ക്രിസ്തുമസിന്റെ പ്രഭ ഏറെ ശക്തമാണ്: മോൺസിഞ്ഞോർ കുൽബൊകാസ്
വത്തിക്കാൻ ന്യൂസ്
ഉക്രൈനിൽ യുദ്ധം അതിതീവ്രമായി തുടരുമ്പോഴും, ക്രിസ്തുമസ് ദിനത്തിലെ തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഖാർക്കിവിലെ ലത്തീൻ കത്തീഡ്രലിൽ നടന്ന വിശുദ്ധ ബലിയിൽ, വത്തിക്കാനിലെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്രാജേവ്സ്കിക്കൊപ്പം, ഉക്രൈനിലേക്കുള്ള വത്തിക്കാൻ പ്രതിനിധി മോൺസിഞ്ഞോർ വിശ്വൽദാസ് കുൽബൊകാസ് സഹകാർമികത്വം വഹിച്ചു. തന്റെ സന്ദേശത്തിൽ, ആക്രമണങ്ങളുടെയും, ബോംബുകളുടെയും ക്രൂരതയ്ക്ക് മുകളിൽ തിളങ്ങുന്നതാണ്, ക്രിസ്തുമസിന്റെ പ്രഭയെന്നു മോൺസിഞ്ഞോർ കുൽബൊകാസ് എടുത്തു പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളെയും ഈ പ്രകാശം അതിജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഗ്രീക്ക് കത്തോലിക്കാ സഭയുടെ കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങളിലും വത്തിക്കാൻ പ്രതിനിധി പങ്കെടുത്തു. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയും ഉക്രേനിയൻ ഓർത്തഡോക്സ് സഭയും ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇത് രണ്ടാം വർഷമാണ്. കർമ്മങ്ങളിൽ പ്രാദേശികമെത്രാന്മാരും പങ്കെടുത്തു. ഇരുട്ടിൻ്റെ നടുവിൽ പ്രകാശിക്കുന്ന ഒരു വെളിച്ചം പോലെ നിരന്തരം ആക്രമിക്കപ്പെടുന്ന, ബോംബാക്രമണം നടക്കുന്ന ഒരു സ്ഥലത്ത് യേശു ജനിക്കുമ്പോൾ, ആ ആഘോഷത്തിന്റെ പ്രഭ ഇരട്ടിയാകുന്നുവെന്നും മോൺസിഞ്ഞോർ തന്റെ സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.
സന്തോഷത്തിൻ്റെയും പ്രകാശത്തിൻ്റെയും വെളിച്ചം പകരുന്ന പിറവിതിരുനാൾ, 2025 ജൂബിലിവർഷത്തിനു എല്ലാവരെയും ഒരുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തിരുക്കർമ്മങ്ങളുടെ സമയത്തുപോലും, മിസൈലുകളും ഡ്രോണുകളും ഭീകരതയുണർത്തുന്ന അന്തരീക്ഷം നിലനിന്നിരുന്നുവെങ്കിലും, അത് ചടങ്ങുകൾക്ക് തടസ്സമായിരുന്നില്ല. ഗ്രീക്ക്-കത്തോലിക്ക കത്തീഡ്രലിൽ നടന്ന ദിവ്യകാരുണ്യ ആരാധനയിൽ നിരവധി കുട്ടികളും പങ്കെടുത്തു. സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ വത്തിക്കാൻ പ്രതിനിധി എല്ലാവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: