പാവങ്ങളുടെ കണ്ണുനീരിനു സ്വർഗം തുറക്കുവാനുള്ള ശക്തിയുണ്ട് : കർദിനാൾ കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഡിസംബർ മാസം ഏഴാം തീയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായാൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ ജോർജ് കൂവക്കാടിനു റോമിലെ സീറോ മലബാർ വിശ്വാസികൾ സ്വീകരണം നൽകി. സീറോ മലബാർ സഭയ്ക്കായി ഫ്രാൻസിസ് പാപ്പാ നൽകിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയിൽ വച്ചായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ. ഡിസംബർ മാസം എട്ടാം തീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞു നടത്തിയ ആഘോഷപരിപാടികളിൽ നിരവധി മെത്രാന്മാരും, വൈദികരും, സന്യസ്തരും അത്മായരും പങ്കെടുത്തു. നവ കർദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ ബലിക്കു ശേഷം, അനുമോദന സമ്മേളനവും, യുവജനങ്ങളുടെ നൃത്തശില്പവും, സ്നേഹവിരുന്നും നടന്നു. ദിവ്യബലിമദ്ധ്യേ, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, വചന സന്ദേശം നൽകി.
തുടർന്ന് നടന്ന അനുമോദനസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ, കർദിനാൾ ജോർജ് കൂവക്കാട്, ദൈവം നാളിതു വരെ വിവിധ വ്യക്തികൾ വഴിയായി തനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കായും പ്രത്യേകം നന്ദി പറഞ്ഞു. അതോടൊപ്പം തൻറെ ജീവിതത്തിന്റെ അടിസ്ഥാനമായി എന്നും നിലകൊണ്ടിട്ടുള്ളത്, പാവങ്ങളോടുള്ള തന്റെ അടുപ്പം ഒന്ന് മാത്രമാണെന്നും, അവരുടെ കണ്ണുനീരിനു സ്വർഗം പോലും തുറക്കുവാനുള്ള കരുത്തുണ്ടെന്നു താൻ വിശ്വസിക്കുന്നതായും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.നമ്മുടെ മുൻപിൽ കൈനീട്ടുന്നവന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവന്റെ അഭിമാനം ഹനിക്കാതെ അവന്റെ ജീവിതത്തിൽ ഇടപെടുവാൻ, അവന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു കർദിനാൾ എടുത്തു പറഞ്ഞു
സമൂഹത്തിന്റെ ഓരോ നിരകളിലുമുള്ളവർ തന്റെ ജീവിതത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം, തനിക്കു ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലെന്നും, ഇതൊന്നു മാത്രമാണ് തന്റെ ജീവിതത്തിന്റെ ബലമായി നിലകൊണ്ടിട്ടുള്ളതെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. അതിനാൽ തനിക്കു വേണ്ടി ഇനിയും കൂടുതൽ പ്രാർത്ഥിക്കണമേയെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് നവ കർദിനാളിന്റെ വാക്കുകൾക്ക് വിശ്വാസികൾ തങ്ങളുടെ കൃതജ്ഞതയും, ആദരവും പ്രകടിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: