തിരയുക

പ്രഥമ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസ് പ്രഥമ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസ് 

രക്തസാക്ഷിത്വത്തിന്റെ ക്രിസ്തുമസ് സാക്ഷ്യം

വിശുദ്ധ എസ്തപ്പാനോസ്, ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ മാതൃകയാണ്. ഇന്നും ക്രൈസ്തവനായതുകൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്ന ജീവിതസാക്ഷ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ യാഥാർത്ഥധൈര്യം കൈവരുന്നത്, ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ മാത്രമാണ്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിന്റെ ജീവിതത്യാഗത്തിനു ഏറെ പ്രത്യേകതകളുണ്ട്. സഭയുടെ ജീവിതത്തിനു, എന്നും സാക്ഷ്യത്തിന്റെ, അതും സ്നേഹത്തിന്റെ മൂർത്തീമത്ഭാവത്തിൽ സാക്ഷ്യത്തിന്റെ മാതൃക നൽകിയ പുണ്യ ആത്മാവാണ് വിശുദ്ധ എസ്തപ്പാനോസ്.  ഈ ആധുനികയുഗത്തിലും, ക്രൈസ്തവർ ലോകത്തിന്റെ വിവിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന അവസ്ഥകൾ  നാം കേൾക്കുന്നുണ്ട്. ശാരീരികമായി മാത്രമല്ല, മാനസികമായി പോലും ക്രൈസ്തവന്റെ ജീവിതത്തെ മുറിവേൽപ്പിക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തുന്ന ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ട്. ചിലപ്പോഴെങ്കിലും, ഇത് നമ്മിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. മനം മടുത്തുപോകുന്ന ക്രൈസ്തവജീവിതത്തിനു ഉത്തേജനം നൽകുന്നതാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിന്റെ ജീവിതം.

അപ്പസ്തോല പ്രവർത്തനങ്ങൾ നമുക്ക് നൽകുന്ന വിശുദ്ധന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള വിവരണമാണ്, നമ്മുടെ ഈ ചിന്തകളുടെ ആധാരം. അദ്ദേഹത്തിന്റെ ഉത്ഭവത്തെപ്പറ്റി അധികം വിവരങ്ങൾ നമുക്ക് ലഭ്യമല്ല. ചിലർ അദ്ദേഹം ഗ്രീക്കുകാരനാണെന്ന് അനുമാനിക്കുന്നു, മറ്റുള്ളവരുടെ അഭിപ്രായത്തിൽ അദ്ദേഹം ഒരു യഹൂദനായിരുന്നു. ക്രിസ്ത്യാനിയായി തീർന്ന ആദ്യത്തെ യഹൂദന്മാരിൽ ഒരാളായിരുന്നു വിശുദ്ധ സ്തേഫാനോസ്. അഗാധമായ വിശ്വാസം നിമിത്തം, മാത്രമല്ല മറിച്ച് വിശുദ്ധ എസ്തപ്പാനോസ് ജീവിതത്തിൽ ആർജ്ജിച്ച  സംസ്കാരവും ജ്ഞാനവും, അപ്പസ്തോലന്മാരെ സഹായിക്കുവാൻ നിയോഗിക്കപ്പെട്ട ആദ്യ ഏഴു ഡീക്കന്മാരിൽ ഒരാളായി വിശുദ്ധനെ തിരഞ്ഞെടുക്കുവാൻ കാരണമായി.

ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ എല്ലാറ്റിനും അധികമായി സ്നേഹിച്ചതിനു, സ്വന്തം ജീവൻ പോലും ബലിയായി നൽകി, ക്രിസ്തുസഭയുടെ ആദ്യരക്തസാക്ഷിയായി മാറി.

വിശുദ്ധ എസ്തപ്പാനോസിനെ പറ്റി അപ്പസ്തോല പ്രവർത്തങ്ങൾ വിവരിക്കുന്നത് ഇപ്രകാരമാണ്: വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തേഫാനോസ്. മറ്റൊരു ഭാഗത്ത് വിശുദ്ധനെപ്പറ്റി പറയുന്നത്, കൃപാവരവും ശക്തിയും കൊണ്ട് നിറഞ്ഞവൻ എന്നാണ്. താൻ സ്നേഹച്ച ക്രിസ്തു മാത്രമാണ് ശരിയെന്നും, ആ സത്യം പ്രഘോഷിക്കുമ്പോൾ, ലഭിക്കുന്ന പീഡനങ്ങളും, വേദനകളും തന്റെ അവകാശമാണെന്ന് തിരിച്ചറിയുവാനും വിശുദ്ധനെ സഹായിച്ചത് അഗാധമായ വിശ്വാസവും, പരിശുദ്ധാത്മധൈര്യവും, കൃപാവരശക്തിയുമാണ്.

ഇന്നും ഓരോ രക്തസാക്ഷിത്വത്തിന്റെയും ഉത്തേജനം ഈ ദൈവീക സ്നേഹവും, വിശ്വാസധീരതയുമാണ്. ഈ പുണ്യങ്ങൾ നമുക്ക് ലഭിക്കുന്നതോ പരിശുദ്ധാത്മാവിലൂടെയും.  സഭയിലെ ശുശ്രൂഷകരിൽ ഒരാളായി വിശുദ്ധ സ്തേഫാനോസിനെ തിരഞ്ഞെടുക്കുമ്പോൾ, ഏറ്റവും വലിയ യോഗ്യതയായി പരിഗണിക്കപ്പെട്ടതും, ഈ പരിശുദ്ധാത്മ നിറവായിരുന്നു. തുടർന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നത്, പരിശുദ്ധാത്മാവിന്റെ ആവാസത്താൽ വിശുദ്ധന്റെ ജീവിതത്തിൽ പ്രകടമായ സുകൃതങ്ങൾ ആയിരുന്നു. ജ്ഞാനിയും ശക്തനുമായിരുന്ന വിശുദ്ധൻ, പ്രസംഗിക്കുകയും, ആളുകളുടെ ഇടയിൽ ദൈവീക അത്ഭുതങ്ങൾ കാണിക്കുകയും ചെയ്തു. തീക്ഷ്ണമതിയായ ഒരു സുവിശേഷവേലക്കാരൻ എന്നതായിരുന്നു വിശുദ്ധന്റെ ജീവിതത്തെ ആകമാനം വിലയിരുത്തുമ്പോൾ നമുക്ക് മനസിലാകുന്നത്. ഈ ജീവിത സാക്ഷ്യമാണ്, അനേകരെ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യിച്ച ശക്തി.

എന്നാൽ ദൈവത്തിലേക്ക് മനുഷ്യരെ അടുപ്പിച്ചപ്പോൾ, ശത്രുക്കളുടെ എണ്ണവും കൂടി വന്നുവെന്നത് സത്യം. പക്ഷെ അവൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല എന്നത് വാസ്തവം. വിശുദ്ധനോട് മാത്രമല്ല, വിശുദ്ധനാൽ വിശ്വാസത്തിലേക്ക് കടന്നുവന്നവരോട് പോലും ശത്രുത പുലർത്തിയിരുന്നവർ ധാരാളമെന്നു വചനം പറയുന്നു. ഇതാണ് വിശുദ്ധ സ്തേഫാനോസിനെ വ്യാജ ദൈവദൂഷണം ആരോപിച്ചുകൊണ്ട്, വധശിക്ഷയ്ക്ക് വിധിക്കുവാൻ പ്രമാണികൾഈ പ്രേരിപ്പിച്ചത്.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു കഴിഞ്ഞില്ല. 'ഇയാള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി ദൂഷണം പറയുന്നു' എന്ന് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. ജനത്തെയും പ്രമാണിമാ രെയും വേദപണ്ഡിതരെയും ശത്രുക്കള്‍ ഇളക്കിവിട്ടു. എസ്തപ്പാനോസ് തടവിലാക്കപ്പെട്ടു. എസ്തപ്പാനോസിന്റെ പ്രകോപനപരമായ വാക്കുകള്‍ അധികാരികളെയും ജനങ്ങളില്‍ ചിലരെയും ക്ഷുഭിതരാക്കി.

പൊതുസമൂഹത്തിൽ വച്ച് കല്ലെറിയപ്പെടുവാൻ വിധിക്കപെട്ട വിശുദ്ധന്റെ മുഖത്തു എന്നാൽ ദൈവസ്നേഹമല്ലാതെ മറ്റൊരു ഭാവവ്യത്യാസങ്ങളുമില്ലായിരുന്നു. ആകാശത്തേക്ക്, സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തന്റെ കാര്യങ്ങൾ ഉയർത്തി പ്രാർത്ഥിച്ചുകൊണ്ട്, തന്റെ പ്രാണനെ വിശ്വാസത്തിന്റെ വളർച്ചയ്ക്കായി ത്യാഗം ചെയ്ത വിശുദ്ധന്റെ അധരങ്ങളിൽ മന്ത്രിച്ച പ്രാർത്ഥന, യേശുവിന്റേത് തന്നെയായിരുന്നു," അവരറിയാതെ ചെയ്യുന്ന പാപങ്ങൾക്ക് അവരുടെ മേൽ കുറ്റം ചുമത്തരുതേ" എന്നതായിരുന്നു ആ വാക്കുകൾ.  എന്നാൽ വിശുദ്ധൻ അറിഞ്ഞിരുന്നുവെന്നു വചനം പറയുന്നില്ലെങ്കിലും, എസ്തപ്പാനോസിന്റെ പ്രാർത്ഥനയുടെ ശക്തിയാണ് കൊലയാളിയായായിരുന്ന സാവൂളിൽ നിന്നും പൗലോസിലേക്കുള്ള മാനസാന്തരത്തിനു വഴിതെളിച്ചത്.

ഇപ്രകാരം എല്ലാ രക്തസാക്ഷിത്വങ്ങളുടെയും മാതൃകയാണ് എസ്തപ്പാനോസിന്റെ ജീവത്യാഗം.

വിശ്വാസത്തോടുള്ള വിദ്വേഷം നിമിത്തം ആരെങ്കിലും കൊല്ലപ്പെടുമ്പോൾ ആവർത്തിക്കുന്ന എല്ലാ ഘടകങ്ങളും വിശുദ്ധന്റെ രക്തസാക്ഷിത്വത്തിൽ നമുക്ക് കാണാം. വ്യാജവും, സ്വാധീനത്തിനു വഴങ്ങിയതും, അവ്യക്തവുമായ ആരോപണങ്ങൾ; യേശുവിനെയും അവൻ്റെ സുവിശേഷത്തെയും

മനസ്സിലാക്കാൻ കഴിയാത്തവരുടെ ക്രൂരത, ആക്രമണം, സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഒരു വശത്തു നിൽക്കുമ്പോൾ, മറുവശത്തു, പീഡിപ്പിക്കുന്നവരോട് ക്ഷമിക്കുക; ജീവിതത്തിൻ്റെ അവസാന ശ്വാസം വരെ അചഞ്ചലവും അനിഷേധ്യവുമായ വിശ്വാസം എന്നിവ പുലർത്തുന്ന പീഡിപ്പിക്കപ്പെടുന്നവന്റെ ജീവിത സാക്ഷ്യം. സ്നേഹത്തിൻ്റെയും ക്ഷമയുടെയും സമത്വത്തിൻ്റെയും വക്താക്കളാകുന്നവരാണ് ഓരോ രക്തസാക്ഷിയുമെന്നു വിശുദ്ധ എസ്തപ്പാനോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

എന്നാൽ, ആത്മാവിൻ്റെ പ്രവർത്തനത്താൽ സ്വയം ചോദ്യം ചെയ്യപ്പെടാനോ, സഹനങ്ങളെ ഏറ്റെടുക്കുവാനോ അനുവദിക്കാതിരിക്കാനുള്ള മാനുഷിക പ്രവണതയെ ശ്രദ്ധയോടെ ജീവിതത്തിൽ നിരീക്ഷിക്കണമെന്നു ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് ചലനാത്മകമായ ഒരു ജീവിതം നയിക്കുവാനാണ് പാപ്പാ എല്ലാവരെയും  ആഹ്വാനം ചെയ്യുന്നത്. ദൈവത്തിന്റെ ശക്തിയാകുന്ന പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ഓരോ ക്രിസ്ത്യാനിയും ഉൾക്കൊള്ളേണ്ടതെന്നും വിശുദ്ധന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

‘രക്തസാക്ഷിത്വം’ എന്ന പദത്തിന്‍റെ ഗ്രീക്ക് മൂലത്തിന് ‘സാക്ഷ്യം’ എന്നു കൂടി അർത്ഥമുണ്ട്. സാക്ഷ്യത്തിന്‍റെ പാത ജീവത്യാഗത്തോളം നയിച്ചേക്കാം. സാക്ഷ്യം നൽകാത്ത ക്രൈസ്തവനെ മനസിലാക്കാനാവില്ല. ഒരുപാട് ആശയങ്ങളും, ദൈവശാസ്ത്ര ചിന്തകളും, കുറേ നല്ല കാര്യങ്ങളും, കൽപനകളും മാത്രം  ഉള്ള ഒരു മതവിഭാഗമല്ല നമ്മൾ. യേശു ക്രിസ്തുവിനെ അനുഗമിക്കുന്ന, ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന, -സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന- ഒരു ജനമാണ് നാം. ക്രിസ്തു സാക്ഷ്യത്തെ പ്രതി ജീവൻ ത്യജിക്കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. ഇവയെ സ്വീകരിക്കുമ്പോഴാണ് ക്രിസ്ത്യാനി എന്ന വാക്കിനു പോലും നാം യഥാർത്ഥത്തിൽ അർഹരായി തീരുന്നതെന്നാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്.

യേശുവിന്റെ ജനനത്തിന്റെ ആഘോഷങ്ങളുടെ പിറ്റേദിവസം തന്നെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നതിന്റെ പ്രാധാന്യവും അടിവരയിടുന്നത് ഉത്തമമായിരിക്കും. യേശുവിനോട് ഏറ്റവും അടുത്തുനിന്നവരിൽ, ജീവൻ നൽകി തന്റെ വിസ്വാസം പ്രഘോഷിച്ച ആദ്യ വ്യക്തിയായിരുന്നു വിശുദ്ധ എസ്തപ്പാനോസ്. ഓരോ ക്രിസ്തുമസിന്റെയും അർത്ഥം, ബാഹ്യമായിട്ടല്ല, മറിച്ച് ആന്തരികമായി ദൈവവുമായുള്ള അടുപ്പത്തിൽ നിന്നുമാണ് ഉൾക്കൊള്ളേണ്ടതെന്ന വസ്തുതയാണ് ഈ ആഘോഷം നമ്മെ പഠിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഇതുപോലെ, യോഹന്നാൻ, നിഷ്കളങ്കരരായ പൈതങ്ങൾ എന്നിവരുടെ തിരുനാളുകളും സഭ ആഘോഷിക്കുന്നു.

രക്തസാക്ഷികളുടെ കാലഘട്ടം  ഇനിയും അവസാനിച്ചിട്ടില്ല; ആദ്യ നൂറ്റാണ്ടുകളിലേതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇപ്പോൾ സഭയിലുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുവിശേഷം ഇന്ന് വീടുകളിൽ പോലും ജീവിക്കുന്നതിനു രക്തസാക്ഷികളായി മാറേണ്ടുന്ന സാഹചര്യമാണ് നിരവധി സ്ഥലങ്ങളിൽ. എന്നാൽ ഈ രക്തസാക്ഷിത്വം പുഞ്ചിരിയോട് കൂടി സ്വീകരിക്കുന്ന അനേകായിരങ്ങൾ, തങ്ങളുടെ നിശബ്ദതയിൽ മന്ത്രിക്കുന്നതും പ്രാർത്ഥന മാത്രമാണ്. ഇപ്രകാരം ഒഴുക്കിനെതിരെ നീന്തിക്കൊണ്ട്, ദൈവരാജ്യത്തിനുവേണ്ടി രക്തസാക്ഷികളാകുവാനുള്ള വിളി നമുക്കും സ്വീകരിക്കാം. നമ്മെ ധൈര്യപ്പെടുത്തുന്നവൻ കർത്താവ് മാത്രമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2024, 10:58