വത്തിക്കാൻ മാധ്യമ വിഭാഗം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പാ(ഫയൽ ചിത്രം) വത്തിക്കാൻ മാധ്യമ വിഭാഗം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പാ(ഫയൽ ചിത്രം)  (Vatican Media)

യഥാർത്ഥ ആശയസംവേദനം സാങ്കേതികമല്ല, മാനുഷികമാണ്

നാല്പത്തിയെട്ടാമത്‌ ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്ത വിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പാ, പത്രോസിനടുത്ത തന്റെ അജപാലന ശുശ്രൂഷ ആഗോള സഭയ്ക്കായി തുടങ്ങി, ആദ്യ ആഗോള മാധ്യമ ദിനസന്ദേശമാണ് 2014 ൽ നൽകിയത്. ശാസ്ത്രവും, സാങ്കേതിക വിദ്യകളും അതിന്റെ നൂതനമായ കണ്ടുപിടുത്തങ്ങളിൽ, ആഗോളതലത്തിൽ വിസ്ഫോടനം നടത്തിയ ഒരു മേഖലയാണ്, ആശയ വിനിമയ- മാധ്യമ ശൃംഖല. ഉപരിപ്ലവമായി മനുഷ്യർ തമ്മിലുള്ള അകലം കുറഞ്ഞുവെങ്കിലും, ആശയകൈമാറ്റത്തിന്റെ വേഗത അഭൂതപൂർവ്വമായി വർധിച്ചുവെങ്കിലും, ആധികാരികമായ ഹൃദയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിലും, കൂട്ടായ്മയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിലും ഈ വികസനങ്ങൾക്ക് സാധിച്ചോ? എന്ന ചോദ്യം ഇപ്പോഴും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പാ ആഗോള മാധ്യമ ദിനത്തിൽ, കൂട്ടായ്മയുടെ ശക്തികേന്ദ്രമായി മാധ്യമങ്ങളെയും, മാധ്യമപ്രവർത്തകരെയും ഏറ്റെടുക്കുന്നതിനും, വളർത്തുന്നതിനും ആഹ്വാനം ചെയ്യുന്നത്. യഥാർത്ഥ മാധ്യമ  പ്രവർത്തനത്തിന്റെയും, സാങ്കേതിക  വിദ്യകളുടെ ഉപയോഗത്തിന്റെയും പ്രായോഗിക നിർദേശങ്ങളാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.

ലോകം ചെറുതാകുന്നു

നമ്മൾ എവിടെ പോയാലും  ചെറിയ സ്‌ക്രീനുകളിൽ നിറയുന്ന വിവരങ്ങൾ ഉപയോഗിച്ച്, ലോകം പ്രായോഗികമായി നമ്മുടെ കൈപ്പിടിക്കുള്ളിൽ ഉണ്ടെന്നുള്ള തോന്നൽ സാമൂഹ്യ മാധ്യമ മേഖല ഇന്ന് പ്രദാനം ചെയ്യുന്നുവെന്നത് സത്യമാണ്. കാല്പനികമായെങ്കിലും ഗതാഗത, വാർത്താവിനിമയ സാങ്കേതികവിദ്യകളിലെ വികാസങ്ങൾ നമ്മെ കൂടുതൽ അടുപ്പിക്കുകയും,  കൂടുതൽ ബന്ധിപ്പിക്കുകയും, ആഗോളവൽക്കരണം നമ്മെ പരസ്പരം ആശ്രയിക്കുവാൻ പ്രചോദിപ്പിക്കുകയും ചെയ്യന്നുവെന്നത് യാഥാർഥ്യമെന്നു ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നുവെങ്കിലും, ഈ  ചെറുതാക്കപ്പെട്ട  ലോകത്തിൽ മനുഷ്യത്വത്തിനുള്ളിൽ നിലനിൽക്കുന്ന വിഭജനങ്ങളെയും, വേർതിരിവുകളെയും കാണാതെ പോകരുതെന്ന് പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ചെറുതാക്കപെട്ട ലോകത്തിൽ ദീർഘമായ അന്തരങ്ങൾ ഏറെ പ്രകടമാണ്. ആഡംബരവും, ദുരിതവും രണ്ടു ധ്രുവങ്ങളിലായി മനുഷ്യർ തമ്മിലുള്ള അകലം വർധിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പാ ഇവിടെ ഉദ്ധരിക്കുന്ന ചില ഉദാഹരണങ്ങൾ ഒരുപക്ഷെ നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെ പോയ ചില സത്യങ്ങളാണ്. നിരവധി കടകളിൽ പ്രകാശമാനമായ അന്തരീക്ഷത്തിൽ, അന്തിയുറങ്ങുന്നത് ഹൃദയത്തിൽ ഇരുളുതിങ്ങിയ പാവപ്പെട്ട മനുഷ്യരാണ്. ആ വെളിച്ചത്തിനും അന്ധകാരത്തിനും ഇടയിൽ ആശയവിനിമയം ഉണ്ടോ എന്നത് സംശയകരമാണ്. അതിനാൽ പുറത്തേക്ക് നോക്കുന്നതും, ലോകത്തിന്റെ ശരിയായ അവസ്ഥകൾ മനസിലാക്കുന്നതുമാണ് പ്രഥമ മാധ്യമധർമ്മമെന്നു  പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും, മതപരമായ കാരണങ്ങളും മൂലം നിരവധി സംഘർഷങ്ങൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, ലോകം ചെറുതെങ്കിലും , ആ ചെറിയ ലോകത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുവാൻ പാപ്പാ ക്ഷണിക്കുന്നു.

മാധ്യമങ്ങൾ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു

ചെറുതായ ലോകത്തു അകലുന്ന ബന്ധങ്ങളെ കുറിച്ചാണ് പാപ്പാ തന്റെ സന്ദേശത്തിന്റെ ആദ്യ ഭാഗത്തു സംസാരിക്കുന്നതെങ്കിൽ തുടർന്ന്, ഈ അകലം കുറച്ചുകൊണ്ട് മനുഷ്യർ തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാൻ മാധ്യമങ്ങൾ  വഹിക്കുന്ന അല്ലെങ്കിൽ വഹിക്കേണ്ടുന്ന പങ്കിനെപ്പറ്റി പാപ്പാ കുറിക്കുന്നു. വ്യക്തികൾ തമ്മിലുള്ള ദൂരവ്യത്യാസം കുറയുമ്പോഴല്ല, വ്യക്തികൾ തമ്മില്‍ അടുക്കുമ്പോഴാണ് മാധ്യമങ്ങളുടെ മഹത്വം വർദ്ധിക്കുന്നത്. പരസ്പരം ശ്രവിക്കാനും അപരനിൽ നിന്നു പഠിക്കാനും നാം സന്നദ്ധരായെങ്കില്‍മാത്രമേ നമ്മെ വേർതിരിക്കുന്ന മതിലുകളെ മറികടക്കാൻ നമുക്കു സാധിക്കൂ. ചിന്തിക്കാനും ആലോചിച്ചു തീരുമാനമെടുക്കാനും, ഉചിതമായ രീതിയില്‍ സ്വയം പ്രകടിപ്പിക്കാനും നമ്മെ അനുവദിക്കാത്തത്ര വേഗതയില്‍ സഞ്ചരിക്കുന്ന ഇന്നത്തെ മാധ്യമ ലോകത്തിന് അമ്പരപ്പിക്കുന്ന കരുത്തുണ്ടെന്നു പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. എന്നാൽ പരസ്പരം കേൾക്കാനും പഠിക്കാനും തയ്യാറായാൽ മാത്രമേ നമ്മെ ഭിന്നിപ്പിക്കുന്ന മതിലുകളെ മറികടക്കാൻ കഴിയൂ.

നമ്മെ വളർത്താനോ നമ്മുടെ ദിശാബോധം തെറ്റിക്കാനോ മാധ്യമങ്ങൾക്കു സാധിക്കും. തന്‍റേതായൊരു ലോകത്ത് സ്വയം ഒതുങ്ങിക്കൂടാനോ, സ്വാർത്ഥതാല്‍പര്യങ്ങളുടെ പിന്നാലെ പായാനോ സാധ്യമാണവിടെ. എന്നാൽ, മാധ്യമ ലോകത്ത് പതിയിരിക്കുന്ന അത്തരം അപകടങ്ങളെ ഭയന്ന് നാം സോഷ്യൽ നെറ്റുവർക്കുകളടക്കമുള്ള മാധ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതില്ല, യഥാർത്ഥ ആശയസംവേദനം സാങ്കേതികമല്ല, മാനുഷികമാണെന്ന ബോധ്യത്തോടെ സമ്പർക്ക മാധ്യമലോകത്ത് വ്യാപരിക്കുകയാണ് വേണ്ടത്. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കും സഭയുടെ പ്രേഷിത ദൗത്യത്തില്‍ സ്ഥാനമുണ്ടെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തു പറയുന്നു. അതിനാൽ നമ്മിൽ തന്നെ ഒതുങ്ങി കൂടാതെ അപരോന്മുഖമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിന്, ഇന്നത്തെ മാധ്യമലോകം വഹിക്കുന്ന പങ്കിനെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുന്നു. മാധ്യമലോകത്തെ സകല കണ്ടുപിടുത്തങ്ങളും ദൈവത്തിൽ നിന്നും നാം സ്വീകരിച്ചിരിക്കുന്ന സമ്മാനങ്ങളാണെന്നും, അവയെ ദൈവീകപദ്ധതിക്കും താത്പര്യങ്ങൾക്കും അനുസരണം ഉപയോഗിക്കണമെന്നും പാപ്പാ എടുത്തുപറയുന്നു.

വേഗതകൾ അകലം വർധിപ്പിക്കരുത്

   ഇന്ന് മാധ്യമലോകം ഏറെ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഏറ്റവും ആദ്യം വിവരങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുവാൻ മാധ്യമലോകവും, സാമൂഹ്യമാധ്യമങ്ങളും മത്സരിക്കുമ്പോൾ, കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങളുടെ ആധികാരികത എപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കപ്പെടുന്നു. ഈ വേഗത ഒരുപക്ഷേ നമ്മുടെ വിചിന്തനങ്ങൾക്കും, വിമർശനങ്ങൾക്കും, ന്യായവിധികൾക്കും ആശയങ്ങളെ വശംവദരാക്കുന്നില്ലെന്നും, ആയതിനാൽ നമ്മുടെ പോലും സമ്മതം കൂടാതെ ആശയങ്ങൾ ബന്ധങ്ങളെ ശിഥിലമാക്കുന്ന  അവസ്ഥകളും പാപ്പാ അടിവരയിട്ടു പറയുന്നു. അതുപോലെ ഈ സാമൂഹ്യ മാധ്യമ മണ്ഡലത്തിൽ വേഗതയ്‌ക്കൊപ്പം യാത്ര ചെയ്യുവാൻ സാധിക്കാത്തവർ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥാവിശേഷങ്ങളും പാപ്പാ സൂചിപ്പിക്കുന്നു. ഇവിടെ തലമുറകൾ തമ്മിലുള്ള അകലം വർധിക്കുന്നതും എടുത്തുപറയേണ്ടതാണ്.

ആശയവിനിമയം മാനുഷികമായ നേട്ടത്തിന്

സമൂഹത്തിൻ്റെ പരിണാമത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട്. നമ്മൾ സമൂഹത്തിന്റെ ചലനങ്ങൾക്ക് സ്വാധീനമുള്ളവരാണെന്ന് നാമെല്ലാവരും  വിശ്വസിക്കുന്നു. ഇത് ഒരു വളർച്ചയുടെ ലക്ഷണമാണ്. ഉത്തരവാദിത്വ പൂർണ്ണമായി മാധ്യമങ്ങളെ ജീവിതത്തിൽ ഉപയോഗിക്കുന്നതിനും, അവ മാനവിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സഹായകരമാക്കുന്നതിനും ഉതകുന്ന രീതിയിൽ സ്വീകരിക്കുവാൻ ഈ സ്വാധീനം എല്ലാവരെയും മുൻപോട്ടു നയിക്കണം. എല്ലാവരെയും സാഗതം ചെയ്യുന്നതിനും, എല്ലാ മനുഷ്യർക്കും സമൂഹത്തിൽ, ഒരു കർത്തവ്യം നിർവ്വഹിക്കാനുണ്ടെന്നുമുള്ള തിരിച്ചറിവിലേക്ക് നയിക്കുന്നതിനുംസാധിക്കുമ്പോഴാണ് മാധ്യമങ്ങളും, മാധ്യമപ്രവർത്തകരും ലോകത്തിൽ അവരുടെ കടമ നിറവേറ്റുന്നത്. മറ്റുള്ളവരെ ശ്രദ്ധിക്കാൻ നമ്മൾ ശരിക്കും ഉത്സുകരാണെങ്കിൽ, ലോകത്തെ വ്യത്യസ്ത കണ്ണുകളോടെ നോക്കാനും വിവിധ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പ്രകടമാകുന്ന മനുഷ്യാനുഭവത്തെ അഭിനന്ദിക്കാനും നമ്മൾ പഠിക്കുമെന്നും, അപ്രകാരം ഒരു ആഗോളാത്മകത സഹോദര ബന്ധത്തിൽ നേടിയെടുക്കുവാനും നമുക്ക് സാധിക്കുമെന്നും തന്റെ സന്ദേശത്തിൽ പാപ്പാ അടിവരയിടുന്നു.

നല്ല സമരിയാക്കാരൻ  ആകുക

സുവിശേഷത്തിലെ നല്ല സമരിയക്കാരന്റെ ഏറ്റവും വലിയ ഗുണം അവൻ അകലങ്ങളിൽനിന്നും അടുത്തേക്കുവന്നുകൊണ്ട്, അയൽക്കാരനായി സംരക്ഷകനായി മാറിയെന്നുള്ളതാണ്. മൗനത്തിൽ പോലും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ആശയങ്ങൾ കൈമാറിയ വ്യക്തിയാണ് നല്ല സമരിയക്കാരൻ. അപരനെ എന്നോട് സാമ്യമുള്ളവനായി അംഗീകരിക്കുന്നതല്ല, മറിച്ച് എന്നെ മറ്റൊരാളോട് സാമ്യമുള്ളതാക്കാനുള്ള എൻ്റെ കഴിവാണ് യഥാർത്ഥ മാനുഷിക ആശയവിനിമയമെന്നു പാപ്പാ പറയുന്നു. ആശയവിനിമയത്തിന് വിവരങ്ങളുടെ ഉപഭോഗം അല്ലെങ്കിൽ കൃത്രിമത്വം പ്രേരിപ്പിക്കുക എന്ന പ്രബലമായ ഉദ്ദേശ്യമുണ്ടെങ്കിൽ അത്, തെറ്റാണെന്നും മറിച്ച് അപരനോടുള്ള ആർദ്രതയാൽ, മനുഷ്യത്വത്താൽ സമ്പന്നമായ മാധ്യമങ്ങളെയും, പ്രവർത്തനങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കുവാനും ഈ സന്ദേശം എല്ലാവരെയും ക്ഷണിക്കുന്നു.

2025 ജൂബിലി വർഷം ആഘോഷിക്കുമ്പോൾ, ജനുവരി മാസം, മാധ്യമപ്രവർത്തകരുടെ പ്രത്യേക ജൂബിലി ആഘോഷങ്ങൾ ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നു. മാനവികതയുടെ ആശയവിനിമയങ്ങൾക്ക് തന്റെ ജീവിതം കൊണ്ട് മാറ്റുകൂട്ടിയ യേശുവിന്റെ ജീവിത മാതൃക പാപ്പാ ചൂണ്ടിക്കാണിക്കുന്നു. പ്രത്യാശയിലേക്ക് ലോകം മുഴുവനെയും നയിക്കുവാൻ സത്യത്തിന്റെ വക്താക്കളാകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. സംഭാഷണത്തിലൂടെ യഥാർത്ഥ സാഹോദര്യത്തിന്റെ സൗന്ദര്യം മാധ്യമ മേഖലയിൽ പരത്തുവാൻ പാപ്പായുടെ ക്ഷണം എല്ലാവർക്കും  സ്വീകരിക്കാം.

 

 “അന്യന്റെ  മുറിവുകൾ സൗഖ്യപ്പെടുത്തുന്ന സുഗന്ധതൈലവും അപരന് ആശ്വാസം പകരുന്ന നല്ല വീഞ്ഞുമായിരിക്കണം നമ്മുടെ ആശയസംവേദനം.”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2024, 12:26