തിരയുക

 ഫ്രാൻസിസ് പാപ്പായുടെ സ്വകാര്യസന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പായുടെ സ്വകാര്യസന്ദർശനവേളയിൽ   (VATICAN MEDIA Divisione Foto)

ആശയവിനിമയത്തിന്റെ പ്രഥമവിദ്യാലയം കുടുംബമാണ്

നാല്പത്തിയൊൻപതാമത് ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്ത വിവരണം (2015)
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആശയവിനിമയം എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ  മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്, സർവ്വപ്രാപഞ്ചികമായ മാധ്യമശൃംഖലയാണ്. അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ശബ്ദ-ചിത്ര പ്രസരണങ്ങളും ബഹുജനങ്ങളിലേയ്ക്കു്, ഒരേ ദിശയില്‍ മാത്രം വിവരവും വിജ്ഞാനവും എത്തിക്കുന്ന പരമ്പരാഗത മാധ്യമശൃംഖലയിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടു കൊണ്ട്, ഇന്ന് സമയ-ദൂര പരിമിതികൾ മറികടന്നുകൊണ്ട്, ഓരോ വ്യക്തിയും മാധ്യമപ്രവർത്തകരായി മാറ്റപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റും സ്വകാര്യ ശൃംഖലകളും പൊതു ഫോണ്‍ ശൃംഖലകളും വന്‍ വിവര ശേഖരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളും വ്യക്തിഗത കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും എല്ലാം ഈ ശൃംഖലയുടെ ഭാഗമാണു്.

ആര്‍ക്കും എവിടെയിരുന്നും തത്സമയം വിവരം കൈമാറാമെന്നും പ്രക്രിയകളും സ്ഥാപനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിയന്ത്രിക്കാമെന്നുമായിരിക്കുന്നു.  ഇതിനെയാണ് ബഹുമാധ്യമ ആശയവിനിമയം എന്ന് വിളിക്കുന്നത്. എന്നാൽ മാധ്യമങ്ങളുടെ അതിപ്രസരം, ഉപരിതലത്തിൽ വൈവിധ്യങ്ങളും, വിപ്ലവങ്ങളും നിറഞ്ഞ മാറ്റങ്ങൾ കൊണ്ടുവന്നപ്പോഴും ശ്രദ്ധിക്കാതെ പോയ ഒരു ആശയവിനിമയ മേഖലയാണ് കുടുംബവും, കുടുംബത്തിലെ അംഗങ്ങളും തമ്മിലുള്ള ബന്ധവും, ആശയ കൈമാറ്റങ്ങളും. അപരോന്മുഖമായ ജീവിതത്തിൽ, ഒരുപക്ഷെ അരികിലുള്ളവനും, അയല്പക്കത്തുള്ളവനും ദൃഷ്ടിയിൽപ്പെടാതെ പോകുകയും, എന്നാൽ, അകലെയുള്ളവൻ, അഹംസ്വാർത്ഥതയിൽ സൗഹൃദം നടിച്ചു കൂടെകൂടുകയും ചെയ്യുന്ന അപഭ്രംശങ്ങൾ ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിലാണ്, ഫ്രാൻസിസ് പാപ്പാ, നാല്പത്തിയൊമ്പതാമത് സമൂഹമാധ്യമദിനത്തിൽ നൽകിയ  സന്ദേശം അർത്ഥവത്താകുന്നത്.

സന്ദേശത്തിന്റെ ശീർഷകം, "കുടുംബവുമായി ആശയവിനിമയം നടത്തുക: സ്നേഹത്തിൻ്റെ നിസ്വാർത്ഥതയിൽ കണ്ടുമുട്ടാനുള്ള വിശേഷാധികാര പരിസ്ഥിതി" എന്നുള്ളതാണ്. കുടുംബത്തിൽ ആശയവിനിമയം കുറയുന്നതിനെ ഫ്രാൻസിസ് പാപ്പാ പലപ്പോഴും തന്റെ സന്ദേശങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇന്ന് പല സാമൂഹിക സന്ദർഭങ്ങളും കുടുംബ സൗഹാർദ്ദത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും, എന്നാൽ ഈ സൗഹാർദ്ദം വീണ്ടെടുക്കുവാനും, അത് അഭംഗുരം കാത്തുസൂക്ഷിക്കുവാനും മേശയ്ക്കുചുറ്റും ഒത്തുകൂടുമ്പോൾ ആശയവിനിമയം നടത്തുവാനും, പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുവാനും പാപ്പാ  എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നു. വ്യക്തികള്‍ തമ്മിലും, വ്യക്തികളും കൂട്ടായ്മകളും തമ്മിലും, കൂട്ടായ്മകള്‍ തമ്മില്‍ തമ്മിലും ബഹുമാധ്യമ ആശയ വിനിമയം സാധ്യമാകുമ്പോൾ, അവയുടെയെല്ലാം അടിസ്ഥാനമായി കുടുംബത്തിനകത്തുള്ള പരസ്പരബന്ധത്തെയാണ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നത്.

ആശയവിനിമയത്തിന്റെ പ്രഥമപാഠം കുടുംബങ്ങളിൽ

ആശയവിനിമയം എന്ന വാക്ക് പാപ്പാ ഉപയോഗിക്കുന്നത് മറ്റു രണ്ടു പദപ്രയോഗങ്ങളോടെയാണ്: ആധികാരികം, മാനുഷികം. ഈ രണ്ടു പദങ്ങളുടെ അർത്ഥതലം ഏറെ ആഴമേറിയതാണ്. കാരണം ഈ രണ്ടു അടിസ്ഥാന ഘടകങ്ങൾ നഷ്ടപെട്ട ഒരു ആശയവിനിമയലോകം ഇന്ന് നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്.

എലിസബത്തിനെ സന്ദർശിക്കുന്ന പരിശുദ്ധ മറിയത്തെയും, ഉദരത്തിൽ സ്നാപകയോഹന്നാൻ സന്തോഷത്താൽ തുള്ളിച്ചാടിയതുമാണ് പാപ്പാ പ്രത്യേകം  അനുസ്മരിക്കുന്ന വചന ഭാഗം. ആഹ്ലാദിക്കുക എന്നതാണ് ഏതൊരു ആശയവിനിമയവും വെളിവാക്കേണ്ടുന്ന ഭാവമെന്നു പരിശുദ്ധ പിതാവ് അടിവരയിട്ടു പറയുന്നു. ഇത് മനുഷ്യജീവൻ  മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതലേ ആരംഭിക്കുന്നുവെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു. അതിനാൽ ഗർഭപാത്രത്തെ ഫ്രാൻസിസ് പാപ്പാ ആശയവിനിമയത്തിന്റെ ആദ്യ കലാലയമെന്നു വിശേഷിപ്പിക്കുന്നു. ഹൃദയമിടിപ്പിന്റെ ആശ്വാസകരമായ നേർത്ത ശബ്ദവും, ശരീര സമ്പർക്കവും വാക്മയചിത്രങ്ങളേക്കാൾ അർത്ഥവത്തായ ബന്ധങ്ങൾ ഉരുവാക്കുന്നു.

കുടുംബം മനുഷ്യജീവിതത്തിന്റെ രണ്ടാം ഗർഭപാത്രം

തുടർന്നും, അമ്മയുടെ ഗർഭപാത്രത്തിന്റെ തുടർച്ചയായിട്ട് കുടുംബത്തെ വിവരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം തുടരുന്നത്. എന്നാൽ ഈ ഗർഭപാത്രം നിർമ്മിതമായിരിക്കുന്നത്, നാനാത്വത്തിൽ വെളിവാക്കപ്പെടുന്ന ഏകത്വത്തിൽ നിന്നുമാണെന്ന കാര്യവും പാപ്പാ അനുസ്മരിക്കുന്നു. വിവിധ ആളുകൾ പരസ്പരം സ്വാഗതം ചെയ്തുകൊണ്ട്, ആശയവിനിമയം നടത്തുകയും, ബന്ധങ്ങൾ ഊഷ്മളമാക്കുകയും ചെയ്യുന്നതുവഴിയായി, ജീവിതത്തിന്റെ അന്തരീക്ഷം സമ്പന്നമാകുന്നുവെന്നും പാപ്പാ പറയുന്നു. നമ്മുടെ പൂർവ്വികർ നമ്മുക്കായി അവശേഷിപ്പിച്ച, നന്മയുടെ വിത്തുകൾ സ്വീകരിക്കുവാനും, ഫലം പുറപ്പെടുവിക്കുവാനും, അവരെ ഉപേക്ഷിക്കാതെ ചേർത്തുപിടിക്കുവാൻ, പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

പ്രാർത്ഥന ആശയവിനിമയത്തിന്റെ അവശ്യഘടകം

അമ്മമാരും അപ്പന്മാരും തങ്ങളുടെ ശിശുക്കളെ ഉറങ്ങാൻ കിടത്തുമ്പോൾ, ദൈവത്തിനു ഭരമേൽപിക്കുന്ന നന്മനിറഞ്ഞ നിമിഷങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ്, ആശയവിനിമയത്തിലും, ബന്ധങ്ങളുടെ ഊഷ്മളതയിലും പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ അടിവരയിടുന്നത്. ഈ കുഞ്ഞുങ്ങൾ പിന്നീട്, മാതാപിതാക്കളോടൊപ്പം കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കുന്നു. ദൈവസഹായം ആവശ്യമുള്ള എല്ലാവരെയും സ്നേഹത്തോടെ ഓർത്തുകൊണ്ട് കുഞ്ഞുങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിലൂടെ കൂടുതൽ വിശാലമായ ഒരു ലോകത്തിൽ നമ്മുടെ ഉത്തരവാദിത്വം പാപ്പാ എടുത്തു പറയുന്നു. പരസ്പരം ആലിംഗനം ചെയ്യാനും,  പരസ്പരം പിന്തുണയ്ക്കാനും, നിശബ്ദതകളെ  മനസ്സിലാക്കാനും, ഒരുമിച്ച് ചിരിക്കാനും കരയാനും കുടുംബത്തിലെ ഈ ആശയവിനിമയ സംസ്കാരം ഏറെ സഹായകരമാകുന്നുവെന്നു പാപ്പാ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

ആശയവിനിമയത്തിന് സന്ദർശനങ്ങൾ

പരിശുദ്ധ മറിയത്തിന്റെയും, എലിസബത്തിന്റെയും ജീവിതത്തിലെ ആശയവിനിമയത്തിന്റെ മറ്റൊരു നിമിഷമായ സന്ദര്ശനത്തെയും പാപ്പാ അടിവരയിട്ടു പറയുന്നു. ഓരോ ആശയവിനിമയത്തിന്റെയും അടിസ്ഥാനം അഹത്തിൽ നിന്നും പുറത്തു കടന്നുകൊണ്ട്, മറ്റൊരാളിലേക്കുള്ള നടന്നടുക്കലിനെ പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടുകയും, അതിനായി എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നമ്മിൽ നിന്നും പുറത്തുകടന്നുകൊണ്ട്, മറ്റുള്ളവരുടെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കും, സന്താപങ്ങളിലേക്കും കടന്നുചെല്ലുവാനും, അവയെ ജീവിതത്തിൽ പങ്കുവയ്ക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. ജീവിതത്തിൻ്റെയും കൂട്ടായ്മയുടെയും സന്ദേശം അറിയിക്കാനും, ഏറ്റവും മുറിവേറ്റ കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകാനും, സഭയെ തന്നെ വളർത്താനും ഈ സന്ദർശനം ഏറെ സഹായകരമാകുമെന്നും പാപ്പാ പറയുന്നു.

ക്ഷമ ആശയവിനിമയത്തിന്

എല്ലാം തികഞ്ഞ ഒരു കുടുംബം സൃഷ്ടിക്കുവാൻ നമുക്കാർക്കും സാധിക്കുകയില്ല. എന്നാൽ അപൂർണത, ദുർബലത, സംഘർഷങ്ങൾ എന്നിവ കുടുംബങ്ങളിൽ ഉടലെടുക്കുമ്പോൾ നാം ഭയക്കരുതെന്നും, അവയെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട്, ക്ഷമയുടെ വലിയ മാതൃക നൽകുമ്പോൾ, ആശയവിനിമയത്തിന്റെ ആത്മാർത്ഥമായ അർത്ഥവും  കുടുംബങ്ങളിൽ ഉടലെടുക്കുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ക്ഷമ എന്നത് ആശയവിനിമയത്തിൻ്റെ ഒരു ചലനാത്മക യാഥാർഥ്യമാണെന്നാണ് പാപ്പാ പറയുന്നത്.

ആശയവിനിമയത്തിൽ ആരെയും ഒഴിവാക്കരുത്

കുടുംബത്തെ പാപ്പാ വിശേഷിപ്പിക്കുന്നത്, ആശയവിനിമയ സമൂഹം എന്നാണ്. അവിടെ ആരെയും, അവരുടെ പരിമിതികളിലോ, ഇല്ലായ്മകളിലോ ഒഴിവാക്കരുതെന്നും പാപ്പാ പറയുന്നു. ഏറ്റവും സുന്ദരമായ കുടുംബം, പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൻ്റെ സൗന്ദര്യവും, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്‌മളതയും ഏത് അവസ്ഥയിലും തിരിച്ചറിയുന്നതിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ വ്യക്തിയുടെ അന്തസ്സിൻ്റെയും പൊതുനന്മയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായി ആശയവിനിമയ അന്തരീക്ഷത്തിൽ ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

2015ൽ ഫ്രാൻസിസ് പാപ്പാ നൽകിയ ഈ സന്ദേശത്തിന്റെ അർത്ഥവും, വ്യാപ്തിയും ഇന്നും ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രത്യാശയുടെ സന്ദേശം വിളിച്ചോതുന്ന 2025 ജൂബിലി വർഷത്തിൽ കുടുംബങ്ങളിൽ ആശയവിനിമയം ത്വരിതപ്പെടുത്തിക്കൊണ്ട്, പരസ്പരമുള്ള കൂട്ടായ്മ വർധിപ്പിക്കുവാൻ, പാപ്പായുടെ ആഹ്വാനത്തിന് സാധിക്കട്ടെ.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2024, 12:13