ഫാ. ജെറാൾഡ് ഒഹായേരി ഫാ. ജെറാൾഡ് ഒഹായേരി  

നൈജീരിയയിൽ ഒരു കത്തോലിക്കാവൈദികൻ കൂടി ബന്ദിയാക്കപ്പെട്ടു

നൈജീരിയയിൽ കത്തോലിക്കാസഭയിലെ വൈദികർക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയായി തെക്കുകിഴക്കൻ നൈജീരിയയിൽ സ്പിരിറ്റൻ സഭാംഗമായ (Congregation of the Holy Spirit) ഒരു കത്തോലിക്കാ വൈദികനെക്കൂടി അക്രമികൾ തട്ടിക്കൊണ്ടുപോയി. സ്പിരിറ്റൻ സഭയുടെ ൻസൂക്കയിലുള്ള മേജർസെമിനാരി പ്രൊഫെസ്സർ കൂടിയായ ഫാ. ജെറാൾഡ് ഒഹായേരിയെ, എനുഗു സംസ്ഥാനത്ത് വിശുദ്ധ ബലിയർപ്പണശേഷം തിരികെയുള്ള യാത്രാമധ്യേയാണ് ഫാ. ഒഹായേരിയെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കുകിഴക്കൻ നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് ഒരു കത്തോലിക്കാ വൈദികനെക്കൂടി അക്രമികൾ തട്ടിക്കൊണ്ടുപോയതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സ്പിരിറ്റൻ സഭാംഗമായ ഫാ. ജെറാൾഡ് ഒഹായേരി എന്ന കത്തോലിക്കാ വൈദികനെയാണ് നവംബർ 30-ന് അക്രമികൾ തട്ടിക്കൊണ്ടുപോയത്.

ൻസൂക്കയിലെ ഉഗ്വോഗോ നികേ - ഓപി റോഡിൽ യാത്ര ചെയ്യുന്നതിനിടെ ഓപി എന്ന സ്ഥലത്തോടടുത്തെത്തിയപ്പോഴാണ് ഫാ. ഒഹായേരിയെ അക്രമികൾ തട്ടിക്കൊണ്ടുപോയതെന്ന്, സ്പിരിറ്റൻ വൈദികസമൂഹത്തിന്റെ നൈജീരിയയിലെ തെക്കുകിഴക്കൻ പ്രൊവിൻസ് അറിയിച്ചു. എനുഗു സംസ്ഥാനത്തുള്ള എനുഗു എന്നയിടത്ത് വിശുദ്ധബലിയർപ്പിച്ച ശേഷം മടങ്ങുകയായിരുന്നു ഫാ. ഒഹായേരി.

സ്പിരിറ്റൻ സഭയുടെ ൻസൂക്കയിലുള്ള മേജർസെമിനാരി പ്രൊഫെസ്സറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു കഴിഞ്ഞ ദിവസം അക്രമിസംഘം തട്ടിക്കൊണ്ടുപ്പോയ ഫാ. ഒഹായേരി. 1965-ലാണ് ൻസൂക്കയിൽ സ്പിരിറ്റൻ സഭ തങ്ങളുടെ സെമിനാരി സ്ഥാപിച്ചത്.

നൈജീരിയയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നായ പീപ്പിൾസ് ഡെമോക്രറ്റിക് പാർട്ടിയുടെ ഒരു പ്രധാന പ്രവർത്തകനെയും ഇതേ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി നൈജീരിയൻ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഉഗ്വോഗോ നികേ - ഓപി റോഡിൽ വലിയ സുരക്ഷാസേനയുടെ സാന്നിദ്ധ്യമുണ്ടായിട്ടും, നിരവധിയാളുകളെയാണ് ഈ പ്രദേശത്ത് അക്രമിസംഘങ്ങൾ തട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസങ്ങളിൽ നിരവധി പുരോഹിതരെയാണ് വിവിധ അക്രമിസംഘങ്ങൾ തട്ടിക്കൊണ്ടുപോയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2024, 15:21