നവയാണ്.

കന്യകാമറിയത്തിന്റെ പ്രത്യേകമായ തിരഞ്ഞെടുപ്പിനെ ശരിവയ്ക്കുന്നതാണ് ദൈവദൂതന്റെ വാക്കുകൾ: "ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കർത്താവ് നിന്നോടുകൂടെ!"   (ലൂക്കാ 1, 34).  ഇസ്രായേലിൽ ഒരു കന്യകയോട് ഒരു സാധാരണ പുരുഷൻ ഇങ്ങനെയൊരു അഭിസംബോധന നടത്തുകയില്ല. എന്നാൽ ഇവിടെ സംഭവിക്കുന്നത് രക്ഷയുടെ സുവിശേഷത്തിന്റെ, ക്രിസ്തുവെന്ന സുവിശേഷത്തിന്റെ അറിയിപ്പാണെന്ന് നമുക്ക് പറയാം: "പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും"  (ലൂക്കാ 1, 35). മാനുഷികമായ ഒരു തലത്തിലല്ല പരിശുദ്ധ അമ്മയിൽനിന്നുള്ള യേശുവിന്റെ ജനനത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതെന്ന് ഈ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ദൂതനിലൂടെയുള്ള ദൈവത്തിന്റെ ഈ ഇടപെടൽ, പരിശുദ്ധ അമ്മയുടെ വിശ്വാസത്തെയും, എളിമയെയും ദൈവഭയത്തെയും വ്യക്തമാക്കുന്നതുകൂടിയാണ്. ദൈവത്തിന്റെ ഹിതത്തിനായി തന്നെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കാൻ അവൾ തയ്യാറാകുന്നു. "ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! (ലൂക്കാ 1, 38) എന്ന പരിശുദ്ധ അമ്മയുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഈയൊരു സമ്മതത്തിലേക്ക് അവൾ എത്തിച്ചേരുന്നത്, "ദൈവത്തിന് ഒന്നും അസാധ്യമല്ല" എന്ന ദൂതന്റെ വാക്കുകൾക്ക് ശേഷമാണ്. ദൈവഹിതം നടപ്പിലാക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കാനുള്ള തന്റെ വിളി കന്യകാമറിയം തിരിച്ചറിയുകയും അതിനോട് സഹകരിക്കുവാൻ തയ്യാറാകുകയും ചെയ്യുന്നതാണ് ഇവിടെ നാം കാണുക.

രണ്ടു സ്ത്രീകളും മറിയത്തിന്റെ ശുശ്രൂഷാമനോഭാവവും എളിമയും

കർത്താവിന്റെ, ദൈവപുത്രനായ യേശുവിന്റെ അമ്മയാകാൻ പോകുന്ന ഒരു സ്ത്രീ, എത്രമാത്രം എളിമയുള്ളവളായിരുന്നുവെന്ന്, അതിൽ അവൾ എത്രമാത്രം കൂടുതൽ ആഴപ്പെടുന്നുവെന്ന് മനസ്സിലാക്കിത്തരുന്ന ചില വിവരണങ്ങൾ ഇന്നത്തെ സുവിശേഷത്തിലുണ്ട്. ജെറുസലേമിൽനിന്ന് ഏഴ് കിലോമീറ്ററുകളോളം അകലെയുള്ള കരീം എന്ന സ്ഥലത്താണ് എലിസബത്ത് താമസിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. നസ്രത്തിൽനിന്ന് മൂന്നുനാലു ദിവസത്തെ വഴിയകലമുള്ള ആ മലമ്പ്രദേശപട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര ചെയ്യുന്ന, ആറുമാസം ഗർഭിണിയായിരുന്ന എലിസബത്തിന് മൂന്ന് മാസത്തോളം, അതായത് അവളുടെ പ്രസവത്തിന്റെ ദിനങ്ങൾ വരെ ശുശ്രൂഷ ചെയ്യുന്ന മറിയത്തെയാണ് നാം സുവിശേഷത്തിൽ കാണുന്നത്. പരിശുദ്ധനായ ദൈവപുത്രനെ ഉള്ളിൽ പേറിക്കൊണ്ട്, അവന്റെ മുന്നോടിയാകാനുള്ള യോഹന്നാന്റെയും അവന്റെ അമ്മയുടെയും അരികിലേക്കുള്ള ഈ യാത്രയെയും, അവരുടെ ഒരുമിച്ചുള്ള സമയത്തെയും, വിശുദ്ധ കുർബാനയും വഹിച്ചുകൊണ്ടുള്ള ഒരു പ്രദക്ഷിണം പോലെ മനോഹരവും അനുഗ്രഹീതവുമായി നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കും. ക്രിസ്തുവിന്റെ സാന്നിദ്ധ്യം മറിയത്തിന്റെ ജീവിതത്തെ മാത്രമല്ല, അവളുടെ സാന്നിദ്ധ്യമുള്ളയിടങ്ങളിൽ പോലും സന്തോഷവും അനുഗ്രഹവും നിറയ്ക്കുന്നു. ദൈവദൂതനിലൂടെ അറിയിക്കപ്പെട്ട കാര്യങ്ങൾ വിശ്വസിച്ചതിന്, എലിസബത്തിലൂടെ ദൈവം പരിശുദ്ധ അമ്മയെ അഭിനന്ദിക്കുന്നതും (ലൂക്ക 1, 45) വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്നുണ്ട്.

പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തെ എലിസബത്തിന്റെ വാക്കുകൾക്ക് മറിയം നൽകുന്ന ഒരു മറുപടിയോ, അവളുടെ വിശ്വാസത്തിന്റെയും എളിമയുടെയും പ്രഖ്യാപനമോ, ദൈവത്തോടുള്ള അവളുടെ നന്ദിയുടെ പ്രകടനമോ ആയി മാത്രം ചെറുതാക്കാനാകില്ല. ഇത് ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളുടെ ഒരു സാക്ഷ്യവും, നാമുൾപ്പെടുന്ന സമൂഹത്തിനുള്ള ഒരു പ്രബോധനവുമാണ് എന്ന് നമുക്ക് കാണാൻ സാധിക്കും. സാമുവലിന്റെ ഒന്നാം പുസ്തകം രണ്ടാം അദ്ധ്യായത്തിൽ (1 സാമുവേൽ 2, 1-10) നാം കാണുന്ന ഹന്നായുടെ സ്തോത്രഗീതം പോലെ, പഴയനിയമത്തിലെ പലസംഭവങ്ങളുടെയും പശ്ചാത്തലം ഈ ഗീതത്തിൽ നമുക്ക് തിരിച്ചറിയാനാകും. എല്ലാ സ്തുതിയും മഹത്വവും ദൈവത്തിന്റേതാണെന്ന, നാം അവിടുത്തെ സൃഷ്ടികൾ മാത്രമാണെന്ന തിരിച്ചറിവും ഏറ്റുപറച്ചിലുമാണ് മറിയവും നടത്തുന്നത്. ദൈവം മനുഷ്യവംശത്തോട് കരുണയോടെ ഇടപെട്ടിരിക്കുന്നുവെന്ന് തന്നോടുള്ള ദൂതന്റെ വാക്കുകളിൽനിന്ന് മറിയം മനസ്സിലാക്കുകയും, ഇന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യുന്നു.

ദൈവദൂതും പരിശുദ്ധ അമ്മയും ക്രൈസ്തവജീവിതവും

ദൈവദൂതന്റെ വാക്കുകൾ പോലെ, ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നുള്ളതാണ് ഇന്ന് സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ചിന്ത. അസാധ്യം എന്ന ഒരു വാക്കിന് ദൈവത്തിന് മുന്നിൽ വിലയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടോ? മാനുഷികമായ പദ്ധതികളും, ഭയങ്ങളും മാറ്റാൻ കഴിവുള്ള, വയോധികദമ്പതികളിൽനിന്ന് അത്യുന്നതന്റെ പ്രവാചകന് ജന്മമേകാൻ കഴിവുള്ള, കന്യകയായ യുവതിയിൽനിന്ന് വചനത്തെ മാംസമാക്കി രക്ഷയേകാൻ കഴിവുള്ള ദൈവമാണ് നമ്മുടേതെന്ന ചിന്ത നമ്മുടെ ക്രൈസ്തവജീവിതത്തെ പ്രത്യാശാനിർഭരമാക്കുന്നതാണ്. വിശുദ്ധിയും എളിമയും വിധേയത്വമനോഭാവവുമുള്ള ഹൃദയങ്ങളാണ് ദൈവം തേടുന്നത്. മാമ്മോദീസായെന്ന കൂദാശവഴി ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ അംഗങ്ങളാകുകയും, ക്രൈസ്തവവിശ്വാസത്തിൽ ജീവിക്കാൻ അനുദിനം പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെന്ന നിലയിൽ, പരിശുദ്ധ അമ്മയുടെ ജീവിതത്തിലെന്നപോലെ, ഏകരക്ഷകനായ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാനും, വാക്കുകൾകൊണ്ട് മാത്രമല്ല, നമ്മുടെ ശുശ്രൂഷകൾ വഴിയും വിശുദ്ധമായ ജീവിതസാക്ഷ്യം കൊണ്ടും അവനെ പ്രഘോഷിക്കാനും, മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ദൈവസാന്നിദ്ധ്യത്തിന്റെ ആനന്ദമേകാനും നമുക്ക് സാധിക്കണം. വിശുദ്ധ പൗലോസ് കൊളോസോസുകാർക്കെഴുതിയ ലേഖനം നാലാം അധ്യായത്തിന്റെ ആദ്യഭാഗത്ത് (കൊളോസോസ് 4, 2-6) നാം വായിക്കുന്നതുപോലെ, ക്രിസ്തുരഹസ്യം പ്രഘോഷിക്കുവാനുള്ള ശക്തി നമുക്കും ലഭിക്കുവാൻ വേണ്ടി ഈ ഒരുക്കത്തിന്റെ ദിവസങ്ങളിൽ നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം. വിശുദ്ധിയും, എളിമയും, ശുശ്രൂഷാമനോഭാവവും നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ പരിശുദ്ധ അമ്മയുടെ മാതൃകയും മാദ്ധ്യസ്ഥ്യവും നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കുകയും ചെയ്യാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2024, 17:43