സ്നാപകന്റെ വഴിയേ ക്രിസ്തുവിനായി ഒരുങ്ങാം
ഫാ. പീറ്റർ ടാജീഷ് O de M.
കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനാവാം എന്നുള്ളത് തന്നെയാണ് ഒരാൾക്ക് പുലർത്താവുന്ന നല്ലൊരു ആധ്യാത്മികത. എന്റെ ജീവിതത്തിലെ എല്ലാ വഴികളും അത്ര മികച്ചതല്ല, ആ വഴികളിൽ സ്നേഹത്തിന്റെ കുറവുണ്ടെന്നും തിരിച്ചറിയുന്നിടത്തും, അതെല്ലാം ശരിയാക്കാൻ ശ്രമിക്കുന്നതാണ് നല്ലൊരു ക്രിസ്തീയ ജീവിതത്തിന്റെ ആരംഭമായി മാറുന്നത്.
ആഗമന കാലത്തിന്റെ മൂന്നാം ഞായറിൽ വചനം നൽകുന്ന സന്ദേശവും അതുതന്നെയാണ്. നിലവിലുള്ള ജീവിതയിടങ്ങളെ അല്പം കൂടി മെച്ചമുള്ളതാക്കി മാറ്റുകയെന്നത്. സ്നേഹം കുറയുന്നിടത്ത് കുറെക്കൂടി സ്നേഹം പകർന്ന് നൽകാനും, കരുണ കുറഞ്ഞു പോകുന്നിടങ്ങളിൽ കരുണയുടെ ആഘോഷങ്ങൾ ആരംഭിക്കുവാനും. സഹവർത്തിത്വവും ഔദാര്യവും വിശാലമനസ്കതയും തുറവിയും നഷ്ടമാകുന്നിടങ്ങളിലൊക്കെ അതൊക്കെ ഒന്ന് തിരികെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ദൈവ വഴിയിലേക്ക് പ്രവേശിക്കുകയാണ്.
നിലവിലുള്ള ജീവിത സാഹചര്യങ്ങളെ അല്പം കൂടി മെച്ചമാക്കുക എന്നുള്ളതാണ് സുവിശേഷം നൽകുന്ന പാഠം. രണ്ടു മേലെങ്കി ഉള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകുക. ഒരാളുടെയും ഒന്നും അമിതമായിട്ട് ആഗ്രഹിക്കാതിരിക്കാനും, ജീവിതത്തിലെ നീതി പുലർത്താനും പരിശ്രമിക്കുക എന്ന് തന്നെയാണ് വചനം പഠിപ്പിക്കുന്നത്.
ജീവിത വർഷങ്ങൾ ഒക്കെയും നമുക്ക് സമ്മാനിക്കുന്നത് ആയുസ്സിന്റെ ദൈർഘ്യം മാത്രമല്ല മറിച്ച് ചിലയിടങ്ങളിൽ വിരസത കൂടെയാണ്. ചെയ്യുന്ന ഓരോ കാര്യങ്ങളിലും ആത്മാവും സമർപ്പണവും സ്നേഹവും ഇല്ലാതെ പോകുമ്പോൾ അതൊക്കെ ജീവിതത്തിന്റെ ശീലങ്ങളായിട്ട് മാറുകയും ഒപ്പം അതിലേക്ക് ഒരു വിരസത കടന്നു വരികയും ചെയ്യും. അങ്ങനെയൊരു ആധ്യാത്മിക ദുശ്ശീലത ഹൃദയത്തിലും ജീവിതത്തിലും പടരുമ്പോഴാണ് സ്നാപകയോഹന്നാൻ സുവിശേഷം വഴി നമ്മളെ ഓർമിപ്പിക്കുന്നത് നമ്മുടെയൊക്കെ തണുത്തുറഞ്ഞുപോയ സ്നേഹവും കരുണയും ഒക്കെ ഒന്നുകൂടെ ഊതി കത്തിക്കുവാനായിട്ട്.
സ്നേഹം അതിന്റെ തീവ്രതയിൽ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മളൊക്കെയും നല്ല മനുഷ്യരായിട്ട് മാറുന്നത്. പരിചിതമായ ജീവിതയിടങ്ങൾ വിരസതയും ആവർത്തനവും സമ്മാനിക്കുമ്പോൾ ഓർക്കണം അതിലേക്ക് സ്നേഹത്തിന്റെ ഊഷ്മാവ് കടത്തിവിട്ടുകൊണ്ട് ഓരോ ദിനങ്ങളെയും ഓരോ മണിക്കൂറിനെയും ഓരോ നിമിഷങ്ങളെയും നവമായി ഉൾക്കൊണ്ടുകൊണ്ട് അതൊരു പുതിയ തുടക്കവും, ജീവിതത്തിന്റെ പുതിയൊരു വഴിയുമായി കാണാൻ ശ്രമിക്കുന്നവർക്കാണ് ഇന്നത്തെ സുവിശേഷം നല്ലൊരു സന്ദേശമായിട്ട് മാറുന്നത്.
രണ്ട് മേലെങ്കിയുള്ളവൻ തന്റെ ജീവിതത്തിന്റെ വിരസതകൾക്കിടയിൽ ഒരു മേലെങ്കി അതില്ലാത്ത ഒരാൾക്ക് സമ്മാനിക്കുമ്പോൾ അത് ലഭിക്കുന്നവന്റെ കണ്ണുകളിലെ തിളക്കവും അവന്റെ സന്തോഷവും ഒക്കെ ജീവിതത്തിലെ ഒരു പുതിയ വഴിയായി മാറും.
ആരെയും ദ്രോഹിക്കാതെയും, ആർക്കും തിന്മ ചെയ്യാതെയും, നന്മകൾ ചെയ്തുകൊണ്ട് കടന്നുപോവാൻ ശ്രമിക്കുമ്പോൾ അതും ജീവിതത്തിന്റെ ഒരു പുതിയ വഴിയുടെ തുടക്കം ആയിട്ട് മാറും. അങ്ങനെയൊരു പുതിയ ഇടം കണ്ടെത്തുക എന്നുള്ളതാണ് ക്രിസ്തുമസ് നമുക്ക് സമ്മാനിക്കുന്ന സന്ദേശം.
സ്നേഹം വീണ്ടെടുക്കുക എന്നുള്ളത് തന്നെയാണ് ക്രിസ്തുമസ് നമ്മളോട് പറഞ്ഞു തരുന്നതും. എവിടേക്കായോ മുറിഞ്ഞുപോയ ദൈവ മനുഷ്യബന്ധം വിളക്കിചേർക്കുവാൻ ദൈവം ദൈവികത ഒരു വലിയ കാര്യമായി പരിഗണിക്കാതെ തന്നെ തന്നെ ശൂന്യനാക്കി ഒരടിമയുടെ രൂപം സ്വീകരിച്ച് മനുഷ്യനായതിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ആ നഷ്ടപ്പെട്ടുപോയ ദൈവമനുഷ്യബന്ധത്തിലേക്ക് ക്രിസ്തു ഒരു അനുരഞ്ജനമായിട്ട്, ദൈവത്തിന്റെ അനുഗ്രഹമായിട്ട് മാറുകയാണ്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നൽകുന്ന സന്ദേശവും അനുരഞ്ജനത്തിലേക്കുള്ള ക്ഷണം തന്നെയാണ്.
എന്തിന് സ്നേഹം വീണ്ടെടുക്കണം എന്ന ചോദ്യത്തിന് നമ്മളൊക്കെ സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ടവർ ആയതുകൊണ്ട് എന്ന് തന്നെയാണ് ഉത്തരം. ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന് പറയുമ്പോൾ, ആ ദൈവം സ്നേഹമാണ് എന്നും പറയുമ്പോൾ ദൈവത്തിന്റെ മുഖം സ്നേഹമുള്ള കരുണയുള്ള മുഖമാണ്. ആ സ്നേഹത്തിൽ സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യനും തന്റെ സ്നേഹം വീണ്ടെടുക്കുന്നതുവരെ ആ ദൈവ ഛായയോ ദൈവസാദൃശ്യമോ നേടിയിട്ടില്ല എന്നും കൂടി അർത്ഥമുണ്ട്. അതുകൊണ്ടാവണം ഇങ്ങനെയൊക്കെ എഴുതപ്പെടുന്നത് ദൈവം മനുഷ്യനായത് മനുഷ്യരെ ദൈവമാക്കി മാറ്റുവാനായിട്ടാണ്.
ദൈവഛായയും ദൈവ സാദൃശ്യവും നേടിയെടുക്കാൻ ശ്രമിക്കുന്ന നമ്മൾ നമ്മുടെ ഉള്ളിലൊക്കെ തണുത്തുറഞ്ഞുപോയ സ്നേഹത്തെ ആളിക്കത്തിക്കേണ്ടതായിട്ടുണ്ട്. സുവിശേഷകൻ ഭംഗിയായിട്ട് പറയുന്നുണ്ട് വിധി ദിവസത്തെ വീശുമുറം എന്ന പദം ഉപയോഗിച്ചുകൊണ്ടാണ്. ഉള്ളിൽ സ്നേഹം ഉണരാതെ പോയ മനുഷ്യരൊക്കെയും അവന്റെ വീശുമുറത്തിൽപാറ്റിയെടുക്കപ്പെടും എന്ന് തന്നെയാണ്. ഒടുവിലായി നമ്മൾ കതിരാണോ പതിരാണോ എന്ന് തിരിച്ചറിയുന്നത് ഉള്ളിൽ നൽകപ്പെട്ട സ്നേഹത്തിന്റെ അളവനുസരിച്ച് മാത്രമായിരിക്കും.
സ്വയം ശൂന്യനായി വിട്ടുകൊടുത്ത ദൈവം എന്ന സ്നേഹം ഈ ക്രിസ്തുമസിൽ നമ്മളോട് ആവശ്യപ്പെടുന്നതും ആ വലിയൊരു സ്നേഹത്തിലേക്ക് വളരുക എന്നതാണ്. ഈ ക്രിസ്തുമസിൽ നമൾ നേടാവുന്ന വലിയ പുണ്യങ്ങളിൽ ഒന്ന് സ്നേഹം വീണ്ടെടുക്കുക എന്ന് തന്നെയാണ്.
നമ്മുടെയൊക്കെ ജീവിത പരിസരങ്ങളിൽ ഒന്ന് നീരീക്ഷിച്ചാൽ അറിയാം എവിടേക്കാണ് ഈ സ്നേഹം തണുത്തുറഞ്ഞു പോയിട്ടുള്ളതെന്ന്. നിസ്സംഗതയും സ്വാർത്ഥതയും നമ്മളിലെ സ്നേഹത്തെ നഷ്ടപ്പെട്ടു പോകാൻ ഇടയാക്കിയിട്ടുണ്ട്. ഒരാളുടെ കണ്ണുനീരോ, സഹനമോ നമ്മുടെ ഹൃദയത്തെ ഭേദിക്കുന്നില്ലെങ്കിൽ, ഹൃദയത്തിന് നൊമ്പരങ്ങൾ സമ്മാനിക്കുന്നില്ലെങ്കിൽ അറിയണം തണുത്തുറഞ്ഞുപോയ സ്നേഹത്തിന്റെ ഉടമകളാണ് നമ്മൾ ഓരോരുത്തരുമെന്ന്.
കൂടെയുള്ളവരുടെ വിഷമങ്ങളും പ്രയാസങ്ങളും കഷ്ടതകളും തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ അവിടെയും സ്നേഹം തണുത്തുറഞ്ഞു പോയതാണ്. ഒരാളുടെ ആകുലതയും നമ്മളെ സ്പർശിക്കാതെ പോകുന്നുണ്ടെങ്കിൽ, ഒരാളെയും കേൾക്കാൻ നമുക്ക് മനസ്സില്ലെങ്കിൽ, ആരോടും ക്ഷമ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, ഓർക്കണം തണുത്തുറഞ്ഞുപോയ സ്നേഹത്തിന്റെ വക്താക്കളാണ് നമൾ എന്നും.
ഒരു മാറ്റമാണ് ആഗമനകാലം നമുക്ക് നൽകുന്നത്. ഉള്ളിലെ സ്നേഹത്തെ വീണ്ടെടുക്കുക. ഹൃദയം മുഴുവൻ സ്നേഹം നിറച്ചുകൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നവന്റെ മാതൃക സ്വീകരിച്ചുകൊണ്ട് നമ്മളും ഇറങ്ങിപ്പുറപ്പെടുക ഉള്ളിലെ സ്നേഹവുമായി. ആ വഴികളിൽ പിറവി ഉണ്ടാവും അവൻ നമ്മുടേതായി പിറക്കും നമ്മൾ അവനിലും പിറക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: