തിരയുക

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ജൂബിലി വാതിൽ തുറക്കുന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ജൂബിലി വാതിൽ തുറക്കുന്നു   (VATICAN MEDIA Divisione Foto)

ദൈവീക നീതി പുനഃസ്ഥാപിക്കുവാൻ ജൂബിലിവർഷത്തിൽ പരിശ്രമിക്കണം

ലോകം മുഴുവൻ ജനുവരി മാസം ഒന്നാം തീയതി സമാധാനദിനമായി ആചരിക്കുന്നു. നിരവധി സംഘർഷങ്ങളാൽ കലുഷിതമായ ഈ ആധുനികയുഗത്തിൽ സമാധാനത്തിനായുള്ള ദൈവീക പദ്ധതിയുടെ വക്താക്കളായി മാറുവാനും, സാഹോദര്യ ചിന്തകൾ ഊട്ടിയുറപ്പിക്കുവാനും ജൂബിലിവർഷത്തിലെ ആഗോള സമാധാനദിനത്തിൽ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു.
പുതുവത്സര പ്രത്യേക പരിപാടി - ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകം മുഴുവൻ ഇന്ന് ആശങ്കകളുടെയും, അശാന്തിയുടെയും യാഥാർഥ്യത്തിലൂടെയാണ് കടന്നുപോകുന്നത്. സമാധാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ സാധിക്കുന്നില്ല എന്നത് ഏറെ വേദനാജനകമാണ്. മാധ്യമങ്ങളിൽ അനുദിനം നാം വായിക്കുന്നതും, കാണുന്നതും വലിയ യുദ്ധങ്ങളുടെ ഏതാനും ചില കദന കഥകൾ മാത്രമായിരുന്നു, എന്നാൽ അതിലും എത്രയോ വലുതാണ് ലോകത്തിൽ നിലനിൽക്കുന്ന രക്തരൂക്ഷിതമായ ചെറുതും, വലുതുമായ കലഹങ്ങളും, കലാപങ്ങളുമെന്നത് ചില അനുഭവങ്ങളിലൂടെ നമുക്ക് മനസിലാകും.

ഇത്തരം വേദനകൾ ലോകം മുഴുവൻ അനുഭവിക്കുവാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെന്നതും സത്യം. ഈ സാഹചര്യത്തിൽ വിവിധ കാലഘട്ടങ്ങളിൽ, സമാധാനത്തിനു ആഹ്വാനം നൽകികൊണ്ട് പരിശുദ്ധപിതാക്കന്മാർ നൽകിയ സമാധാന സന്ദേശങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. 1968 ൽ വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് ആദ്യ ലോക സമാധാനദിന സന്ദേശം നൽകുന്നത്. പുതിയ വർഷം  ആരംഭിക്കുന്ന, ജനുവരി ഒന്നാണ്, ലോക സമാധാന ദിനമായി പാപ്പാ തിരഞ്ഞെടുത്തത്. കാരണം  സമാധാനത്തിനുള്ള ആഹ്വാനത്തോടെ ഒരു പുതിയ തുടക്കത്തിന് മനുഷ്യകുലം മുഴുവൻ തയാറാകണമെന്ന ഉദ്ദേശത്തോടെയാണ് ഇപ്രകാരം ജനുവരി ഒന്ന് തിരഞ്ഞെടുക്കുവാൻ പാപ്പായെ പ്രേരിപ്പിച്ചത്.

2025 ജനുവരി മാസം ഒന്നാം തീയതി ആഘോഷിക്കുന്ന ആഗോള സമാധാന ദിനത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയിരിക്കുന്ന ശീർഷകം, യേശു തന്റെ ശിഷ്യരെ പഠിപ്പിച്ച കർത്തൃപ്രാർത്ഥനയോട് ചേർന്നതാണ്, " ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ, അങ്ങയുടെ സമാധാനം ഞങ്ങൾക്ക് നല്കണമേ". പ്രാർത്ഥിക്കുവാൻ ഞങ്ങളെയും പഠിപ്പിക്കണമേ എന്ന അഭ്യർത്ഥനയുമായി തന്റെ  അടുക്കലേക്ക് കടന്നുവരുന്ന ശിഷ്യരെയാണ് ഇപ്രകാരം, പാപത്തിന്റെ ഇരുളുനിറഞ്ഞ ജീവിതത്തിൽ ദൈവത്തോട് മാപ്പപേക്ഷിക്കുവാനും, അപ്രകാരം അവന്റെ സമാധാനം ജീവിതത്തിൽ ദാനമായി സ്വീകരിക്കുവാൻ യേശു ഉദ്ബോധിപ്പിക്കുന്നത്. 

നിലവിളികൾ കേൾക്കുന്ന ജൂബിലി വർഷം

പ്രത്യാശയുടെ തീർത്ഥാടകരാകുവാനുള്ള ക്ഷണം ലോകത്തുള്ള എല്ലാവർക്കും  നൽകുന്ന ജൂബിലി വർഷത്തിൽ, സമൂഹത്തിൽ മനുഷ്യന്റെ നിലവിളികൾ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ 2025 വർഷത്തെ ആഗോള സമാധാനദിന സന്ദേശം പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ നൽകുന്നത്. സ്വന്തം തെറ്റുകൾ മൂലമോ, മറ്റുള്ളവരുടെ വിധികളാലോ ജീവിതം തകർന്നു പോയ മനുഷ്യജന്മങ്ങളുടെ വേദനകളിൽ, സാഹോദര്യത്തിന്റെ സൗഖ്യം പകരുന്നതിനുള്ള ക്ഷണമാണ് പാപ്പാ നൽകുന്നത്. ഇന്ന് ഭൂമിയിൽ, ദൈവത്തിൻ്റെ വിമോചന നീതി തേടാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കണം ജൂബിലി വർഷമെന്നും പാപ്പാ അടിവരയിടുന്നു. ആരും തങ്ങളുടെ നിലവിളികൾ ശ്രവിക്കുന്നില്ല എന്ന വേദന മനുഷ്യഹൃദയങ്ങളെ ഭരിക്കുമ്പോൾ, തന്നോട് നിലവിളിക്കുന്നവരുടെ  നേരെ ഒരിയ്ക്കലും മടുപ്പുകൂടാതെ അവരെ ശ്രവിക്കുന്ന ദൈവീക കരുണ മറന്നുപോകരുതെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. പരോക്ഷമായെങ്കിലും, മാനവികതയെ അലട്ടുന്ന സംഘർഷങ്ങൾക്കും, പൊതുഭവനമായ ഭൂമിയുടെ ആവാസവ്യവസ്ഥയിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്കും വ്യക്തിപരമായി നാമോരോരുത്തരും ഉത്തരവാദികളാണെന്ന തിരിച്ചറിവ് ഏറെ ആവശ്യമാണെന്നു പാപ്പാ പറയുന്നു. കാരണം ഉത്തരവാദിത്വങ്ങൾ  തിരിച്ചറിയുമ്പോഴാണ്, നന്മയിലേക്കു നാം വളരുകയുള്ളൂ എന്നും തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിക്കുന്നു. ഈ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യമാണ്, മറ്റുള്ളവരെ സഹോദരങ്ങളായി സ്വീകരിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നതും.

മനുഷ്യർ  ഭൂമിയിൽ കടക്കാരാണ്

അനീതിയുടെയും അസമത്വത്തിൻ്റെയും നിലവിലെ അവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനായി ആദ്യം, നമ്മുടെ മാനുഷിക പരിമിതികളെക്കുറിച്ചും, ആശ്രയത്വത്തെക്കുറിച്ചും ബോധ്യമുള്ളവരാകുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ഭൂമിയിലെ വിഭവങ്ങൾ തനിക്കു വേണ്ടി മാത്രമുള്ളതല്ല എന്നും, മറിച്ച് എല്ലാം എല്ലാവർക്കും  വേണ്ടിയുള്ളതാണെന്നും  തിരിച്ചറിവ്‌ മനുഷ്യജീവിതത്തിന്റെ ബലഹീനതയെ ഓർമ്മപ്പെടുത്തുകയും, അതിനാൽ എല്ലാറ്റിനും മനുഷ്യൻ  കൃതജ്ഞതയുള്ളവനായിരിക്കണമെന്നും പാപ്പാ ഈ ജൂബിലിവർഷത്തിൽ ഓർമ്മപ്പിക്കുന്നു. എന്നാൽ ഈ കൃതജ്ഞത പരാജയപ്പെടുമ്പോൾ, മനുഷ്യൻ, തൻ്റെ അനന്തമായ കരുണയിൽ ദൈവം നൽകുന്ന ദാനങ്ങളെ  തിരിച്ചറിയുന്നില്ല, പക്ഷെ ഇവയൊന്നും കണക്കിലെടുക്കാതെ, തന്റെ നന്മകൾ തുടർച്ചയായി നല്കുന്നവനാണ് ദൈവമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ചൂഷണത്തിന്റെ യുക്തി ഉപേക്ഷിക്കണം

ഫ്രാൻസിസ് പാപ്പാ, മറ്റുള്ളവരോട് ചേർന്ന് നിന്നുള്ള ഒരു ജീവിതത്തിനു ആഹ്വാനം ചെയ്യുമ്പോൾ, ഉപേക്ഷിക്കുവാൻ ആവശ്യപ്പെടുന്നത് ചൂഷണത്തിന്റെ യുക്തിയാണ്. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തിക്കൊണ്ട്, ജീവിതത്തിൽ ഉയരുന്നത് ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യുന്നില്ലെന്ന് പാപ്പാ പ്രത്യേകം പറയുന്നു. ദരിദ്രരുടെ കഷ്ടപ്പാടുകൾ മുതലെടുത്ത യേശുവിൻ്റെ കാലത്തെ വരേണ്യവർഗങ്ങളെപ്പോലെ, ഇന്ന് പരസ്പരബന്ധിതമായ ആഗോള ഗ്രാമത്തിൽ, ചൂഷണം ചെയ്യുന്ന യാഥാർഥ്യം പാപ്പാ അടിവരയിടുന്നു.  മറിച്ച്, പാപ്പാ ആഹ്വാനം ചെയ്യുന്നത് ഐക്യദാർഢ്യത്തിൻ്റെയും പരസ്പരാശ്രിതത്വത്തിൻ്റെയും യുക്തിയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ മനുഷ്യ-പ്രകൃതി വിഭവങ്ങളെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതും, കടക്കാരെ ചൂഷണം ചെയ്യുന്നതും, പാപ്പാ എടുത്തു പറയുമ്പോൾ, പാരിസ്ഥിതിക കടവും വിദേശ കടവും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നുള്ള യാഥാർഥ്യവും ഓർമ്മിപ്പിക്കുന്നു.

പ്രത്യാശയുടെ പാതയൊരുക്കുക

പരിധിയില്ലാത്ത ദൈവകരുണയുടെ അനുഭവത്തിൽ നിന്നും ഉടലെടുക്കുന്ന പ്രത്യാശയിൽ വളരുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ആരോടും ഒന്നും കടപ്പെട്ടിട്ടില്ലാത്ത ദൈവം, എല്ലാ മനുഷ്യർക്കും അനന്തമായി കൃപയും കരുണയും നൽകിക്കൊണ്ടേയിരിക്കുന്നു. ദൈവം മനുഷ്യൻ ചെയ്ത തിന്മയെ കണക്കാക്കുന്നില്ല. എന്നാൽ അവൻ നമ്മോട് കാണിച്ച  വലിയ സ്നേഹം നിമിത്തം നാമെല്ലാവരും അത്യധികം കരുണയാൽ സമ്പന്നരാണ്. ഈ സമ്പന്നതയാവണം ഓരോ ക്രിസ്ത്യാനിയുടെയും ജീവിത മാതൃകയെന്നു പാപ്പാ ഓർമ്മപ്പെടുത്തുന്നു. കർത്തൃ പ്രാർത്ഥനയിൽ പ്രാർത്ഥനയിൽ യേശു, നമ്മുടെ കടങ്ങൾ ക്ഷമിക്കാൻ പിതാവിനോട് അപേക്ഷിച്ചതിന് ശേഷം "നമ്മുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നതുപോലെ" എന്ന്  ആവശ്യപ്പെടുന്ന പ്രസ്താവന കൂട്ടിച്ചേർക്കുന്നു. വാസ്തവത്തിൽ, മറ്റുള്ളവരോടുള്ള കടം ക്ഷമിച്ച് അവർക്ക് പ്രത്യാശ നൽകുന്നതിന്, ഒരുവൻ്റെ ജീവിതം ദൈവത്തിൻ്റെ കരുണയിൽ നിന്നുള്ള പ്രത്യാശയാൽ നിറയപ്പെടണമെന്നു പാപ്പാ ആഹ്വാനം ചെയ്യുന്നു. അതിനാൽ, ഈ കൃപയുടെ വർഷത്തിൻ്റെ തുടക്കത്തിൽ, മുഴുവൻ ജനങ്ങളുടെയും ജീവിതത്തിന് അന്തസ്സ് പുനഃസ്ഥാപിക്കാനും അവരെ പ്രത്യാശയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ഇതിനായി ഒന്നാമത്, കടങ്ങൾ ഇളച്ചുകൊടുക്കുന്നതിനു പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. ഒരു പുതിയ സാമ്പത്തിക വാസ്തുവിദ്യ വികസിപ്പിക്കേണ്ടതിനെ പാപ്പാ ഓർമ്മപ്പെടുത്തുന്നു.  തുടർന്ന്, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിൻ്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്യുന്നു. മൂന്നാമതായി വധശിക്ഷ ഒഴിവാക്കിക്കൊണ്ട്, മനുഷ്യന്റെ മാനസാന്തരത്തിനുള്ള അവസരങ്ങൾ കൂടുതലായി ഒരുക്കുക. ഇപ്രകാരം ആഗോളതലത്തിൽ സമാധാനമെന്ന ലക്‌ഷ്യം കണ്ടെത്തുവാനും, കൈവരിക്കുവാനും, യാഥാർഥ്യമാക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2024, 14:45